2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

പ്രളയകാലവും ബലികര്‍മവും

പരലോകപ്രതിഫലം അതിയായി കാംക്ഷിക്കുന്ന തികഞ്ഞ വിശ്വാസികളാണു പൊതുവേ ബലിയറുക്കാനും ഇറക്കാനുമൊക്കെ മുന്‍പന്തിയിലുണ്ടാവുന്നത്. അവര്‍ അതേ പ്രാധാന്യത്തോടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ഇടപെടുന്നവരാണ്. ഒന്നു മറ്റൊന്നിന് പ്രചോദനമാവുന്ന രൂപത്തില്‍ മതവിശ്വാസത്തെ രാഷ്ട്രീയമുക്തമായി കൊണ്ടു നടക്കുന്ന ഒരു ജനതയെ അഭിസംബോധന ചെയ്ത്, ബലിയര്‍പ്പിക്കേണ്ട പോത്തുകളുടെ പണം കണക്കുകൂട്ടി അത്രയും തുക പാവങ്ങള്‍ക്കു കൊടുത്താല്‍ പുണ്യം കിട്ടില്ലേയെന്നു ചോദിക്കുന്നത് പ്രായോഗിക ധനതത്വശാസ്ത്രത്തിന്റെ വട്ടപ്പൂജ്യത്തിലിരുന്നു കൊണ്ടാണ്. ഭക്ഷണം കുറച്ചുകൊണ്ടു മിച്ചം വരുന്ന പണംകൊണ്ടു കാറു വാങ്ങിക്കൂടേയെന്നു ചോദിക്കും പോലെയാണത്.

ശുഐബുല്‍ ഹൈതമി

 

അസാധാരണവും അപൂര്‍വമുമായ ദുര്യോഗങ്ങളില്‍ ന നഞ്ഞു വിറങ്ങലിച്ച നാടിനെ താങ്ങിനിര്‍ത്താന്‍ മനുഷ്യസ്‌നേഹികള്‍ ഒന്നടങ്കം സര്‍വാത്മനാ സജ്ജമായി രംഗത്തിറങ്ങിയപ്പോള്‍ ദൈവത്തിനെതിരേയും മതവിശ്വാസങ്ങള്‍ക്കെതിരേയും ട്രോളുകളുണ്ടാക്കുന്ന തിരക്കിലാണ് ഇന്നാട്ടിലെ മതരഹിത യുക്തിവാദികളും മതസഹിത ലിബറലിസ്റ്റുകളും. കുടീരങ്ങളില്‍ അടക്കം ചെയ്യപ്പെട്ട മൃതദേഹങ്ങള്‍പോലും തലയോട്ടികളടര്‍ന്നു മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോകുന്നതുള്‍പ്പെടെയുള്ള ദുരന്തക്കാഴ്ചകള്‍ക്കിടയില്‍ കേരളമാകെ വിറങ്ങലിച്ചു നില്‍ക്കുന്ന സമയത്താണ് ഈ ട്രോള്‍ പരിഹാസമത്സരങ്ങള്‍.
സ്രഷ്ടാവിനെ അറിയാത്തവനു സൃഷ്ടിയെ അറിയാനാകില്ലെന്ന ആപ്തവാക്യം ശരിവച്ചുകൊണ്ട് മുങ്ങിയ മസ്ജിദുകള്‍, അമ്പലങ്ങള്‍, ചര്‍ച്ചുകള്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ ചിത്രങ്ങള്‍ തരപ്പെടുത്തി ‘ദൈവം ഇതൊന്നും കാണുന്നില്ലേ’ എന്നു പരിഹസിച്ചു ദുരന്തത്തെ ആഘോഷിക്കുകയാണിവര്‍.
മതവിശ്വാസികളെ, പ്രത്യേകിച്ചു മുസ്‌ലിംകളെ മനുഷ്യരായിപ്പോലും കാണാന്‍ കഴിയില്ലെന്നു സിദ്ധാന്തിച്ച നിരീശ്വരവാദത്തിന്റെ ആധുനികപ്രവാചകനായ റിച്ചാഡ് ഡോകിണ്‍സും സെമിറ്റിക് മതവിശ്വാസികള്‍ ബുദ്ധിവളര്‍ച്ച പൂര്‍ണമാവാത്ത സെമിസ്പീഷീസാണെന്നു ജല്‍പ്പിച്ച സാം ഹാരിസുമൊക്കെ മലയാളത്തിലെ സൈബര്‍ യുക്തിവാദികളെ ഏതുവിധം മസ്തിഷ്‌കപ്രക്ഷാളനം നടത്തിയിരിക്കുന്നുവെന്നതിന്റെ നിദര്‍ശനങ്ങളാണിതെല്ലാം.
ദൈവവിരോധമെന്ന അന്ധത ബാധിച്ച അവര്‍ക്കു മനുഷ്യരെ കാണാനാകുന്നില്ല. പൊതുജനങ്ങളെ മൊത്തം ബാധിക്കുന്ന ദുരന്തമുഖങ്ങളില്‍പ്പോലും ഇസ്‌ലാമികവിശ്വാസങ്ങളെ പ്രശ്‌നവല്‍ക്കരിക്കാനായിരിക്കും അവര്‍ക്ക് ഉത്സാഹവും ഉല്ലാസവും.

