2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

പ്രണബ്കുമാര്‍ മുഖര്‍ജി നാഗ്പൂരില്‍!?

പിണങ്ങോട് അബൂബക്കര്‍ 9847700450

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലയെടുപ്പുള്ള നേതാക്കളിലൊരാളാണ് പ്രണബ് മുഖര്‍ജി. ഇന്ദിരാഗാന്ധി വെടിയേറ്റു വീണപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ട തഴക്കം ചെന്ന നേതാവ്.
രാഷ്ട്രീയ മറിമായങ്ങള്‍ക്കൊടുവില്‍ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായി. ഈ മുന്‍ ധനകാര്യമന്ത്രിയെ രാഷ്ട്രപതിയാക്കി ഒതുക്കിയിട്ടു. രാഷ്ട്രപതിഭവനില്‍നിന്ന് പ്രധാനമന്ത്രിയുടെ ഓഫിസുമായി ഒരിക്കല്‍ പോലും അസ്വാരസ്യം ഉണ്ടാക്കാതെ മാന്യമായി കാര്യങ്ങള്‍ ചെയ്യാന്‍ ഈ കുറിയ മനുഷ്യന്‍ കാണിച്ച മര്യാദ മാനിക്കപ്പെടണം.
റിട്ടയര്‍ ചെയ്തു സാധാരണ നിശ്ശബ്ദ ഇടങ്ങളിലൊതുങ്ങാന്‍ മുഴുനീള രാഷ്ട്രീയക്കാരനായിരുന്ന അതും കോണ്‍ഗ്രസുകാരനായ പ്രണബിന് കഴിയാതെ വന്നത് സാധാരണ സംഭവമായി കാണാനാവില്ല. വിവാദമല്ല ഒരിടവും ഒരടിയും അതാവും നാഗ്പൂരിലേക്ക് പോകാന്‍ പ്രണബിന് ഉള്‍പ്രേരണ ഉണ്ടാവാന്‍ കാരണം.
രമേശ് ചെന്നിത്തല ‘പ്ലീസ് പോകരുത്’ എന്ന് കത്തയച്ചിട്ടും നാഗ്പൂരിലെത്തി പ്രണബ്കുമാര്‍ പ്രസംഗിച്ചു. പ്രസംഗം നന്നായിരുന്നു. ഇന്ത്യ വിഭാഗീയ-വര്‍ഗീയ വിഭജനവും വെറുപ്പും സ്വീകരിക്കുന്ന നാടാണെന്ന ആര്‍.എസ്.എസുകാരുടെ നാവിലല്ല പ്രണബ്കുമാര്‍ മുഖര്‍ജി പ്രസംഗിച്ചത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും അറിവ് തേടി വരുന്ന അനുഗൃഹീത നാടാണ് ഭാരതം, സഹിഷ്ണുതയാണ് ഇന്ത്യയുടെ നിലനില്‍പിന് ആധാരമെന്നൊക്കെയാണ് പ്രസംഗിച്ചത്. ഇതൊരു ഗവേഷണാത്മക പാഠങ്ങളല്ല. സകലര്‍ക്കും അറിയാവുന്ന പച്ചപരമാര്‍ഥം.
നാഗ്പൂരിലെ ആര്‍.എസ്.എസ് സമ്മേളനത്തിന് പൊതു ഇടം ഉണ്ടാക്കിയ പാപം ഇതുകൊണ്ട് തീരില്ല. മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സേക്ക് ക്ഷേത്രം പണിയാന്‍ നടക്കുന്ന ഇക്കാലത്ത് ആര്‍.എസ്.എസ് എന്നു കേട്ടാല്‍ ഓക്കാനം വരേണ്ടതാണ്. അവിടെയാണ് ഈ മുന്‍നിര ഇന്ത്യന്‍ മതേതര നേതാവിന്റെ സാന്നിധ്യം ഒട്ടും ശരിയായില്ലെന്നുറപ്പിച്ചു പറയാനാവുന്നത്.

