2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പ്രളയം പഠിപ്പിക്കുന്നത്

കേരളത്തിലുടനീളം ചെറുതും വലുതുമായ ആയിരക്കണക്കിനു ക്വാറികളുണ്ട്. ഇവ ഉണ്ടാക്കുന്ന പ്രകമ്പനങ്ങളുടെ ഫലമായി ഉരുള്‍പൊട്ടലും ശക്തമായ മലവെള്ളപ്രവാഹവും ഉണ്ടാകുകയാണ്. കുലംകുത്തിയൊഴുകി, തീരങ്ങളെ തകര്‍ത്തും വൃക്ഷങ്ങളെ കടപുഴക്കിയും സംഹാരഭാവത്തില്‍ വരുന്ന മലവെള്ളത്തെ ഉള്‍ക്കൊള്ളാനാകാത്ത വിധം പുഴകളും തോടുകളുമൊക്കെ കൈയേറി നാം വാസസ്ഥലങ്ങളും വ്യവസായസ്ഥാപനങ്ങളും വിദ്യാലയങ്ങളുമുണ്ടാക്കി. ഉഗ്രരൂപിണിയായി ഒഴുകിവരുന്ന, ചെളിയും മണ്ണും നിറഞ്ഞ മഴവെള്ളത്തെ നമ്മുടെ അടുക്കളയിലേക്കും കിടപ്പുമുറിയിലേക്കും സ്വാഗതം ചെയ്തതു നാം തന്നെയാണ്.

 

ടി.ആര്‍ തിരുവഴാംകുന്ന്

‘തഹസില്‍ദാരും വില്ലേജ് സ്റ്റാഫും പൊലിസും തുടര്‍ച്ചയായി ശ്രമിച്ചിട്ടും ഒഴിപ്പിച്ചെടുക്കാനാവാത്ത കൈയേറ്റഭൂമി, പുഴ രണ്ടു നിമിഷത്തിനുള്ളില്‍ ഒഴിപ്പിച്ചെടുത്തു’ അതിരൂക്ഷമായ വെള്ളപ്പൊക്ക കാലത്ത് (ജൂലായ് 20 മുതല്‍ ആഗസ്റ്റ് 22 വരെ) ഒരു ടി.വി ചാനലില്‍ കേട്ട വാര്‍ത്തയാണിത്. തഹസില്‍ദാരടക്കമുള്ള റവന്യൂസംഘവും പൊലിസും ആജ്ഞാപിച്ചിട്ടും അനുസരിക്കാതെ കൈയേറ്റക്കാരന്‍ നില്‍ക്കാന്‍ കാരണമെന്ത്. അയാളുടെ പിന്‍ബലം തന്നെ! 

