2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

പ്രാണനായ് വേരുറച്ച ബോണ്‍സായി

 

അബ്ദുല്ല അഹ്മദ്#

ആല്‍വൃക്ഷത്തിന്റെ വേരുകള്‍ തൂങ്ങിക്കിടക്കുന്ന ആരാമത്തില്‍ ആദ്യമായി കടന്നുചെല്ലുമ്പോള്‍ നൂറുവര്‍ഷം പഴക്കമുള്ള ബോണ്‍സായി മരത്തിന്റെ ഇലകള്‍ സ്വാഗതം ചെയ്തു. ജീവിതത്തിന്റെ ഏതോ യാത്രയില്‍ കൂടെ വന്ന അതിഥിയാണ് ബോണ്‍സായി. ഒരു യാത്രയില്‍ കണ്ട പുഷ്പമേളയാണു ജീവിതത്തില്‍ വഴിത്തിരിവായത്. അതിനുശേഷം സംസ്ഥാനത്തെ പുഷ്‌പോത്സവങ്ങള്‍ അന്വേഷിച്ചു യാത്ര തുടങ്ങി. എവിടെ പൂക്കളെ കണ്ടാലും പരിചയപ്പെടുക എന്നത് ആ മനുഷ്യന്റെ ചര്യയായി.
പിന്നീട് എവിടെനിന്നോ ലഭിച്ച രണ്ടുവര്‍ഷം പ്രായമുള്ള ബോണ്‍സായി ചെടിയെ താലോലിച്ചുവളര്‍ത്താന്‍ തുടങ്ങി. പക്ഷെ, ഒരു പുഷ്‌പോത്സവത്തില്‍ ആരുടെയോ പൂവുമായി അത് വേരുപിടിച്ചു നഷ്ടപ്പെട്ടു. അന്നു പിന്തിരിയണമെന്ന പ്രേരണയുണ്ടായെങ്കിലും രവീന്ദ്രനാഥിന്റെ പാഠങ്ങളായിരുന്നു അതിന് അനുവദിക്കാതിരുന്നത്. അവരുടെ ക്ലാസുകളില്‍നിന്നാണ് നാഗര്‍കോവില്‍ ബോണ്‍സായി ഉണ്ടെന്ന വിവരം ലഭിച്ചത്. പിന്നെ അതു തേടിയായി യാത്ര. കുറേ യാത്ര ചെയ്ത് ഒടുവില്‍ ബോണ്‍സായിച്ചെടിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. വീട്ടുകാരുടെയും നാട്ടുകാരുടെയും അവഗണനകളും പരിഹാസങ്ങളും ഉണ്ടായി. പക്ഷെ, അതിനുമുന്‍പേ അദ്ദേഹത്തിന്റെ മനസില്‍ ബോണ്‍സായി വേരിറങ്ങിയിട്ടുണ്ടായിരുന്നു. മണ്ണിനോടുള്ള ആത്മബന്ധത്തിന്റെയും കലയോടുള്ള സ്‌നേഹത്തിന്റെയും പാഠങ്ങളാണ് ഇന്ന് അദ്ദേഹം ലോകത്തോടു പറയുന്നത്.
ബോണ്‍സായിയുമായി കടുത്ത പ്രണയത്തിലാണ് കണ്ണൂരിലെ കുപ്പം സ്വദേശി സുലൈമാന്‍ ഹാജി. ബോണ്‍സായി തോട്ടത്തിലെ ചെടികള്‍ക്കൊപ്പം ജീവിച്ചുകൊണ്ടിരിക്കുമ്പോള്‍ നേരനുഭവത്തിന്റെ ഒരുപാടു കഥകള്‍ പറയാനുണ്ടദ്ദേഹത്തിന്. വീട്ടിലെത്തുമ്പോള്‍ ചുറ്റുപാടും വന്യതയുടെ തണലിട്ടതുപോലെ, ബോണ്‍സായി വൃക്ഷങ്ങളുടെ നിഴലുകള്‍ കൂടെനടക്കുന്നതു പോലെ തോന്നി. ജീവിതം വിവരിക്കാന്‍ പറഞ്ഞപ്പോള്‍ ബോണ്‍സായി ചെടികളോട് കൂടെയുള്ള സന്തോഷവും അവ പകരുന്ന സംഗീതത്തിന്റെ ഈണങ്ങളുമാണ് അദ്ദേഹത്തിനു പങ്കുവയ്ക്കാനുണ്ടായിരുന്നത്. പ്രണയഗീതം പാടിക്കൊണ്ടിരുന്ന ചെടികള്‍ക്കു വെള്ളം ഒഴിച്ചുനല്‍കി അദ്ദേഹം അവയെ മക്കളെ പോലെ പരിപാലിക്കുന്നതു കണ്ടു.

