2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

പൂക്കോയതങ്ങളുടെ മതേതരത്വം കൊളാടി ഗോവിന്ദന്‍കുട്ടിയുടേയും

പി.ഖാലിദ് 8589 984479

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.പുണ്യ റമദാന്‍ കാലം. ആ മാസത്തിലായിരുന്നു സി.പി.ഐയുടെ സമുന്നത നേതാവും എം.എല്‍.എയുമായിരുന്ന കൊളാടി ഗോവിന്ദന്‍ കുട്ടിയുടെ മകളുടെ കല്യാണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും സ്‌നേഹമസൃണമായ ഒരുബന്ധം അദ്ദേഹം പുലര്‍ത്തിയിരുന്നു. പാണക്കാട് പൂക്കോയ തങ്ങളുമായി അദ്ദേഹത്തിന് ഒരാത്മബന്ധം തന്നെയുണ്ടായിരുന്നു.
സി.പി.ഐ നേതാവ് എന്നതിലുപരി മലപ്പുറം ജില്ലയിലെ പ്രമുഖ വ്യക്തിത്വത്തിന്നുടമയായിരുന്നു പൊന്നാനിക്കാരനായിരുന്ന കൊളാടി. അതിനാല്‍ തന്നെ വമ്പിച്ചൊരു പുരുഷാരം വിവാഹത്തില്‍ പങ്കുകൊള്ളാനെത്തിയിരുന്നു.
ജില്ലയില്‍ അന്ന് ഡി.സി.സി പ്രസിഡന്റായിരുന്ന ആര്യാടന്‍ മുഹമ്മദും എത്തിയിരുന്നു. ‘സദ്യ വിളമ്പാറായില്ലേ’ എന്ന കുശലാന്വേഷണത്തോടെയാണ് അദ്ദേഹം കൊളാടിയുടെ വീട്ടിലെ കല്യാണ പന്തലിലേക്ക് പ്രവേശിച്ചത്. റമദാന്‍ കാലമായിട്ടും തന്റെ മതേതരത്വ സ്വഭാവം അദ്ദേഹം കല്യാണ പന്തലില്‍ പ്രകടിപ്പിച്ചത് കണ്ട് പലരും ചിരിച്ചു.
അതിനിടയിലാണ് മൃദുസ്‌മേരവുമായി, പ്രാര്‍ഥനാഭരിതമായ ജീവിതം നയിച്ചു പോന്ന പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ കടന്നു വന്നത്.കൊളാടി ഓടിച്ചെന്നു അദ്ദേഹത്തെ സ്വീകരിച്ചിരുത്തി. അത് വരെ ബഹളമയമായിരുന്ന കല്യാണ പന്തല്‍ എത്ര പെട്ടെന്നാണ് നിശബ്ദമായത്.
തങ്ങള്‍ക്ക് കുടിക്കാനെന്താണ് എടുക്കേണ്ടത്. കൊളാടി പൂക്കോയ തങ്ങളോടു ചോദിച്ചു.’ഒന്നും വേണ്ട ഞാന്‍ നോമ്പുകാരനാണ്’ തങ്ങള്‍സൗമ്യമായി മറുപടി പറഞ്ഞു. അത് കേട്ട് നിന്നവരില്‍ നാനാജാതി മതസ്ഥരുണ്ടായിരുന്നു. ചിലര്‍ നാരങ്ങ വെള്ളം കുടിക്കുന്നുണ്ടായിരുന്നു. ചിലര്‍ സിഗരറ്റ് പുകയ്ക്കുന്നുണ്ടായിരിന്നു.
തങ്ങളുടെ മറുപടി കേട്ടപ്പോള്‍ നാരങ്ങവെള്ളം കുടിക്കുകയായിരുന്നവര്‍ അത് മാറ്റി വച്ചു. സിഗരറ്റ് പുകയ്ക്കുന്നവര്‍ അത് ദൂരേക്ക് കളഞ്ഞു. തന്റെ മതത്തിന്റെ ശാസനകള്‍ ഏത് ഘട്ടത്തിലും ഉയര്‍ത്തിപ്പിടിക്കുന്നവനെ സമൂഹം ആദരിക്കുമെന്നും ‘മതേതരത്വ’ത്തിന്റെ പേരില്‍ സ്വന്തം മതത്തെ പൊതു സമൂഹത്തില്‍ അവഹേളിക്കുന്നവനെ അന്നേരം ജനങ്ങള്‍ ചിരിച്ചു പ്രോത്സാഹിപ്പിക്കുമെങ്കിലും ഉള്ളാലെ പുഛിക്കുമെന്നും വിളിച്ച് പറഞ്ഞ സംഭവം…
ഒരു നേതാവ് എങ്ങിനെയായിരിക്കണമെന്ന് ജനത അവരില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. തന്റെ ജനത എന്താണ് തന്റെ ഉടുപ്പിലും നടപ്പിലും പ്രതീക്ഷിക്കുന്നതെന്ന് നേതാവും ഓര്‍മിച്ചു കൊണ്ടിരിക്കണം.
************************************************
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ‘ ചേരിചേരാ രാഷ്ട്രത്തലവമാരുടെ സമ്മേളനം വിദേശത്ത് നടക്കുകയാണ്. ഫിദല്‍ കാസ്‌ട്രോ, കമാല്‍ അബ്ദുല്‍ നാസര്‍, ഇന്ദിരാഗാന്ധി തുടങ്ങിയ മഹാരഥന്മാര്‍ പങ്കെടുത്ത അതി മഹത്തായ ഉച്ചകോടി.
സമ്മേളനാനന്തരം നടന്ന കലാപരിപാടികളില്‍ രാഷ്ട്രത്തലവന്മാരും പങ്കെടുത്തു. പലരും നൃത്തം ചെയ്യുന്നുണ്ടായിരുന്നു. അവരില്‍ ചിലര്‍ ഇന്ദിരാഗാന്ധിയോട് ചോദിച്ചു
‘മാഡത്തിന് നൃത്തമറിയില്ലേ എന്താണ് ഡാന്‍സ് ചെയ്യാത്തത് ‘
ഇന്ദിരാഗാന്ധി അതിനു മറുപടി പറഞ്ഞു
‘എനിക്ക് ഡാന്‍സ് അറിയാം പക്ഷെ എന്റെ ജനത എന്നെ ആ നിലയില്‍ കാണാന്‍ ഇഷ്ടപ്പെടുന്നില്ല’
നിലവിട്ട് പെരുമാറുന്ന നേതാവിനെ ഒരിക്കലും അനുയായികള്‍ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുകയില്ലെന്നു പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെയും ഇന്ദിരാഗാന്ധിയുടെയും ജീവചരിത്രത്തിലെ ഇത്തരം മുഹൂര്‍ത്തങ്ങള്‍ നമ്മളോട് വിളിച്ച് പറയുന്നുണ്ട്.