രാഷ്ട്രീയക്കാരോ ഔദ്യോഗികരംഗത്തെ ഉന്നതരോ പിന്തുണയ്ക്കുന്നവര്‍ക്കു സമൂഹത്തില്‍ ആരെയും പേടിക്കാനില്ല. ആരെയും പേടിക്കാനില്ലെങ്കില്‍ പടിഞ്ഞാറ്റിപ്പുരയുടെ തൂണിനെയെങ്കിലും പേടിക്കണമെന്നൊരു പഴഞ്ചൊല്ലുണ്ട്. അതു പണ്ട്. പഴഞ്ചൊല്ലുകളോ പൗരാണികമായ കീഴ്‌വഴക്കങ്ങളോ നന്മയുതിരുന്ന നാട്ടുനടപ്പുകള്‍ പോലുമോ ഇന്ന് ആരും പാലിക്കുന്നില്ല. തന്മൂലം ആര്‍ക്കും ആരെയും എവിടെവച്ചും എന്തും ചെയ്യാമെന്നസ്ഥിതിയാണുള്ളത്.
ഈ അക്രമികള്‍ക്ക് നിയമ ലംഘകര്‍ക്ക് പൂര്‍ണ സംരക്ഷണം ‘മുകളില്‍നിന്നു’ ലഭിക്കുകയും ചെയ്യും. കവര്‍ച്ച, കൊലപാതകം തുടങ്ങിയ ക്രൂരതകള്‍ മുന്‍പ് വ്യക്തികള്‍ തനിച്ചാണു ചെയ്തിരുന്നത്. പ്രക്ഷോഭ മനസിന്റെ ദുര്‍ബലനിമിഷത്തിലെ ചെയ്തികളായിരുന്നു അവ. ഇന്ന് ആരും തനിച്ച് ഒന്നും ചെയ്യുന്നില്ല, എല്ലാം കൂട്ടമായിട്ടാണ്.
കൂട്ടക്കവര്‍ച്ച, കൂട്ടബലാത്സംഗം, കൂട്ടഭവനഭേദനം, കൂട്ടക്കൊലപാതകം… ഇങ്ങനെയെല്ലാം കൂട്ടത്തോടെയാണ്. കൂട്ടത്തോടെ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ദുര്‍ബലനിമിഷത്തിലെ ക്ഷോഭപ്രവര്‍ത്തനമല്ല. മറിച്ച്, ആഴ്ചകളോ മാസങ്ങളോ ആലോചിച്ച് ആസൂത്രണം ചെയ്തു നടപ്പാക്കുന്ന ക്രൂരകൃത്യങ്ങളാണ്. ഇതിലെ പ്രതികള്‍ ആരുതന്നെയായാലും അവര്‍ ശിക്ഷിക്കപ്പെടുകയില്ല. കാരണമുണ്ട്, ഈ ‘കുറ്റവാളി’കളെ സര്‍വദാ സംരക്ഷിക്കാന്‍ ത്രാണിയുള്ള ഒരു ‘ശക്തികേന്ദ്രം’ അവരുടെ പിന്നിലുണ്ടാകും.
പ്രകൃതിയെ നിരന്തരം ചൂഷണംചെയ്യുന്ന വ്യക്തികളുടെ പിന്നിലും ‘വന്‍ശക്തികേന്ദ്ര’ങ്ങളുണ്ട്. വിസ്തൃതമായി ഒഴിഞ്ഞുകിടന്നിരുന്ന പുഴയോരങ്ങളും കായലോരങ്ങളും കൈയേറി മണ്ണിട്ടുനികത്തി അതില്‍ മണിമാളികകള്‍ കെട്ടിപ്പൊക്കുക. ഈ കൂറ്റന്‍ മാളികകളുടെ നിര്‍മ്മാണത്തിനായി കുന്നുകള്‍ ഇടിച്ചു നിരപ്പാക്കുക.
വന്മലകള്‍ ഡൈനാമിറ്റ് വച്ചു പൊട്ടിച്ച്, വെടിവച്ചു ചെറിയ കഷ്ണങ്ങളാക്കി നാനാഭാഗങ്ങളില്‍ എത്തിച്ചു വില്‍ക്കുക. വനംവകുപ്പിലെ ഫീല്‍ഡ് സ്റ്റാഫിനെ പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ വരുതിയിലാക്കി വന്‍തോതില്‍ മരം മുറിച്ചു വില്‍ക്കുക ഇതൊക്കെ നിത്യസംഭവങ്ങളാണ്.
ആരും ആക്ഷേപിക്കുന്നില്ല. ആക്ഷേപിക്കുന്നവന്റെ തല കഴുത്തില്‍ കാണില്ല. അത്രത്തോളം ഗുരുതരമായിരിക്കുന്നു കാര്യങ്ങള്‍. ഈയിടെയുണ്ടായ ഗുരുതരമായ പ്രളയത്തില്‍ ഏറ്റവുമധികം ഉരുള്‍പൊട്ടലുകളും വെള്ളപ്പൊക്കവും ഉണ്ടായത് വയനാട്ടിലും ഇടുക്കിയിലുമാണ്. എന്താണ് കാരണം. ഈ രണ്ടു മലയോരമേഖലകളിലാണു ഭീതിദമാംവിധം വനശീകരണവും പാറപൊട്ടിക്കലും മണലൂറ്റും മറ്റും നടന്നത്. പത്രമാധ്യമങ്ങളില്‍, വനംകൈയേറ്റവും വനം വെട്ടിവെളുപ്പിക്കലും ക്വാറി പ്രവര്‍ത്തനങ്ങളുമെല്ലാം അനധികൃതവും വ്യാപകവുമാണെന്ന വാര്‍ത്തകള്‍ ചിത്രസഹിതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
പക്ഷേ, അധികൃതരുടെ ഭാഗത്തുനിന്നു കൈയേറ്റക്കാര്‍ക്കെതിരായ ഒരു നീക്കവുമുണ്ടായില്ല. മാത്രമല്ല, ഇവര്‍ കൈയേറ്റക്കാരല്ലെന്നും യഥാര്‍ഥ കൈവശക്കാരാണെന്നും പരമ്പരാഗത കൈവശരേഖകള്‍ ഇവരുടെ പക്കലുണ്ടെന്നുമുള്ള വാദവുമായി ചില രാഷ്ട്രീയനേതാക്കള്‍ തന്നെ രംഗപ്രവേശവും ചെയ്തു.
ഭൂവിനിയോഗവും പ്രത്യാഘാതങ്ങളും പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ നിയോഗിക്കപ്പെട്ട മാധവ് ഗാഡ്ഗില്‍ പശ്ചിമഘട്ടമേഖലയിലെ അതീവ പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങള്‍ ചൂണ്ടിക്കാണിക്കുകയും അവിടെ ഒരുവിധ നിര്‍മാണപ്രവര്‍ത്തനവും അനുവദിക്കരുതെന്നു നിര്‍ദേശിക്കുകയും ചെയ്തു. ചില സമ്പന്ന താല്‍പ്പര്യങ്ങളുടെ സംരക്ഷണാര്‍ഥം ഗാഡ്ഗില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഇതേ ആവശ്യത്തിനായി കസ്തൂരിരംഗന്‍ കമ്മിഷനെ നിയോഗിച്ചു. ആ കമ്മിഷന്‍ ഉദാരമായി കൈയേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാടെടുത്തു. എങ്കില്‍പ്പോലും ഗാഡ്ഗില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായി തള്ളിക്കളഞ്ഞില്ല.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ മറയാക്കി, കൂടുതല്‍ വനം കൈയേറ്റവും വ്യാപകമാംവിധം മല വെടിവച്ച് തകര്‍ത്തു ക്വാറികള്‍ നിര്‍മിക്കലും നടന്നു. ഏറ്റവും കൂടുതല്‍ അനധികൃത ക്വാറികളുള്ളത് വയനാട്ടിലും ഇടുക്കിയിലുമാണ്. മറ്റു ജില്ലകളിലുമുണ്ട്, താരതമ്യേന കുറവാണെന്നുമാത്രം. പാലക്കാട് നെന്മാറയിലെ ആളുവശ്ശേരി ചേരിങ്കാട്ടിലെ ആതനാട് മലയില്‍ ഉരുള്‍പൊട്ടി മൂന്നു കുടുംബങ്ങളിലെ 10 പേര്‍ മരിച്ചത് ഇതേ മലയിലെ ക്വാറിയുടെ പ്രവര്‍ത്തനഫലമായിട്ടാണെന്നാണു പ്രാഥമികനിഗമനം.
20 ഏക്കറിലധികം വിസ്തൃതിയുള്ള ഈ ക്വാറിയില്‍ കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി നിരന്തരം, മല വെടിവച്ചു പൊട്ടിക്കുകയായിരുന്നു. മലയില്‍ ഒരു വെടിപൊട്ടുമ്പോള്‍, ആ മല മാത്രമല്ല സമീപസ്ഥലങ്ങളിലും അതിന്റെ പ്രകമ്പനവും ആഘാതങ്ങളുമുണ്ടാകുന്നു.

