2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

അധികാരം ദൈവകരങ്ങളിലാണ്

രാജാവ് ആശാരിയെ തൂക്കിലേറ്റാന്‍ വിധിച്ചു. വിവരമറിഞ്ഞ ആശാരിക്ക് അന്നുറങ്ങാന്‍ കഴിഞ്ഞില്ല. ഭയക്രാന്തനായി അയാള്‍ നില്‍ക്കുന്നതു കണ്ടപ്പോള്‍ ഭാര്യ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: ”നിങ്ങള്‍ എന്നും ഉറങ്ങുന്നപോലെ ഉറങ്ങിക്കോളൂ, പേടി വേണ്ടാ.. നാഥന്‍ ഒന്നേയുള്ളൂ. കവാടങ്ങള്‍ അനേകമുണ്ട്.”
ഭാര്യയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ചെറിയൊരു ആശ്വാസം. ഉറക്കം വന്നില്ലെങ്കിലും അന്നു രാത്രി അയാള്‍ ഭാര്യയോടൊപ്പം കിടക്ക പങ്കിട്ടു.. പിറ്റേന്നു പ്രഭാതമായപ്പോഴതാ പുറത്തുനിന്നൊരു കാല്‍പെരുമാറ്റം.. വാതില്‍ മുട്ടുന്ന ശബ്ദം..
ഇടിത്തീ പോലെയായിരുന്നു അതയാള്‍ക്ക് അനുഭവപ്പെട്ടത്. നെഞ്ചിടിപ്പോടെ അയാള്‍ ചോദിച്ചു:
”ആരാണ്…?”
”ആരാച്ചാര്‍…!”
ആരാച്ചാര്‍…!!
ബോധം ക്ഷയിക്കാത്തതു ഭാഗ്യം. വാതില്‍ തുറക്കാന്‍ മാത്രം അയാള്‍ക്ക് ഊര്‍ജമുണ്ടായിരുന്നില്ല. ഭാര്യയാണ് സഹായിച്ചത്. വാതില്‍ തുറന്നപ്പോഴതാ തന്നെ കടിച്ചുകീറാന്‍ നില്‍ക്കുന്ന ഹിംസ്രജന്തുവിനെ പോലെ ആരാച്ചാര്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
”ഒരു ശവമഞ്ചം നിര്‍മിച്ചുതരണം…” ആരാച്ചാറുടെ കല്‍പന.
ശവമഞ്ചം..!
ആശാരിയുടെ മുട്ടുകള്‍ക്ക് വിറ കൂടി. മൂത്രമൊഴിച്ചുപോയിട്ടില്ലെന്നാണ് അറിവ്. ഒരക്ഷരം ഉരിയാടാന്‍ കഴിയാതെ നിന്നപ്പോള്‍ ഭാര്യ ആരാച്ചാറോട് ചോദിച്ചു: ”എന്തിനാണു ശവമഞ്ചം…?”
”ഇന്നലെ രാത്രി രാജാവ് മരണപ്പെട്ടിരിക്കുന്നു..!” ദുഃഖം കലര്‍ന്ന വാക്കുകള്‍..
ഹൊ! ഹിമാലയം ഞൊടിയിടകൊണ്ട് ഉരുകിയൊലിക്കുകയോ…? തന്റെ കാതുകള്‍ തനിക്കുവേണ്ടി തല്‍ക്കാലം സത്യം മറച്ചുവച്ചതാണോ..?
ആശാരിയുടെ അകത്തങ്ങളില്‍നിന്ന് അപ്പോള്‍ ഉയര്‍ന്നുവന്ന ഒരു നിശ്വാസമുണ്ട്. ആശ്വാസത്തിന്റെ നിശ്വാസം. അതുതിര്‍ത്തുവിട്ട വായുവിന്റെ ശക്തിയില്‍ ആരാച്ചാര്‍ വീണുപോയിട്ടുണ്ടെന്ന് കഥാകാരന്മാരാരും ഉദ്ധരിച്ചതായി കണ്ടിട്ടില്ല.

