2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

പ്രതിഷേധം പ്രതിസന്ധിയാകരുത്

മുഹമ്മദ്‌#

നിലവില്‍ പതിനായിരം രൂപയായിരുന്നു ശമ്പളം. വര്‍ഷം ഒന്നു കഴിഞ്ഞ സ്ഥിതിക്കു മുതലാളി ആയിരം രൂപ കൂട്ടിക്കൊടുത്തു. പക്ഷെ, തൊഴിലാളിക്കു തൃപ്തിയായില്ല. തന്റെ മേലുദ്യോഗസ്ഥന്മാര്‍ക്കെല്ലാം രണ്ടായിരമാണു കൂട്ടിയത്. അതിനാല്‍ തനിക്കും രണ്ടായിരം കൂടിക്കിട്ടണമെന്നു പറഞ്ഞ് അയാള്‍ വാശിപിടിച്ചു. മുതലാളിയുണ്ടോ വിട്ടുകൊടുക്കുന്നു. നിശ്ചയിച്ച ശമ്പളത്തില്‍ ഇനി യാതൊരു മാറ്റവുമില്ലെന്ന നിലപാടില്‍ അദ്ദേഹവും ഉറച്ചുനിന്നു. അതോടെ തൊഴിലാളിക്കു വഴങ്ങുകയല്ലാതെ വഴിയില്ലെന്നായി. അയാള്‍ വഴങ്ങി. എന്നാലും അകത്തെ പ്രതിഷേധജ്വാല കെട്ടടങ്ങിയില്ല. ദിനം തോറും അത് ആളിക്കൊണ്ടിരുന്നു..
ഒരു ദിവസം അയാള്‍ തീരുമാനിച്ചു; ശമ്പളം കൂട്ടിത്തരാത്ത സ്ഥിതിക്ക് ആഴ്ചയിലൊരു ദിവസം പണിമുടക്കുക തന്നെ. ഔദ്യോഗിക ലീവിനു പുറമെ മറ്റൊരു ലീവു കൂടി. വിവരമറിഞ്ഞ സഹപ്രവര്‍ത്തകന്‍ ചോദിച്ചു: ”മോഹിച്ച ആയിരം കിട്ടാത്തതിന് ആഴ്ചയിലൊരു ദിവസം നിഷ്‌ക്രിയനായിരിക്കലാണോ പരിഹാരം?”
അയാള്‍ പറഞ്ഞു: ”അതു പരിഹാരമായിട്ടല്ല, പ്രതിഷേധത്തിന്റെ ഭാഗമായി ചെയ്യുകയാണ്.”
”പ്രതിഷേധമോ…! ഈ പ്രതിഷേധത്തില്‍ നിന്റെ ലാഭമെത്രയാണ്?”
”അതെനിക്കറിയില്ല.. എനിക്കറിയേണ്ടതുമില്ല. ഞാനെന്റെ പ്രതിഷേധം പ്രകടിപ്പിക്കുന്നു എന്നു മാത്രം..”
”സുഹൃത്തേ, പരിഹാരമില്ലാത്ത പ്രതിഷേധം അവിവേകമാണ്. നിന്റെ ഈ പ്രതിഷേധത്തില്‍ മുതലാളിക്കൊരു നഷ്ടവും വരാന്‍ പോകുന്നില്ല.. നഷ്ടം മുഴുവന്‍ നിനക്കോ നിരപരാധികളായ നിന്റെ സഹപ്രവര്‍ത്തകര്‍ക്കോ ആണ്…”
”മനസിലായില്ല.. എങ്ങനെയാണ് എനിക്കും സഹപ്രവര്‍ത്തകര്‍ക്കും നഷ്ടം വരിക?” അയാള്‍ ചോദിച്ചു.
”നീയില്ലെങ്കില്‍ നിന്റെ ജോലി നിന്റെ സഹപ്രവര്‍ത്തകര്‍ ചെയ്യണം.. അവര്‍ ചെയ്യുന്നില്ലെങ്കില്‍ പണിമുടക്കിയ ദിവസത്തെ ജോലി തൊട്ടടുത്ത ദിവസം നീ തന്നെ ചെയ്തുതീര്‍ക്കണം. അങ്ങനെ വരികില്‍ അന്നത്തെ ദിവസം രണ്ടുദിവസത്തെ ജോലിയാണു നിനക്കു ചെയ്യേണ്ടി വരിക.”
”എന്നാലും വേണ്ടില്ല, ഞാനെന്റെ പ്രതിഷേധവുമായി മുന്നോട്ടുപോകും..” തൊഴിലാളി തന്റെ ദുശ്ശാഠ്യത്തില്‍ ഉറച്ചുതന്നെ നിന്നു.