പച്ച പിടിച്ച കാഴ്ചകള്‍

നിറയെ പച്ചപിടിച്ചു നില്‍ക്കുന്ന വിവിധതരം സസ്യയിനങ്ങളാല്‍ പടര്‍ന്നുകിടക്കുന്ന 35 സെന്റ് മുഴുവന്‍ ചുറ്റിക്കറങ്ങുമ്പോള്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഉദ്യാനത്തില്‍ പ്രവേശിച്ചതുപോലെ. നൂറുവര്‍ഷം പഴക്കമുള്ള ആല്‍വൃക്ഷം ശരിക്കും അത്ഭുതപ്പെടുത്തി. കാലവര്‍ഷം മാറിപ്പൂത്ത കണിക്കൊന്നപ്പൂവിനെക്കുറിച്ച് അദ്ദേഹം വാതോരാതെ സംസാരിച്ചു. പേരാലും അരയാലും മറ്റൊരു കാഴ്ചയായിരുന്നു. മരുഭൂമിയിലെ വൃക്ഷങ്ങള്‍ വളര്‍ത്തി സാഹസപ്രകടനം കാണിച്ചതിനു പ്രകൃതി അദ്ദേഹത്തിനു പച്ചപ്പിന്റെ നിറച്ചാര്‍ത്ത് നല്‍കി.
അഡീനിയം ആണ് ഏറ്റവും നല്ല ബോണ്‍സായി വൃക്ഷമെന്ന് അദ്ദേഹം പരിചയസമ്പത്തിന്റെ കൂടി വെളിച്ചത്തില്‍ പറഞ്ഞു. സെറാമിക് ചട്ടിയില്‍ വളര്‍ത്തുന്ന ലണ്ടന്‍ ബോണ്‍സായികള്‍, കുട മാതൃകയില്‍ വളര്‍ത്തിയ വൃക്ഷങ്ങള്‍… അങ്ങനെ സസ്യവൈവിധ്യങ്ങളുടെ കലവറയാണ് സുലൈമാന്റെ വീടും പരിസരവും. ഒരിക്കല്‍ കാസര്‍കോട്ട് ഒരു ഫ്‌ളവര്‍ ഷോ കഴിഞ്ഞു മടങ്ങുന്ന വഴിക്കാണ് മുംബൈ സ്വദേശി അദ്ദേഹത്തിന്റെ ബോണ്‍സായിക്ക് ഒരു ലക്ഷം വില പറഞ്ഞത്. പക്ഷെ, ആ ബോണ്‍സായിയുടെ ജീവിതായുസും അതുമായുള്ള ഹൃദയബന്ധവും കാരണം ലക്ഷം വിലപറഞ്ഞിട്ടും അയാള്‍ക്ക് അദ്ദേഹത്തെ വീഴ്ത്താനായില്ല.
അത്യാവശ്യം ത്യാഗം ആവശ്യമുണ്ട് ബോണ്‍സായി ചെടികള്‍ വളര്‍ത്തി പരിപാലിക്കാന്‍. കോഴിക്കോട്, കാസര്‍കോട്, എറണാകുളം തുടങ്ങിയ ജില്ലകളില്‍ ബോണ്‍സായി ക്ലബുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കണ്ണൂരിന് അവ ഇപ്പോഴും അപരിചിതമാണെന്ന് അദ്ദേഹം പറയുന്നു. പുതിയ തലമുറയിലെ യുവാക്കള്‍ക്ക് ബോണ്‍സായിയെ കുറിച്ച് അറിവില്ലാത്തതുകൊണ്ടാവാം അവര്‍ മുന്നോട്ടുവരാത്തതെന്ന് അതിന് അദ്ദേഹത്തിന്റെ ന്യായവും. യുവാക്കളും ബോണ്‍സായി അടക്കമുള്ള വൈവിധ്യമാര്‍ന്ന വൃക്ഷലതാദികളെയും സസ്യഗണങ്ങളെയും കുറിച്ചു പഠിക്കണമെന്നും കണ്ണൂരിന്റെ നിറംമങ്ങുന്ന പ്രകൃതിക്കാഴ്ചയ്ക്കു പുതിയ അന്തരീക്ഷമൊരുക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു.