 

മതത്തെ മതവിരോധികള്‍ നിര്‍വചിക്കുന്ന കാലം

 

ഏതൊരു വസ്തുവിനെയും വസ്തുതയെയും നിര്‍വചിക്കേണ്ടതും നിര്‍ണയിക്കേണ്ടതും അവയുടെ വക്താക്കളും പ്രയോക്താക്കളുമാണ്. എന്നാല്‍, ഇസ്‌ലാമും അല്ലാഹുവും എങ്ങനെയായിരിക്കണമെന്നു അതു രണ്ടും അംഗീകരിക്കാത്തവര്‍ നിര്‍വചിക്കുന്നുവെന്ന തമാശയാണിവിടെ. ദുരന്തങ്ങളില്‍നിന്നു മനുഷ്യരെയും പ്രതീകങ്ങളെയും രക്ഷിക്കലാണു അല്ലാഹുവിന്റെ ഉത്തരവാദിത്വമെന്ന തെറ്റിദ്ധാരണയില്‍ നിന്നാരംഭിക്കുന്നതാണ് ഈ പരിഹാസം.
അത്തരം ദുരന്തങ്ങള്‍ പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ ഭാഗമായി അല്ലാഹു തന്നെയാണുണ്ടാക്കുന്നത് എന്നിരിക്കേ വെള്ളപ്പൊക്കം കാണാനാകാത്ത പടച്ചവനാണോ പള്ളിയിലെന്ന ചോദ്യത്തിന്റെ അര്‍ഥം അത്തരം അഹിതകൃത്യങ്ങള്‍ മറ്റാരോ ഉണ്ടാക്കുന്നതാണെന്ന ധാരണയില്‍നിന്നുണ്ടാകുന്നതാണ്.
ചാലിയാറിലൂടെ വൈക്കം മുഹമ്മദ് ബഷീര്‍ തോണിയില്‍ സഞ്ചരിക്കുന്നതിനിടെ വഞ്ചി മറിയാനാഞ്ഞപ്പോള്‍ കൂടെയുള്ള ആരോ ”പടച്ചവനേ”യെന്നു വിളിച്ചു.
ഇതുകേട്ട ദാര്‍ശനികനായ ബഷീര്‍ ” മുഹ്യദ്ദീന്‍ ശൈഖേ കാത്തുകൊള്ളണേ” എന്നു തമാശയായി പറഞ്ഞു.
ഉടന്‍ ബഷീറിനു നേരേ ചോദ്യം വന്നു, ”അപ്പോള്‍ നിങ്ങള്‍ സുന്നിയാണോ,”
ഇതിനു ബഷീര്‍ നല്‍കിയ ഉത്തരം രസകരവും ചിന്തോദ്ദീപകവുമാണ്.
”പടച്ചവനാണു കാറ്റയച്ചു തോണിയിളക്കിയത്, അതു നേരെയാക്കാന്‍ അവനോടു തന്നെ പറയുന്നതു ധിക്കാരമാണ്. പുണ്യാളരോടു പറഞ്ഞാല്‍ അവരിടപെട്ടു ശരിയാക്കിയാലോ.”
