2020 February 24 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

Editorial

വിരുന്നുകൂടിപ്പിരിഞ്ഞാല്‍ പ്രതിപക്ഷ ഐക്യമാവില്ല


കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി മുന്നണിയെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യോജിച്ചു പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ നടത്തുന്ന ഊര്‍ജിത നീക്കങ്ങള്‍ക്കേറ്റ തിരിച്ചടിയാണു രാജ്യസഭാ ഉപാധ്യക്ഷ പദവിയിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പു ഫലം. ഒന്നിച്ചുനിന്നാല്‍ ജയിക്കാവുന്ന മുന്‍തൂക്കം രാജ്യസഭയില്‍ പ്രതിപക്ഷകക്ഷികള്‍ക്ക് ഉണ്ടായിട്ടും വിജയം നേടിയത് എന്‍.ഡി.എ സ്ഥാനാര്‍ഥിയാണ്. പ്രതിപക്ഷവോട്ടുകള്‍ ഉറപ്പിച്ചുനിര്‍ത്താനായില്ലെന്നു മാത്രമല്ല, ലഭിക്കാവുന്നതിലേറെ വോട്ടുകള്‍ ഭരണപക്ഷം നേടുകയും ചെയ്തു.

 

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ രാജ്യസഭയില്‍ എന്‍.ഡി.എയ്ക്ക് 115, പ്രതിപക്ഷ കൂട്ടുകെട്ടിന് 117 എന്നിങ്ങനെയായിരുന്നു പ്രതീക്ഷിക്കപ്പെട്ട അംഗബലം. ഇരുപക്ഷത്തുമല്ലാതെ നില്‍ക്കുകയും അടുത്തകാലത്തു പ്രതിപക്ഷ കൂട്ടുകെട്ടിനോടു വിദൂര അനുഭാവം പ്രകടിപ്പിക്കുകയും ചെയ്ത ബിജു ജനതാദള്‍, എന്‍.ഡി.എയില്‍ ബി.ജെ.പിയുമായി ഇടഞ്ഞുനില്‍ക്കുന്ന ശിവസേന എന്നിവരുടെയും മറ്റു ചില ചെറു കക്ഷികളുടെയും വോട്ട് തങ്ങള്‍ക്കു ലഭിക്കുമെന്ന അവകാശവാദം പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

ഇതെല്ലാം കണക്കുകൂട്ടിയാല്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി മികച്ച വിജയം നേടേണ്ടതായിരുന്നു. എന്നാല്‍, വോട്ടുപെട്ടി തുറന്നപ്പോള്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് എന്‍.ഡി.എ സ്ഥാനാര്‍ഥി ഹരിവംശ് നാരായണ്‍ സിങ് 125 വോട്ടോടെ അനായാസ വിജയം നേടി. പ്രതിപക്ഷ സ്ഥാനാര്‍ഥി ബി.കെ ഹരിപ്രസാദിനു നേടാനായത് 105 വോട്ടു മാത്രം.

ഭരണവിരുദ്ധ വോട്ടുകള്‍ സമാഹരിക്കാനുള്ള പ്രതിപക്ഷ നീക്കം ദയനീയമായി പരാജയപ്പെട്ടപ്പോള്‍ വിജയമുറപ്പിക്കാനുള്ള ഭരണപക്ഷത്തിന്റെ ചരടുവലി വിജയം കണ്ടു. പ്രതിപക്ഷം പിന്തുണ പ്രതീക്ഷിച്ചിരുന്ന ശിവസേനയുടെയും ബി.ജെ.ഡിയുടെയും വോട്ട് ഭരണപക്ഷം പോക്കറ്റിലാക്കി. എ.ഐ.എ.ഡി.എം.കെ അംഗങ്ങളുടെ വോട്ടും അവര്‍ നേടി.

നാഴികയ്ക്കു നാല്‍പതു വട്ടം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പ്രസ്താവന നടത്തുന്ന അരവിന്ദ് കെജ്‌രിവാളിന്റെ എ.എ.പി, കശ്മിരില്‍ ബി.ജെ.പി സഖ്യമൊഴിയുകയും സഖ്യകാലം വിഷംകുടിച്ച അവസ്ഥയിലായിരുന്നെന്നു പറയുകയും ചെയ്ത പി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഈ തെരഞ്ഞെടുപ്പ് ഫലത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന നീക്കം ഫലപ്രാപ്തിയിലെത്തിയില്ലെന്ന സൂചനയാണതു നല്‍കുന്നത്. ഇടഞ്ഞുനിന്നിട്ടും എന്‍.ഡി.എ അനുനയിപ്പിച്ചെടുത്ത കക്ഷികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അവര്‍ക്കൊപ്പം നില്‍ക്കാനുള്ള സാധ്യതയിലേയ്ക്കും ഇതു വിരല്‍ചൂണ്ടുന്നു. അതുകൊണ്ട്, പ്രതിപക്ഷത്തിനു വലിയ മുന്നറിയിപ്പുമാണ് ഈ തെരഞ്ഞെടുപ്പു ഫലം.