അംഗീകാരങ്ങള്‍

നടന്നുവന്ന വഴികളിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ വേര്‍പിരിക്കാനാവാത്ത ഒരുപാട് ഓര്‍മകളുണ്ട് സുലൈമാന്‍ ഹാജിയുടെ കൂടെ. ജീവിതസാഫല്യത്തിന്റെ അറുപതു വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ ചെറുതും വലുതുമായ സസ്യഗണങ്ങളും വന്‍മരങ്ങളുമൊക്കെയാണു വലിയ സമ്പാദ്യമായി അദ്ദേഹം കരുതുന്നത്.
പ്രകൃതിയെ കൂടെനിര്‍ത്താനും ഭൂമിയുടെ പച്ചപ്പ് നിലനിര്‍ത്താനുമുള്ള അദ്ദേഹത്തിന്റെ ഈ പരിശ്രമങ്ങള്‍ക്കു പലയിടങ്ങളില്‍നിന്നും അംഗീകാരങ്ങളും അനുമോദനങ്ങളും ലഭിച്ചിട്ടുണ്ട്. കലക്ടറുടെയും മന്ത്രിമാരുടെയും അംഗീകാരങ്ങള്‍ അക്കൂട്ടത്തിലുണ്ട്. അദ്ദേഹത്തിന്റെ ത്യാഗത്തിന്റെ ഫലമായും ഭാര്യയുടെ തപസുകൊണ്ടും തുടര്‍ച്ചയായി ഏഴുവര്‍ഷം പ്ലാന്റ് ഓഫ് ദ ഇയര്‍ അവാര്‍ഡുകളും തേടിയെത്തി. ഏറ്റവും നല്ല ബോണ്‍സായിക്കുള്ള പുരസ്‌കാരങ്ങളും ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. ഈ പ്രകൃതിനന്മയ്ക്ക് മാധ്യമങ്ങളും നിറഞ്ഞ കൈയടി നല്‍കുകയുണ്ടായി.

മധുരിക്കും ബാല്യം

കുട്ടിക്കാലത്ത് ഹാര്‍മോണിയത്തോടായിരുന്നു കമ്പം. അതിനുവേണ്ടി സ്‌കൂള്‍ പഠനംവരെ വേണ്ടെന്നുവച്ചു. അങ്ങനയാണു സംഗീതലോകത്തേക്കു കാലെടുത്തുവയ്ക്കുന്നത്. നിരവധി വേദികളില്‍ പരിപാടി അവതരിപ്പിച്ചും അതിനിടക്കു ശ്രദ്ധ നേടി. ഒരു കാലത്ത് മലയാളികള്‍ ഏറ്റുപാടിയ ‘സരിഗമ രാഗം രാക്കിളികള്‍ പാടുന്നു…’ എന്ന ഹിറ്റ് ഗാനത്തിന് ഈണം നല്‍കിയത് അദ്ദേഹമാണ്.
പിന്നീടാണു കൃഷിയിലേക്കു തിരിയുന്നത്. ഇപ്പോള്‍ ബോണ്‍സായി മരങ്ങളുടെ സംഗീതം ആസ്വദിച്ചാണു ജീവിതം മുന്നോട്ടുപോകുന്നത്. ഹാര്‍മോണിയം ഇന്നു വീട്ടിലെ പുരാതനവസ്തുവായി കിടക്കുന്നു.

കൂടെനിന്നവര്‍

ബോണ്‍സായിയോടു പ്രണയം തോന്നിയ കാലം മുതല്‍ സഹധര്‍മിണി ആയിഷ കൂടെയുണ്ടായിരുന്നു. ചെറുപ്പംതൊട്ടേ സുഹൈമയും ശിഫാനയും സ്വാലിഹയും സഹലും പിതാവിന്റെ പ്രകൃതിവാത്സല്യത്തെ അധ്യാപകനെപ്പോലെ തൊട്ടറിഞ്ഞു കണ്ടുവളര്‍ന്നു. കൂട്ടുകാരും കുടുംബവും നിരുത്സാഹപ്പെടുത്തിയപ്പോഴും ചോദ്യങ്ങളുമായി മുന്നില്‍വന്നപ്പോഴും കൂടെനില്‍ക്കാനുണ്ടായിരുന്നത് അവരാണ്.
അവരുടെ സഹകരണവും സ്‌നേഹവുമാണു പരിചരണവുമാണ് അദ്ദേഹത്തെ നല്ലൊരു ബോണ്‍സായി പ്രേമിയാക്കിയത്. നീരുറവ പൊട്ടാത്ത അന്ന് ആ ഉദ്യമത്തെ ഉപേക്ഷിക്കാത്തത് കൊണ്ടാണ് ഇന്നും ആ വനത്തില്‍ സന്ദര്‍ശകരെത്തുന്നത്.
ലാഭക്കണ്ണുകള്‍ നിറഞ്ഞ മാറിയ സാമൂഹിക സാഹചര്യത്തില്‍ ഒറ്റയ്ക്കുനിന്നു പ്രകൃതിയെ പുനരുജ്ജീവിപ്പിക്കാന്‍ ഒരു പ്രകൃതി സ്‌നേഹിക്കും സാധ്യമല്ല. ചുറ്റുമുള്ളവരെയും സഹകരണവും സഹായവും കൂടിയേ തീരൂ. വെറുമൊരു സാധാരണക്കാരനായ മനുഷ്യന്‍ ക്ഷമയുടെയും സ്ഥിരോത്സാഹത്തിന്റെയും മാത്രം ബലത്തില്‍ നട്ടുനച്ചുവളര്‍ത്തിയ ഈ സസ്യോദ്യാനം അതാണു നമ്മോടു പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.