ദുരന്തനിവാരണയജ്ഞമാണ് ദൈവമാകാനുള്ള പ്രാഥമികയോഗ്യത എന്നു തോന്നിക്കുന്ന യുക്തിവാദത്തിന്റ അര്‍ഥശൂന്യത ഈ മറുപടിയില്‍ വെളിപ്പെടും.
‘ഇരക’ളെന്ന ആശയം ദുരന്തവിശകലനത്തിന്റെ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലില്ല. കാരണം, അല്ലാഹു ‘വേട്ടക്കാര’നല്ല. ‘പരീക്ഷിക്കപ്പെട്ടവന്‍’ മാത്രമേ ഇസ്‌ലാമിലുള്ളൂ. കാരണം, ആത്യന്തികമായി അനുപമമായ പ്രതിഫലം ലഭിക്കാനുള്ള ത്യാഗവും സഹനവും വിധിക്കപ്പെട്ടവര്‍ ഇരകളാവില്ല.
മത, പരലോക വിശ്വാസങ്ങള്‍ ദുരന്തഭൂമിയില്‍ പല രൂപത്തില്‍ അനുഗ്രഹമാകും. മാനസികത്തകര്‍ച്ചയില്ലാതെ പിടിച്ചു നില്‍ക്കാന്‍ അതു സഹായകമാണ്. അപരനെ സഹായിക്കാന്‍ അതു പ്രേരണയാകും. ദുരിതാശ്വാസനിധി സമൃദ്ധമാകുന്നത് അങ്ങനെയാണ്. സമാശ്വാസസംരംഭങ്ങളില്‍ പണമിറക്കുന്നവര്‍ തൊണ്ണൂറേമുക്കാലും മതഭക്തരാണ്.
ഇസ്‌ലാമിന്റെ പരലോകസങ്കല്‍പ്പമാണു യുക്തിവിചാര വേളകളില്‍ കൂടുതലായി വിലയിരുത്തപ്പെടുന്നത്. ഒരു തത്വസംഹിതയെ വിലയിരുത്തുന്നത് അതിലെ അപൂര്‍ണമായ ആധാരങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയാകരുത്. വെള്ളപ്പൊക്കത്തില്‍ മരിച്ചവര്‍ക്കും അതില്‍ അകപ്പെടുന്നവര്‍ക്കുമുള്ള പ്രതിഫലം ഉറ്റവര്‍ക്കു ഭരണകൂടം നല്‍കുന്ന ലക്ഷങ്ങളല്ല, മരണാനന്തര സ്വര്‍ഗമാണ്. തീപിടുത്തത്തിലും പ്രളയത്തിലും ഹോമിക്കപ്പെട്ടവര്‍ രക്തസാക്ഷികളാണെന്നാണ് ഇസ്‌ലാം പഠിപ്പിച്ചത്.

