2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

തൊള്ള ബിരിയാണി തിന്നാനാവില്ല

പിണങ്ങോട് അബൂബക്കര്‍ 9847700450

ഴയകാലത്ത് വടക്കേമലബാറില്‍ പാടത്ത് ഞാറു പറിക്കുകയും നടുകയും ചെയ്തിരുന്നത് അധികവും സ്ത്രീകളായിരുന്നു. പാടത്തു പണിയെടുത്തിരുന്ന പെണ്ണുങ്ങള്‍ നേരമ്പോക്കിനു വേണ്ടി വരമ്പിലൂടെ നടന്നുപോകുന്നവരെക്കുറിച്ചു വായില്‍ തോന്നുന്നതൊക്കെ പാടും. അങ്ങനെയാണ് ‘വായയില്‍ തോന്നിയത് കോതയ്ക്കു പാട്ട് ‘ എന്ന പ്രയോഗമുണ്ടായത്.
തെരഞ്ഞെടുപ്പു കാലത്ത് ഇങ്ങനെ ചില തോന്നലുകളും പറയലുകളുമുണ്ട്. മിക്കവരും അതു രേഖയാക്കി പ്രകടനപത്രികയെന്നു പറഞ്ഞ് ഇറക്കും. പിന്നീട് ആ വഴി പ്രകടനവും നടക്കില്ല. 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി പാറിപ്പറന്നു നടത്തിയ പ്രസംഗങ്ങള്‍ അധികവും ജയിച്ചുകയറിയപ്പോള്‍ ഓര്‍ത്തതേയില്ല. അതൊക്കെ ഒരുതരം രാഷ്ട്രീയനാടകമായിരുന്നെന്നു നിതിന്‍ ഗഡ്കരി പിന്നീട് കുമ്പസാരം നടത്തിയിട്ടുണ്ട്.
ഒരു കോടി ചെറുപ്പക്കാര്‍ക്ക് ഓരോ വര്‍ഷവും തൊഴില്‍. 15 ലക്ഷം രൂപ വീതം എല്ലാ പൗരന്മാരുടെയും ബാങ്കില്‍. അഴിമതി കാണിക്കില്ല, കാണിച്ചവരെ വെറുതെ വിടില്ല. ആ മോദി, ദേ വന്നു ദാ പോയി എന്നതാണ് അവസ്ഥ. അടല്‍ ബിഹാരി വാജ്‌പേയി ‘ഭാരതം തിളങ്ങുകയാ’ണെന്നാണു പറഞ്ഞത്. ഫലം വന്നപ്പോള്‍ വാജ്‌പേയി ഒതുങ്ങി. നരേന്ദ്രമോദിക്കും ചരിത്രം കരുതിവച്ച ശിക്ഷ മറ്റൊന്നാവാനിടയില്ല.

വാഗ്ദാനം

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യം അധികാരത്തില്‍ വന്നാല്‍ സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണമേര്‍പ്പെടുത്തുമെന്നു രാഹുല്‍ഗാന്ധി പറഞ്ഞിട്ടുണ്ട്. നിയമസഭകളിലേയ്ക്കും പാര്‍ലമെന്റിലേയ്ക്കും 33 ശതമാനം സ്ത്രീ സംവരണത്തിനു നിയമനിര്‍മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പ്രിയങ്കാഗാന്ധിയെ വടക്കേയിന്ത്യയിലിറക്കിയും സംവരണ കാര്‍ഡിറക്കിയും കുറച്ചധികം വനിതാവോട്ടു സമാഹരിക്കാനാണു ഭാവമെങ്കില്‍ നല്ലതു തന്നെ. പക്ഷേ, നടക്കുന്നതേ പറയാവൂ, നടത്താന്‍ കഴിയുന്നതേ പറയാവൂ.
ഭാരതത്തിന്റെ പ്രശ്‌നം ഇതൊന്നുമല്ലല്ലോ. ഇന്ത്യയില്‍ പെണ്ണുങ്ങള്‍ മാത്രമല്ല, ആണുങ്ങളും വികസിക്കണം. ഇന്ത്യ ഒന്നിച്ചു വളര്‍ന്നാല്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും നേട്ടം അനുഭവിക്കാനാകും. ദേശീയ തൊഴിലുറപ്പു പദ്ധതി, ഭക്ഷ്യസുരക്ഷാ പദ്ധതി, വിവരാവകാശ നിയമം, ബാങ്ക് ദേശസാല്‍ക്കരണം തുടങ്ങി ഏതാനും കാര്യങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ പറയത്തക്ക ചലനം സൃഷ്ടിച്ച എത്ര നിയമങ്ങള്‍ പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടാക്കാനായി.

