2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രവാസികളെ വരവേല്‍ക്കുമ്പോള്‍

എ.പി കുഞ്ഞാമു

 

 

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസി മലയാളികളില്‍ വലിയൊരു വിഭാഗം പേര്‍ തിരിച്ചുപോവുകയില്ലെന്നാണ് സാമാന്യമായ കണക്കുകൂട്ടല്‍. അതുകൊണ്ട് തന്നെയാകണം അവരുടെ പുനരധിവാസം നമ്മുടെ നാട്ടില്‍ ഗൗരവപ്പെട്ട ഒരു ചര്‍ച്ചാ വിഷയമായിത്തീര്‍ന്നിട്ടുള്ളത്. സര്‍ക്കാരും സാമ്പത്തിക വിദഗ്ധരുമെല്ലാം ചൂണ്ടിക്കാട്ടുന്നത് ഇപ്പോള്‍ നേരിട്ടിട്ടുള്ള പ്രതിസന്ധികളില്‍നിന്ന് നമുക്ക് ആകര്‍ഷകമായ സാധ്യതകള്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ്. കേരളത്തിലെ മനുഷ്യശക്തിയും പ്രകൃതിയുടെ വരദാനങ്ങളും സാമൂഹിക പശ്ചാത്തലവും വിദ്യാഭ്യാസ നിലവാരവുമൊക്കെ വച്ച് ചിന്തിക്കുമ്പോള്‍ ലോകത്ത് ഏറ്റവും സുരക്ഷിതമായ ഇടങ്ങളില്‍ ഒന്നായിത്തീര്‍ന്നിരിക്കുകയാണ് സംസ്ഥാനം. ഇവിടെ മുതല്‍മുടക്കാന്‍ ആഗോള തലത്തില്‍ നിക്ഷേപകര്‍ പാഞ്ഞെത്തുമെന്നാണ് പ്രതീക്ഷ. കേരള ബ്രാന്‍ഡ് ആഗോള വിപണി കീഴടക്കുമെന്ന് ആത്മവിശ്വാസം പുലര്‍ത്തുന്നവരുമുണ്ട്. പൊതുവെ ചര്‍ച്ചകളിലും വെബിനാറുകളിലുമെല്ലാം പങ്കെടുക്കുന്ന വിദഗ്ധര്‍ ഗ്രീന്‍ സിഗ്‌നലാണ് നല്‍കുന്നത് എന്ന് ചുരുക്കം. എങ്കില്‍ നല്ലത്, വളരെ നല്ലത്.

ഇങ്ങനെ ശുഭപ്രതീക്ഷകളുടെയും സുഖസ്വപ്നങ്ങളുടെയും ചിറകിലേറി സഞ്ചരിക്കുമ്പോഴും ഇതേവരെ പുറത്തുനിന്നുള്ള മൂലധന നിക്ഷേപങ്ങള്‍ കേരളീയ സമ്പദ്‌വ്യവസ്ഥയെ എപ്രകാരമാണ് ചലിപ്പിച്ചതെന്ന് നാം ആലോചിക്കേണ്ടതുണ്ട്. ആഗോള ഭീമന്മാരുടെ കാര്യമിരിക്കട്ടെ, നമ്മുടെ നാട്ടില്‍നിന്ന് കടല്‍ കയറിപ്പോയ ആളുകളുടെ മുതല്‍മുടക്കുകള്‍ നമ്മുടെ സുസ്ഥിര വികസനത്തെ എത്രകണ്ട് ഉത്തേജിപ്പിച്ചിട്ടുണ്ട്. കൊവിഡിന്റെ ആദ്യ കാലത്ത് കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന പാലിന്റെ പാതിയും പുറത്ത് ഒഴുക്കിക്കളയേണ്ടി വരികയുണ്ടായി. മില്‍മ അന്‍പതിനായിരം ലിറ്റര്‍ പാലാണ് ദിവസവും ഒഴിച്ചുകളഞ്ഞത്. കാരണം തമിഴ്‌നാട്ടിലെ പാല്‍പ്പൊടി ഫാക്ടറികള്‍ നാം അയക്കുന്ന പാല്‍ മുഴുവനായി എടുക്കാന്‍ തയ്യാറായില്ല. അപ്പോഴാണ് നമ്മുടെ നാട്ടില്‍ ഒരു പാല്‍പ്പൊടി ഫാക്ടറി ഇല്ല എന്ന് പലരും തിരിച്ചറിഞ്ഞത്. പാല്‍പ്പൊടി ഫാക്ടറി മാത്രമല്ല കേരളത്തിലെ പ്രധാന വിളവായ നാളികേരത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മി ക്കാനുള്ള ഫാക്ടറികളും ഇവിടെ കാര്യമായി ഇല്ല.

