2020 January 22 Wednesday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഹൈക്കമാന്‍ഡില്‍ ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ധം; പോരാട്ടം ഇടതുപക്ഷവും കോണ്‍ഗ്രസ്സും തമ്മിലാവരുതെന്ന് പാര്‍ട്ടിയിലും അഭിപ്രായം

ന്യൂഡല്‍ഹി: വയനാട് സ്വീറ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നതുസംബന്ധിച്ച ആശയക്കുഴപ്പം ശക്തമാവുന്നു. വയനാട്ടിലേക്കു രാഹുല്‍ വരുന്നത് ചെറുക്കാന്‍ ഇടതുപക്ഷത്തു നിന്നു കനത്ത സമ്മര്‍ദ്ധം ഉണ്ടാവുകയും മല്‍സരം കോണ്‍ഗ്രസ്സും ഇടതുപക്ഷവും തമ്മിലാണെന്ന തലത്തിലേക്കു കാര്യങ്ങള്‍ നീങ്ങുമോയെന്ന ആശങ്ക പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കള്‍ പങ്കുവയ്ക്കുകയും ചെയ്തതോടെയാണിത്.

നിലവില്‍ കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസ്സും തമ്മിലാണ് പ്രധാന മല്‍സരം എങ്കിലും വാളയാര്‍ ചെക്ക് പോസ്റ്റ് കടന്നാല്‍ സ്ഥിതി നേരെ മറിച്ചാണ്. അവിടെ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും മുസ്ലിം ലീഗും ഡി.എം.കെ മുന്നണിയുടെ ഭാഗമായാണ് മല്‍സരിക്കുന്നത്. പശ്ചിമബംഗാളില്‍ നേരിട്ടു സഖ്യമില്ലെങ്കിലും ചിലയിടങ്ങളില്‍ സാഹകരണം ഉണ്ട്. ഇടതുപക്ഷത്തിനു സ്വാധീനമുള്ള മറ്റിടങ്ങളിലും കോണ്‍ഗ്രസ്സും സി.പി.എമ്മും നേരിട്ടു ഏറ്റുമുട്ടുന്നില്ല. തെരഞ്ഞെടുപ്പിനു ശേഷം കുറഞ്ഞ സീറ്റുകളുടെ കുറവുമൂലം കോണ്‍ഗ്രസ്സിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വരികയാണെങ്കില്‍ നിര്‍ണായക ഘട്ടത്തില്‍ ഇടതുപക്ഷത്തിന്റെ പിന്തുണ ഉണ്ടാവുമെന്ന കാര്യവും ഉറപ്പാണ്. ദേശീയതലത്തില്‍ ബി.ജെ.പിവിരുദ്ധ കൂട്ടായ്മകളിലെല്ലാം കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുന്ന ഇടതുപക്ഷത്തെ മുഖ്യശത്രുവായി കാണരുതെന്ന വികാരം പാര്‍ട്ടിയില്‍ ശക്തവുമാണ്. ഒരുവിഭാഗം നേതാക്കള്‍ ഇക്കാര്യം ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയിലും പെടുത്തി.

രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കുകയാണെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിന് അനുകൂലമായ തരംഗം ഉണ്ടാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും ഇത് പ്രതിഫലിക്കും. രാഹുലിന്റെ വയനാട്ടിലേക്കുള്ള വരവ്, പോരാട്ടം ബി.ജെ.പിയും കോണ്‍ഗ്രസ്സും തമ്മില്‍ എന്ന സമവാക്യം മാറി കോണ്‍ഗ്രസ്സും ഇടതുകക്ഷികളും തമ്മില്‍ എന്ന നിലയിലേക്കു മാറുമെന്നുമാണ് ഒരുവിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. അത്തമൊരു സമവാക്യം രൂപപ്പെടുകയാണെങ്കില്‍ അത് ബി.ജെ.പിക്കു ഗുണംചെയ്യുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ദേശീയതലത്തില്‍ ഇടതുപക്ഷത്തിന് ആകെ പ്രതീക്ഷയുള്ളത് കേരളം മാത്രമാണ്. ബംഗാളില്‍ നിന്ന് രണ്ടോ മൂന്നോ സീറ്റ് കിട്ടിയാല്‍ ആയി. ഈ സാഹചര്യത്തില്‍ കിട്ടാവുന്നതില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കേരളത്തില്‍ സര്‍വ സന്നാഹങ്ങളോടെയും സി.പി.എം കളത്തിലിറങ്ങിയപ്പോഴാണ് അപ്രതീക്ഷിത ട്വിസ്റ്റായി രാഹുലിന്റെ വരവ്. ഇത് തങ്ങളുടെ ഏകപ്രതീക്ഷയായ കേരളത്തിലെ സീറ്റുകള്‍ കൂടി അല്ലാതാക്കുമെന്ന് ഉറപ്പുള്ളതിനാലാണ് ഇടതുപക്ഷം സമ്മര്‍ദ്ധവുമായി രംഗത്തുവന്നത്. ഇടതുനേതാക്കള്‍ ഇക്കാര്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ തന്നെ അറിയിച്ചതായാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയനും ഇതുസംബന്ധിച്ച ആശങ്ക സി.പി.എം കേന്ദ്രനേതൃത്വവുമായി ഇന്നലെ തന്നെ പങ്കുവച്ചതായും സൂചനയുണ്ട്. ഇതേതുടര്‍ന്നാണ് ഇടതു നേതൃത്വം ഹൈക്കമാന്‍ഡുമായി ആശയവിനിമയം നടത്തിയത്. രാഹുലിന്റെ വയനാട്ടിലേക്കുള്ള വരവില്‍ ഇടതുപക്ഷം പരസ്യമായി നീരസം അറിയിച്ചുകഴിഞ്ഞു. പി.ബി അംഗം എസ്. രാമചന്ദ്രപിള്ളയും വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

രാഹുലിന്റെ വരവില്‍ കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ രൂക്ഷമായ പ്രസ്താവന പുറപ്പെടുവിച്ചപ്പോള്‍ പിണറായി വിജയന്‍ വളരെ മാന്യമായാണ് പ്രതികരിച്ചത്. രാഹുല്‍ഗാന്ധി കേരളത്തില്‍ വന്നത് കൊണ്ട് തെരഞ്ഞെടുപ്പ് പോരാട്ട രംഗത്ത് എന്തെങ്കിലും പ്രത്യേകത ഉണ്ടാവുമെന്ന് കരുതുന്നില്ല. പക്ഷെ കേരളത്തില്‍ വന്ന് ഇടതുപക്ഷത്തെ നേരിടുന്ന കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവ് രാജ്യത്തിന് നല്‍കുന്ന സന്ദേശമെന്താണ് ? ബി.ജെ.പിയെയല്ല ഇടതുപക്ഷത്തെയാണ് തകര്‍ക്കേണ്ടത് എന്ന സന്ദേശമാണ് ഇതിലൂടെ രാജ്യത്ത് നല്‍കുക. അത് ശരിയാണോയെന്ന് ചിന്തിക്കണം.’- പിണറായി പ്രതികരിച്ചു.

അതേസമയം രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇന്ന് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനമായേക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.