2020 April 05 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഓര്‍മ ഒരു രാഷ്ട്രീയ ആവശ്യമാണ്

പുത്തൂര്‍ റഹ്മാന്‍

 

 

 

കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി എല്ലാ വര്‍ഷാവസാനവും നമ്മള്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിനമെത്തുമ്പോള്‍ വ്യസനത്തോടെ ആ ദിവസമാചരിക്കുന്നു. ഇന്ത്യയിലെ മതേതര ജനതഒരേസമയം ആരാധനാലയവും ചരിത്രസ്മാരകവുമായ ആ വിശിഷ്ട മന്ദിരം സംരക്ഷിക്കപ്പെടാന്‍ എത്രയോ പരിശ്രമങ്ങള്‍ നടത്തി. 1992ല്‍ മസ്ജിദ് തകര്‍ക്കപ്പെട്ടതിനു മുമ്പുള്ള കാല്‍ നൂറ്റാണ്ടെങ്കിലും രാജ്യത്തെ പ്രധാനവിഷയം ഇടയ്ക്കിടെ മസ്ജിദ് – മന്ദിര്‍ തര്‍ക്കമായിരുന്നു. മറ്റു മുഖ്യ വിഷയങ്ങള്‍ ഭരണകൂടങ്ങളെ അലോസരപ്പെടുത്തുമെന്നു വന്നപ്പോഴും ചിലപ്പോഴത് പൊന്തി വന്നു.
മതേതര ജനാധിപത്യ വിശ്വാസികളായ ഇന്ത്യന്‍ ജനതയിലെ ഭൂരിപക്ഷം മനസാ വാചാ കര്‍മണാ ഇന്ത്യന്‍ മുസല്‍മാന്റെ മസ്ജിദ് സംരക്ഷണമെന്ന ആഗ്രഹത്തിനൊപ്പം നില്‍ക്കുകയും അക്കാര്യം ഉത്തരവാദപ്പെട്ടവരെ നിരന്തരം ഉണര്‍ത്തുകയും അതിനായുള്ള രാഷ്ട്രീയപരവും ആശയപരവും ചരിത്രപരവുമായ സംവാദങ്ങള്‍ നയിക്കുകയും ചെയ്തു. ആ പരിശ്രമങ്ങളെയും മതേതരത്വ അഭിലാഷങ്ങളെയും നിഷ്ഫലമാക്കി പള്ളി തകര്‍ക്കപ്പെട്ടു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വര്‍ഷം രണ്ടു കാലഘട്ടങ്ങളായി സ്വാതന്ത്ര്യാനന്തര ഇന്ത്യാ ചരിത്രത്തെ വിഭജിച്ചു നിര്‍ത്തുന്നു. ആദ്യത്തേത് മസ്ജിദ് സംരക്ഷിക്കാനായി ഇന്ത്യയിലെ ജനാധിപത്യ മതേതരത്വ വിശ്വാസികള്‍ നടത്തിയ സംവാദങ്ങളുടെയും സമരങ്ങളുടെയും ദശകങ്ങള്‍. അവയില്‍ തന്നെ എണ്‍പതുകളോടെ ശക്തി പ്രാപിച്ച സംഘ്പരിവാറിന്റെ ശക്തിപ്രകടനങ്ങളുടെയും അവയെ പ്രതിരോധിക്കാനായി നടത്തിയ സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും വര്‍ഷങ്ങള്‍. ആ പ്രയത്‌നങ്ങളെല്ലാം പാഴായിപ്പോയല്ലോ എന്ന ഖേദം ബാക്കിയാവുന്ന വിധത്തില്‍ ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തു. ശേഷം കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെ കാലം തകര്‍ക്കപ്പെട്ട പള്ളിയെ ചൊല്ലിയുള്ള വേദനയും ഭയവും നിറഞ്ഞ കാലഘട്ടം. കൂടുതല്‍ നൊമ്പരങ്ങളും ആപത്‌സൂചനകളും കൊണ്ട് ഇന്ത്യയിലെ ന്യൂനപക്ഷ ജനത അരക്ഷിതരും നിസ്സഹായരുമായി മാറിയ വര്‍ഷങ്ങള്‍.