ബഹന്‍ജി

ഇന്ത്യയിലൊരു സംസ്ഥാനത്തും കോണ്‍ഗ്രസുമായി സഖ്യമില്ലെന്നു മായാവതി വെറുതെ പറയുന്നതല്ല. ഫലം പുറത്തുവന്ന ശേഷം ബി.ജെ.പിയെ കൂട്ടുപിടിച്ചാണെങ്കിലും പ്രധാനമന്ത്രിയാകാന്‍ കഴിയുമോയെന്നാണ് അവരുടെ ചിന്ത. ഇമ്മാതിരി കുത്സിതചിന്തക്കാര്‍ക്ക് ഇന്ത്യന്‍ സ്ത്രീത്വത്തെക്കുറിച്ചു മതിപ്പു സൃഷ്ടിച്ചു പരിഹാരവാതിലുകള്‍ തുറക്കാനാവില്ല. ഫാഷിസത്തെ തടയാനായെങ്കിലും തെരഞ്ഞെടുപ്പു ഗോദ ഉപയോഗിക്കണമെന്ന പക്വത കാണിക്കാന്‍ കഴിയാത്ത വനിതാ നേതൃത്വങ്ങളുടെ പിടിയിലാണു ഭാരതം. തമിഴ്‌നാട്ടിലെ ജയലളിതയെ ഈ ഗണത്തില്‍ പല തവണ വായിച്ചവരാണു നാം.
സത്യസന്ധമായ രാഷ്ട്രീയനിലപാടുകള്‍ എത്ര പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമുണ്ട്. കോണ്‍ഗ്രസ്സിനു വേണ്ടി ഇംഗ്ലീഷിലും മലയാളത്തിലും പതിറ്റാണ്ടുകളോളം സംസാരിച്ച ടോം വടക്കന്‍ എം.പിയാകാനുള്ള ആവേശത്തില്‍ എത്ര പെട്ടെന്നാണു പുല്‍വാമയെന്ന ഏണിയില്‍ കയറി താമരയിലെത്തിയത്. ഈ അവസരവാദരാഷ്ട്രീയമാണ് ഇന്ത്യയിലെ രാഷ്ട്രീയനേതാക്കളെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന മനോഭാവം ജനങ്ങളിലുളവാക്കിയത്.

മതേതര വോട്ടുകള്‍

വോട്ടുകള്‍ക്കു വിഭജനം ഇല്ല. എല്ലാവരുടെയും വോട്ടുകള്‍ക്ക് ഒരേ മൂല്യമാണ്. പക്ഷേ, പലപ്പോഴും വോട്ടുകള്‍ പെട്ടിയിലാകുന്നത് ഭരണഘടന വിഭാവനം ചെയ്യും വിധമല്ല. മഹാരാഷ്ട്രയിലെ ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ ഒത്തുചേര്‍ന്നു മത്സരിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അതിനു പിന്നിലെ കാരണമെന്തായാലും ഫലം നല്ലതാകാനിടയില്ല. മതേതര വിശ്വാസികളുടെ വോട്ട് ചിതറിപ്പിച്ചാല്‍ ഫാസിസ്റ്റുകള്‍ക്കു ജയിച്ചുകയറാന്‍ എളുപ്പമായി. ആര്‍.എസ്.എസ് ബുദ്ധികേന്ദ്രത്തില്‍ നിന്നായിരിക്കണം ഈ തിരക്കഥയും ഒരുങ്ങുന്നത്.
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ഒരു പാര്‍ട്ടിയും ഇഷ്ടപ്പെടുന്നില്ലത്രെ. മുസ്‌ലിം പേരുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ ബി.ജെ.പിക്കു ഗുണം ചെയ്യുമെന്ന പ്രചാരണമാണു കാരണം. ഫലത്തില്‍ ബി.ജെ.പിയെപ്പോലെ എല്ലാ പാര്‍ട്ടികളും മുസ്‌ലിംകളെ അവഗണിച്ചു. നിയമനിര്‍മാണസഭകളില്‍ മുസ്‌ലിംകളുടെ സാന്നിധ്യമില്ലാതായി. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളും ദേശീയപ്പാര്‍ട്ടികളും ഒത്തുചേര്‍ന്നു നടത്തിയ മുസ്‌ലിംവിരുദ്ധ നീക്കമായിരുന്നു ഇത്.
ഒന്നുകില്‍, പരസ്പരം മത്സരിച്ചു പരാജയപ്പെടുക, അല്ലെങ്കില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിക്കുക. ഇതു രണ്ടുമോ രണ്ടിലൊന്നോ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചു സംസാരിക്കുന്നവര്‍ ദലിത്, പിന്നാക്ക, ന്യൂനപക്ഷ പ്രാതിനിധ്യത്തെക്കുറിച്ച് അര്‍ഥഗര്‍ഭമായ മൗനം തുടരുന്നു. സര്‍ക്കാര്‍ സര്‍വിസിലെന്നപോലെ നിയമനിര്‍മാണസഭകളിലും ബ്രാഹ്മണ്യം പിടിമുറുക്കി കഴിഞ്ഞിട്ടുണ്ട്. ജസ്റ്റിസ് രജീന്ദര്‍സിങ് സച്ചാര്‍ കണക്കു നിരത്തിപ്പറഞ്ഞ കഥകളൊക്കെ വായനാമുറിയില്‍ മാറാല കെട്ടി ഇനിയും കുറേക്കാലും കിടക്കുമെന്നുറപ്പായി.