 

ദുരന്തം പാപത്തിന്റെ ശമ്പളമോ

 

അമിത ആത്മീയതാ ഉപാസകരായ ഒരു വിഭാഗം നിരീക്ഷകരും അവസരോചിതമല്ലാത്ത വിലയിരുത്തലുകളുമായി രംഗത്തുണ്ട്. മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും പേരില്‍ പ്രവര്‍ത്തിക്കുന്ന വെബ് പോര്‍ട്ടലുകളില്‍ നിന്നാണു വെള്ളക്കെടുതികള്‍ ദൈവകോപമാണെന്ന അര്‍ഥത്തിലുള്ള വ്യാപകപ്രചരണം. അതില്‍ പലതിലും പ്രപഞ്ചസ്രഷ്ടാവിന്റെ വിവേചനാധികാരത്തില്‍ പോലും കൈകടത്തുന്ന പൗരോഹിത്യഭാഷയുണ്ട്. ഇസ് ലാമിന് അത് അംഗീകരിക്കാനാവില്ല.
അരാജകത്വവും അധാര്‍മികതയും കൊടികുത്തിയ സമൂഹങ്ങളില്‍ അലൗകിക ശിക്ഷകളിറങ്ങിയ ചിത്രങ്ങള്‍ എല്ലാ സെമിറ്റിക്ക് ദര്‍ശനങ്ങളും അംഗീകരിക്കുന്നതാണ്. ദുരന്തങ്ങള്‍ അകലാന്‍ അല്ലാഹുവിലേയ്ക്കു പശ്ചാത്തപിച്ചു മടങ്ങലാണു പോംവഴിയെന്നത് ഇസ്‌ലാമികമായ പൊതുതത്വവുമാണ്. അതിനു രണ്ടു മാനങ്ങളുണ്ട്. പ്രാര്‍ഥന വഴി ദുരന്തങ്ങള്‍ നീങ്ങിയേക്കാം. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള മനോബലവും ശുഭാപ്തിവിശ്വാസവും അതു വഴി ലഭിച്ചേക്കാം. പക്ഷേ, ബഹുസ്വര സമൂഹത്തിനു ബാധിക്കുന്ന ദുരന്തങ്ങളെല്ലാം പാപങ്ങളുടെ ശിക്ഷകളായി അവതരിപ്പിക്കുന്നതു ദുരന്തബാധിതരെ വീണ്ടും വേദനിപ്പിക്കലും തളര്‍ത്തലുമാണ്.
ആളുകള്‍ പാപം ചെയ്യുന്നതിന്റെ ശിക്ഷകളാണ് ഇത്തരം ജലക്കെടുതികളെന്നു പ്രഖ്യാപിച്ചു ഒരുവര്‍ഷത്തിനിപ്പുറം നാട്ടില്‍ നടന്ന തിന്മകളുടെ ലിസ്റ്റ് തയാറാക്കുന്ന അതിഭക്തര്‍ പരലോകവിശ്വാസത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്യുകയാണ്. ഒരു ജനതയോടു പ്രിയം വന്നാലാണു പടച്ചവന്‍ അവരെ പരീക്ഷിക്കാന്‍ തെരഞ്ഞെടുക്കുന്നതെന്ന മറുവശവും ഇസ്‌ലാമിക പ്രമാണങ്ങളില്‍ ധാരാളമുണ്ട്. ക്ഷാമം കാരണത്താലും പ്രളയം കാരണത്താലും പ്രവാചകനും അനുചരരും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അവരും പാപികളായതിനാലാണാവോ അത്!
അജ്ഞാനകാലത്തെ പരമേശ്വരസങ്കല്‍പ്പം പോലെ ശിക്ഷിക്കാനും കഷ്ടപ്പെടുത്താനും അവസരം നോക്കി നടക്കുന്ന അല്ലാഹുവിനെ അവതരിപ്പിക്കാതെ സ്‌നേഹവാരിധിയായ അല്ലാഹുവിനെ അവതരിപ്പിക്കാനാണു കാലം ആവശ്യപ്പെടുന്നത്. ഏകദൈവത്വത്തെ കുറിക്കുന്ന വചനങ്ങള്‍ പോലും മാറ്റിവച്ചു ഖുര്‍ആനിലെ അധ്യായങ്ങള്‍ കാരുണ്യ പ്രഖ്യാപനങ്ങള്‍ കൊണ്ടു തുടങ്ങിയത് ആ സങ്കല്‍പ്പത്തെ നിരാകരിക്കാനാണ്.
ഏതു നിമിഷവും നഷ്ടപ്പെടാവുന്ന ഭദ്രതയേ ഈ ജീവിതത്തിനുള്ളൂവെന്നും സര്‍വശക്തനായ സ്രഷ്ടാവിനെ ധ്യാനിച്ചുകൊണ്ടേ ഓരോ ശ്വാസവുമെടുക്കാവൂവെന്നും ബോധ്യപ്പെടേണ്ട സന്ദര്‍ഭങ്ങള്‍ തന്നെയാണിത്. പക്ഷേ, അത്തരം പാകപ്പിഴവുകളുടെ ശിക്ഷയാണിതെന്നു പറയാനുള്ള അധികാരം പടച്ചവന്‍ ആര്‍ക്കും തന്നിട്ടില്ല.
മരംവെട്ടുകാരും ഇന്റര്‍ലോക്കുകാരുമാണു ദുരിതകാരണമെന്നു പറയുന്നവര്‍ ഇപ്പറഞ്ഞതിന്റെ മതേതര ദുരന്തങ്ങളാണ്. ഇതു രണ്ടുമില്ലാത്ത കാലത്ത് ആകാശം ആളുകളുടെ കിണറും കുളവും അളന്നെടുത്താണു മഴ ചൊരിച്ചതെന്നു തോന്നും ഈ പറയുന്നതു കേട്ടാല്‍.