ഇക്കുറി, ഡിസംബര്‍ ആറ് കടന്നു വരുമ്പോള്‍ പുതിയൊരു കാലഘട്ടത്തില്‍ നാമെത്തിയിരിക്കുന്നു. കഴിഞ്ഞ മാസം നവംബര്‍ ഒമ്പതിനു വന്ന സുപ്രിംകോടതി വിധിയോടെ മറ്റൊരു കാലഘട്ടത്തിനാണു തുടക്കം കുറിക്കപ്പെട്ടിരിക്കുന്നത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥാനത്തു പള്ളി നിര്‍മിക്കപ്പെടുക എന്ന പ്രതീക്ഷ ഇനിയില്ല. പകരം നിരാശയുടെ പുതിയൊരു ഘട്ടം ആരംഭിച്ചു കഴിഞ്ഞു. ബാബരി മസ്ജിദ് തകര്‍ച്ചക്കു മുമ്പും ശേഷവും നാം അനുഭവിക്കാനിട വന്ന നിരാശകളുടെയും പ്രത്യാശകളുടെയും കാലമല്ല ഇനിയുള്ളത്. ബാബരി മസ്ജിദ് തകര്‍ത്തതു കുറ്റകൃത്യം എന്നു പറഞ്ഞുകൊണ്ട് നമ്മുടെ പരമോന്നത നീതിപീഠം നിയമം മൂലം ബാബരി മസ്ജിദ് എന്ന പ്രതീക്ഷയെ ഇല്ലാതാക്കിയിരിക്കുന്നു. ബാബരി മസ്ജിദ് എന്ന പ്രതീകം അങ്ങനെ ഒരു പുതിയ തരത്തില്‍ നമ്മുടെ മുന്നില്‍ ഉയര്‍ന്നു വന്നിരിക്കുന്നു.
ഇരുപത്തിയേഴു വര്‍ഷം മുമ്പാണ് പട്ടാപ്പകല്‍, രാജ്യത്തെ നിയമവ്യവസ്ഥയെയും സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി ബാബരി മസ്ജിദ് തകര്‍ത്തുതരിപ്പണമാക്കപ്പെട്ടത്. 1992 ഡിസംബര്‍ ആറിന് അയോധ്യയില്‍ സംഘ്പരിവാരം ഒരുക്കിയ കര്‍സേവയില്‍ പള്ളി തകര്‍ക്കപ്പെടുമെന്ന് അധികം ഇന്ത്യക്കാരും കരുതിയിരുന്നില്ല. എന്നാല്‍ പള്ളി തകര്‍ക്കപ്പെടുമെന്ന ധാരണ ഉണ്ടായിരുന്നവരാകട്ടെ അതു തടയുന്നതില്‍നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു. കറുത്ത ഞായറാഴ്ച എന്നു വിളിക്കപ്പെട്ട ദിവസം ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ തകര്‍ന്നു വീണപ്പോള്‍ സ്വാതന്ത്ര്യലബ്ധിയുടെ വേളയിലുണ്ടായ വിഭജനത്തെക്കാള്‍ വലിയ അരക്ഷിതാവസ്ഥയാണ് രാജ്യത്തുണ്ടായത്. ജന്മനാട്ടില്‍ തന്നെ അന്യവല്‍ക്കരിക്കപ്പെട്ട നിലയിലേക്കും അരക്ഷിതബോധത്തിലേക്കും രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷവിഭാഗം എടുത്തെറിയപ്പെടുകയായിരുന്നു.
ദീര്‍ഘനാള്‍ തങ്ങള്‍ ആരാധന നിര്‍വഹിച്ച പള്ളി തകര്‍ത്തതിലെ വേദന കടിച്ചമര്‍ത്തിയ അവര്‍ക്കെതിരേ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ച് കൂടുതല്‍ ദരിതങ്ങള്‍ വിതച്ച വര്‍ഷങ്ങളായിരുന്നു പിന്നീടുണ്ടായത്. നീതിനിഷേധത്തിന്റെയും വഞ്ചനയുടെയും രാഷ്ട്രീയ കുതന്ത്രങ്ങളുടെയും കഥയാണ് ബാബരി മസ്ജിദിന്റെ തകര്‍ച്ച വരേയും പിന്നീടുള്ള കാല്‍നൂറ്റാണ്ടു കാലത്തെയും ചരിത്രത്തിലുള്ളത്.
