2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

സ്വകാര്യബസ് ലോബികള്‍ക്ക് മൂക്കുകയര്‍: പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാന്‍ ഗതാഗത കമ്മീഷണറുടെ ഉത്തരവ്

തിരുവനന്തപുരം: കല്ലട ട്രാവല്‍സിന്റെ ബസില്‍ സഞ്ചരിച്ച യാത്രക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സ്വകാര്യബസ് ലോബികള്‍ക്ക് മേല്‍ നിയന്ത്രണം ശക്തമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. സ്വകാര്യ ബസുകളെ നിയന്ത്രിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാന്‍ എല്ലാ ആര്‍.ടി.ഒ ഓഫീസുകള്‍ക്കും ഗതാഗത കമ്മീഷണര്‍ എ.ഡി.ജി.പി സുധേഷ് കുമാര്‍ ഉത്തരവിറക്കി.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തലവനായി മൂന്നംഗ സ്‌ക്വാഡ് രൂപീകരിക്കണം. മിന്നല്‍ പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടത്തണമെന്നാണ് നിര്‍ദേശം. ജോയിന്റ് ആര്‍.ടി.ഒയ്ക്കാണ് സ്‌ക്വാഡുകളുടെ മേല്‍നോട്ട ചുമതല. എല്ലാ ബസുകളുടേയും മുന്‍ കേസുകള്‍ കെണ്ടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. യാത്രക്കാരുടെ ലഗേജ് അല്ലാതെ മറ്റ് ചരക്കുകള്‍ കടത്തുന്നുണ്ടോ എന്നും പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ എല്ലാ അന്തര്‍ സംസ്ഥാന ബസുകളുടെയും പെര്‍മിറ്റുകള്‍ പരിശോധിയ്ക്കണമെന്നും മിന്നല്‍ പരിശോധന നടത്തുമ്പോള്‍ യാത്രക്കാര്‍ പരാതിപെട്ടാല്‍ ഉടന്‍ ബസ് പിടിച്ചെടുത്ത് പൊലിസിന് കൈമാറണമെന്നും ഗതാഗത കമ്മിഷണര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ നിന്നായി നൂറുകണക്കിന് സ്വകാര്യബസുകളാണ് കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ നഗരങ്ങളിലേക്ക് നിത്യവും സര്‍വിസ് നടത്തുന്നത്. എത്ര വണ്ടികള്‍ ഓടുന്നു, ഇതില്‍ ജീവനക്കാര്‍ ആരെല്ലാം എന്ന കാര്യത്തിലൊന്നും കൃത്യമായ വിവരം സര്‍ക്കാരിന്റെ പക്കലില്ല. ഇതിനെല്ലാം ഇനി കൃത്യമായ മാര്‍ഗനിര്‍ദേശവും പൊതുമാനദണ്ഡവും രൂപപ്പെടുത്താനാണ് ആലോചിക്കുന്നത്. കല്ലട ബസിലുണ്ടായതിന് സമാനമായ സംഭവങ്ങള്‍ മുന്‍പും പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുെണ്ടങ്കിലും അതെല്ലാം ഒറ്റപ്പെട്ട ശബ്ദമായി അവസാനിക്കുകയാണ് ചെയ്തത്.

എന്നാല്‍ ഇനി ഇക്കാര്യത്തില്‍ ഉദാസീനമായ നിലപാട് വേണ്ടെന്നാണ് പൊലീസ് തീരുമാനം. യാത്രാക്കാരില്‍ നിന്നും പണം വാങ്ങാന്‍ പോലും അനുവാദമില്ലാത്ത സ്വകാര്യ ബസുകളാണ് ഉത്സവസമയത്തും മറ്റും തോന്നുന്ന നിരക്ക് ഈടാക്കി സ്വകാര്യ ബസുകള്‍ യാത്രക്കാരെ കൊള്ളയടിക്കുന്നത്. കഴിഞ്ഞ ഓണക്കാലത്ത് കല്ലട ട്രാവല്‍സിലെ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയായി കൂട്ടിയ സംഭവത്തില്‍ ഇവര്‍ക്കൈതിരേ വ്യാപക പരാതി വന്നെങ്കിലും കമ്പനിയുടെ ശക്തമായ സ്വാധീനം മൂലം ഒരു നടപടിയും ഉണ്ടായിരുന്നില്ല. മോശം നിലയിലുള്ള ബസുകള്‍ വച്ച് ഇരട്ടി തുക ഈടാക്കി സ്‌പെഷ്യല്‍ സര്‍വീസ് നടത്തിയ സംഭവങ്ങളും നിരവധിയാണ്.
കേരളത്തിലെ സ്വകാര്യ ബസുകളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമായി ഒരു സ്ഥിരം സംവിധാനം കൊണ്ടുവരാനാണ് പൊലിസ് ആലോചിക്കുന്നത്. ഗതാഗത വകുപ്പുമായി പൊലിസ് ആലോചന ആരംഭിച്ചിട്ടുണ്ട്. അന്തസംസ്ഥാന ബസുകളില്‍ പലതും നിയമവിരുദ്ധമായി സര്‍വീസ് നടത്തുകയാണെന്നും ഇതിനൊരു നിയന്ത്രണം വേണമെന്നുമുള്ള അഭിപ്രായം ഉദ്യോഗസ്ഥര്‍ക്കിടിയില്‍ തന്നെ ഉണ്ടായിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.