2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എന്തു ചെയ്യണം  പ്രവാസി മരണങ്ങള്‍ തടയാന്‍? 

ഡോ.പി.എന്‍.സുരേഷ് കുമാര്‍

ഗള്‍ഫ് നാടുകളില്‍ കൊവിഡ് വൈറസ് ബാധിച്ച് മരണമടയുന്നവരുടെ എണ്ണം ദിനംപ്രതി കൂടി കൂടി വരുന്നു. തികച്ചും വേദനാജനകമായ വാര്‍ത്തയാണിത്. നമ്മുടെ നാടിന്റെ പുരോഗതിക്ക് കൂടി വേണ്ടിയാണ് ഇവര്‍ ഗള്‍ഫ് നാടുകളില്‍ താമസിച്ച് രാപ്പകലില്ലാതെ കഷ്ടപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ അത്യാവശ്യം വേണ്ട ചികിത്സ ലഭിക്കാതെ പ്രവാസികള്‍ അകാല മൃത്യു അടയുന്നത് തികച്ചും അക്ഷന്ത്യവമാണ്.

പ്രവാസികളെ ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹം തന്നെ. പക്ഷെ അവരുടെ ഇങ്ങോട്ടുള്ള തിരിച്ചു വരവിന്റെ തീരുമാനം അനിയന്ത്രിതമായി നീണ്ടുപോകുകയാണ്. ഉടനെതിരിച്ചു കൊണ്ടുവരാന്‍ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അവരെ തിരിച്ചു കൊണ്ടുവന്നാല്‍ തന്നെ പ്രവാസി മരണങ്ങളെ പിടിച്ചു നിര്‍ത്താന്‍ നമുക്ക് കഴിയണമെന്നുമില്ല.
കാരണം നമുക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിയുന്നത് കോവിഡ് നെഗറ്റീവ് ആയ വിഭാഗത്തെ മാത്രമാണ്. അനൗദ്യോഗിക കണക്കനുസരിച്ച് ഗള്‍ഫ് മലയാളികളില്‍ ഭൂരിഭാഗവും കോവിഡ് പോസിറ്റീവ് ആയിരിക്കും എന്നാണ് അനുമാനം. നിര്‍ഭാഗ്യവശാല്‍ ഇവരെ മുഴുവന്‍ ടെസ്റ്റ് ചെയ്യുവാനോ പോസിറ്റീവ് ആയവരെ ക്വാറന്റെനില്‍ വെയ്ക്കാനോ ഗള്‍ഫിലെ പരിമിത സാഹചര്യങ്ങള്‍ അനുവദിക്കുന്നില്ല.

ചെറിയ ഒരു മുറിയില്‍ അഞ്ചും പത്തും പേര്‍ തിങ്ങി നിറഞ്ഞ് താമസിക്കുമ്പോള്‍ ഒരാള്‍ വൈറസ് പോസിറ്റീവ് ആയാല്‍ മറ്റുള്ളവര്‍ക്കും പകരുന്നത് സ്വാഭാവികം മാത്രം. ഗള്‍ഫിലെ ബഹു ഭൂരിപക്ഷം വരുന്ന ജനവിഭാഗത്തിന്റെ ദയനീയ ജീവിത സാഹചര്യമാണ് സൂചിപ്പിച്ചത്. മാത്രമല്ല കോവിഡ് പോസിറ്റീവ് ആയവരോട് സ്വന്തം മുറിയില്‍ നിരീക്ഷണത്തില്‍ കഴിയാനും അസുഖലക്ഷണങ്ങള്‍ കണ്ടാല്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യാനുമാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. നിര്‍ഭാഗ്യവശാല്‍ അസുഖലക്ഷണങ്ങള്‍ തുടങ്ങി ആശുപത്രിയില്‍ എത്തുമ്പോഴേക്കും ഇവരുടെ അസുഖം മൂര്‍ച്ഛിച്ച് കഴിഞ്ഞിട്ടുണ്ടാകും.

