2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രളയം: കാരണങ്ങളുടെ കാണാപ്പുറങ്ങള്‍

ടി.എച്ച് ദാരിമി

 

വീണ്ടും കേരളം ഒരു പ്രളയത്തെ അതിജീവിച്ചു. ഒന്നിച്ചുനിന്നും ചേര്‍ത്തുപിടിച്ചും സഹായിച്ചും ദുരന്തത്തെ കേരളം നേരിട്ടുവെങ്കിലും ഒന്ന് ഉള്ളറിഞ്ഞ് നിശ്വസിക്കുവാന്‍ പോലും അനുവദിക്കാത്തവിധം ഒരു ഞെട്ടല്‍ തൊണ്ടയില്‍ കുരുങ്ങി നില്‍ക്കുകയാണ്. വെള്ളപ്പൊക്കങ്ങള്‍ നിലക്കാത്ത ബംഗ്ലാദേശുപോലെ, കൂറ്റന്‍ തിരമാലകള്‍ അതിരിടുന്ന ഇന്തോനേഷ്യപോലെ, മികവിന്റെ കരുത്തില്‍ സ്വരൂക്കൂട്ടുന്നതെല്ലാം ഇടക്കിടെവന്ന് പ്രളയം തട്ടിത്തെറിപ്പിച്ചുപോകുന്ന ജപ്പാന്‍പോലെ പേടിയില്‍ ഉള്ളുവിറച്ചുകൊണ്ടുമാത്രം മണ്‍സൂണിനെ കാത്തിരിക്കേണ്ട ഒരു ഭൂമിക്കീറായി കേരളം മാറിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേത് പുതിയ തലമുറക്ക് ഒരു പുതിയ അനുഭവമായിരുന്നു. പ്രളയം ഒരു പതിവായി മാറിയതോടെ ഇതിനു പിന്നിലെ കാര്യ കാരണങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു പ്രസക്തി വര്‍ധിച്ചിരിക്കുന്നു. ഓരോരുത്തരും സ്വന്തം മൊബൈല്‍ ഫോണിന്റെ മിനിസ്‌ക്രീനില്‍ അവതാരകരും റിപ്പോര്‍ട്ടര്‍മാരും ചിന്തകരും സാമൂഹ്യ വിമര്‍ശകരും സാംസ്‌കാരിക നായകന്‍മാരുമൊക്കെയായി സ്വയം അവരോധിതരാകുന്ന പുതിയ കാലത്ത് ഈ ചര്‍ച്ചക്ക് ചൂടുപിടിച്ചിരിക്കുന്നു.

പ്രളയത്തിന്റെ കാരണങ്ങള്‍ പറയുമ്പോള്‍ ഓരോരുത്തര്‍ക്കും ഓരോന്നാണ് പറയുവാനുള്ളത് എന്നതാണ് കൗതുകം. ഈ കാരണങ്ങള്‍ ആഗോള താപനത്തില്‍ തുടങ്ങി ദൈവകോപത്തില്‍ വരെ എത്തിനില്‍ക്കുന്നു. ഓരോരുത്തരും തങ്ങള്‍ പറയുന്ന കാരണങ്ങളില്‍ മുറുകെ പിടിച്ചു നില്‍ക്കുകയാണ്. മറ്റുള്ളവര്‍ പറയുന്നതിനെ ശക്തിയുക്തം തള്ളിക്കളയാനും തന്റെ വാദത്തെ സമര്‍ഥിച്ചു സ്ഥാപിക്കാനുമുള്ള ഒരു മിടുക്കാണ് കാണുന്നത്. ഇത് ഒരുതരം അസഹിഷ്ണുതയുടെ സൃഷ്ടിയാണ്. പുതിയ കാലത്ത് കാര്യങ്ങളെല്ലാം ഏതാണ്ടിങ്ങനെയാണ്. മറ്റുള്ള വാദങ്ങളെ ഖണ്ഡിക്കുക എന്ന ഒരു വികാരമാണ് മുന്‍പില്‍. അവര്‍ പറയുന്നതിലെന്തെങ്കിലും കഴമ്പുണ്ടോ എന്നു ചിന്തിക്കുവാനുള്ള ക്ഷമ നഷ്ടമായിവരികയാണ്.
എപ്പോഴും മനുഷ്യനു താമസിക്കാന്‍ പറ്റിയ കാലാവസ്ഥ ഭൂമിയിലുണ്ടായിരുന്നില്ല. അതില്‍ വിഷവാതകങ്ങളും മറ്റും കട്ടപിടിച്ചു കിടക്കുന്ന ഒരു അവസ്ഥയുണ്ടായിരുന്നു. അത് ഖുര്‍ആനും ശാസ്ത്രവും ശരിവയ്ക്കുന്നുണ്ട്. ബിഗ്ബാങ്ങിനുടനെ ഭൂമിയുടെ അന്തരീക്ഷം മനുഷ്യവാസത്തിനു അനുയോജ്യമല്ലാത്ത വിധമായിരുന്നു എന്നു ശാസ്ത്രം പറയുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്‍ ഈ വസ്തുത ഫുസ്സ്വിലത്ത് സൂറത്തില്‍ പറയുന്നത് ഇങ്ങനെയാണ്: ‘തുടര്‍ന്ന് ആകാശ സൃഷ്ടിക്കായി അവനുദ്ദേശിച്ചു. അതൊരു പുകയായിരുന്നു’. (41:11). ഒരുപക്ഷെ, ശാസ്ത്രം പറയുന്ന ‘ഡാര്‍ക്ക് മാറ്ററും’ ഖുര്‍ആന്‍ പറയുന്ന ‘ദുഖാനു’ം തമ്മിലുള്ള സാദൃശ്യം അവഗണിക്കാവതല്ല. അങ്ങനെ ഭൂമിയേയും ആകാശത്തേയും അവന്‍ ‘കുന്‍’ എന്ന ആജ്ഞ വഴി മനുഷ്യനു ജീവിക്കാന്‍ പാകപ്പെടുത്തി. ശാസ്ത്രം ഈ ആജ്ഞയെ ‘യാദൃച്ഛികത’ എന്നു വിവരിക്കുന്നു എന്നു മാത്രം.

