2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

പോരിനു മുന്നില്‍ പ്രിയങ്ക

 

#യു.എം മുഖ്താര്‍
ന്യൂഡല്‍ഹി: നീണ്ടകാലത്തെ അനിശ്ചിതത്വത്തിനൊടുവില്‍ സജീവ രാഷ്ട്രീയത്തിലിറങ്ങാനും കോണ്‍ഗ്രസിന്റെ പോര്‍മുന ആവാനും പ്രിയങ്കാ ഗാന്ധി. ഇക്കാര്യം ഔദ്യോഗികമായി കോണ്‍ഗ്രസ് സ്ഥിരീകരിച്ചതോടെ പാര്‍ട്ടിയില്‍ ആവേശം കൊടുമുടിയിലെത്തി.
സമീപകാല തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പ്രചാരണവേദികളിലെ സജീവസാന്നിധ്യമായിരുന്നു പ്രിയങ്കയെങ്കിലും ഉത്തരവാദിത്തപ്പെട്ട ചുമതലയോടെ രാഷ്ട്രീയരംഗത്തിറങ്ങുന്നു എന്ന പ്രത്യേകതയാണുള്ളത്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ ചുമതല നല്‍കിയാണ് കോണ്‍ഗ്രസ് പ്രിയങ്കയെ സ്വാഗതം ചെയ്തത്. അടുത്തമാസം ആദ്യം പ്രിയങ്ക ചുമതലയേല്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയും മുഖ്യമന്ത്രി യോഗിആദിത്യനാഥിന്റെ തട്ടകമായ ഖൊരക്പൂരും ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ 40 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. ബി.ജെ.പിയുടെ ആറു കേന്ദ്രമന്ത്രിമാര്‍ ഈ മേഖലയില്‍ നിന്നാണ്.
മധ്യപ്രദേശ് ഘടകം അധ്യക്ഷന്‍ ജ്യോതിരാദിത്യ സിന്ധ്യയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് കോണ്‍ഗ്രസിന്റെ യുവതലമുറയിലെ പ്രധാനമുഖമായ സിന്ധ്യക്ക് നല്‍കിയിരിക്കുന്നത്. കര്‍ണാടകയുടെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുടെ പദവി കൂടി നല്‍കി. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു നേതൃത്വം നല്‍കിയതാണ് കെ.സിയെ ഈ സ്ഥാനത്തിന് അര്‍ഹനാക്കിയത്. കര്‍ണാടകയുടെ ചുമതലയില്‍ അദ്ദേഹം തുടരുന്നതിനൊപ്പമാണ് പുതിയ ചുമതല വഹിക്കുക. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന് ഹരിയാനയുടെ ചുമതല നല്‍കി.
നേരത്തേ തന്നെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനുള്ള കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയിലെ സജീവ മുഖമായിരുന്ന 47കാരിയായ പ്രിയങ്കയെ ഔദ്യോഗിക നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. അടുത്തിടെ കോണ്‍ഗ്രസ് അധികാരത്തിലേറിയ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതില്‍ പ്രിയങ്ക നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
പാര്‍ട്ടിയുടെ ചുമതല ലഭിക്കുകയും അനാരോഗ്യം മൂലം സോണിയാഗാന്ധി പൊതുപരിപാടികളില്‍ നിന്ന് ഏറക്കുറേ വിട്ടുനില്‍ക്കുകയും ചെയ്യുമ്പോള്‍ അവരുടെ മണ്ഡലമായ റായ്ബറേലിയില്‍ പ്രിയങ്ക മല്‍സരിക്കുമെന്ന് ഏറക്കുറേ ഉറപ്പായി. സോണിയാ ഗാന്ധി സജീവരാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങുമ്പോള്‍ ഇതുവരെ പിന്നണിയിലായിരുന്ന മകള്‍ പ്രിയങ്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക മുദ്ര ലഭിക്കുന്നുവെന്നതാണ് ഇന്നലത്തെ പ്രഖ്യാപനത്തിന്റെ സവിശേഷത. കോണ്‍ഗ്രസിന് തനിച്ചു ഭൂരിപക്ഷം ലഭിക്കുകയും രാഹുല്‍ പ്രധാനമന്ത്രിയാവുകയും ചെയ്താല്‍ പാര്‍ട്ടിയുടെ നേതൃത്വം പൂര്‍ണമായി പ്രിയങ്കക്കു ലഭിച്ചേക്കും.
1999ല്‍ റായ്ബറേലിയില്‍ സോണിയാ ഗാന്ധിക്കുവേണ്ടിയാണ് ആദ്യമായി പ്രിയങ്ക പ്രചാരണത്തിനിറങ്ങിയത്. ഉത്തര്‍പ്രദേശില്‍ നിന്ന് പരമാവധി സീറ്റുകള്‍ ലഭിച്ചാല്‍ മാത്രമേ രക്ഷപ്പെടൂവെന്ന് കോണ്‍ഗ്രസിന് അറിയാം. 2014 തെരഞ്ഞെടുപ്പില്‍ 80 മണ്ഡലങ്ങളുള്ള യു.പിയില്‍ സോണിയയുടെയും രാഹുലിന്റെയും മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.