2019 November 20 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അവസാനം അതും സംഭവിച്ചു; മഹാത്മാഗാന്ധി രാഷ്ട്രപിതാവല്ലെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി എം.പി പ്രജ്ഞസിങ് താക്കൂര്‍

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഒരുവിഭാഗം സംഘ്പരിവാര്‍ നേതാക്കള്‍ നിന്ദിച്ചുവരുന്നതിനിടെ പുതിയ കണ്ടുപിടുത്തവുമായി ബി.ജെ.പിയുടെ വിവാദ എം.പിയും മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയുമായ പ്രജ്ഞാ സിങ് താക്കൂര്‍ രംഗത്ത്. ഗാന്ധിജി രാഷ്ട്രപിതാവല്ലെന്നും രാഷ്ട്രത്തിന്റെ പുത്രനാണെന്നുമായിരുന്നു പ്രജ്ഞയുടെ പ്രസ്താവന. തന്റെ മണ്ഡലമായ ഭോപ്പാലില്‍ നടന്ന പരിപാടിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു രാഷ്ട്രപിതാവിനെ നിന്ദിച്ചുള്ള പ്രജ്ഞയുടെ പ്രസ്താവന. മഹാത്മാഗാന്ധി രാജ്യത്തിന്റെ ‘പുത്രന്‍’ മാത്രമാണെന്നും അദ്ദേഹത്തെ എപ്പോഴും രാഷ്ട്രം സ്‌നേഹിക്കുകയും ഓര്‍മ്മിക്കുകയും ചെയ്യേണ്ടതുണ്ടെന്നും പ്രജ്ഞ പറഞ്ഞു.

മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി നഗരങ്ങളിലുടനീളം സംഘടിപ്പിച്ച ഗാന്ധി സങ്കല്‍പ്പ യാത്രയില്‍ ഒന്നില്‍പ്പോലും പ്രജ്ഞ സിങ് പങ്കെടുത്തിരുന്നില്ല. ഈ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ബി.ജെ.പിയുടെ ഗാന്ധി സങ്കല്‍പ് യാത്രയില്‍ പങ്കെടുക്കാതിരുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പ്രജ്ഞയുടെ വിവാദ പരാമര്‍ശം. ‘ഗാന്ധി രാജ്യത്തിന്റെ മകനാണ്, ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അതില്‍ കൂടുതല്‍ വിശദീകരണമൊന്നും നല്‍കേണ്ടതില്ല. മഹാത്മാഗാന്ധി നയിച്ച പാതയിലൂടെ ഞാന്‍ എന്നും സഞ്ചരിക്കും. ഞങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയ ആളുകളെ ഞങ്ങള്‍ തീര്‍ച്ചയായും ഓര്‍ക്കും. അവരുടെ പാത പിന്തുടരുകയും ആളുകള്‍ക്ക് ആ വഴി കാണിച്ചുകൊടുക്കുകയും ചെയ്യും’- അവര്‍ പറഞ്ഞു.

മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ പ്രജ്ഞ ജാമ്യത്തിലിറങ്ങിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭോപ്പാല്‍ സീറ്റില്‍ മല്‍സരിച്ചത്. നേരത്തെ മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ പ്രശംസിച്ചുള്ള പ്രജ്ഞയുടെ പ്രസ്താവന വിവാദമായിരുന്നു. ഗോഡ്‌സെ തികഞ്ഞ ദേശസ്‌നേഹിയാണെന്നായിരുന്നു പ്രജ്ഞ പറഞ്ഞത്. ഇതോടെ ബി.ജെ.പി നേതൃത്വം ശാസിച്ചതിനെത്തുടര്‍ന്ന് പരാമര്‍ശം അവര്‍ പിന്‍വലിക്കുകയായിരുന്നു.

Pragya Singh Thakur Calls Gandhi ‘Son of Nation’, Remains Absent from BJP’s ‘Sankalp Yatra’


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.