2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പ്രളയ രാഷ്ട്രീയവും ജുഡിഷ്യല്‍ അന്വേഷണവും

റാശിദ് മാണിക്കോത്ത്

സംസ്ഥാനമൊട്ടാകെ വിറങ്ങലിച്ചു പോയ പ്രളയ ദുരന്തത്തിന്റെ മൂലകാരണം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്ന ആരോപണങ്ങള്‍ ബലമേറിക്കൊണ്ടിരിക്കുകയാണ്. ഭരണകൂട നിര്‍മിതമായ ഒരു ദുരന്തമായിരുന്നു ഇതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകള്‍ നിസാരമായി കാണേണ്ട ഒന്നല്ല.

 

സംസ്ഥാനത്തെ 13 ജില്ലകളെയും സാരമായി ബാധിച്ച പ്രളയം മനുഷ്യനിര്‍മിതമായ ഒരു ദുരന്തമായിരുന്നുവെന്ന സൂചനകളെ അവഗണിച്ച് സംഭവിക്കാനുള്ളത് സംഭവിച്ചുവെന്ന നിസംഗതാ ഭാവത്തില്‍ കഴിഞ്ഞുകൂടുന്ന പ്രവണത ഇവിടെ ഭൂഷണമല്ലെന്ന് മനസിലാക്കണം. ഇത്തവണ മഴയുടെ ലഭ്യതയില്‍ വന്‍ വര്‍ധനവുണ്ടാവുമെന്നും കാലാവസ്ഥാ വ്യതിയാനം രൂക്ഷത പ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്‍കൂട്ടി മനസിലാക്കിയിട്ടും സംസ്ഥാന ഭരണകൂടം ആ വിഷയത്തില്‍ സമയോചിതമായി ഇടപെടുന്നതിലും കാര്യ ഗൗരവത്തോടെ നീക്കങ്ങള്‍ നടത്തുന്നതിലും വരുത്തിയ വീഴ്ച അന്വേഷണത്തിന് വിധേയമാക്കേണ്ടത് തന്നെയാണ്.

പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ഇനിയും വ്യക്തമായി തിട്ടപ്പെടുത്തിയിട്ടില്ലാത്ത സ്ഥിതിക്കും ദുരന്തത്തിന്റെ ആക്കം അത്രമേല്‍ രൂക്ഷമായിരുന്നുവെന്ന സ്ഥിതിക്കും ജുഡിഷ്യല്‍ അന്വേഷണം തന്നെയാണ് അഭികാമ്യം.

കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലെ എല്ലാ അണക്കെട്ടുകളും ഒരേ സമയം ഒരാഴ്ചയോളം തുറക്കേണ്ടി വന്നതാണ് സംസ്ഥാനം കണ്ടതില്‍ വച്ചേറ്റവും വലിയ ദുരന്തം ജനങ്ങള്‍ നേരിടേണ്ടി വന്നതെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.

അണക്കെട്ടുകളില്‍ ജലവിതാനമുയരുന്ന സന്ദര്‍ഭങ്ങളില്‍ അത് നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്തിന് ഡാം സുരക്ഷാ അതോറിറ്റിയും ജല നിയന്ത്രണ നടപടി ക്രമങ്ങളും നിലവിലുണ്ടായിരിക്കെ വൈദ്യുതി വിറ്റു കിട്ടുന്ന ലാഭത്തില്‍ മാത്രമായിരുന്നു സര്‍ക്കാരിന്റെ കണ്ണ് എന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഗൗരവമായി തന്നെ കാണേണ്ടതാണ്.

ഇടുക്കി ഡാമില്‍ ജൂലൈ പകുതിയോടെത്തന്നെ ജലനിരപ്പ് കണക്കിലപ്പുറം ഉയര്‍ന്നിരുന്നു. ജലനിരപ്പ് 2397 അടി ആയാല്‍ ട്രയല്‍ നടത്തുമെന്ന വൈദ്യുതി മന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാവാന്‍ പിന്നെയും വൈകിയതും പ്രളയ ദുരന്തത്തിന് ആക്കം കൂട്ടിയെന്നാണ് പ്രതിപക്ഷാരോപണം.