തീവ്രവാദം
ആലുവ അങ്ങാടിയിലും പരിസരങ്ങളിലും മുസ്‌ലിംകള്‍ പാര്‍ക്കുന്നുണ്ട്. എടത്തലയിലെ മഫ്തി പൊലിസ് റമദാന്‍ മാസത്തില്‍ ഒരു യുവാവിനെ അകാരണമായി മര്‍ദിച്ചത് ന്യായീകരിക്കാന്‍ ആലുവ സ്വതന്ത്ര റിപബ്ലിക്കല്ലെന്നും അവിടെ തീവ്രവാദ സ്വഭാവം ഉണ്ടായെന്നുമുള്ള സംസ്ഥാന മുഖ്യമന്ത്രിയുടെ നിരീക്ഷണം അനുചിതമായി.
ആര്‍.എസ്.എസുകാര്‍ ആയുധം കൊടുക്കുന്ന ഇത്തരം നിരീക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതാണ്. കളമശ്ശേരി ബസ് കത്തിച്ചതും കേസും സാഹചര്യങ്ങളും കോടതി തീര്‍പ്പിനു വിടണം. വികാരത്തള്ളിച്ചയില്‍ ചിലര്‍ കാണിക്കുന്ന അവിവേകങ്ങള്‍ ചാപ്പ കുത്തി നശിപ്പിക്കാന്‍ ഉപയോഗിക്കരുത്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്നുണ്ടായ സവിശേഷ സാഹചര്യത്തില്‍ ഒരു കുടുംബക്കാര്‍ പ്രകോപിതരായതും പീഡന വിഭ്രാന്തിയെന്ന മാനസിക സാഹചര്യം വളര്‍ന്നതും ശരിയാണ്. അതിനൊരു വ്യവസ്ഥാപിത ഘടനയോ അന്താരാഷ്ട്ര ബന്ധങ്ങളോ ഉണ്ടായിരുന്നില്ല. ചില നേതാക്കളുടെ ദീര്‍ഘവീക്ഷണക്കുറവ് ഉണ്ടായിരിക്കാം. അപ്പേരില്‍ ഒരു ജനതയെ വീണ്ടും വീണ്ടും മുറിവേല്‍പിക്കുന്നതും തീവ്രവാദമാരോപിക്കുന്നതും ഫാസിസ്റ്റുകള്‍ക്ക് മാത്രമേ ഗുണം ചെയ്യു. കുടുംബമല്ല സമൂഹത്തിന്റെ അടിസ്ഥാന ഘടകം, അധ്വാനിക്കുന്ന കൂട്ടായ്മയാണെന്ന് 1977-ല്‍ റഷ്യന്‍ ഭരണഘടനയില്‍ പറയുന്നുണ്ട്. രാഷ്ട്രീയ തീവ്രത കൂടിയ സമീപനവും ഘടനയും വച്ചു പുലര്‍ത്തുന്ന കമ്യൂണിസം പാര്‍ലമെന്ററി വ്യാമോഹത്തില്‍ നിന്നും മുക്തമല്ല.
വാശി പിടിച്ചാണ് വി.എസ് തൊണ്ണൂറാം വയസിലും സീറ്റ് വാങ്ങി കാബിനറ്റ് റാങ്കിലെത്തിയത്. പാര്‍ലമെന്ററി വ്യാമോഹത്തിന്റെ നല്ല ഉദാഹരണമായി വി.എസ് സസുഖം കഴിയുന്നു.
