2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

‘ന്യൂനപക്ഷ സംരക്ഷണത്തിനായി പോരാടുന്ന’ പോപുലര്‍ ഫ്രണ്ടില്‍ നിന്നു രാജിവച്ചാല്‍ തെരുവില്‍ വെട്ടും കൊല്ലാ കൊലയും- Vedio

  • 20 വര്‍ഷത്തോളമായി സംഘടനയില്‍ പ്രവര്‍ത്തിച്ചുവരുന്ന കുഞ്ഞിമോനെ പാര്‍ട്ടി വിട്ടതിന്റെ പേരില്‍ വധിക്കാന്‍ ശ്രമിച്ചത് പന്ത്രണ്ടോളം എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍
  • സംഘടനക്കുള്ളിലെ രഹസ്യ തീരുമാനങ്ങളും നീക്കങ്ങളും അറിയാവുന്ന ആളായിരുന്നു കുഞ്ഞിമോനില്‍

റാഫി കൂട്ടായി

 

തിരൂര്‍: അഭിപ്രായ സ്വാതന്ത്ര്യം നിലനിര്‍ത്താനും വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനുമുള്ള പൗരന്റെ അവകാശത്തിനു വേണ്ടി സംസാരിക്കുന്ന പോപുലര്‍ ഫ്രണ്ടിനു സംഘടന വിട്ടവരോട് കലിയും കലിപ്പും തീരുന്നില്ല. ഹാദിയയുടെ മതം മാറാനുള്ള പോരാട്ടത്തിനു സഹായം ചെയ്ത സംഘടനക്കു പ്രസ്ഥാനം വിടാനുള്ള ഒരു പ്രവര്‍ത്തകന്റെ സ്വാതന്ത്ര്യം അംഗീകരിക്കാനാവാത്തതു എന്തു കൊണ്ടാണ്?

എന്‍.ഡി.എഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളിലായി 20 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന പറവണ്ണ അഴീക്കല്‍ സ്വദേശി ചൊക്കന്റെ പുരക്കല്‍ കുഞ്ഞിമോന്‍(43)നെ പാര്‍ട്ടി വിട്ടതിന്റെ പേരില്‍ കഴിഞ്ഞ ദിവസം വധിക്കാന്‍ ശ്രമിച്ചത് പന്ത്രണ്ടോളം എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ്. ഇദ്ദേഹം സംഘടനയുടെ പറവണ്ണ മേഖലാ പ്രസിഡണ്ടായിരുന്നു.

ന്യൂനപക്ഷങ്ങള്‍ തെരുവില്‍ അക്രമിക്കപ്പെടുമ്പോള്‍ പ്രതിരോധം തീര്‍ക്കുമെന്നു പറയുന്ന പോപ്പുലര്‍ഫ്രണ്ട് തന്നെയാണ് മാസങ്ങള്‍ക്കു മുമ്പ് സഹപ്രവര്‍ത്തകനായിരുന്നയാളെ പട്ടാപകല്‍ ക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കുഞ്ഞിമോനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ ലീഗ് പ്രവര്‍ത്തകന്‍കൂടിയായ സഹോദരന്‍ പറവണ്ണ പുത്തങ്ങാടി മുഹമ്മദ് റാഫി(40)ക്കും അക്രമികളുടെ കുത്തേറ്റു.

 

 

സിപിഎം വിട്ട ടിപി ചന്ദ്രശേഖരനെ 51 വെട്ടുകളാല്‍ കൊലപ്പെടുത്തിയത് രാഷ്ട്രീയ കേരളത്തിന് ഇന്നും മറക്കാനായിട്ടില്ല. ബദല്‍ പാര്‍ട്ടിയോ സംവിധാനമോ ഒരുക്കുമെന്നതിലല്ല കുഞ്ഞിമോനെ പോപ്പുലര്‍ ഫ്രണ്ട് ഭയപ്പെട്ടിരുന്നത്. സംഘടനക്കുള്ളിലെ ചില രഹസ്യ തീരുമാനങ്ങളും നീക്കങ്ങളും അറിയാവുന്ന ആളെന്നതായിരുന്നു കുഞ്ഞിമോനില്‍ ഇവരുടെ ഭയം. സംഘടന വിട്ട കുഞ്ഞിമോനെ നിരന്തരമായി വേട്ടയാടിക്കൊണ്ടിരുന്ന പോപ്പുലര്‍ഫ്രണ്ട് ഒടുവില്‍ മരണക്കുഴിയിലേക്ക് തള്ളിവിടാനുള്ള ശ്രമത്തിലായിരുന്നു. അക്രമ സമയത്ത് രക്ഷിക്കാന്‍ വന്ന മുസ്ലീംലീഗ് പ്രവര്‍ത്തകനായ സഹോദരന്‍ മുഹമ്മദ് റാഫിക്കും അക്രമികളുടെ കുത്തേറ്റു. അവര്‍ തന്റെ സഹോദരനെ കൊല്ലാന്‍ വന്നതായിരുന്നുവെന്നും അവനെ തടയുന്നതിനിടയില്‍ എനിക്കും അനവും കുത്തേല്‍ക്കുകയായിരുന്നുവെന്നും കുഞ്ഞിമോന്റെ സഹോദരന്‍ റാഫി സുപ്രഭാതത്തോട് പറഞ്ഞു. കുത്തില്‍ പുറത്ത് ആഴത്തില്‍ മുറിവേറ്റ കുഞ്ഞിമോന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്.

വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വാക്കാട് നിന്നും പറവണ്ണ ഭാഗത്തേക്ക് ബൈക്കില്‍ വരുന്ന കുഞ്ഞിമോനെ വകവരുത്താനായി കാഞ്ഞിരക്കുറ്റിയില്‍ ഒരു സംഘം മാരകായുധങ്ങളുമായി തമ്പടിച്ചിരുന്നു. ഈ വിവരം സ്ഥലം എസ്.ഐയെ നാട്ടുകാര്‍ വിവരമറിയിച്ചിരുന്നു. എന്നാല്‍ പൊലീസ് എത്തുംമുമ്പ് കുഞ്ഞിമോന്‍ സംഘത്തിന്റെ പിടിയിലകപ്പെട്ടിരുന്നു. പാര്‍ട്ടിയിലേക്ക് തിരിച്ചു വരണമെന്നായിരുന്നു ആയുധവുമായി എത്തിയ സംഘം ആവശ്യപ്പെട്ടത്. വഴങ്ങാതിരുന്നതോടെ സംഘത്തിലുള്ള ഒരാള്‍ കുഞ്ഞിമോനെ താഴെ തള്ളിയിട്ടു. തലങ്ങും വിലങ്ങും അക്രമിക്കാന്‍ തുടങ്ങി. ഇതുകണ്ടാണ് സഹോദരന്‍ മുഹമ്മദ് റാഫി എത്തിയത്. സംഘര്‍ഷാവസ്ഥ ശമിപ്പിക്കാന്‍ ശ്രമിച്ച റാഫിയെയും ക്രൂരമായി സംഘം മര്‍ദിക്കാന്‍ തുടങ്ങി. ഇതിനിടെ കുഞ്ഞിമോന്റെ പുറത്ത് ഇടതു ഭാഗത്തായി സംഘത്തിലുള്ള ഒരാള്‍ കത്തികൊണ്ട് കുത്തി. തടയാന്‍ ശ്രമിച്ച റാഫിയുടെ മുഖത്തും കുത്തിയ ശേഷം സംഘം കടന്നുകളഞ്ഞു. ഇരുവരെയും ആശുപത്രിയിലെത്തിച്ച ശേഷമായിരുന്നു തിരൂര്‍ സി.ഐ, എസ്.ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നത്.

 

എട്ട് മാസം മുമ്പാണ് പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകളില്‍ നിന്ന് കുഞ്ഞിമോന്‍ വിടുന്നത്. തെങ്ങ് കയറ്റ തൊഴിലാളിയായ കുഞ്ഞിമോനില്‍ സംഘടന ചില ചുമതലകള്‍ അധികമായി നല്‍കിയിരുന്നു. ഇതിലെ എതിര്‍പ്പും സംഘടനക്കുള്ളിലെ പരസ്പര പോരുമാണ് സംഘടന വിടാന്‍ കുഞ്ഞിമോനെ പ്രേരിപ്പിച്ചത്. മുമ്പും പലതവണ ഇതേ സംഘം തന്നോട് പാര്‍ട്ടിയിലേക്ക് തിരിച്ചു വരാന്‍ ആവശ്യപ്പെട്ടതായും ഇല്ലെങ്കില്‍ വീടും വാഹനവും കത്തിച്ചുകളയുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും കുഞ്ഞിമോന്‍ പറഞ്ഞു. തിരൂര്‍ ആലത്തിയൂര്‍ ബിബിന്‍ വധക്കേസിലെ പ്രതിയായ കാഞ്ഞിരക്കുറ്റി സ്വദേശി തുഫൈല്‍ ഉള്‍പ്പടെയുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നും മുഹമ്മദ് റാഫി പറഞ്ഞു. തുഫൈലാണ് തന്നെ കുത്തിയതെന്നും പന്ത്രണ്ടോളം പേര്‍ ആയുധങ്ങളുമായി കൂടെയുണ്ടായിരുന്നതായും കുത്തേറ്റ ഇരുവരും പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

അറിയാവുന്ന ഏഴ് പേരേയും കണ്ടാലറിയാവുന്ന അഞ്ച് പേരേയും ഉള്‍പെടുത്തി 12 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി തിരൂര്‍ എസ്.ഐ കെജെ ജിനേശ് പറഞ്ഞു. പ്രതികളെല്ലാം പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകാണ്. എല്ലാ പ്രതികളുടെയും വീടുകളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് ഇവര്‍ക്കായി പൊലീസ് വലവിരിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ ആസൂത്രിതമായ നീക്കങ്ങളാണെന്നാണ് പൊലീസ് നിഗമനം. മാസങ്ങളായി സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന തീരദേശത്ത് വീണ്ടും അക്രമമുണ്ടായത് പൊലീസ് ഗൗരവമായാണ് കാണുന്നത്. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

ഇഷ്ടമുള്ള പാര്‍ട്ടിയിലും സംഘടനയിലും ചേരാനും ഒഴിയാനുമുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കെ മുമ്പ് പ്രദേശത്ത് കേട്ടുകേള്‍വിയില്ലാത്ത സംഭവം നാട്ടുകാരിലും നടുക്കമുണ്ടാക്കിയിട്ടുണ്ട്. സംഘടന വിട്ടയാളെ നിരന്തരം വേട്ടയാടി ആക്രമിക്കുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് പരമ്പരാഗത രാഷട്രീയ പാര്‍ട്ടി നേതാക്കളും പറയുന്നു. അതേസമയം, പറവണ്ണ സംഘര്‍ഷത്തില്‍ എസ്.ഡി.പി.ഐക്ക് പങ്കില്ലെന്നും കുഞ്ഞിമോനെ നേരത്തെ എസ്ഡിപിഐയില്‍ നിന്ന് പുറത്താക്കിയതാണെന്നും എസ്ഡിപിഐ തിരൂര്‍ മണ്ഡലം കമ്മിറ്റി വാര്‍ത്താ കുറിപ്പിലൂടെ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News