പ്രശസ്ത കവി അയ്യപ്പപണിക്കരുടെ ഒരു കവിതാശകലം ഓര്‍മയില്‍ നിന്നെഴുതുന്നു:
‘ഒരു വെടി പൊട്ടുന്നേരം
മരുഭൂമി ജനിക്കുന്നു.
ഒരു വെടി പൊട്ടുന്നേരം
കൃഷിഭൂമി മരിക്കുന്നു.
ഒരു വെടി പൊട്ടുന്നേരം
കുലപര്‍വതമുലയുന്നു.
ഒരു വെടി പൊട്ടുന്നേരം
മഴമുകിലുകള്‍ മാറുന്നു.
ഒരു വെടി പൊട്ടുന്നേരം
വനതടിനികള്‍ വറ്റുന്നു.
ഒരു വെടി പൊട്ടുന്നേരം
മദയാനകള്‍ ഞെട്ടുന്നു.
ഒരു വെടി പൊട്ടുന്നേരം
മയിലാട്ടം നില്‍ക്കുന്നു.
ഒരു വെടി പൊട്ടുന്നേരം
കിളിപ്പാട്ടു നിലയ്ക്കുന്നു.
ഒരു വെടി പൊട്ടുന്നേരം
ഒരുവശം വേര്‍പെടുന്നു.
ഒരു വെടി പൊട്ടുന്നേരം
സഹ്യാദ്രിമാതുഴറുന്നു.
കേരളത്തിലുടനീളം ചെറുതും വലുതുമായ ആയിരക്കണക്കിനു ക്വാറികളുണ്ട്. ഇവ ഉണ്ടാക്കുന്ന പ്രകമ്പനങ്ങളുടെ ഫലമായി ഉരുള്‍പൊട്ടലും ശക്തമായ മലവെള്ളപ്രവാഹവും ഉണ്ടാകുകയാണ്. കുലംകുത്തിയൊഴുകി, തീരങ്ങളെ തകര്‍ത്തും വൃക്ഷങ്ങളെ കടപുഴക്കിയും സംഹാരഭാവത്തില്‍ വരുന്ന മലവെള്ളത്തെ ഉള്‍ക്കൊള്ളാനാകാത്ത വിധം പുഴകളും തോടുകളുമൊക്കെ കൈയേറി നാം വാസസ്ഥലങ്ങളും വ്യവസായസ്ഥാപനങ്ങളും വിദ്യാലയങ്ങളുമുണ്ടാക്കി. ഉഗ്രരൂപിണിയായി ഒഴുകിവരുന്ന, ചെളിയും മണ്ണും നിറഞ്ഞ മഴവെള്ളത്തെ നമ്മുടെ അടുക്കളയിലേക്കും കിടപ്പുമുറിയിലേക്കും സ്വാഗതം ചെയ്തതു നാം തന്നെയാണ്.
‘പ്രകൃതീശ്വരിക്കിഷ്ടമല്ലെങ്കിലൊരുവതെകിടം മറിക്കാനും ഇച്ഛപോല്‍ തുള്ളിക്കാനും
നിമിഷാര്‍ദ്ധമേ വേണ്ടൂ…’
എന്ന കവിവാക്യം എത്ര അര്‍ഥവത്താണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News