വാക്കുകള്‍ നിരോധിച്ചും എതിര്‍ശബ്ദങ്ങള്‍ ഇല്ലാതാക്കിയും അധികാരം ഉറപ്പിച്ച ഉദാഹരണങ്ങള്‍ ധാരാളം. 1934-ല്‍ സോവിയറ്റ് യൂനിയനില്‍ നടന്ന പ്രഥമ സാഹിത്യകാരന്മാരുടെ യോഗത്തില്‍ 700 പ്രതിഭാധനന്മാര്‍ പങ്കെടുത്തിരുന്നു. 1954ലെ രണ്ടാം സമ്മേളനത്തില്‍ 50 പേര്‍ മാത്രമേ ബാക്കിയായുള്ളൂ. അതിനിടയില്‍ നാല്‍പതുകളില്‍ ജോസഫ് സ്റ്റാലിന്‍ നടപ്പാക്കിയ മോസ്‌കോ കുറ്റവിചാരണ ശുചീകരണം വഴി എഴുതാനും പറയാനുമറിയുന്നവരെ ഉന്മൂലനം ചെയ്തു. മാധ്യമങ്ങള്‍ വിലക്കെടുത്താണ് ഫാസിസം ഈ രംഗത്ത് നിലയുറപ്പിച്ചത്. വഴങ്ങാത്തവരെ എന്തു ചെയ്യുമെന്ന് കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും അതുപോലുള്ളവരും പറഞ്ഞു തരുന്നുണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടി തുടങ്ങി, വളര്‍ത്തിയ ജീര്‍ണത എല്ലാ പാര്‍ട്ടികളിലും വളര്‍ന്നു. ജാതി-മത-ധന പരിഗണനകള്‍ക്കാണ് പ്രാമുഖ്യം. ബാക്കി എല്ലാം പാഴ്‌വര്‍ത്തമാനം. മരണം വരെ പിടിവിടാതെ തുടരുന്നവരും തലമുറകള്‍ക്ക് കരുതുന്നവരും പറ്റിയില്ലെങ്കില്‍ പാര്‍ട്ടി പിളര്‍ത്തുന്നവരും കുറവല്ല. ഇടതുപക്ഷവും അപവാദമല്ല. പിണറായി പിണങ്ങിയാല്‍ സി.പി.എമ്മില്‍ പച്ച തൊടില്ല. കാനം കനിഞ്ഞില്ലെങ്കില്‍ സി.പി.ഐക്കും സ്ഥാനമോഹികള്‍ വായില്‍ നോക്കി നില്‍ക്കേണ്ടിവരും.
പിന്നാക്കക്കാരുടെ അവസ്ഥ മാറിയിട്ടുണ്ടോ? അവര്‍ക്കര്‍ഹമായത് അനുവദിച്ചിട്ടുണ്ടോ?
‘നെല്ലിന്‍ ചുവട്ടില്‍ ഇളകും കാട്ടു
പുല്ലല്ല സാധു പുലയന്‍’ (കുമാരനാശാന്‍)
ഇക്കാണുന്ന പാര്‍ട്ടികളെല്ലാം കൂടി എത്ര പിന്നാക്കക്കാരെ കരക്കടുപ്പിച്ചു. 80 പാര്‍ലമെന്റ് സീറ്റുള്ള ഉത്തര്‍പ്രദേശില്‍ നിന്ന് ഒരു മുസ്‌ലിം ഇപ്പോഴാണ് പാര്‍ലമെന്റിലെത്തിയത്. പി.ബിയിലെ ദലിത്, മുസ്‌ലിം, സ്ത്രീ പ്രാതിനിധ്യം? എ.ഐ.സി.സി മുതലിങ്ങോട്ട് എവിടെ തെരഞ്ഞാലാണ് അധഃസ്ഥിതരെ കണ്ടെത്താനാവുക. യുവനിരക്കായി ശബ്ദിക്കാനാളുണ്ട്. അര്‍ഹര്‍ക്കായി ആവലാതി പറയാനോ?

ജയില്‍ നവീകരണം
മുന്‍ ഭരണാധികാരികളും ആശ്രിതരും കോടതിയും ജയിലുമായി കഴിയുന്ന വാര്‍ത്തകള്‍ക്ക് പഞ്ഞമില്ല. മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി റസാഖ് അധികം താമസിയാതെ അകത്താക്കാനുള്ള നീക്കത്തിലാണ് മഹാതീര്‍. മുന്‍ മാല ദ്വീപ് പ്രസിഡന്റ് ഇതുവരെ വെളിച്ചം ശരിക്ക് കണ്ടിട്ടില്ല.