 

ബലികര്‍മത്തിനെതിരേ തിരിയുന്ന ലിബറല്‍ ഇസ്‌ലാമിസ്റ്റുകള്‍

 

പരലോകപ്രതിഫലം അതിയായി കാംക്ഷിക്കുന്ന തികഞ്ഞ വിശ്വാസികളാണു പൊതുവേ ബലിയറുക്കാനും ഇറക്കാനുമൊക്കെ മുന്‍പന്തിയിലുണ്ടാവുന്നത്. അവര്‍ അതേ പ്രാധാന്യത്തോടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ഇടപെടുന്നവരാണ്. ഒന്നു മറ്റൊന്നിന് പ്രചോദനമാവുന്ന രൂപത്തില്‍ മതവിശ്വാസത്തെ രാഷ്ട്രീയമുക്തമായി കൊണ്ടു നടക്കുന്ന ഒരു ജനതയെ അഭിസംബോധന ചെയ്ത്, ബലിയര്‍പ്പിക്കേണ്ട പോത്തുകളുടെ പണം കണക്കുകൂട്ടി അത്രയും തുക പാവങ്ങള്‍ക്കു കൊടുത്താല്‍ പുണ്യം കിട്ടില്ലേയെന്നു ചോദിക്കുന്നത് പ്രായോഗിക ധനതത്വശാസ്ത്രത്തിന്റെ വട്ടപ്പൂജ്യത്തിലിരുന്നു കൊണ്ടാണ്. ഭക്ഷണം കുറച്ചുകൊണ്ടു മിച്ചം വരുന്ന പണംകൊണ്ടു കാറു വാങ്ങിക്കൂടേയെന്നു ചോദിക്കുംപോലെയാണത്.
കേരളത്തിലെ മുസ്‌ലിംസംഘടനകളും വ്യക്തികളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ മത്സരബുദ്ധിയോടെ വ്യാപൃതരാണ്. അവരെ സമീപിച്ചു ‘ബലിയര്‍പ്പിക്കേണ്ട പോത്തിനു കണക്കാക്കിയ പണം കൂടി ഇങ്ങെടുക്കൂ’ എന്നു പറഞ്ഞാല്‍ വിശ്വാസത്തെ ദ്രോഹിക്കലാണ്. ഓരോന്നിനും കൊടുക്കേണ്ട മൂല്യത്തെക്കുറിച്ചു കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനകള്‍ക്കും നല്ല ധാരണയുണ്ട്.
ബലിദാനവും പെരുന്നാള്‍ ഭക്തിയും അല്ലാഹുവിനുള്ളതാണ്. ഇറച്ചി പാവങ്ങള്‍ക്കും. സഊദിയില്‍ ഹജ്ജിന്റെ പ്രായശ്ചിത്തമായും ബലിയായും അറുക്കപ്പെടുന്ന ദശലക്ഷക്കണക്കിന് മൃഗങ്ങളുടെ മാംസമാണ് ആഫ്രിക്കയില്‍ മാസങ്ങളോളം അന്നം.
