2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

Editorial

പ്രളയം: കേന്ദ്രം ഗൗരവത്തിലെടുക്കണം


മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള കടുത്ത പ്രളയക്കെടുതിയുടെ നടുവിലാണു കേരളം. ദുരിതാശ്വാസത്തിനു സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാധാരണക്കാരും ദുരിതത്തിലായ സഹജീവികളെ സഹായിക്കാന്‍ തങ്ങളാലാവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നടത്തിയ സന്ദര്‍ശനത്തെ വലിയ പ്രതീക്ഷയോടെയാണ് കേരളം കണ്ടത്. എന്നാല്‍, അദ്ദേഹം നടത്തിയ സഹായപ്രഖ്യാപനം ആ പ്രതീക്ഷയുടെ അടുത്തൊന്നും എത്തിയില്ല എന്നതാണ് യാഥാര്‍ഥ്യം.

 

പ്രളയം സംസ്ഥാനത്തുണ്ടാക്കിയത് കനത്ത നാശനഷ്ടങ്ങളാണ്. 8,316 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനം നടന്ന ദിവസം വരെ ഉണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. ദുരിതാശ്വാസ നടപടികള്‍ക്ക് അടിയന്തര സഹായമായി കേന്ദ്ര സര്‍ക്കാരിനോടു കേരളം ആവശ്യപ്പെട്ടത് 1,220 കോടി രൂപയാണ്. എന്നാല്‍, നേരത്തെ അനുവദിച്ച 106.5 കോടി രൂപയ്ക്കു പുറമെ രാജ്‌നാഥ് സിങ് പുതുതായി പ്രഖ്യാപിച്ചത് 100 കോടി രൂപ മാത്രമാണ്. കേരളം നേരിട്ട ദുരന്തത്തിന്റെ അളവ് വച്ചു നോക്കുമ്പോള്‍ വളരെ കുറഞ്ഞൊരു തുകയാണിത്. അദ്ദേഹം ഹെലികോപ്റ്ററില്‍ ചുറ്റിക്കറങ്ങി ദുരന്തത്തിന്റെ ഗൗരവം കണ്ടറിയുകയും സ്ഥിതി അതീവ ഗുരുതരമാണെന്ന് പ്രസ്താവിക്കുകയുമൊക്കെ ചെയ്തിട്ടും വാക്കുകളില്‍ പ്രകടിപ്പിച്ച ഗൗരവം പ്രഖ്യാപിച്ച തുകയുടെ കാര്യത്തില്‍ ഉണ്ടായില്ലെന്നതാണ് യാഥാര്‍ഥ്യം.

കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വളരെ തുച്ഛമായ തുകയാണിത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി എന്ന വ്യക്തി മാത്രം അഞ്ചു കോടി രൂപ ദുരിതാശ്വാസനിധിയിലേക്കു നല്‍കിയിട്ടുണ്ട് എന്നത് ഇതുമായി ചേര്‍ത്തുവായിക്കാവുന്നതാണ്. വ്യവസായിയാണെങ്കിലും ഒരു വ്യക്തി നല്‍കുന്ന ഈ തുകയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത തുക എത്രമാത്രം കുറവാണെന്ന് ബോധ്യപ്പെടും.