കുട്ടനും ബാലനും

തെക്കന്‍ കേരളത്തിലെ ഒരു ഗ്രാമത്തില്‍ ഏറെ ദരിദ്രനായ കുട്ടനും സമ്പന്നനായ ബാലനും ഒരു ബെഞ്ചിലിരുന്നാണു പഠിച്ചത്. ബാലന്റെ കൊട്ടാരസദൃശമായ വീടു കാണാന്‍ ഒരു ദിവസം കുട്ടന്‍ ചെന്നു. വീട്ടുമുറ്റത്തെ പട്ടിക്കൂടിനു മുന്നില്‍ അത്ഭുതം നിറഞ്ഞ കണ്ണുകളോടെ കുട്ടന്‍ ഏറെനേരം നിന്നു. പട്ടി കഴിച്ചു കൊണ്ടിരിക്കുന്ന ഇറച്ചിയും ചോറുമൊക്കെ അവന്‍ കൊതിയോടെ നോക്കി. ആ പട്ടി എത്ര ഭാഗ്യവാനെന്നായിരുന്നു അവന്റെ ചിന്ത. ജീവിതത്തിലൊരിക്കല്‍പ്പോലും അവന് അത്ര നല്ല ആഹാരം കഴിക്കാന്‍ കഴിഞ്ഞിട്ടില്ല,
നാളുകള്‍ക്കു ശേഷം സ്‌കൂള്‍ ഇന്‍സ്പക്ഷന് എ.ഇ.ഒ വന്നു. ‘എന്താണു നിങ്ങളുടെ സ്വപ്‌ന’മെന്ന് എ.ഇ.ഒ ചോദിച്ചു. പലരും പലതും പറഞ്ഞു. കുട്ടന്റെ ഊഴമെത്തി. ‘എനിക്ക് ബാലന്റെ വീട്ടിലെ പട്ടിയായാലും മതി’ എന്നായിരുന്നു അവന്റെ മറുപടി. അധ്യാപകരും സതീര്‍ഥ്യരും എ.ഇ.ഒയും ഞെട്ടി. ആ സ്‌കൂളില്‍ അത്രയും ദരിദ്രനായ വിദ്യാര്‍ഥിയുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നില്ല. ആ കുട്ടിക്ക് ഈശ്വരന്‍ വാരിക്കോരി ബുദ്ധി കൊടുത്ത കാര്യവും അവര്‍ക്കറിയില്ലായിരുന്നു.
ദാരിദ്ര്യത്തിനിടയിലും അവന്‍ നന്നായി പഠിച്ചു. വിദേശസര്‍വകലാശാലയില്‍ വരെ പഠിക്കാന്‍ പോയി. തിരിച്ചുവരുമ്പോള്‍ സ്ഥാപനാധികാരി ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ഒരു കത്തു കൊടുത്തുവിട്ടു. ‘മിടുക്കനായ ഈ ചെറുപ്പക്കാരന്‍ നിങ്ങളുടെ രാഷ്ട്രത്തിനു മുതല്‍ക്കൂട്ടാകും.’എന്നായിരുന്നു കത്തിലെ പരാമര്‍ശം.
നെഹ്‌റു അദ്ദേഹത്തെ വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥനാക്കി. അവിടെനിന്ന് അദ്ദേഹം പടിപടിയായി ഉയര്‍ന്ന് അംബാസഡറായി. അര്‍ഹതയുള്ളവരെ പരിഗണിക്കണമെന്നറിയാവുന്ന അക്കാലത്തെ ഇന്ത്യന്‍ നേതൃത്വം അദ്ദേഹത്തെ ഉപരാഷ്ട്രപതിയും പിന്നീട് രാഷ്ട്രപതിയുമാക്കി. അത്് മലയാളത്തിന്റെ മഹാനായ പുത്രന്‍ കെ.ആര്‍ നാരായണനായിരുന്നു.
നമുക്കു ചുറ്റും പരിഗണനയര്‍ഹിക്കുന്നവര്‍ ധാരാളമാണ്. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ തിരിച്ചറിഞ്ഞു പരിഗണിച്ചതു കൊണ്ടാണു സി.എച്ച് മുഹമ്മദ് കോയയെന്ന മഹാനായ ഭരണാധികാരിയെ ലഭിച്ചത്. ഇപ്പോഴത്തെ പരിഗണനാ വിഷയം ഗുണ്ടായിസവും പണവും മാത്രമാണ്. അതുകൊണ്ടാണ് നമുക്കു വരണ്ട നേതൃനിരയെ കിട്ടിയത്.