മാത്രമല്ല, ഗള്‍ഫിലെ ഒന്നാം പൗരന് ലഭിക്കുന്ന അതേ ചികിത്സ രണ്ടാം പൗരനായ ഗള്‍ഫ് മലയാളിക്കു ലഭിക്കണമെന്നുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഭാഗ്യമുണ്ടെങ്കില്‍ ഇവര്‍ രക്ഷപ്പെടുമെന്ന് മാത്രം. ഈയൊരു സ്ഥിതിവിശേഷമാണ് ഗള്‍ഫ് മലയാളികളില്‍ കോവിഡ് മരണങ്ങള്‍ കൂടാന്‍ കാരണം. സാധാരണ 60 വയസ്സില്‍ മേലെയുള്ളവരാണ് കോവിഡ് മരണത്തിനു കീഴടങ്ങുന്നതെങ്കില്‍ ഗള്‍ഫ് വാര്‍ത്തകള്‍ ശ്രദ്ധിച്ചാണെങ്കില്‍ 40നും 60നും ഇടക്കുള്ളവരാണ് ഇവിടെ മരണത്തിന് കീഴടങ്ങുന്നത്.

കോവിഡ് അല്ലാതെയുള്ള മറ്റ് ശാരീരിക രോഗങ്ങള്‍ക്കും ഇവര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നുണ്ടോ എന്ന കാര്യവും സംശയകരമാണ്. ഈയൊരു ദു:സ്ഥിതി ഇനിയും തുടരാതിരിക്കാന്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന് ഇനിയെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു. കോവിഡ് പോസിറ്റീവ് ആയിട്ടുള്ള ബഹുഭൂരിപക്ഷം പേരെയും നാട്ടില്‍ കൊണ്ടുവന്ന് ചികിത്സിക്കുകയെന്നത് പ്രായോഗികമല്ല. ഇത്തരം സന്ദര്‍ഭത്തില്‍ അവരെ ഗള്‍ഫില്‍ വച്ചു തന്നെ മികച്ച ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ എടുക്കുകയായിരിക്കും അഭികാമ്യം.
ഇന്ത്യയില്‍ നിന്നും വിദഗ്ധ ഡോക്ടര്‍മാരും നേഴ്‌സുമാരും ഐ.സി.യു വിദഗ്ധര്‍മാരും മരുന്നും വെന്റിലേറ്ററുകളും അനുബന്ധ സജ്ജീകരണങ്ങളുമായി അവിടെ എത്തുകയും സര്‍ക്കാരിന്റെ അനുമതിയോടെ ഒരു താല്‍ക്കാലിക കോവിഡ് ആശുപത്രി തയ്യാറാക്കി ചുരുങ്ങിയത് മൂന്ന് ആഴ്ചയെങ്കിലും ഇവരെ പരിചരിക്കാന്‍ തയ്യാറാകുകയും വേണം. എങ്കില്‍ മാത്രമേ പ്രവാസികളുടെ അടിക്കടിയുള്ള മരണങ്ങളെ നമുക്ക് തടയാനാവൂ. ഇത് അത്ര ലളിതമായ കാര്യമല്ല. കേന്ദ്ര-സംസ്ഥാന-വിദേശ സര്‍ക്കാരുകളുടെ സംയോജിതമായ ഇടപെടലുകളിലൂടെ മാത്രമേ ഇത് സാധിക്കൂ. മാത്രമല്ല വന്‍ സാമ്പത്തിക ചെലവ് വരുന്ന പ്രക്രിയ കൂടിയാണിത്. എങ്കിലും മനസ്സ് വച്ചാല്‍നടക്കാവുന്ന കാര്യമാണ്. തീര്‍ച്ചയായും വിവിധ സര്‍ക്കാരുകള്‍ ഈ വിഷയം ഗൗരവമായി കണക്കിലെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.