തെങ്ങില്‍ നിന്നോ കവുങ്ങില്‍ നിന്നോ മറ്റു ഭക്ഷ്യധാന്യ വിളകളില്‍ നിന്നോ വ്യാവസായികോല്‍പാദനം നടത്താനുള്ള ഉപാധികളൊന്നും ഇവിടെയില്ല. അവയെ അടിസ്ഥാനമാക്കി വ്യവസായവല്‍ക്കരണം നടന്നിട്ടില്ല. വിളവുകള്‍ സൂക്ഷിച്ചുവയ്ക്കാനുള്ള ഗോഡൗണുകളോ ശീതീകരണികളോ ഇല്ല. കേരളത്തിന്റെ വിഭവങ്ങളില്‍ അധിഷ്ഠിതമായ വ്യവസായവല്‍ക്കരണത്തെപ്പറ്റി നാം അധികമൊന്നും ആലോചിച്ചിട്ടില്ല. നാട്ടില്‍ കോടികള്‍ മുടക്കുന്ന വിദേശ മലയാളികളിലാര്‍ക്കും ഒരു പാല്‍പ്പൊടി ഫാക്ടറിയെങ്കിലും സ്ഥാപിക്കാന്‍ തോന്നിയിട്ടില്ല. ആരും തോന്നിപ്പിച്ചിട്ടുമില്ല. പ്രവാസ ലോകത്തെ മലയാളി ഭീമന്മാര്‍ ഇവിടെ കൂടുതലും പണം മുടക്കിയത് മാളുകള്‍ക്കും കണ്‍വന്‍ഷന്‍ സെന്ററുകള്‍ക്കും കെട്ടിട സമുച്ചയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും മറ്റും വേണ്ടിയാണ്. ഉല്‍പാദന രംഗത്തേക്കാളേറെ ഉപഭോഗമണ്ഡലത്തിലാണ്. ഈ പണം മലയാളി ജീവിതത്തില്‍ എത്രമാത്രം ഉപകാരപ്പെട്ടു എന്നതിനെക്കുറിച്ചൊന്നുമല്ല പറയുന്നത്. അതിലൊന്നും തര്‍ക്കമില്ല. പക്ഷേ ഒരു പ്രതിസന്ധി ഘട്ടത്തില്‍ തിരിച്ചുവന്ന മലയാളിക്ക് തന്റെ ജീവിതം പുനരുദ്ധരിക്കാന്‍ പറ്റിയ എത്ര സംരംഭങ്ങളുണ്ട് നാട്ടില്‍. പുതുതായെന്തെങ്കിലും ആരംഭിക്കാന്‍ പറ്റിയ അന്തരീക്ഷമുണ്ടോ ഇവിടെ. അതൊക്കെ ആലോചിച്ചു വേണം വരാനിരിക്കുന്ന നല്ല കാലത്തെപ്പറ്റി സ്വപ്നങ്ങള്‍ മെനയാന്‍.

