2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

പോരാട്ട വീര്യം കാണിച്ച് കുഞ്ഞന്‍മാര്‍ പുറത്തേക്ക്

മോസ്‌കോ: റഷ്യന്‍ ലോകകപ്പ് തുടങ്ങി ആദ്യ റൗണ്ട് കളികള്‍ പൂര്‍ത്തിയായപ്പോള്‍ ഫുട്‌ബോളിലെ വമ്പന്‍മാര്‍ കിതക്കുന്ന കാഴ്ചയായിരുന്നു നാം കണ്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ സ്വന്തം ഗ്രൂപ്പിലുള്ള കുഞ്ഞന്‍മാര്‍ കാരണം രണ്ടാം റൗണ്ട് മുടങ്ങുമോ എന്ന് വരെ ആശങ്കപ്പെട്ട് പോയ ടീമുകള്‍. ഗ്രൂപ്പ് എയില്‍ ഏഷ്യന്‍ ശക്തി സഊദിയും ഈജിപ്തും മറ്റുടീമുകള്‍ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തിയിട്ടില്ല. അവസാന മത്സരത്തില്‍ ഈജിപ്തിനെ തോല്‍പിച്ചാണ് സഊദി മടങ്ങിയത്.

ഗ്രൂപ്പ് ബിയില്‍ സ്‌പെയിനിന്റെയും പോര്‍ച്ചുഗലിന്റെയും ആദ്യ മത്സരത്തിലെ സമനില കാരണം ഇരു ടീമുകള്‍ക്കും സമനില തെറ്റി. അടുത്ത മത്സരത്തില്‍ മൊറോക്കോയും ഇറാനും പോര്‍ച്ചുഗലിനെയും സ്‌പെയിനിനേയും വിറപ്പിച്ചു നിന്നു. സ്‌പെയിന്‍ മൊറോക്കോ മത്സരം സമനിലയില്‍ അവസാനിച്ചു. സ്‌പെയിന്‍-ഇറാന്‍ മത്സരത്തില്‍ മാത്രമാണ് സ്‌പെയിനിന് ജയിക്കാനായത്.
അതും ഒരു ഗോളിന്റെ ലീഡില്‍ മാത്രം. പോര്‍ച്ചുഗലും ഇറാനും തമ്മിലുള്ള മത്സരവും സമനിലയിലായിരുന്നു. മൊറോക്കോക്കെതിരേയുള്ള മത്സരത്തില്‍ മാത്രമായിരുന്നു പോര്‍ച്ചുഗലിന് ജയിക്കാനായത്. ഇറാന്‍ മൊറോക്കോ മത്സരത്തില്‍ ഇറാന്റെ കൂടെയായിരുന്നു ജയം.

ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സ് വെല്ലുവിളികളില്ലാതെയായിരുന്നു പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. ആദ്യ രണ്ട് മത്സരത്തിലും ജയിച്ച ഫ്രാന്‍സ് ഡെന്‍മാര്‍ക്കുമായി സമനിലയില്‍ പിരിഞ്ഞു. ഡി ഗ്രൂപ്പിലെ കണക്കുകളും കളികളും മാറി മറിയുന്നതായിരുന്നു. വമ്പന്‍മാരായ അര്‍ജന്റീന പ്രീക്വാര്‍ട്ടറിലെത്താന്‍ ഒരുപാട് വിയര്‍ത്തു. സ്വന്തം മത്സരത്തിന്റെ ഫലവും മറ്റുമത്സരത്തിന്റെ ഫലവും ഗോള്‍ ശരാശരിക്കും വേണ്ടി വരെ അര്‍ജന്റീന കാത്തിരുന്നു. ഗ്രൂപ്പ് ഇയില്‍ കാര്യം മറിച്ചായിരുന്നില്ല. ഗ്രൂപ്പിലെ കണക്കുകള്‍ കൂട്ടിയും കിഴിച്ചും തന്നെയായിരുന്നു ബ്രസീലും പ്രീക്വാര്‍ട്ടറിലെത്തിയത്. ആദ്യത്തെ മത്സരം സമനിലയില്‍ കലാശിച്ചതോടെ അവസാനത്തെ മത്സരം വരെ ബ്രസീലിന് കാത്തിരിക്കേണ്ടി വന്നു.

എഫ് ഗ്രൂപ്പിലായിരുന്നു ഈ ലോകകപ്പിലെ ഏറ്റവും വലിയ നാടകീയത. നിലവിലെ ചാംപ്യന്‍മാരായ ജര്‍മനി ദക്ഷിണകൊറിയയോട് അടിയറവ് പറഞ്ഞ് ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത് പോയി. ജാക്വം ലോയും സംഘവും ആവുന്നത്ര ശ്രമിച്ചിട്ടും കൊറിയന്‍ പ്രതിരോധം തകര്‍ക്കാനായില്ല. മിന്നുന്ന പ്രകടനവുമായി സ്വീഡന്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തി. ജി ഗ്രൂപ്പില്‍ മാത്രമാണ് പ്രതീക്ഷകളും പ്രവചനങ്ങളും കാത്ത മത്സരമുണ്ടായത്. ഇംഗ്ലണ്ടും ബെല്‍ജിയവും മികച്ച വിജയവുമായിട്ടാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. തുണീഷ്യ മികച്ച പ്രകടനവുമായിട്ടായിരുന്നു ലോകകപ്പില്‍ നിന്ന് വിട പറഞ്ഞത്. എടുത്തു പറയാനുള്ള നേട്ടങ്ങളൊന്നുമില്ലാതെ പാനമയും റഷ്യയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി.

നാടകീയത നിറഞ്ഞ മത്സരത്തിനൊടുവിലായിരുന്നു ഗ്രൂപ്പ് എച്ചില്‍ നിന്ന് കൊളംബിയയുട പ്രീക്വാര്‍ട്ടര്‍ പ്രവേശനം. ആദ്യ മത്സരത്തില്‍ തോറ്റ കൊളംബിയ തുടര്‍ച്ചയായ രണ്ട് മത്സരത്തിലും ജയിച്ചാണ് പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചത്. സമനില പിടിച്ചാലും സെനഗലിന് പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ ഉണ്ടായിരുന്നു. പക്ഷെ കൊളംബിയക്കെതിരേയുള്ള മത്സരത്തില്‍ സെനഗലിന്റെ സമനില തെറ്റി.
ഇതേ ഗ്രൂപ്പില്‍ നിന്ന് ദയനീയമായി പോളണ്ട് പുറത്ത് പോയി. ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ പോളണ്ട് അവസാന മത്സരത്തില്‍ ജപ്പാനെ ഒരു ഗോളിന് തോല്‍പിച്ചു. എല്ലാ വമ്പന്‍ാമാരെയും യഥാര്‍ഥത്തില്‍ വിറപ്പിച്ചു തന്നെയാണ് കുഞ്ഞന്‍ ടീമുകള്‍ റഷ്യയില്‍ നിന്ന് വിടവാങ്ങുന്നത്. ഏഷ്യയില്‍ നിന്നുള്ള സഊദി അറേബ്യ, ഇറാന്‍, ആസ്‌ത്രേലിയ, ദക്ഷിണകൊറിയ എന്നീ ടീമുകളും ആഫ്രിക്കയില്‍ നിന്നുള്ള ഈജിപ്ത്, മൊറോക്കോ, നൈജീരിയ, തുണീഷ്യ, സെനഗല്‍ എന്നീ ടീമുകളും നെഞ്ചുവിരിച്ചു തന്നെയാണ് നാട്ടിലേക്ക് മടങ്ങുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.