ബാബര്‍ ചക്രവര്‍ത്തിയുടെ ഗവര്‍ണറായിരുന്ന മീര്‍ബാക്കി 1528ല്‍ പണികഴിപ്പിച്ചതായിരുന്നു ചരിത്ര പ്രധാനമായ പള്ളി. ഇന്നത്തെ അയോധ്യ അന്നത്തെ അവധ് ആയിരുന്നു. മുഗള്‍ഭരണം അവസാനിക്കാറായ കാലത്ത്, അഥവാ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയെ കോളനിയാക്കുന്നതിന്റെ തുടക്കകാലത്ത് അവധ് ആയിരുന്നു ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ ഉത്തരേന്ത്യയിലെ കേന്ദ്രങ്ങളില്‍ ഒന്ന്. അന്യോന്യം സൗഹൃദത്തിലായിരുന്ന പ്രദേശത്തെ മുസ്‌ലിംകളെയും ഹിന്ദുക്കളെയും തമ്മിലകറ്റുന്നതിന് ബ്രിട്ടീഷുകാരാണ് ബാബരി മസ്ജിദിനെ ഒരു രാഷ്ട്രീയ ആയുധമായി ആദ്യം ഉപയോഗിച്ചത്. അതുപക്ഷെ വിലപ്പോയില്ല. ബ്രിട്ടന്റെ അധീശത്വം സാധ്യമാക്കാന്‍ ഇന്ത്യന്‍ ജനതയെ ഹിന്ദുക്കളും മുസ്‌ലിംകളും ആയി വിഭജിക്കുന്നതിനും അവരെ ഭിന്നിപ്പിക്കുന്നതിനും ഡഫ്രിന്‍ പ്രഭുവിന്റെ കാലത്താണ് 1886ഇല്‍ ഒരു കെട്ടുകഥ സൃഷ്ടിച്ച് ബാബരി മസ്ജിദിന്റെ പേരില്‍ ആദ്യമായി അവകാശത്തര്‍ക്കം ഉണ്ടാക്കിയെടുക്കാന്‍ ഗൂഢപദ്ധതി ആസൂത്രണം ചെയ്യപ്പെട്ടത്. അതു ചീറ്റിപ്പോയി എന്നതു ചരിത്രം. പിന്നെയും ദശകങ്ങള്‍ പള്ളി പള്ളിയായിത്തുടരുകയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള സമരങ്ങള്‍ വിജയം വരിക്കുന്ന കാലമത്രയും പള്ളിയില്‍ മുസ്‌ലിംകള്‍ പ്രാര്‍ഥന നടത്തുന്നത് തുടരുകയും ചെയ്തു.
വിഭജനത്തോടെ അയോധ്യയിലെ വലിയ വിഭാഗം മുസ്‌ലിംകള്‍ പാകിസ്താനിലേക്കു കുടിയേറി. അതിനു ശേഷം 1949 ഡിസംബര്‍ ഇരുപത്തിരണ്ടാം തിയതി അര്‍ധരാത്രി ബാബരി മസ്ജിദിനകത്ത് ബലമായി അതിക്രമിച്ച് കടന്നവര്‍ ശ്രീരാമവിഗ്രഹം പ്രതിഷ്ഠിച്ചതോടെയാണ് ബ്രിട്ടീഷുകാര്‍ക്കു സാധിക്കാതെ പോയ പള്ളിയെ മുന്‍ നിര്‍ത്തിയുള്ള ഭിന്നിപ്പിക്കലും ബാബരി മസ്ജിദിനെയും രാമജന്മഭൂമിയെയും രണ്ടു വിരുദ്ധ ധ്രുവങ്ങളാക്കി നിര്‍ത്തിയുള്ള രാഷ്ട്രീയ പകിട കളിക്കും പുതിയ തുടക്കമായത്. പള്ളി സ്ഥിതി ചെയ്ത ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റായിരുന്ന മലയാളിയായ കെ.കെ നായരുടെ നേതൃത്വത്തിലായിരുന്നു ഇതിനുള്ള ഉപജാപം നടന്നത് എന്നു പറയപ്പെടുന്നു. അതേ മജിസ്‌ട്രേറ്റ് പള്ളി പൂട്ടിയിടാനും സര്‍ക്കാര്‍ ചെലവില്‍ ഹിന്ദുക്കള്‍ക്ക് പൂജാരിയെ നിശ്ചയിച്ചു നല്‍കാനും ഉത്തരവിടുകയും ചെയ്തു.
ബാബരി മസ്ജിദ് ഒരു തര്‍ക്ക മന്ദിരമായി മാറിയ 1949 ഡിസംബറിനു മുമ്പേ 423 വര്‍ഷം മുസ്‌ലിംകള്‍ ആരാധന നടത്തിയ പള്ളിയില്‍ അവകാശവാദവുമായി ഒരു വിഭാഗം രംഗത്തെത്തുകയും അതൊരു രാഷ്ട്രീയ പ്രക്രിയയുടെ പ്രതീകം പോലെ പ്രവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ രാജ്യം ഓരോ ഘട്ടത്തിലും നീതി ചവിട്ടിമെതിക്കപ്പെടുന്നതും രാജ്യത്തെ നിയമഭരണ സംവിധാനങ്ങള്‍ അതിനു നോക്കി കുത്തിയായി നില്‍ക്കുന്നതും കണ്ടു. എണ്‍പതുകളുടെ തുടക്കത്തില്‍ അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി രാമക്ഷേത്രനിര്‍മാണ പ്രസ്ഥാനത്തെ ഉപയോഗപ്പെടുത്താന്‍ ഹിന്ദുത്വ ശക്തികള്‍ തീരുമാനിച്ചതു മുതല്‍ ബാബരി മസ്ജിദ് ഇന്ത്യയുടെ ജനാധിപത്യമതേതര ബോധത്തിലെ വലിയ വിള്ളലായി മാറി.