സ്‌പെയിനും ഈജിപ്തും മുന്‍ ഭരണാധികാരികളാല്‍ ജയിലുകള്‍ നിറയുന്നു. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഴിമതിക്കേസില്‍ ജയിലിലെത്താന്‍ സാധ്യത കല്‍പിക്കപ്പെട്ടയാളാണ്.
ഇന്ത്യയില്‍ ചിദംബരവും വയലാര്‍ രവിയുടെ മകനും അഴിമതി’ക്കറ’യിലാണ്. ശശി തരൂര്‍ കൊല’ക്കറ’യിലും. മുന്‍ പ്രധാനമന്ത്രി നരസിംഹറാവു അവസാന കാലത്തധികവും സുപ്രിംകോടതി വരാന്തയിലാണ് കഴിച്ചുകൂട്ടിയത്.
മോദിയും അമിത്ഷായും ഭരണ കവചമില്ലെങ്കില്‍ ജയിലിലാവാന്‍ കാലമായി. അത്രയധികം പാതകങ്ങളാണവര്‍ കാണിച്ചത്. ഇങ്ങനെ നമ്മുടെ ജയിലുകള്‍ക്കാവശ്യമായ പുള്ളികളെ ഭരണകൂടവും പാര്‍ട്ടികളും നിര്‍മിക്കുന്നതാണ് കണ്ടുവരുന്നത്. വേറെ ചിലര്‍ വാഴ്ത്തപ്പെടുന്നു. ചരിത്ര നീതി ശരിവായിക്കപ്പെടുന്നത് അസാധാരണമല്ല.
മാവോ സേതുങ് ലക്ഷക്കണക്കായ മനുഷ്യരെ കൊല്ലാനും മൂന്നു വര്‍ഷം നീണ്ടുനിന്ന ദേശീയ ക്ഷാമം ഉണ്ടാക്കാനും കാരണക്കാരനായിരുന്നു എന്ന വെളിപ്പെടുത്തല്‍ ‘മാവോഡ് ഗ്രേറ്റ് ഫേമിന്‍’ ഫ്രാങ്ക് ഡിക്കോട്ടര്‍ പറയുന്നുണ്ട്. മുമ്പോട്ടുള്ള കുതിച്ചു ചാടല്‍ പരിപാടിയുടെ ഫലമായി കമ്മ്യൂണിസവും പതനത്തിലെത്തിയെന്നാണ് നിരീക്ഷണം. വിപ്ലവാചാര്യനായി വാഴ്ത്തപ്പെട്ട മാവോ സ്വന്തം നാട്ടില്‍ ശരിയായി വായിക്കപ്പെടുന്നത് ചരിത്ര നൈതികത മാത്രം.
ചൈനയുമായുണ്ടായ യുദ്ധം അതിര്‍ത്തിതര്‍ക്കം മാത്രമായിരുന്നില്ല. അധികാരമുറപ്പിക്കാനുള്ള ഇന്ത്യന്‍ നേതാക്കളുടെ കൂടി താല്‍പര്യമായിരുന്നു എന്ന നിരീക്ഷണം ഉയര്‍ന്നിരുന്നു. കാര്യകാരണ സഹിതം തിരുത്തപ്പെട്ടിട്ടില്ല. അതൊരു രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് വിശ്വസിക്കാത്തവരും ഉണ്ടായിരുന്നു.
ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് കുറച്ചുകാലമായി ജയിലിലാണ്. മകനെ പാര്‍ട്ടി ഭരണം ഏല്‍പിച്ചാണ് ലാലുജി ജയിലില്‍ പോയത്. നാല്‍ക്കാലികളുടെ ആഹാരം മോഷ്ടിച്ചാണ് ഈ യാദവ മതേതരന്‍ അഴിക്കുള്ളിലെത്തിയത്. മുഖ്യസ്ഥാനം മോഹിച്ച് നിതീഷ്‌കുമാര്‍ ആശയത്തില്‍നിന്നും രാജിയായി താമരച്ചോലയില്‍ സുഖം കൊള്ളാന്‍ പോയപ്പോള്‍ മഹാസഖ്യം വിട്ട മാന്യന്‍ കൂടിയാണ് ലാലുജി.
ആര്‍. ബാലകൃഷ്ണപിള്ളയെ പൂജപ്പുര ജയിലിലെത്തിച്ചവര്‍ കാബിനറ്റ് റാങ്കിലെത്തിച്ചതും ജനാധിപത്യ വിലാസത്തിലാണ്. ‘കൊണ്ടുനടന്നതും നീയേ ചാപ്പാ, കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ’. തിരിച്ചു പാടാന്‍ ഇടയായി. ‘കൊണ്ടുനടന്നു ജയിലിലെത്തിച്ചതും നീയേ ചാപ്പാ കൂട്ടിക്കൊണ്ടുവന്നു സ്ഥാനത്തിരുത്തിയതും നീയേ ചാപ്പാ.’ ശശികല ബംഗളൂരുവില്‍ സുഖവാസത്തിലാണ്.
ഇന്ത്യയില്‍ ധാരാളം ജയിലുകള്‍ നിര്‍മിക്കണം. സെല്ലുകളായിട്ടല്ല. ഫഌറ്റുകളായിട്ട്. നല്ല സ്യൂട്ടുകളായിട്ട്. വയസാന്‍ കാലത്ത് നീണ്ടുനിവര്‍ന്നു കിടന്നു വിശ്രമിക്കാന്‍ അതിഥിമന്ദിരങ്ങളായി ജയിലുകള്‍ മാറണം. റെഡ്ഡി സഹോദരങ്ങള്‍ക്കൊക്കെ പാര്‍ക്കാന്‍ മികച്ച സൗകര്യം വേണം. അന്തമാന്‍ ദ്വീപിലെ സെല്ലുലാര്‍ ജയിലുയര്‍ത്തിയ ഭീകരത ഇനി ആവര്‍ത്തിക്കരുത്. കുറ്റവാളികള്‍ എന്തിന് വെറുക്കപ്പെടണം. കുറ്റകൃത്യം വെറുത്താല്‍ പോരേ?

വളയം പിടിക്കുന്ന വനിത
വനിത എന്നു കേട്ടാല്‍ മതി വാര്‍ത്തക്ക് വകയായി. സഊദിയില്‍ പെണ്ണുങ്ങള്‍ക്കും ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് മാസങ്ങളായി വാര്‍ത്താ താരമാണ്. പെണ്ണിന്റെ കാര്യത്തില്‍ കാണിക്കുന്ന താല്‍പര്യം നല്ലതിനെങ്കില്‍ നല്ലത് തന്നെ. എല്ലാ പെണ്ണുങ്ങളും പുറത്തിറങ്ങി അകം കാലിയായാല്‍ വരുംതലമുറ പരിശീലകരില്ലാതെ വളഞ്ഞു വളരും.
അതാണ് ഭയപ്പെടേണ്ടത്. സഊദി അറേബ്യയില്‍ ചില മാറ്റങ്ങളൊക്കെ നടന്നുവരുന്നുണ്ട്. അത് ആ നാടിന്റെ നന്മക്കാണെങ്കില്‍ സന്തോഷം തന്നെ. വന്നു വന്നു രാജഭരണം മാറ്റുന്നതിലേക്ക് വഴുതാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിരുവിട്ട കളി ആപത്താണ്. പരിഷ്‌കാരങ്ങള്‍ സാംസ്‌കാരിക കൊലകള്‍ നടത്തി നടപ്പിലാക്കിയാല്‍ നാശമായിരിക്കും ഫലം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.