2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പവറാകണം പവര്‍ബാങ്കുകള്‍

പവര്‍ബാങ്കുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍

ഹരികേഷ് മേനോന്‍

സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ ജീവിതത്തിന്റെ സമസ്തമേഖലകളും കയ്യടക്കിക്കഴിഞ്ഞു. ഒരു ദിവസത്തിന്റെ വലിയൊരു സമയവും സ്മാര്‍ട്ട്‌ഫോണുമായി മല്ലടിക്കുന്ന ഭൂരിഭാഗവും നേരിടുന്ന വലിയ ഒരു വെല്ലുവിളിയാണ് ഫോണിന്റെ കുറഞ്ഞ ബാറ്ററി ലൈഫ്. കൂടുതല്‍ സമയമുള്ള ഇന്റര്‍നെറ്റ് ഉപയോഗവും വീഡിയോ കാണലും ഗെയിമുകളുമാണ് ഫോണിന്റെ ബാറ്ററി കാര്‍ന്നു തിന്നുത്. പ്രത്യേകിച്ച്  യാത്ര ചെയ്യുന്നവരെയാണ് ഈ പ്രശ്‌നം രൂക്ഷമായി ബാധിക്കുന്നത്.

2

ഇതിനുള്ള ഒരു പരിഹാരമാണ് പവര്‍ബാങ്കുകള്‍. ഒരു പ്രാവശ്യം ചാര്‍ജ് ചെയ്തു സംഭരിക്കുകയും പിന്നീടു അതുപയോഗിച്ചു പല തവണ ഫോണോ മറ്റു ഗാട്ജറ്റുകളോ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്ന ഉപകരണമാണ് പവര്‍ബാങ്കുകള്‍. ഇന്നു വിപണിയില്‍ പല വിലയിലും കപ്പാസിറ്റിയിലുമുള്ള പവര്‍ബാങ്കുകള്‍ ലഭ്യമാണ്. ശ്രദ്ധിച്ചു വാങ്ങിയില്ലെങ്കില്‍ പണികിട്ടാന്‍ സാധ്യതയുള്ള സാധനമാണ് പവര്‍ബാങ്ക്. ഒരു പവര്‍ബാങ്ക് വാങ്ങിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ബാറ്ററിയുടെ തരം

രണ്ടു തരത്തിലുള്ള ബാറ്ററി ഉപയോഗിക്കുന്ന പവര്‍ബാങ്കുകള്‍ ഇന്നു ലഭ്യമാണ്, ലിഥിയം അയോണ്‍, ലിഥിയം പോളിമര്‍ എന്നിവയാണ് അവ. താരതമ്യേന ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നവയാണ് ലിഥിയം പോളിമര്‍ ബാറ്ററികള്‍. മിക്ക ബ്രാന്‍ഡഡ് കമ്പനികളുടെയും പവര്‍ബാങ്കുകളില്‍ ലിഥിയം പോളിമര്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഇവ ഭാരം കുറഞ്ഞതും, പ്രവര്‍ത്തനമികവും, സുരക്ഷയും കൂടിയവയുമാണ്. അതുകൊണ്ടുതന്നെ ഇവയ്ക്ക് വിലയും കൂടും. അതേ സമയം ആദ്യകാലം മുതല്‍ ഉപയോഗിക്കുന്നവയാണ് ലിഥിയം അയോണ്‍ ബാറ്ററികള്‍. വില കുറഞ്ഞ മിക്ക പവര്‍ബാങ്കുകളിലും ഇവയാണ് ഉപയോഗിക്കുന്നത്.