ഈ സന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് പല ഘടകങ്ങളെയും കൂട്ടിയിണക്കിയാണ്. അല്ലാഹു ഈ ലോകത്ത് എല്ലാ കാര്യങ്ങളും അങ്ങനെയാണ് നിര്‍വഹിക്കുന്നത്. മാങ്ങക്കു മധുരവും നാവിന് അതിനോടുള്ള ഇച്ഛയും നല്‍കിയ അല്ലാഹു അതു ലഭിക്കുവാന്‍ അതിന്റെ വിത്തു ലഭിക്കുക, അതു വിളയിച്ചെടുക്കുക, പാകമാകും വരെ കാത്തുനില്‍ക്കുക തുടങ്ങി പല കാര്യങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നതുപോലെ.

ഭൂമിയെ ആസൂത്രിതമായി സജ്ജീകരിച്ച അല്ലാഹു ഈ സന്തുലിതാവസ്ഥയെ പരിപാലിക്കാന്‍ മനുഷ്യനെ ഏല്‍പ്പിച്ചു. അതിനു വേണ്ട ബുദ്ധി ശക്തിയും മറ്റും അല്ലാഹു അവനു നല്‍കുകയും ചെയ്തു. ഇതില്‍ വിഘ്‌നം വരുത്തിയാല്‍ അതിനു നീ തന്നെ വില നല്‍കേണ്ടിവരുമെന്ന് താക്കീതു ചെയ്യുകയും ചെയ്തു. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ നാം ഈ പ്രളയത്തിന്റെ ശരിയായ കാര്യകാരണങ്ങളില്‍ എത്തിച്ചേരുന്നു. മനുഷ്യന്‍ തന്റെ ആര്‍ത്തികാരണം മരങ്ങള്‍ വലിയ തോതില്‍ മുറിച്ചുകളഞ്ഞു. അവ കാര്‍ബണിനെ വലിച്ചെടുക്കേണ്ട മാര്‍ഗങ്ങളായിരുന്നു. അതു മൂലം കാര്‍ബണ്‍ വലിയ അളവില്‍ ഭൂമിയില്‍ കെട്ടിക്കിടക്കുന്ന അവസ്ഥ വന്നു. അവന്റെ രാസ പ്രയോഗങ്ങളില്‍നിന്ന് നൈട്രിക് ഓക്‌സൈഡ് തുടങ്ങിയവയും ഫാമുകളില്‍നിന്ന് മീഥൈന്‍ തുടങ്ങിയവയും കൂടിച്ചേര്‍ന്നതോടെ സംഗതി പരിതാപകരമായി. ഇവയെല്ലാം വിഷവാതകങ്ങളാണ്. ഇതു കാരണം ഭൂമിയുടെ താപത്തിന്റെ സന്തുലിതത്വം നഷ്ടപ്പെടുകയും ധ്രുവപ്രദേശങ്ങളിലെ മഞ്ഞ് ഉരുകുവാന്‍ തുടങ്ങുകയും ചെയ്തു. ഏതാണ്ട് രണ്ട് ശതമാനത്തോളം കടല്‍ ഉയര്‍ന്നതു ഇതിന്റെ ഫലമാണ്.
താപനം ജലശൃംഖലയെ ബാധിച്ചു. മഴ പ്രവചനാതീതമായി. ഭൂമിയാവട്ടെ മരങ്ങളുടെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയെടുത്ത ഉറപ്പ് നഷ്ടപ്പെട്ട് വെള്ളത്തെ സംഭരിച്ചുവയ്ക്കുവാനുള്ള ശേഷിയില്ലാത്തതായി. ഇത് ഉരുള്‍പൊട്ടല്‍ മുതല്‍ ഭൂകമ്പങ്ങള്‍ക്കു വരെ കാരണമാകുന്നു. ഇങ്ങനെയൊക്കെ വിവരിക്കുമ്പോള്‍ ജനങ്ങള്‍ പറയുന്ന എല്ലാ കാരണങ്ങളും ചേര്‍ന്നതാണ് യഥാര്‍ഥ കാരണമെന്നും അത് ഖുര്‍ആന്‍ വ്യക്തമായി പറയുന്നതുതന്നെയാണ് എന്നും ബോധ്യമാകും.

അല്ലാഹു പറയുന്നു:’മനുഷ്യ കരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവരെ അനുഭവിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്’ (30:41). ഇതിന്റെ പരിഹാരം ഒരു തിരിച്ചുനടത്തം മാത്രമാണുതാനും. അതും അല്ലാഹു തന്നെ പറയുന്നുണ്ട്. അതിപ്രകാരമാണ്: ‘അവര്‍ ഓരോ വര്‍ഷവും ഒന്നോ രണ്ടോ തവണ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് കാണുന്നില്ലേ. എന്നിട്ടും അവര്‍ ഖേദിച്ചു മടങ്ങുന്നില്ല, ചിന്തിച്ചു മനസിലാക്കുന്നുമില്ല. (9:126)

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.