പ്രപഞ്ചത്തില്‍ നടക്കുന്നപലതും ഇങ്ങനെയൊക്കെയാണ്. മനുഷ്യന്‍ ഒന്നു കരുതും. ദൈവം വേറൊന്നു കരുതും. ഒടുവില്‍ ദൈവം കരുതിയത് നടക്കും.
മനുഷ്യന്‍ കൊതിക്കുന്നു, ദൈവം വിധിക്കുന്നു എന്നാണല്ലോ മൊഴി.
പ്രവാചകനായ ഇബ്‌റാഹീം(അ)നെ ഭീമാകാരമായ തീകുണ്ഠത്തിലേക്കാണ് ശത്രുക്കള്‍ എറിഞ്ഞുവീഴ്ത്തിയത്. കരിച്ചുകൊല്ലാന്‍തന്നെയായിരുന്നു പദ്ധതി. പക്ഷെ, ഒരു രോമത്തിനു പോലും പോറലേല്‍ക്കാതെ ദൈവം പ്രവാചകനെ അതില്‍നിന്നു രക്ഷപ്പെടുത്തി…!
എത്ര വലിയ അഗ്നിബാധയിലകപ്പെട്ടാലും രക്ഷപ്പെടില്ലെന്നു വിധിക്കരുത്. കടിഞ്ഞാണ്‍ ദൈവകരങ്ങളില്‍ ഭദ്രമാണ്. അവനെ വിശ്വസിക്കുക.
മുന്നില്‍ അലമാലകളലതല്ലുന്ന കടല്‍.. പിന്നില്‍ കടിച്ചുകീറാന്‍ വരുന്ന ഫറവോനും കൂട്ടരും. രക്ഷപ്പെടാന്‍ ഒരു വഴിയുമില്ല. ജീവന്‍ പോയതുതന്നെയെന്ന് പലരും ധരിച്ചു. പക്ഷെ, മൂസാ പ്രവാചകനെയും അനുയായികളെയും ആ കടലിലൂടെ ദൈവം രക്ഷപ്പെടുത്തി. പിടികൂടാനെത്തിയ ഫറോവയെയും കൂട്ടരെയും അതിലിട്ട് കൊല്ലുകയും ചെയ്തു..!
വഴികളെല്ലാം അടഞ്ഞതായി കണ്ടാലും രക്ഷപ്പെടില്ലെന്നു വിധിക്കരുത്. കടിഞ്ഞാണ്‍ മനുഷ്യന്റെ കൈയ്യിലല്ല, ദൈവകരങ്ങളിലാണ്. അവനില്‍ ഭരമേല്‍പിക്കുക.
വര്‍ഷങ്ങളോളമാണ് അയ്യൂബ് നബി(അ) മാരകരോഗത്തിനടിപ്പെട്ടു കഴിഞ്ഞത്. പലവിധ പരീക്ഷണങ്ങള്‍ക്കും വിധേയനാകേണ്ടി വന്നു. രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്നാണ് സാധാരണക്കാരന്‍ പറയുക. പക്ഷെ, നബിയുടെ രോഗം ദൈവം ഭേദമാക്കി. രോഗം ബാധിച്ചിട്ടേയില്ലാത്ത അവസ്ഥയിലേക്കാണു പിന്നീട് മാറ്റിമറിച്ചത്.
രോഗം മാറില്ലെന്ന് ഏറ്റവും വിദഗ്ധനായ ഡോക്ടര്‍ വിധിയെഴുതിയാലും രക്ഷപ്പെടില്ലെന്നു കരുതരുത്. കടിഞ്ഞാണ്‍ മനുഷ്യന്റെ കൈയ്യിലല്ല; ദൈവകരങ്ങളിലാണ്. അവനില്‍ ആശ്വാസം കണ്ടെത്തുക.

പ്രവാചകനായ യൂസുഫ്(അ)നെ സഹോദരങ്ങള്‍ കിണറ്റിലെറിഞ്ഞു. ജീവന്‍ പോയിട്ടുണ്ടാകുമെന്നാണു കരുതിയത്. പക്ഷെ, അതില്‍നിന്ന് ദൈവം അദ്ദേഹത്തെ രക്ഷപ്പെടുത്തി. പിന്നീട് അടിമച്ചന്തയില്‍ വില്‍പനച്ചരക്കായി മാറി. അതിനുശേഷം തികച്ചും അടിസ്ഥാനരഹിതമായ ഒരപവാദത്തിനിരയായി. പിന്നീട് ജയിലില്‍ കിടക്കേണ്ടിവന്നു. ഒടുവില്‍ ലഭിച്ചത് ഈജിപ്തിന്റെ രാജസ്ഥാനം…!
എത്ര വലിയ നിന്ദ്യതയും പീഡനവും സഹിക്കേണ്ടിവന്നാലും രക്ഷപ്പെടില്ലെന്നു വിധിക്കരുത്. കടിഞ്ഞാണ്‍ മനുഷ്യന്റെ കൈയ്യിലല്ല; ദൈവകരങ്ങളിലാണ്. അവനില്‍ പ്രതീക്ഷ കണ്ടെത്തുക.
ഈസാ പ്രവാചകനെ കുരിശിലേറ്റാനാണ് ജൂതലോബി ശ്രമിച്ചത്. പക്ഷെ, ദൈവം അദ്ദേഹത്തെ ആകാശത്തേക്കുയര്‍ത്തി. യൂനുസ് നബിക്ക് കടലിലെ മത്സ്യവയറ്റിലാണ് കിടക്കേണ്ടിവന്നത്. ഒരുപോറല്‍ പോലും ഏറ്റില്ലല്ലോ.. എത്രതവണയാണ് മരണമുഖത്തുനിന്ന് ദൈവം തമ്പുരാന്‍ അന്ത്യപ്രവാചകനെ രക്ഷപ്പെടുത്തിയത്..!
തീര്‍ന്നു എന്ന് നൂറുശതമാനം ഉറപ്പിക്കുന്ന രംഗത്തുനിന്നായിരിക്കും അത്യത്ഭുതകരമാംവിധം ദൈവം രക്ഷപ്പെടുത്തുക. മരണത്തിനു ഒരു സാധ്യതയുമില്ലാത്ത രംഗത്തുനിന്നായിരിക്കും ദയനീയമായ മരണവും നല്‍കുക. കടിഞ്ഞാണ്‍ വേറൊരാളുടെയും കൈയ്യിലല്ലല്ലോ. ദൈവകരങ്ങളില്‍ മാത്രം നിക്ഷിപ്തമാണത്. അതിനാല്‍ അവനില്‍ വിശ്വസിക്കുക. അവനില്‍ വിശ്വസിക്കുന്നവര്‍ക്ക് എവിടെയും രക്ഷതന്നെയായിരിക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.