ബാറ്ററി കപ്പാസിറ്റി

പവര്‍ബാങ്ക് വാങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട ഘടകം അതിന്റെ കപ്പാസിറ്റി തന്നെയാണ്. ഒരു സമയം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പവറിനെയാണ് കപ്പാസിറ്റി എന്ന് പറയുന്നത്. സാധാരണഗതിയില്‍ ഇത് എം.എ.എച്ച് (mAh) എന്ന യൂണിറ്റില്‍ ബാറ്ററിയുടെ മുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കും. പക്ഷേ ഇത് യഥാര്‍ത്ഥ ഉപയോഗവുമായി താരതമ്യം ചെയ്യരുത്. എന്നു പറഞ്ഞാല്‍ 3000 mAh ഉള്ള ഒരു സ്മാര്‍ട്ട്‌ഫോണ്‍ 12000 mAh ഉള്ള ഒരു പവര്‍ബാങ്കുപയോഗിച്ച് 4 പ്രാവശ്യം ചാര്‍ജ് ചെയ്യാന്‍ കഴിയില്ലെന്നര്‍ത്ഥം. ബാറ്ററിയുടെ ഗുണനിലവാരക്കുറവുമൂലമുണ്ടാകുന്ന ചാര്‍ജ് ലീക്കേജും, സര്‍ക്യൂട്ട് ബോഡ് വഴിയുള്ള ഊര്‍ജ്ജ നഷ്ട്ടവുമൊക്കെയാണ് ഇതിനു കാരണം. രേഖപ്പെടുത്തിയ മൊത്തം സംഭരണശേഷിയുടെ ഏകദേശം 75% മാത്രം യഥാര്‍ത്ഥ സംഭരണശേഷിയായി കണക്കാക്കിയാല്‍ മതി. അതുകൊണ്ട് ഏറ്റവും കൂടുതല്‍ സംഭരണശേഷിയുളളതു പവര്‍ബാങ്ക് തന്നെ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക.

ചര്‍ജിംഗ് പോര്‍ട്ടുകളുടെ എണ്ണം

ഒരു ഔട്ട്പുട്ട് പോര്‍ട്ട് മാത്രമുള്ളവയായിരുന്നു ആദ്യകാല പവര്‍ബാങ്കുകള്‍. എന്നാല്‍ ഇന്ന് വ്യത്യസ്ത ആമ്പിയറിലുള്ള രണ്ടും, മൂന്നും പോര്‍ട്ടുകളോട് കൂടിയാണ് ഒരു വിധം പവര്‍ബാങ്കുകളും പുറത്തിറങ്ങുന്നത്. ചാര്‍ജ് ചെയ്യാന്‍ കൂടുതല്‍ ഉപകരണങ്ങളുണ്ടെങ്കില്‍ കൂടുതല്‍ പോര്‍ട്ടുകള്‍ ഉള്ളവ തിരഞ്ഞെടുക്കുക.

samsung-20000-mah-power-bank-sdl070093656-1-47663

മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ കൂടാതെ ചാര്‍ജിംഗ് ലെവല്‍ മനസ്സിലാക്കാനുള്ള ഇന്‍ഡിക്കേറ്റര്‍ ഉള്ള പവര്‍ബാങ്ക് വാങ്ങിക്കുക. വില കുറഞ്ഞ പവര്‍ബാങ്കുകളിലെ ബാറ്ററിയെ അത്ര വിശ്വസിക്കാനാകില്ല. മാത്രമല്ല സുരക്ഷയുടെ കാര്യത്തിലും അവ പിറകിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് പ്രൊട്ടക്ഷനും, ഓവര്‍ ചര്‍ജിംഗ് പ്രൊട്ടക്ഷനും, ഓവര്‍ ടെമ്പറേച്ചര്‍ പ്രൊട്ടക്ഷനുമുളള പവര്‍ബാങ്കുകള്‍ മാത്രം നോക്കി വാങ്ങുക.  200 രൂപയ്ക്കും, 300 രൂപയ്ക്കും 10000 mAh  പവര്‍ബാങ്കുകള്‍ എന്നൊക്കെ പറഞ്ഞു തട്ടിപ്പു സൈറ്റുകളില്‍ കാണുന്ന പരസ്യങ്ങള്‍ക്ക് തലവച്ചു കൊടുക്കാതിരിക്കുക. എല്ലാറ്റിനുമപ്പുറം വാങ്ങുന്ന സാധനത്തിന്റെ സര്‍വിസും, വാറണ്ടിയും ഉറപ്പുവരുത്തി മാത്രം വാങ്ങിക്കാന്‍ ശ്രദ്ധിക്കുക.

 


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.