കൊവിഡിനു ശേഷവും കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് സാധ്യത നല്‍കുന്ന ഒരു ഘടകമായി വിനോദ സഞ്ചാരത്തെ തന്നെയാണ് നമ്മുടെ വിദഗ്ധര്‍ കാണുന്നത്. മഹാമാരിയെ പിടിച്ചുകെട്ടി എന്ന ഖ്യാതി നമുക്കുണ്ട്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്ന് എന്ന സല്‍പ്പേരുണ്ട്. ഈ ഗുഡ്‌വില്‍ വച്ച് വിനോദ സഞ്ചാരികള്‍ കേരളത്തിലേക്കൊഴുകും എന്നാണ് പറയുന്നത്. എയര്‍ ബ്രിഡ്ജ് എന്നൊക്കെയുള്ള സംജ്ഞകളും ഉപയോഗിക്കപ്പെടുന്നു. എന്നാല്‍ ടൂറിസ വ്യവസായം പ്രധാനമായും ആശ്രയിച്ചു നില്‍ക്കുന്നത് യൂറോപ്യന്‍ നാടുകളെയും അമേരിക്കയെയുമാണ്. ഹെല്‍ത്ത് ടൂറിസം വലിയൊരളവോളം അറബ് ഗള്‍ഫ് നാടുകളെ ആശ്രയിക്കുന്നു. ഈ നാടുകളെല്ലാം കൊവിഡിന്റെ പിടിയിലാണ്. അവിടെ നിന്നുള്ള ടൂറിസ്റ്റുകളെ എത്ര കണ്ടു പ്രതീക്ഷിക്കാം നമുക്ക് ലോകത്തുടനീളം പാന്‍ഡമിക്കുകള്‍ (മഹാമാരികള്‍) ഏറ്റവും കൂടുതല്‍ ബാധിക്കുക വിനോദ സഞ്ചാര വ്യവസായത്തെയാണ്. കൊവിഡ് ആഗോള തലത്തില്‍ അഴിഞ്ഞാടുന്ന സാഹചര്യത്തില്‍ ഇനിയും ടൂറിസം മേഖല ഉയിര്‍ത്തെഴുന്നേല്‍ക്കണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് രണ്ടോ മൂന്നോ കൊല്ലമെങ്കിലും വേണം.

വിദേശത്തു നിന്നുവരുന്ന കേരളീയരെ ഉള്‍പ്പെടുത്തി നോണ്‍ റസിഡന്റ് കേരളൈറ്റുകളുടെ എന്‍.ആര്‍.കെ കോഓപറേറ്റീവ് സൊസൈറ്റികള്‍ സ്ഥാപിക്കണമെന്ന ഒരു നിര്‍ദേശം കാണാനിടയായി. കേരളത്തിലെ സഹകരണ മേഖല അനുഭവിക്കുന്ന പരാധീനതകളുടെ പശ്ചാത്തലത്തില്‍ ഇത് എത്രത്തോളം വിജയിക്കുമെന്ന് ആലോചിക്കേണ്ടതുണ്ട്. നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും കടം കൊടുക്കുകയും ചെയ്യുന്ന ക്രെഡിറ്റ് സൊസൈറ്റികള്‍ക്ക് അപ്പുറത്തേക്ക് കൈനീട്ടാന്‍ സാമാന്യമായി കേരളത്തിലെ സഹകരണ മേഖലക്ക് കഴിഞ്ഞിട്ടില്ല. കോഓപറേറ്റീവ് സ്റ്റോറുകള്‍ പോലും പ്രതീക്ഷിച്ച പോലെ വിജയിച്ചിട്ടില്ല. ഉല്‍പാദനരംഗത്ത് മികച്ച കേരള മാതൃകകള്‍ വിരളമാണ്. മാത്രമല്ല, രാഷ്ട്രീയത്തിന്റെ അതിപ്രസരം പ്രസ്തുത മേഖലയെ വലിയ പ്രയാസത്തില്‍ അകപ്പെടുത്തുന്നുമുണ്ട്. ഈ സാമൂഹികാന്തരീക്ഷത്തില്‍ എന്‍.ആര്‍.കെ കോ ഓപറേറ്റീവ് സൊസൈറ്റികള്‍ ഉദ്ദേശിച്ച ഫലം ചെയ്യുമെന്ന് പ്രതീക്ഷിച്ചുകൂടാ. അതേപോലെ തന്നെയാണ് നദികള്‍ സുലഭമായ കേരളത്തില്‍ കുപ്പിവെള്ളക്കച്ചവടം നല്ല ഒരു ഓപ്ഷനാണ് എന്ന നിര്‍ദേശം. കേരളത്തിലെ നദികള്‍ അടിമുടി മലിനമായി വര്‍ത്തിക്കുകയും വേനലില്‍ വറ്റിവരളുകയും ചെയ്യുന്ന അവസ്ഥ മുന്നില്‍ കാണുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ഈ നിര്‍ദേശത്തിന്റെ പ്രായോഗികത അംഗീകരിക്കാനാവുക ഇതേപോലെ തന്നെയാണ് കേരളത്തില്‍ ഒരു ലേബര്‍ഫോഴ്‌സ് രൂപപ്പെടുത്താനാവുമെന്ന പ്രത്യാശയും. അതിഥി തൊഴിലാളികള്‍ സ്ഥലം വിട്ട സാഹചര്യത്തില്‍ നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഒരു തൊഴില്‍ ശക്തിയാകാന്‍ സാധിക്കുമെന്നൊക്കെ പറയുന്നത് തത്വത്തില്‍ ശരിയാണ്. ഡിഗ്‌നിറ്റി ഓഫ് ലേബറിനെപ്പറ്റിയൊക്കെ പറഞ്ഞുകേട്ടു. പക്ഷേ, പ്രയോഗത്തില്‍ മലയാളി മനസ് അതിനോട് എത്രമാത്രം പൊരുത്തപ്പെടുമെന്ന് കണ്ടുതന്നെ അറിയണം.

