2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

പ്രതികവിതയുടെ നിഗൂഢ മന്ദഹാസം

സാബ്ലു തോമസ്

കോളജില്‍ പഠിക്കുന്ന കാലത്ത് സച്ചിദാനന്ദന്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത ‘സ്വാതന്ത്ര്യം ഒരു പ്രതിമ മാത്രമായ അമേരിക്ക’ (U.S.A where liberty is a statue) എന്ന വരികള്‍ വായിച്ചപ്പോഴാണ് ആന്റി പോയട്രിയുടെ (പ്രതികവിത) പ്രയോക്താവായ ചിലിയന്‍ കവി നിക്കനോര്‍ പാര്‍റായെ ആദ്യം അറിയുന്നത്. പിന്നീടും അദ്ദേഹത്തിന്റെ പല കവിതകളും മലയാളത്തിലും ഇംഗ്ലീഷിലുമുള്ള വിവര്‍ത്തനങ്ങളായി വായിച്ചിട്ടുണ്ട്. ഈ ജനുവരി 23ന് ആണ് പാര്‍റാ വിടവാങ്ങിയത്, നൂറ്റിമൂന്നാം വയസില്‍.

ഒരു ഗണിതശാസ്ത്രജ്ഞനും ഭൗതിക ശാസ്ത്രജ്ഞനുമായ പാര്‍റായുടെ Poems & antipoems എന്ന കൃതി 1954ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണു ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ആധുനിക ജീവിതത്തിന്റെ ഹാസ്യാത്മകതയും അസംബന്ധതയും വിവരിക്കാന്‍ ലളിതമായ ഭാഷയാണ് പാര്‍റാ ആ കൃതിയില്‍ ഉപയോഗിച്ചത്. വൈകാരികമായ ഇടപെടല്‍ വഴി, തന്റെ രചനകളില്‍ രസകരവും വിരസവുമായ ഭാവങ്ങളെ അദ്ദേഹം ഇടകലര്‍ത്തി പ്രയോഗിച്ചു. പലപ്പോഴും ഹാസ്യാത്മകതയ്ക്കുള്ളില്‍ അദ്ദേഹം ഒളിപ്പിച്ചുവച്ചത് ദൈനംദിന ജീവിതത്തിന്റെ ദുരന്ത സ്വഭാവം കൂടിയാണ് എന്നു വ്യക്തമാക്കേണ്ടതുണ്ട്.
അശ്ലീലമെന്നു വിവക്ഷിക്കപ്പെട്ട ചില പ്രയോഗങ്ങള്‍ പോലും തന്റെ ഭാഷയ്ക്കു ചലനാത്മകത നല്‍കാന്‍ പാര്‍റാ ഉപയോഗിച്ചു. ഫോണുകള്‍, സോഡ ഫൗണ്ടനുകള്‍, പാര്‍ക്ക് ബെഞ്ചുകള്‍ തുടങ്ങിയ ചിലിയന്‍ ജീവിതപരിസരങ്ങളില്‍ ദൈനംദിനം കടന്നുവരുന്ന സാധാരണ വസ്തുക്കളാണ് ആ കവിതകളുടെ കേന്ദ്രത്തില്‍ നില്‍ക്കുന്നത്. No president’s statue escapes എന്ന കവിത നോക്കുക:
പ്രാവുകള്‍ക്ക് തങ്ങള്‍ ചെയ്യുന്നത്
എന്താണ് എന്നു നന്നായി അറിയാം എന്ന ഒറ്റ പ്രയോഗം കൊണ്ട് പ്രാവുകള്‍ പ്രതിമകള്‍ക്കു മുകളില്‍ കാഷ്ഠമിടുന്ന ഒരു പ്രവൃത്തിയെ രാഷ്ട്രീയ വായനയ്ക്കു വിധേയമാക്കുന്നു. ചിരിയും കണ്ണുനീരുമെന്നു വളരെ ലളിതമായാണ് ആന്റി പോയട്രി എന്ന ടെക്‌നിക്കിനെ അദ്ദേഹം വിവരിക്കുന്നത്. എന്നാല്‍ അത്ര ലളിതമായി മനസിലാക്കേണ്ട ഒന്നല്ല ആന്റി പോയട്രി. കവിത്വവിരുദ്ധമായ കവിത എന്നു വേണമെങ്കില്‍ അതിനെ വ്യാഖ്യാനിക്കാം. കവിത എന്നാല്‍ വായനക്കാരനില്‍നിന്ന് ഉന്നതമായ ആസ്വാദന നിലവാരം ആവശ്യപ്പെടുന്ന ഒരു ശ്രേഷ്ഠമായ ആവിഷ്‌കാരമാണ് എന്ന പരമ്പരാഗത സങ്കല്‍പത്തിനെതിരേയുള്ള പ്രതികരണമായിരുന്നു ആ പ്രസ്ഥാനം. അതിന്റെ ഘടനയ്ക്കു മൂന്നു സവിശേഷതകളുണ്ട് എന്നു നിരൂപകര്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. വിവരണാത്മകത, ഹാസ്യം, ഗ്രാമ്യമായ ഭാഷ എന്നിവയാണ് ആ സവിശേഷതകള്‍.
