2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

പ്രളയ ദുരന്തം: സംസ്ഥാനത്ത് റബര്‍ ചെക്ക് ഡാം നിര്‍മിക്കാന്‍ അനുമതി

ടി.കെ ജോഷി

കോഴിക്കോട്: സംസ്ഥാനത്ത് പുഴകളിലും നദികളിലും റബര്‍ ചെക്ക് ഡാം നിര്‍മിക്കാന്‍ അനുമതി. വേനലിന് മുന്നോടിയായി വെള്ളം സംഭരിക്കാനും വെള്ളപൊക്കം ഉണ്ടാകുമ്പോള്‍ വെള്ളം പെട്ടെന്ന് ഒഴുക്കികളയാനും കഴിയുന്ന റബര്‍ ചെക്ക് ഡാമുകള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. 

റബര്‍ കര്‍ഷകര്‍ക്ക് കൂടി ആശ്വാസമാകുന്ന റബര്‍ ചെക്ക് ഡാമുകള്‍ നിര്‍മിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നുവെങ്കിലും ഇത്തവണത്തെ കനത്ത മഴയില്‍ പുഴകളിലെ വെള്ളം നിയന്ത്രിക്കാന്‍ കഴിയാതെ സംസ്ഥാനത്തിനുണ്ടായ കോടിക്കണക്കിന് രൂപയുടെ നഷ്ടം കൂടി കണക്കിലെടുത്താണ് റബര്‍ ചെക്ക് ഡാമിന് പച്ചകൊടി കാട്ടിയിരിക്കുന്നത്.
കേരളത്തിന്റെ നദികളുടെ ഒഴുക്ക്, നീളം, വെള്ളം കുത്തിയൊലിക്കുമ്പോഴുണ്ടാകുന്ന പൊക്കം, മര്‍ദം എന്നിവ കണക്കാക്കി അതിനനുസൃതമായ ചെക്ക് ഡാമുകളായിരിക്കും രൂപകല്‍പ്പന ചെയ്യുക. സംസ്ഥാനങ്ങളിലെ പല ഡാമുകളും കനത്തമഴയില്‍ നിറയുകയും പെട്ടെന്നു തുറന്നുവിടുകയും ചെയ്യേണ്ടി വന്നതിനാല്‍ കനത്ത പ്രളയമായിരുന്നു ഇത്തവണ സംസ്ഥാനത്തിന് നേരിടേണ്ടി വന്നത്.
ഈ സാഹചര്യത്തിലാണ് ആവശ്യാനുസരണം വെള്ളം സംഭരിക്കാനും തുറന്നുവിടാനും കഴിയുന്ന റബര്‍ ചെക്ക് ഡാം എന്ന ആവശ്യത്തിലേക്ക് അടിയന്തരമായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി(കെ.എസ്.ഡി.എം.എ) തിരിയുന്നത്. മാത്രമല്ല, ആവശ്യമുള്ള റബര്‍ സംസ്ഥാനത്തെ റബര്‍ കര്‍ഷകരില്‍നിന്നു സംഭരിക്കുന്നതോടെ കര്‍ഷകര്‍ക്കും സാമ്പത്തിക നേട്ടമുണ്ടാകുമെന്നതിനാല്‍ റബര്‍ ബോര്‍ഡും ഈ ആവശ്യമുന്നയിച്ചിരുന്നു.
കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പിന് കീഴില്‍ ആന്ധ്രാപ്രദേശിലുള്ള ഇന്ത്യന്‍ റബര്‍ മാനുഫാക്‌ചേഴ്‌സ് റിസര്‍ച്ച് അസോസിയേഷ (ഐ.ആര്‍.എം.ആര്‍.എ)നാണ് ചെക്ക് ഡാമിന്റെ നിര്‍മാണ ചുമതല. റബര്‍ ചെക്ക് ഡാം സംബന്ധിച്ചുള്ള പഠനം നടത്തിയ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതി മൂന്നു തവണ യോഗം ചേര്‍ന്നിരുന്നു.
ഇതു സംബന്ധിച്ച് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച സര്‍ക്കാര്‍ പരീക്ഷാണാടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നാല് റബര്‍ ചെക്ക് ഡാമുകള്‍ നിര്‍മിക്കാനുളള അനുമതിയാണ് നല്‍കിയത്. വ്യത്യസ്ത ഭൂപ്രകൃതിയുള്ളിടത്തായിരിക്കും ഈ ഡാമുകള്‍ ആദ്യ ഘട്ടത്തില്‍ നിര്‍മിക്കുക. ഡാം നിര്‍മിക്കുന്നതിനായുള്ള ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്‍സിക്കായി 9.5 ലക്ഷം രൂപ ഐ.ആര്‍.എം.ആര്‍.എയ്ക്ക് കൈമാറി. ഐ.ആര്‍.എം.ആര്‍.എയുമായി നിര്‍മാണം സംബന്ധിച്ചുള്ള ധാരണാപത്രവും കെ.എസ്.ഡി.എം.എ ഒപ്പുവച്ചിട്ടുണ്ട്.
ആന്ധ്ര, ഒഡിഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ നദികളിലും പുഴകളിലും ചെക്ക് ഡാമുകളുണ്ട്. റബര്‍ ഷീറ്റുകൊണ്ട് നിര്‍മിച്ചതായിരിക്കും പ്രധാന ഭാഗം. യന്ത്രങ്ങളും വൈദ്യുതി ഉപകരണങ്ങളും ഉള്‍പ്പെടുന്ന കണ്‍ട്രോള്‍ വിഭാഗവും ഉണ്ടാകും. വായു, ജലം എന്നിവ ആവശ്യാനുസരണം നിറക്കുന്നതിനും പുറത്തുകളയുന്നതിനും ഓട്ടോമാറ്റിക് സംവിധാനവും ഉള്ളതിനാല്‍ ഇതുവഴി ജലനിരപ്പ്, വെള്ളപൊക്കം എന്നിവ നിയന്ത്രിക്കാനാകുമെന്നതാണ് റബര്‍ ചെക്ക് ഡാമുകളുടെ പ്രത്യേകത.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.