കോണ്‍ഗ്രസും മറ്റുചില കക്ഷികളും പ്രതിപക്ഷ ഐക്യത്തിനു ശ്രമമാരംഭിച്ചിട്ടു കാലം കുറച്ചായി. അത്താഴവിരുന്നുകളിലും മറ്റുമുള്ള ഒത്തുചേരലും അതുകഴിഞ്ഞു നിരന്നുനിന്നുള്ള പടമെടുപ്പും രാഹുല്‍ ഗാന്ധിയുടെ ട്വീറ്റുമൊക്കെയാണ് ഐക്യപരിപാടികള്‍. മറുവശത്ത്, മോദിയും അമിത്ഷായും പോലെ രാഷ്ട്രീയചതുരംഗത്തില്‍ അതിവിദഗ്ധരായ നേതാക്കളുടെ വന്‍നിര തന്നെയുള്ള എന്‍.ഡി.എ സന്ദര്‍ഭം നോക്കി കളത്തിലിറങ്ങിക്കളിക്കുകയാണ്. അതിനെ നേരിടാന്‍ വിരുന്നുകൂടലുകള്‍ക്കോ ചായകുടിക്കോ സാധിക്കുന്നില്ലെന്നു വ്യക്തമാകുകയാണിവിടെ.
ആദര്‍ശങ്ങളോടുള്ള പ്രതിബദ്ധത ഒട്ടുമില്ലാതെ സ്വാര്‍ഥനേട്ടങ്ങള്‍ക്കായി നിലപാടുകള്‍ സ്വീകരിക്കുന്നവരാണ് പ്രതിപക്ഷത്തുള്ള പ്രാദേശിക കക്ഷികളിലധികവും. അവരെ ഒരുമിച്ചു നിര്‍ത്താന്‍ വ്യക്തമായ രാഷ്ട്രീയ അജന്‍ഡകളും അതിലുപരി ചില പ്രലോഭന, പ്രീണന തന്ത്രങ്ങളുമൊക്കെ ആവശ്യമാണ്.

പ്രതിപക്ഷ ചേരിക്കു മുന്നില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ അക്കാര്യത്തിലൊക്കെ ഏറെ പിറകിലാണ്. മികച്ച ക്രൈസിസ് മാനേജര്‍മാരുടെ ക്ഷാമവും കോണ്‍ഗ്രസ് അനുഭവിക്കുന്നുണ്ട്. മറുപക്ഷം ഇതിലൊക്കെ സമ്പന്നവുമാണ്. രാഹുല്‍ ഗാന്ധിയോ സോണിയ ഗാന്ധിയോ നേരിട്ടു വിളിച്ചില്ലെന്നു പറഞ്ഞാണ് പലരും പ്രതിപക്ഷ ചേരിയില്‍നിന്ന് അകന്നുനിന്നത്. മറുപക്ഷത്തു മോദി തന്നെ പലരെയും വിളിച്ച് പിന്തുണ ഉറപ്പിക്കുകയും ചെയ്തു. ബി.ജെ.പി സ്ഥാനാര്‍ഥിയായാല്‍ പരാജയപ്പെട്ടേക്കുമെന്നു കരുതിയാണ് ഭരണപക്ഷം ജെ.ഡി.യു സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. അത്തരമൊരു തന്ത്രം നേരത്തെ ആലോചിച്ച കോണ്‍ഗ്രസ് പക്ഷെ ഒടുവില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

രാഷ്ട്രീയ വിജയത്തിന് അനിവാര്യമായ അടവുകളിലും തന്ത്രങ്ങളിലും ഏറെ പിറകിലാണെന്ന് സ്വയം തിരിച്ചറിയാന്‍ പ്രതിപക്ഷത്തിനു കിട്ടിയ വലിയൊരു അവസരമാണ് ഈ തെരഞ്ഞെടുപ്പ്. അതു തിരിച്ചറിയുകയും പരിഹാര മാര്‍ഗങ്ങള്‍ തേടുകയുമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ക്കു മുന്നില്‍ ഇപ്പോള്‍ അവശേഷിക്കുന്ന മാര്‍ഗം. അതില്‍ പരാജയപ്പെട്ടാല്‍ ഇപ്പോള്‍ നടത്തുന്ന പ്രതിപക്ഷ ഐക്യശ്രമങ്ങളെല്ലാം പാഴാകുമെന്ന് ഉറപ്പാണ്.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.