ഐ.ടി മേഖലയില്‍ വൈദഗ്ധ്യമുള്ള ധാരാളം മലയാളികളുണ്ട്. അവരുടെ സേവനം ആഗോള വിപണിയില്‍ ലഭ്യമാവുന്ന അവസ്ഥയില്‍ പുതിയ സാഹചര്യത്തില്‍ അത് കേരളത്തില്‍ അനന്തസാധ്യതകള്‍ തുറന്നിടുമെന്ന് ചിലര്‍ പറയുന്നു. അതേപോലെ തന്നെ ഹെല്‍ത്ത് ടൂറിസത്തിന്റെ സാധ്യതകള്‍ പലരും ചൂണ്ടിക്കാട്ടുന്നു. ലേബര്‍ സപ്ലൈ ഏജന്‍സിയുടെ സാധ്യതകളും ഉയര്‍ത്തിക്കാട്ടപ്പെടുന്നുണ്ട്. എന്നാല്‍ ആഗോള തലത്തില്‍ കൊവിഡ് സൃഷ്ടിക്കുകയും സൃഷ്ടിക്കാനിരിക്കുകയും ചെയ്യുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ തീവ്രത തിരിച്ചറിയുന്ന ഒരാള്‍ക്കും അങ്ങനെയൊരു നല്ല കാലമുണ്ടാകും എന്ന ശുഭപ്രതീക്ഷ പുലര്‍ത്താനാവുകയില്ല.

