2020 July 07 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കനത്ത മഴ ഉറ്റവരുടെ വിവരങ്ങളില്ല; ആശങ്കയോടെ പ്രവാസികള്‍

ജാഗ്രത പുലര്‍ത്താന്‍ സഊദി പൗരന്മാര്‍ക്ക് നിര്‍ദേശം

നിസാര്‍ കലയത്ത്

ജിദ്ദ: കേരളത്തിലെ വിവിധ ജില്ലകളില്‍ കാലവര്‍ഷക്കെടുതി ശക്തമാവുമ്പോള്‍ ആശങ്കയുടെ നിമിഷങ്ങള്‍ തള്ളിനീക്കുകയാണ് ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെയുള്ള പ്രവാസികള്‍. ഉറ്റവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാവാത്തതിനാല്‍ എന്ത് ചെയ്യുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് പലരും. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും രൂക്ഷമാവുന്ന ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പലയിടങ്ങളിലും ദിവസങ്ങളായി വൈദ്യുതി ബന്ധമില്ല.

കഴിഞ്ഞ ദിവസം വരെ ബന്ധുക്കളുമായി ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ഫോണുകള്‍ ചാര്‍ജ് ചെയ്യാനാവാതെ പ്രവര്‍ത്തന രഹിതമായതോടെ വിവരങ്ങളൊന്നും ലഭിക്കുന്നില്ല. നിരവധിപ്പേര്‍ വിദേശത്ത് നിന്ന് കണ്‍ട്രോള്‍ റൂമുകളിലും മാധ്യമ സ്ഥാപനങ്ങളിലും വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നുമുണ്ട്. ദുരന്തമേഖലകളിലുണ്ടായിരുന്ന ഉറ്റവര്‍ സുരക്ഷിത സ്ഥാനങ്ങളിലെത്തിയോ അതോ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണോ എന്നുള്ള വിവരങ്ങളൊന്നും ലഭിക്കുന്നില്ല. വാര്‍ത്താ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് ആശ്രയം.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും നിരവധി വ്യാജവാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് പ്രവാസികളെയാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയസമയത്തുള്ള ചിത്രങ്ങളും വീഡിയോകളും പോലും ഇപ്പോള്‍ വാട്!സ്ആപ് അടക്കമുള്ള മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. പരിശോധിച്ച് ഉറപ്പുവരുത്താത്ത വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കരുതെന്നും വിവരങ്ങള്‍ക്കായി ഔദ്യോഗിക മാധ്യമങ്ങളെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും ആശ്രയിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേ സമയം കേരളത്തില്‍ അതിതീവ്രമഴയും പ്രളയവും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെത്തിയ സഊദി പൗരന്മാര്‍ക്ക് കോണ്‍സുലേറ്റ്് ജാഗ്രത നിര്‍ദേശം നല്‍കി, സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതുവരെ താമസ സ്ഥലങ്ങളില്‍ തന്നെ തങ്ങണമെന്നാണ് മുംബൈയിലെ സഊദി കോണ്‍സുലേറ്റ് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.