മനസ്സു മാത്രമല്ല, അതിലെ വികാരങ്ങള്‍ സൃഷ്ടിച്ചതും, ഇസ്‌ലാമികവിശ്വാസത്തില്‍, ബലികര്‍മം പുണ്യമാക്കിയ അല്ലാഹുവാണ്. ആ വികാരങ്ങളില്‍ ഏറ്റവും സാന്ദ്രമായതില്‍ പെട്ടതാണ് അലിവ് , കൃപ , ദയ , ദീനാനുകമ്പ എന്നിവ.
ആളുകള്‍ക്കു സമ്പത്തും സമയവുമൊക്കെ അല്ലാഹുവിനു നല്‍കാന്‍ കഴിഞ്ഞേക്കാം. ചില ഘനവികാരങ്ങളും അവന്റെ മാര്‍ഗത്തില്‍ തിരിച്ചുവിടാനായേക്കാം, ഇഷ്ടവും ദേഷ്യവുമൊക്കെപ്പോലെ. പക്ഷേ, നിര്‍മലവികാരമായ അലിവ് അവനുവേണ്ടി കരഗതമാകണമെങ്കില്‍ കുറഞ്ഞ വിശ്വാസബലം പോര. അതിനാലാണല്ലോ അല്ലാഹുവിന്റെ ചങ്ങാത്തം നല്‍കപ്പെടാനുള്ള യോഗ്യതയ്ക്കു ഇബ്‌റാഹീം പ്രവാചകനോട് പുത്രനെ അറുക്കാന്‍ കല്‍പ്പന വന്നത്. കാരുണ്യപ്രഹര്‍ഷമെന്നു ഖുര്‍ആന്‍ തന്നെ വാഴ്ത്തിയ അന്ത്യപ്രവാചകന്‍ ചെയ്ത ഹജ്ജില്‍ അറുപത്തിമൂന്നു മൃഗങ്ങളെ സ്വന്തം കരങ്ങള്‍കൊണ്ട് അറുത്തിട്ടുണ്ട്. തന്റെ വക നൂറു തികയ്ക്കാന്‍ ബാക്കി ജാമാതാവ് അലി ബിന്‍ അബീത്വാലിബിനെ ഏല്‍പ്പിക്കുകയും ചെയ്തു. അന്നും സമൂഹത്തില്‍ നല്ല ദാരിദ്രവും ഒട്ടകത്തിനും ആടിനും പൊന്നും വിലയുമുണ്ടായിരുന്നു.
അതു വിശ്വാസത്തില്‍ ക്രൂരതയല്ല , കാരുണ്യമാണ്. കാരണം, സ്വാഭാവികമായി നാശമടഞ്ഞു പോവുന്ന മൃഗങ്ങള്‍ മൃഗങ്ങള്‍ മാത്രമാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ബലിയുരുക്കള്‍ സ്വര്‍ഗത്തിലെ വാഹനങ്ങളും. ബലിയറുക്കുമ്പോള്‍ നടക്കുന്ന വൈകാരിക വിശ്ലേഷണവും പാവങ്ങള്‍ക്കു ദാനം നല്‍കുമ്പോള്‍ തോന്നുന്ന വൈകാരിക ഉണര്‍വും രണ്ടാണ്. ഒന്നാമത്തേതില്‍ വിശ്വാസി അല്ലാഹുവിനു വേണ്ടി മാത്രം മരവിക്കുന്നു. കാണാനാവാതെ കണ്ണുചിമ്മിപ്പോവുമ്പോഴും തക്ബീര്‍ ചൊല്ലി മൃഗത്തിന്റെ കഴുത്തില്‍ കത്തിവയ്ക്കുന്നു. വിശ്വാസം ഏറ്റവും മുഗ്ധമാവുന്ന സമയമാണത്. ഒരുപക്ഷേ, ജീവിതകാലം മുഴുവന്‍ അല്ലാഹുവിനായി മാറാന്‍ പ്രേരിപ്പിച്ചേക്കാവുന്ന അനുരണനങ്ങള്‍ .