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നു കേട്ടിട്ടില്ലേ.. ചിലര്‍ അമ്മയോടല്ല, സ്വന്തത്തോടുതന്നെയാണു കണക്കു തീര്‍ക്കുക. പ്രതിഷേധത്തിന്റെ ഭാഗമായി ആത്മഹത്യ ചെയ്യുന്നവര്‍ അതിന്റെ മകുടോദാഹരണങ്ങളാണ്. കഥയില്‍ പറഞ്ഞ തൊഴിലാളിയുടെ മനസ് പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ സംഭവിക്കുന്നതാണ് ആത്മഹത്യ. വേറാരോടെങ്കിലുമുള്ള ദേഷ്യം സ്വന്തത്തോടു തീര്‍ക്കുന്ന ഈ അവിവേകം തീര്‍ത്തും സഹതാപാര്‍ഹം തന്നെ. അത്തരം ആത്മഹത്യകളെ വിശുദ്ധവല്‍ക്കരിക്കാനും ആളുകളുണ്ടെന്നതാണു കൗതുകം. സമൂഹത്തിനുവേണ്ടി ജീവത്യാഗം ചെയ്തവര്‍ എന്നെല്ലാം പറഞ്ഞ് അവരെ ചിലര്‍ വെള്ളപൂശും. സത്യത്തില്‍ അവര്‍ ജീവത്യാഗം ചെയ്തവരല്ല, സ്വന്തത്തോടു ക്രൂരത ചെയ്തവരാണ്. അവരെ സമൂഹത്തിനുവേണ്ടി മരിച്ചവര്‍ എന്നു പറയാന്‍ പറ്റില്ല. സ്വന്തത്തോടുപോലും ക്രൂരത കാണിക്കാന്‍ മടിക്കാത്തവര്‍ എങ്ങനെ സമൂഹത്തിന്റെ ഗുണകാംക്ഷികളാകും? ചെറിയ നഷ്ടത്തെ വലിയ നഷ്ടംകൊണ്ടു നേരിട്ട അവര്‍ വിഡ്ഢികളാണ്. ഇരുട്ടിനു പരിഹാരം അതിനെക്കാള്‍ കനത്ത ഇരുട്ടാണെന്നാണവര്‍ ധരിച്ചുവച്ചത്. സ്വന്തം മകന്‍ മരിച്ചാലും വേണ്ടില്ല, മരുമോളുടെ കണ്ണീര്‍ കാണാമല്ലോ എന്നു ചിന്തിച്ചവരാണവര്‍.
തൊട്ടതിനും പിടിച്ചതിനുമെല്ലാം പണിമുടക്കും ഹര്‍ത്താലുമായി നടക്കുന്ന വിഭാഗമുണ്ട്. വല്ല അനര്‍ഥങ്ങളും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനു പരിഹാരം കാണുകയെന്നല്ലാതെ നിരപരാധികളായ ഒരു സമൂഹത്തിന്റെ സഞ്ചാരസ്വാതന്ത്ര്യവും തൊഴില്‍സ്വാതന്ത്ര്യവും നിഷേധിച്ചിട്ടെന്തു ഫലം? പണിമുടക്കി നിഷ്‌ക്രിയത്വത്തിലേക്കു ചേക്കേറുന്നത് എന്തിനുള്ള പരിഹാരമാണ്?
പ്രതിഷേധങ്ങള്‍ ആരോഗ്യപരമായിരിക്കണം. നഷ്ടങ്ങള്‍ വരുത്തിവയ്ക്കുന്ന പ്രതിഷേധങ്ങള്‍ ബുദ്ധിപരമല്ല. പ്രതിഷേധത്തെ പ്രചോദിപ്പിക്കുന്നതു വികാരത്തെക്കാള്‍ വിവേകമായിരിക്കേണ്ടതുണ്ട്. കാരണം, വികാരവിക്ഷോഭത്തില്‍ വിവേകം പ്രവര്‍ത്തിക്കില്ല. വിവേകം പ്രവര്‍ത്തിക്കാതിരുന്നാല്‍ അവിവേകമാണു പ്രവര്‍ത്തിക്കുക. അവിവേകം പ്രവര്‍ത്തിക്കുമ്പോള്‍ അകക്കണ്ണും അകക്കാതുമെല്ലാം അടഞ്ഞുപോകും. പന്നെ തനിക്കാണോ തന്റെ എതിരാളിക്കാണോ നഷ്ടം വരുന്നതെന്ന കാര്യം തിരിച്ചറിയാന്‍ കഴിയില്ല.. ദേഷ്യം പരിധിവിട്ടാല്‍ ചെയ്യുന്നതും പറയുന്നതുമെന്തൊക്കെയാണെന്നറിയാതെ വരാറില്ലേ… പലപ്പോഴും പ്രതിഷേധങ്ങള്‍ ആത്മഹത്യാപരമാകുന്നതിങ്ങനെയാണ്. നിര്‍മാണാത്മകമായ പ്രതിഷേധങ്ങളെ മാത്രം സ്വാഗതം ചെയ്യുക. അല്ലാത്തവയോടു നിസഹകരണം പ്രഖ്യാപിക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.