നേതൃനിര്‍മിതി

ക്യൂബയുടെ മുന്‍ പ്രസിഡന്റ് ഫിദല്‍ കാസ്‌ട്രോ വിപ്ലവകാരിയായിരുന്നു. തോക്കും വെടിയും അട്ടഹാസങ്ങളും തര്‍ക്കങ്ങളുമായിരുന്നു ആ ജീവിതത്തിന്റെ ആകെത്തുക. ‘എന്റെ ജീവിതം’ എന്ന ആത്മകഥയില്‍ തന്റെ ഒറ്റപ്പെടലുകളെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. നിയന്ത്രിത സ്വാതന്ത്ര്യത്തോടെയുള്ള ജീവിതമാണ് അനിവാര്യം. സ്ത്രീക്കും പുരുഷനും ജൈവധര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പ്രാപ്തമാക്കുന്ന ഘടകം അതാണ്. കൗമാരക്കാരായ കുറ്റവാളികളില്‍ 19 ശതമാനവും മാതാപിതാക്കള്‍ക്കൊപ്പം അല്ലാതെ ജീവിക്കുന്നവരാണെന്നു ക്യൂബയില്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നതായി കാസ്‌ട്രോയുടെ പുസ്തകത്തില്‍ പറയുന്നുണ്ട്.
ഇന്ദിരാഗാന്ധിയെന്ന ഉരുക്കുവനിതയും സദ്ദാം ഹുസൈനെന്ന ലോക പുരുഷനും ജീവിതത്തില്‍ വിജയിച്ചവരാണെന്നു പറയാനാകില്ല, അവരുയര്‍ത്തിയ ആശയങ്ങള്‍ ശരിയായിരുന്നുവെങ്കിലും. സമീപനരീതിയില്‍ കാണുന്ന പ്രകടമായ പിഴവുകള്‍ അവരുടെ ജീവിതപശ്ചാത്തലത്തില്‍ ഒറ്റപ്പെടലുകളുടെ സംഭാവനയാണെന്നു കണ്ടെത്തപ്പെട്ടിട്ടുണ്ട്.
ഓരോ ജനവിഭാഗത്തിനും മികച്ച ധര്‍മങ്ങള്‍ നിര്‍വഹിക്കാനുണ്ട്. അതിന് അവരെ അനുവദിക്കുന്നതും പ്രാപ്തമാക്കുന്നതുമാണു പരിഷ്‌കൃതസമൂഹത്തിന്റെ ചുമതല. ഇന്ത്യയുടെ പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും ലിംഗപരമായ വ്യത്യാസമനുസരിച്ചു പറയുകയല്ല വേണ്ടത്. ആ സഭകളില്‍ മുഴുവന്‍ പെണ്ണുങ്ങളാണോ അതല്ല, ആണുങ്ങളാണോ എന്നതല്ല വിഷയം, അതില്‍ പ്രാപ്തിയുള്ളവരെത്രയുണ്ട് എന്നതാണ്. വോട്ടു തട്ടാനുള്ള കോതപ്പാട്ടാണു ഭാരതം കാലാകാലമായി കേട്ടുകൊണ്ടിരിക്കുന്നത്. അതാണു ജനാധിപത്യം നേരിടുന്ന വെല്ലുവിളി.