രണ്ടാമത്തേത് ആനന്ദമാണ്. മറ്റുള്ളവര്‍ക്കിടയില്‍ പോരിമ കൊള്ളാനും അവസരമുള്ള ഉല്ലാസക്രിയ . അപ്പോള്‍ പിന്നെ ഒന്നാമത്തേതു നിര്‍ത്തിവച്ചു രണ്ടാമത്തേതു മാത്രം മതിയെന്നു പറയുന്നവര്‍ക്ക് എന്താണ് ഇസ്‌ലാമെന്നു മനസിലായിട്ടില്ലെന്നു പറയേണ്ടി വരും .
സങ്കടവികാരങ്ങള്‍ ജനിക്കുമ്പോഴും അല്ലാഹു സ്ഥാപിച്ച സന്തോഷമുഹൂര്‍ത്തത്തെ കണ്ടെത്തലാണു ബലിപെരുന്നാള്‍. ബാഹ്യലോകം സന്തുഷ്ടമായാല്‍ മാത്രമേ പെരുന്നാള്‍ പാടുള്ളൂവെന്ന ശാഠ്യമനുസരിച്ച് ഈദിന്റെ ആത്മാവ് അന്യമാണ്. അല്ലാഹുവിനുവേണ്ടി ആനന്ദവസ്ത്രമണിയുന്നതും വിശേഷരുചികള്‍ നുണയുന്നതും മാനുഷിക മണ്ഡലങ്ങളെ നോക്കിയല്ല. സുഖദുഃഖ മിശ്രണം കൊണ്ടാണ് അല്ലാഹു ജീവിതത്തെ നിറംപിടിപ്പിച്ചത്. പണ്ട് കപ്പലില്‍ ഹജ്ജിന് പോകുന്ന കാലത്ത് അങ്ങനെ പോയവരുടെ വീട്ടില്‍ വലിയപെരുന്നാള്‍ ഉണ്ടാകുമായിരുന്നില്ല, പോയവര്‍ക്ക് എന്തുപറ്റിക്കാണുമെന്ന ഭയത്താല്‍. ആ വിവരക്കേടിന്റെ പുതിയപതിപ്പുമാത്രമാണ് ഇപ്പോഴത്തെ പെരുന്നാള്‍ ബഹിഷ്‌ക്കരണങ്ങള്‍.
ആയിരങ്ങള്‍ ദുരിതത്തിലായപ്പോഴും പടച്ചവന്‍ നമ്മെ കാത്തതിന്റെ നന്ദി കൂടിയാണു പെരുന്നാള്‍. നാം കൊതിക്കുന്നതു പോലെ വിധിക്കാനാണ് അവനെങ്കില്‍ ആരാണു നാഥന്‍ എന്നതാവും പ്രശ്‌നം. ദുരന്തബാധിതര്‍ക്കായി പ്രാര്‍ഥിക്കുകയും പ്രയത്‌നിക്കുകയും ചെയ്യുകയാണു പെരുന്നാളിനും വെരും നാാളിനും നാം ചെയ്യേണ്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.