സംസ്ഥാനം ഭരിക്കുന്നവര്‍ മാത്രമല്ല പ്രതിപക്ഷ കക്ഷികളും കൂടി ചേര്‍ന്നാണ് കേന്ദ്രത്തോട് സഹായം അഭ്യര്‍ഥിച്ചത്. എന്നിട്ടും കേന്ദ്രം അതു വേണ്ടത്ര ഗൗരവത്തിലെടുത്തിട്ടില്ലെന്നാണ് പ്രഖ്യാപനം വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ ഒരു ഭാഗത്ത് വലിയൊരു ദുരന്തമുണ്ടായാല്‍ പ്രതിനിധിയെ അയച്ച് അത് വിലയിരുത്തുകയും ആവശ്യമായ സഹായമെത്തിക്കുകയുമൊക്കെ ചെയ്യേണ്ട ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ട്. അതുകൊണ്ടു തന്നെ കേന്ദ്ര സര്‍ക്കാരിലെയും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയിലെയും പ്രബലരിലൊരാളായ രാജ്‌നാഥ് സിങിന്റെ സന്ദര്‍ശനം തുടക്കത്തില്‍ വലിയ പ്രതീക്ഷ സൃഷ്ടിച്ചതു സ്വാഭാവികമാണ്. എന്നാല്‍, പ്രഖ്യാപനം കേട്ടപ്പോള്‍ ഈ തുകയായിരുന്നെങ്കില്‍ അതു ഡല്‍ഹിയിലിരുന്നു തന്നെ പ്രഖ്യാപിക്കാമായിരുന്നില്ലേ എന്നും ഇവിടെ വരാനും ഹെലികോപ്റ്ററില്‍ കറങ്ങാനുമൊക്കെ പൊതുഖജനാവില്‍ നിന്ന് പണം ചെലവഴിക്കേണ്ടിയിരുന്നോ എന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. അങ്ങനെ ചോദിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.

കേരള ജനതയ്ക്ക് കേന്ദ്രത്തിന്റെ കൈയയച്ചുള്ള സഹായവും പിന്തുണയും ആവശ്യമായ സമയമാണിത്. അത് യഥാസമയം തന്നെ ഉണ്ടാവണം. രാഷ്ട്രീയ ഭിന്നതകളൊന്നും തന്നെ അതിനു തടസമാവരുത്. 100 കോടി തീര്‍ത്തും അപര്യാപ്തമാണെന്ന അഭിപ്രായമുയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ സഹായം നല്‍കുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞിട്ടുണ്ട്. അത് പാഴ് വാക്കാവാതെ പാലിക്കപ്പെടുമെന്നു തന്നെ പ്രതീക്ഷിക്കാം.

അടിയന്തര സഹായത്തിനു പുറമെ ഇപ്പോഴത്തെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും കേരളം കേന്ദ്രത്തിനു മുമ്പാകെ ഉന്നയിച്ചിട്ടുണ്ട്. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ അതുവഴി ലഭിക്കുന്ന വലിയ ധനസഹായം ദുരന്തത്തില്‍ നിന്ന് കരകയറാന്‍ സംസ്ഥാനത്തിനു വലിയ തോതില്‍ സഹായകരമാകും. എന്നാല്‍, മാനദണ്ഡങ്ങളുടെ സാങ്കേതികതയില്‍ തട്ടി അതു മുടങ്ങിയേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുമുണ്ട്. കേരളത്തിന്റെ അവസ്ഥ കണക്കിലെടുത്ത് ഈ ആവശ്യം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കാന്‍ കേന്ദ്രം തയാറാകേണ്ടതുണ്ട്.
ദുരന്തനിവാരണത്തിനായി സംസ്ഥാനത്തിനു പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനു പുറമെ പ്രതിപക്ഷ കക്ഷികളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ എന്തെങ്കിലും സാങ്കേതിക തടസമുണ്ടെങ്കില്‍ പ്രത്യേക പാക്കേജില്‍ ഉള്‍പെടുത്തി മെച്ചപ്പെട്ട സഹായം ലഭ്യമാക്കാവുന്നതാണ്. ഇതെല്ലാം രാജ്‌നാഥ് സിങ് വാക്കുകളില്‍ പ്രകടിപ്പിച്ച അതീവ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടു തന്നെ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണം. സഹായമെത്തിക്കുന്നതിനു കാലതാമസമൊഴിവാക്കാന്‍ അടിയന്തരപ്രാധാന്യത്തോടെ നടപടികള്‍ സ്വീകരിക്കുകയും വേണം.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.