2019 April 19 Friday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ആശങ്കയുണര്‍ത്തി വീണ്ടും പ്രവാസി രജിസ്‌ട്രേഷനുമായി കേന്ദ്ര സര്‍ക്കാര്‍

#നിസാര്‍ കലയത്ത്
 
 
ജിദ്ദ: വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഓരോ ഇന്ത്യക്കാരനും എമിഗ്രേഷന്‍ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്ന നിയമം പ്രതിഷേധങ്ങളെത്തുടര്‍ന്ന് പിന്‍വലിച്ചെങ്കിലും വീണ്ടും പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ തന്നെയാണു വാര്‍ത്ത വന്നിരിക്കുന്നത്.
 
1983 മുതല്‍ നിലവിലുള്ള എമിഗ്രേഷന്‍ ആക്റ്റ് മാറ്റുന്നതിനായി പാര്‍ലമെന്റില്‍ പുതിയ എമിഗ്രേഷന്‍ ബില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണു വിദേശകാര്യ മന്ത്രാലയമെന്നാണു വാര്‍ത്തയിലുള്ളത്. dsoia1@mea.gov.inso2oia1@mea.gov.in എന്നീ ഇമെയില്‍ ഐഡികളിലേക്ക് ഇത് സംബന്ധിച്ച് പൊതു ജനങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ അയക്കാന്‍ ജനുവരി 20 വരെ സമയവും കൊടുത്തിട്ടുണ്ട്.
 
പുതിയ ബില്‍ പ്രകാരം എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റ് വഴി നടത്താത്തവര്‍ക്ക് 10,000 രൂപയില്‍ കുറയാത്ത പിഴയും പാസ്‌പോര്‍ട്ട് റദ്ദാക്കല്‍, പാസ്‌പോര്‍ട്ട് പിന്‍ വലിക്കല്‍ തുടങ്ങിയ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പൊതുജനാഭിപ്രായം തേടിയ ശേഷം പാര്‍ലമന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ഇത് അവതരിപ്പിച്ച് അംഗീകാരം നേടിയെടുക്കാനുള്ള പദ്ധതിയാണു കേന്ദ്രത്തിനുള്ളത്.
 
പുതിയ നിയമത്തിന്റെ കരട് രൂപത്തില്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണു. കുടുംബാംഗങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നടത്തേണ്ടതില്ല. എല്ലാ തരം പ്രവാസികള്‍ക്കും പുതിയ ബില്‍ പ്രകാരം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാകും. ഉന്നത വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികളും രജിസ്‌ട്രേഷന്‍ നടത്തണം. പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനാണു പുതിയ നിയമമെന്നാണു കേന്ദ്രം പറയുന്നതെങ്കിലും ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നത് പോലുള്ള പല തരം പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണു പ്രവാസികളുടെ ആശങ്ക.
 
ഇത്തരം നിരവധി ആശങ്കകള്‍ സോഷ്യല്‍ മീഡിയകളില്‍ ശക്തമായി പ്രതിഷേധ രൂപത്തില്‍ ഉയര്‍ന്നതോടെ സര്‍ക്കാര്‍ കഴിഞ്ഞ നവംബറില്‍ രജിസ്‌ട്രേഷന്‍ തത്ക്കാലം വേണ്ടെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ പുതിയ ബില്‍ പ്രകാരം പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ നിയമമാക്കാനുള്ള നീക്കമാണു നടക്കുന്നത്.
അതേ സമയം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ അടക്കം പ്രവാസികള്‍ക്കിടയില്‍ വന്‍ പ്രതിഷേധമാണ് വീണ്ടും ഉയരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.