ചെറുതോണിക്ക് പുറമെ ഇടമലയാര്‍, ലോവര്‍ പെരിയാര്‍, ഭൂതത്താന്‍കെട്ട്, കല്ലാര്‍ക്കുട്ടി, പൊന്മുടി, മാട്ടുപ്പെട്ടി, ചെങ്കുളം ഡാമുകളും ഒന്നിച്ച് തുറക്കേണ്ടി വന്നതും സ്ഥിതി ഗതികള്‍ വഷളാക്കിയെന്ന കണ്ടെത്തല്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് ബലമേകുന്ന വിധത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. ഇതിന് പുറമെ തമിഴ്‌നാടിന്റെ ഇടപെടലുകളും തമിഴ്‌നാട് വെള്ളം ഒഴുക്കി വിടാനുണ്ടായ സാഹചര്യവും വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ കേരള സര്‍ക്കാര്‍ വീഴ്ച വരുത്തുകയും ചെയ്തു.
എല്ലാവിധ മുന്നറിയിപ്പുകളും മുഖവിലക്കെടുത്ത് നടപടികളെല്ലാം പാലിച്ച് ഡാമുകള്‍ തുറന്നിരുന്നുവെങ്കില്‍ കേരളം ഇത്രയും വലിയൊരു ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഈയൊരു സാഹചര്യത്തില്‍ ജുഡിഷ്യല്‍ അന്വേഷണമല്ലാതെ മറ്റൊരന്വേഷണത്തെയും പ്രതിപക്ഷം അനുകൂലിക്കുന്നില്ലെന്നും ചെന്നിത്തല അസന്നിഗ്ധമായി വ്യക്തമാക്കിയിരിക്കുകയാണ്.

ഇത് രാഷ്ട്രീയ ഗോദയിലെ കേവലമൊരു ആരോപണ പ്രത്യാരോപണത്തിന്റെ പ്രാരംഭ അസ്ത്രമെയ്ത്ത് മാത്രമായി കാണേണ്ടതുള്ളൂവെന്നാണ് ഇടതുപക്ഷ വിഭാഗങ്ങളുടെ വിലയിരുത്തല്‍. എന്നാല്‍ പ്രളയത്തിന്റെ രാഷ്ട്രീയം ഇതില്‍ നിന്നൊക്കെ വിഭിന്നമായ തലത്തില്‍ ഭീതിതമായ അന്തരീക്ഷത്തിന്റെ സൃഷ്ടിപ്പിനും കൊണ്ടു പിടിച്ച ചര്‍ച്ചയ്ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ഈ പരിതസ്ഥിതിയില്‍ പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും ഈ ആകുലതയെ തീര്‍ത്ത് കൊടുക്കേണ്ട പൂര്‍ണ ബാധ്യത സര്‍ക്കാരിനുണ്ട് താനും.

സര്‍ക്കാര്‍ നിര്‍മിത പ്രളയമെന്ന് പ്രതിപക്ഷം ആരോപണമുന്നയിക്കുമ്പോള്‍ അതല്ലെന്ന് തെളിയിക്കാന്‍ ബാധ്യസ്ഥരായവര്‍ പ്രകൃതി ദുരന്തത്തിന്റെ സഹതാപ തരംഗത്തില്‍ കുറ്റ വിമുക്കമാക്കപ്പെട്ടു കൂടാ.
പാരിസ്ഥിതിക പരമായും സാമ്പത്തികമായും മറ്റുമെല്ലാം സംസ്ഥാനത്തിന്റെ അടിത്തറ തന്നെ ഇളക്കിയ ഈ ദുരന്തത്തിന്റെ മൂല കാരണം കണ്ടെത്തുകയും അധികാരി വര്‍ഗം പ്രതിസ്ഥാനത്താണെന്ന് വ്യക്തമാവുകയും ചെയ്താല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരുങ്ങലിലാവും.

ഇങ്ങനെ പ്രതിരോധത്തിലാവുന്ന സര്‍ക്കാര്‍ രാഷ്ട്രീയ പരമായ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും മോചിതമാവാന്‍ കൊണ്ട് പിടിച്ച ശ്രമം നടത്തേണ്ടി വരും. ഈയൊരു സാഹചര്യത്തില്‍ ദുരന്ത പ്രദേശത്തെ വീണ്ടെടുപ്പ് അനന്തമായി നീളുകയും ദുരിതത്തിനിരയായ ജനങ്ങളുടെ കണ്ണുനീര് തോരോതെ പോവുകയും ചെയ്യും.

പുനരധിവാസ പ്രവര്‍ത്തനങ്ങളും പരിഹാര ക്രിയകളും കാലാനുസൃതമായി നടക്കാതെ വരും. അങ്ങിനെ വന്നാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയും ആവാസ വ്യവസ്ഥിതിക്ക് ഏര്‍പ്പാടൊരുക്കുകയും ചെയ്യേണ്ടുന്ന ഭരണ സംവിധാനം അതിന്റെ കടമ മറന്ന കേവല പ്രസ്ഥാനത്തിലൊതുങ്ങിയെന്ന അപമാനഭാരം പിണറായി സര്‍ക്കാരിന് പേറേണ്ടതായി വരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News