ആന്റി പോയട്രിയെ അഥവാ പ്രതികവിതയെ, ചിലിയില്‍ ഉയര്‍ന്നുവന്ന ലാറ്റിനമേരിക്കന്‍ കവിതാ പാരമ്പര്യങ്ങളുടെ ഒരു പ്രതിപ്രസ്ഥാനം എന്നു വേണമെങ്കില്‍ വായിക്കാം. പാരമ്പര്യ രാഷ്ട്രീയ ബോധത്തിന് എതിര്‍നില്‍ക്കുന്ന റാഡിക്കല്‍ രാഷ്ട്രീയവുമായി അതിനെ താരതമ്യപ്പെടുത്താം. നിക്കനോര്‍ പാര്‍റായുടെ ‘പോയംസ് ആന്‍ഡ് ആന്റിപോയംസി’ല്‍നിന്ന് ഈ പ്രസ്ഥാനം ആരംഭിക്കുന്നു. പ്രതികവിതാ പ്രസ്ഥാനത്തിന് ആ പേരു തന്നെ കിട്ടിയത് ആ സമാഹാരത്തിന്റെ പേരില്‍നിന്നാണ്.
അതിവൈകാരികതയില്‍ ഊന്നിയ, ശക്തവും സുദൃഢവുമായ ഭാഷയുടെ പരന്നൊഴുകലായിരുന്നു നെരൂദയുടെ കവിത. അതു ഹിമപാതങ്ങളെയും അഗ്നിപര്‍വതങ്ങളെയും ഓര്‍മിപ്പിക്കുന്നു. കാരണം ഐതിഹാസികമായ ജീവിതം നയിച്ച ഒരു വിപ്ലവ പ്രവാചകനും ഭാവഗായകനുമാണല്ലോ നെരൂദ. അതുകൊണ്ടാണ് അദ്ദേഹം
”നിങ്ങള്‍
ചോദിക്കുന്നു,
എന്തുകൊണ്ടാണ് അവന്റെ കവിത,
ഇലകളെയും കിനാവുകളെയും ജന്മനാട്ടിലെ കൂറ്റന്‍
അഗ്നിപര്‍വതങ്ങളെയും കുറിച്ചു സംസാരിക്കാത്തത്?
വരൂ, ഈ തെരുവുകളിലെ രക്തം കാണൂ
വരൂ, കാണൂ, ഈ തെരുവുകളിലെ രക്തം.
വരൂ, രക്തം കാണൂ! ഈ തെരുവുകളിലെ രക്തം”(സച്ചിദാനന്ദന്റെ വിവര്‍ത്തനം).
എന്ന് എഴുതുന്നത്. അടിസ്ഥാനപരമായി പ്രത്യാശയുടെ, വിപ്ലവത്തിന്റെ, സ്വപ്നങ്ങളുടെ ശക്തിയാണ് നെരൂദയുടെ കവിത പ്രസരിപ്പിക്കുന്നത്. എന്നാല്‍ ഇതിന്റെ എതിര്‍പക്ഷത്താണ് പാര്‍റാ. അദ്ദേഹം ഒരു എതിരാളിയാണ്. ഒരു പ്രതികവി. കവിതയെയും അതിന്റെ സവിശേഷതകളായി കരുതുന്ന അലങ്കാരങ്ങള്‍, ഊതി വീര്‍പ്പിച്ച രചനാശൈലി, കാല്‍പനികത, സങ്കീര്‍ണത, ശ്രേഷ്ഠത എന്നിവയെയും കുറിച്ചുള്ള ആശങ്കയിലാണ് അദ്ദേഹം എഴുതുന്നത്. പ്രസംഗപീഠത്തിലെ പുരോഹിതനോട് പാര്‍റാ കവിതയെ ഉപമിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു, കവികള്‍ പാടുന്നു, എന്നാല്‍ മനുഷ്യന്‍ സംസാരിക്കുന്നു. പക്ഷികള്‍ പാട്ടു പാടട്ടെ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
‘യുവകവികളോടുള്ള ഉപദേശം’ എന്ന കവിതയില്‍ അദ്ദേഹം പറയുന്നു:
”നിങ്ങള്‍ ഉദ്ദേശിക്കുന്നതുപോലെ എഴുതുക
ഏതു രീതിയിലാണോ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത്, അതുപോലെ.
പാലത്തിനടിയിലൂടെ വളരെയധികം രക്തം പ്രവഹിച്ചു കഴിഞ്ഞു.
അതുകൊണ്ട് ഒരു റോഡ് മാത്രമാണു ശരിയെന്നു കരുതരുത്.