*************************************************
ഖുലഫാഉ റാഷിദുകളുടെ ഗണത്തിലാണ് ( അബൂബക്കര്‍ (റ) ഉമര്‍ (റ) ഉസ്മാന്‍(റ) അലി(റ) ) അമവീ ഖലീഫയായ ഉമറുബ്‌നു അബ്ദുല്‍ അസീസ് (റ) ഖലീഫയേയും ഗണിക്കപ്പെടുന്നത്. ധനാഢ്യനായിരുന്ന ഉമറുബ്‌നു അബ്ദുല്‍ അസീസ് ഖലീഫയായി തെരഞ്ഞെടുക്കപ്പെടുന്നത് വരെ സുഖസമ്പൂര്‍ണമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. അറേബ്യയുടെ ഭരണാധികാരിയായി തെരഞ്ഞെടുക്കപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ ഉമറുബ്‌നു അബ്ദുല്‍ അസീസ് അറിയാതെ ഉച്ചരിച്ചു പോയി: ലാ ഹൗല വ ലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്….
ഖലീഫയായി തീര്‍ന്ന കുബേരനായിരുന്ന ഭരണാധികാരി അവസാനം പരിമ ദരിദ്രനായാണ് മരണപ്പെട്ടത്. അറേബ്യന്‍ രാജാവിന്റെ മകന്‍ വിശപ്പ് സഹിക്ക വയ്യാതെ ബൈത്തുല്‍ മാലിലേക്ക് വന്ന പഴക്കൂമ്പാരത്തില്‍ നിന്ന് ഒന്നെടുത്തപ്പോള്‍ രാജാവായ ഉമറുബ്‌നു അബ്ദുല്‍ അസീസ് ഓടി വന്ന് മകന്റെ കൈയില്‍ നിന്നു ബലമായി പിടിച്ചു വാങ്ങി കൂമ്പാരത്തിലേക്ക് തന്നെയിട്ടു. അത് കണ്ട് നിന്ന രാജ്ഞി കരഞ്ഞുകൊണ്ട് രാജാവി നോട് ചോദിച്ചു: ‘വിശപ്പ് സഹിക്കാനാവാഞ്ഞിട്ടല്ലേ’
ഉമറുബ്‌നു അബ്ദുല്‍ അസീസ് അതിന് മറുപടി പറഞ്ഞു: ഇത് നമ്മുടേതല്ല എന്റ മകന്‍ ഇതില്‍ നിന്നൊരെണ്ണം എടുത്ത് കഴിച്ചാല്‍ നാളെ മരിച്ച് ചെന്നിട്ട് ഞാന്‍ അല്ലാഹു വിനോട് എന്ത് മറുപടി പറയും. അതാണ് ഭരണാധികാരി അതാണ് നേതാവ്. അങ്ങിനെയായിരിക്കണം നേതാക്കളും ഭരണകര്‍ത്താക്കളും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.