വാതില്‍ തുറന്നിട്ട പാര്‍ട്ടി

മറ്റു പാര്‍ട്ടികളെയും വ്യക്തികളെയും ഇത്രയധികം അകത്തു കടക്കാന്‍ അനുവദിച്ച പാര്‍ട്ടി ബി.ജെ.പിയല്ലാതെ മറ്റൊന്നില്ല. ടോം വടക്കന്‍, മുന്‍ വൈസ്ചാന്‍സലര്‍ രാധാകൃഷ്ണന്‍ എന്നിവരെയൊക്കെ വലിച്ചു കയറ്റി. തോമസ് മാസ്റ്റര്‍ വന്നാല്‍ ഉടന്‍ സ്വീകരിക്കുമെന്ന മട്ടില്‍ നിന്നു. ആര് എപ്പോള്‍ വന്നാലും താമരപ്പാര്‍ട്ടിയുടെ വാതില്‍ മലര്‍ക്കെ തുറന്നിരിക്കും.
എങ്കിലും, ബി.ജെ.പിയുടെ റിക്രൂട്ടിങ് ഏജന്‍സിയാണു കോണ്‍ഗ്രസെന്നു കോടിയേരി ബാലകൃഷ്ണന്‍ പറയരുതായിരുന്നു. ത്രിപുരയില്‍ കുടുംബസമേതമാണു സി.പി.എമ്മുകാര്‍ ബി.ജെ.പിയിലെത്തിയത്. നല്ല മനുഷ്യനെന്നു പൊതുവേ എല്ലാവരും വിലയിരുത്തിയിരുന്ന മണിക് സര്‍ക്കാരിനു മണ്ണൊലിപ്പു കാണാനോ തടയാനോ കഴിഞ്ഞില്ല. അദ്ദേഹം പ്രത്യയശാസ്ത്ര പഠനങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു.
ബി.ജെ.പിയിലേയ്ക്കിപ്പോള്‍ വരവു കാലമാണ്. താമസിയാതെ പോക്കുകാലം തുടങ്ങും. അതാണ് ഇന്ത്യന്‍ രാഷ്ട്രീയചരിത്രം. ഇടുക്കിയില്‍ നിന്നു കോട്ടയത്തേയ്‌ക്കെത്തി അതു കിട്ടിയില്ലെങ്കില്‍ ഇടുക്കി മതിയെന്നു പറഞ്ഞ ഔസേപ്പച്ചന്‍ അവസാനം കീഴടങ്ങി. എം.എല്‍.എയാണെങ്കിലും ലോക്‌സഭയിലേയ്ക്കു മത്സരിക്കാനൊരു പൂതി. കശ്മിരില്‍നിന്നു കൊച്ചിയിലേയ്ക്ക് അഞ്ചു മണിക്കൂര്‍ കൊണ്ട് ട്രെയിന്‍ എത്തിക്കുന്ന റെയില്‍ കൊണ്ടുവരാനാണു താന്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നു പ്രസ്താവിച്ച് ഔസേപ്പച്ചന്‍ ചിരിക്കാത്തവരെയും ചിരിപ്പിച്ചു. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാഷ്ട്രീയം അവര്‍ക്കു തന്നെ പിടികിട്ടിയിട്ടില്ല. അതുകൊണ്ടാണ് അടിക്കടി പിളരുന്നതും യോജിക്കുന്നതും. ഇതുവരെ വളരുന്നതായി കണ്ടിട്ടില്ല. ഏതായാലും ചാഴിക്കാടനും ഡീന്‍ കുര്യാക്കോസും ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.