കവിതയില്‍ എന്തും അനുവദനീയമാണ്.
ഒരു നിബന്ധന മാത്രം.
ശൂന്യമായ താളിനെ അതു കൂടുതല്‍ മെച്ചപ്പെടുത്തണം.”
ഇത്തരം പ്രതിബോധത്തില്‍നിന്നാണ് താന്‍ ഒന്നിലും വിശ്വസിക്കുന്നില്ല, ഈ സൗരയൂഥത്തില്‍ പോലും എന്ന് അദ്ദേഹം എഴുതുന്നത്. ഇതേ എതിര്‍ബോധമാണ് ലോകത്തില്‍നിന്നു തിരിച്ചുപോകും മുന്‍പ് താന്‍ പറഞ്ഞതെല്ലാം തിരിച്ചെടുക്കുന്നുവെന്ന് അദ്ദേഹത്തെ കൊണ്ട് പറയിച്ചത്. അദ്ദേഹത്തിന്റെ ഒരു കവിത പറയുന്നു:
”ഞാന്‍ പോകുന്നതിനു മുന്‍പ്
അവസാന ആഗ്രഹം ചോദിക്കുന്നു:
ഉദാരമതിയായ വായനക്കാരാ
ഈ പുസ്തകം കത്തിക്കുക
എനിക്ക് പറയാനുള്ളത് ഇതായിരുന്നില്ല.
രക്തം കൊണ്ട് തന്നെയാണ് ഇത് എഴുതിയത്.
എന്നാല്‍ എനിക്കു പറയാനുള്ളത് ഇതായിരുന്നില്ല.
ഇതിനെക്കാള്‍ ദുഃഖഭരിതമായി എഴുതണമായിരുന്നു.
എന്നാല്‍ എന്റെ സ്വന്തം നിഴലെന്നെ തോല്‍പ്പിച്ചു:
എന്റെ വചനങ്ങള്‍ എനിക്കെതിരേ പ്രതികാരം ചെയ്തു.
വായനക്കാരാ, നല്ല വായനക്കാരാ എന്നോട് ക്ഷമിക്കൂ
ഊഷ്മളമായി കെട്ടിപ്പിടിച്ചു എനിക്കു നിന്നോട്
യാത്രപറയാന്‍ കഴിഞ്ഞില്ലെങ്കിലും
ഞാന്‍ നിന്നെ വിട്ടുപോകുന്നു
നിര്‍ബന്ധിതനായി, ദുഃഖകരമായ ഒരു പുഞ്ചിരിയോടെ.
ഒരുപക്ഷേ അത് മാത്രമാവാം ഞാന്‍
എന്നാല്‍ എന്റെ അവസാന വാക്ക് ശ്രദ്ധിക്കുക:
ഞാന്‍ പറഞ്ഞതെല്ലാം ഞാന്‍ തിരികെയെടുക്കുന്നു.
ലോകത്തില്‍ ഏറ്റവും അധികം കയ്‌പ്പോടെ
ഞാന്‍ പറഞ്ഞതെല്ലാം തിരികെയെടുക്കുന്നു”(വിവര്‍ത്തനം എന്റേത്).
പാര്‍റായുടെ വിവര്‍ത്തകയും വ്യാഖ്യാതാവുമായ എഡിത് ഗ്രോസ്മാന്‍ പറയുന്നു: ”പാര്‍റായുടെ രചനാസങ്കേതത്തെ സമീപിക്കുമ്പോള്‍ ഉത്തരം കിട്ടേണ്ട അടിസ്ഥാന ചോദ്യം, അദ്ദേഹം എന്തിനാണു സ്ഥിരമായി വിരസമായ ഗദ്യം കാവ്യവ്യവഹാരങ്ങളില്‍ പ്രകടമായി ഉപയോഗിക്കുന്നുവെന്നതാണ്. വാമൊഴിയും ഗ്രാമ്യഭാഷകളും ക്ലീഷേകളും സ്ഥിരമായി എഴുതുന്നതിനു രണ്ടു പ്രധാന കാരണങ്ങളുണ്ട്.
ഒന്ന്, പരിചിതവും ജനകീയവുമായ പ്രഭാഷണത്തോടുള്ള, ഒരു വിവരണാത്മകമായ മാധ്യമം എന്ന നിലയില്‍, അദ്ദേഹത്തിന്റെ പ്രതിബദ്ധത. മറ്റൊന്ന്, വിരോധാഭാസ കല്‍പനകളോടും ഹാസ്യാത്മകതയോടുമുള്ള അദ്ദേഹത്തിന്റെ അഗാധമായ അടുപ്പം.”
അതെ, പാര്‍റാ അവസാനിപ്പിച്ചുപോയത് കയ്പ്പു കലര്‍ന്ന ചിരിയാണ്. കവിത്വത്തോട് നിരന്തരം കലഹിക്കുന്ന പ്രതികവിതയുടെ ഒരു നിഗൂഢമന്ദഹാസം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.