പിന്നെയെന്തു വഴി

സൂത്രപ്പണികള്‍ കൊണ്ട് പരിഹരിക്കാനാവുന്ന ഒന്നല്ല കേരളം അഭിമുഖീകരിക്കാനിരിക്കുന്ന സാമ്പത്തിക മാന്ദ്യം. കൊവിഡിനോടൊപ്പം ജീവിക്കേണ്ട കാലമാണ് വരുന്നത്. ആ കാലത്ത് വരുമാനം ഉല്‍പാദിപ്പിക്കുന്ന പ്രവൃത്തികള്‍ എത്രത്തോളം ഉണ്ടാകും എന്നതിനെ ആശ്രയിച്ചിരിക്കുന്നു നമ്മുടെ സാമ്പത്തികജീവിതം. ഒരുപാട് ജീവിത മേഖലകള്‍ പ്രവര്‍ത്തനരഹിതമാവുകയോ തളരുകയോ ചെയ്യും. നിര്‍മാണ മേഖലയും അനുബന്ധ വ്യവസായങ്ങളും തൊഴിലുകളും ഒരു ഉദാഹരണമാണ്. ചെറുകിട വ്യവസായങ്ങളും വാണിജ്യങ്ങളും പ്രതിസന്ധിയിലാണ്. ഇപ്പോള്‍ത്തന്നെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നമുക്ക് ശീലമായിക്കഴിഞ്ഞു. ആമസോണും സ്വിഗ്ഗിയും സൊമാറ്റോയും നിങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ വീട്ടിലെത്തിച്ചു തരുന്നു. ഇത് ചെറുകിട കച്ചവടത്തെ തകര്‍ക്കും. ചെറുകിട തൊഴിലുകളും ഇല്ലാതാകും. ഈ ദുരിതത്തിലേക്കാണ് തൊഴില്‍രഹിതരായ പ്രവാസികള്‍ വരുന്നത്. അവരോട് കാര്യങ്ങളുടെ നല്ല വശങ്ങള്‍ മാത്രം പറഞ്ഞു കൊടുത്താല്‍ പോരാ. യാഥാര്‍ഥ്യത്തിന്റെ മുഖംകൂടി നാം കണ്ടറിയണം. ഇതേവരെയുള്ള വികസന പരിപ്രേക്ഷ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കരുത് ഇനിയുള്ള കാലത്തെ കാല്‍വയ്പുകള്‍.

കേരള ബ്രാന്‍ഡ് എന്നത് നല്ല ആശയമാണ്. എന്താണ് കേരള ബ്രാന്‍ഡ് തൊഴിലാളികള്‍ക്ക് ഉയര്‍ന്ന കൂലി കൊടുക്കുന്ന സംസ്ഥാനമാണ് കേരളം. തൊഴിലാളികളുടെ അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കുന്ന സ്ഥലമാണ് കേരളം. സമരവും ലോക്ക് ഔട്ടും ലേ ഓഫും ഉള്ള സ്ഥലമാണ് കേരളം, പൗരാവകാശങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഇടമാണ് ഇവിടം. അതുകൊണ്ട് തന്നെ ഇവിടെ ഉല്‍പാദനച്ചെലവ് കൂടുതലാണ്. അത് വിലയിലും നിരക്കിലും പ്രതിഫലിക്കും. തൊഴിലാളികളെക്കൊണ്ട് അടിമപ്പണി ചെയ്യിച്ചും ബാലവേലയെടുപ്പിച്ചും കുറഞ്ഞ വിലക്ക് സാധനങ്ങള്‍ നിര്‍മിക്കുന്ന ദേശങ്ങളോട് മത്സരിക്കാന്‍ കേരളത്തിന് സാധിക്കുകയില്ല. കേരള ബ്രാന്‍ഡ് എന്ന് പറയുമ്പോള്‍ കേരളീയ ഉല്‍പന്നങ്ങളുടെയും കേരളത്തില്‍ ലഭ്യമായ സേവനങ്ങളുടെയും ഈ ക്ഷേമമൂല്യവും പ്രബുദ്ധതാ പശ്ചാത്തലവും കൂടി കണക്കിലെടുക്കണമെന്ന് ഉറപ്പിച്ചു പറയാനുള്ള ആര്‍ജവമാണ് നമുക്കാവശ്യം. കൊവിഡിനെ കാര്യമായി പ്രതിരോധിച്ച ദേശമെന്ന നിലയില്‍ ഈ ഗുഡ്‌വില്‍ ഉയര്‍ത്തി വിലപേശുകയാണ് നാം ചെയ്യേണ്ടത്. പഴയത് പോലെ പത്രമാസികകളില്‍ അച്ചടിച്ചുവരുന്ന വിജയിച്ച സ്റ്റാര്‍ട്ടപ്പുകളുടെ വാര്‍ത്തയും പടവും ചൂണ്ടിക്കാണിച്ച് നാം ആരേയും തെറ്റിദ്ധരിപ്പിക്കരുത്. അവയില്‍ എത്രയെണ്ണം വിജയിച്ചിട്ടുണ്ടെന്ന് ആരു കണ്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.