എണ്ണമറ്റ വര്‍ഗീയ കലാപങ്ങള്‍ക്കും രക്തച്ചൊരിച്ചിലിനും അതു ഉപയോഗിക്കപ്പെട്ടു. പതിറ്റാണ്ടുകള്‍ ഇന്ത്യയിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടിക്കു പോലും ബാബരി മസ്ജിദിന്റെ വിഷയത്തില്‍ മിക്കപ്പോഴും ന്യായത്തിന്റെ ഭാഗത്ത് ഉറച്ചു നില്‍ക്കാനായില്ല. പള്ളിക്കകത്ത് ബലമായി അതിക്രമിച്ചു കടന്ന് വിഗ്രഹം സ്ഥാപിക്കുമ്പോള്‍ ഉത്തര്‍ പ്രദേശിലെ മുഖ്യമന്ത്രി ഗോവിന്ദവല്ലഭപന്തും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവുമായിരുന്നു. 1986ല്‍ പള്ളിയുടെ കവാടങ്ങള്‍ തുറന്നു കൊടുത്തപ്പോഴും അതേ വര്‍ഷം നവംബര്‍ ഒന്‍പതിനു പള്ളിസ്ഥലം കൈയേറി ശിലാന്യാസം നടത്തിയപ്പോഴും പ്രധാനമന്ത്രി രാജീവ് ഗാന്ധിയായിരുന്നു. രാജീവ് ഗാന്ധി തെരഞ്ഞെടുപ്പു പ്രചാരണം അയോധ്യയില്‍നിന്ന് ആരംഭിച്ച സന്ദര്‍ഭവുമുണ്ടായി. കോണ്‍ഗ്രസിന്റെ ഈ മൃദുഹിന്ദുത്വ രാഷ്ട്രീയം പക്ഷേ, രാമജന്മഭൂമിയെച്ചൊല്ലിയുള്ള മുന്നേറ്റങ്ങളെ ഹിന്ദുരാഷ്ട്ര നിര്‍മിതിക്കുള്ള പ്രത്യയശാസ്ത്ര അജണ്ടയായി തിരിച്ചറിഞ്ഞ സംഘ് പരിവാറിന്റെ തീവ്ര ഹിന്ദുത്വത്തോട് പതുക്കെ അടിയറവു പറഞ്ഞു.
ബാബരി മസ്ജിദിനെ മുന്‍ നിര്‍ത്തി ഇന്ത്യാചരിത്രത്തെ വീക്ഷിക്കുകയാണെങ്കില്‍ രാജ്യത്തെ വര്‍ഗീയവല്‍കരിച്ചു മതധ്രുവീകരണം നടത്തി അധികാരം പിടിക്കുക എന്ന ആര്‍.എസ്.എസ് ലക്ഷ്യം എത്ര കൃത്യമായി നടപ്പാക്കപ്പെട്ടുവെന്നും അതില്‍ ഇതര രാഷ്ട്രീയ കക്ഷികളും ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷവും എങ്ങനെയൊക്കെ ഇരയാക്കപ്പെട്ടു എന്നും നമുക്കു കാണാനാകും. രാജ്യത്തിന്റെ അജണ്ട നിശ്ചയിക്കാന്‍ പലപ്പോഴും സംഘ്പരിവാരം ബാബരി മസ്ജിദിനെ അതിവിദഗ്ധമായി ഉപയോഗിച്ചു.
ലോകത്തിന്റെ പല ഭാഗത്തും ഫാസിസം രാഷ്ട്രീയവിജയം വരിക്കുകയും അധികാരം നേടുകയുമുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം അവര്‍ക്കെതിരേയുള്ള ജനരോഷം ഇരമ്പുകയും ഫാസിസത്തോട് വിയോജിക്കാന്‍ ജനം ധീരത പ്രകടിപ്പിക്കുകയുമുണ്ടായി. പക്ഷെ ഇന്ത്യയില്‍ നമ്മള്‍ കാണുന്നത് അത്തരം ഒരു ധീരതയ്ക്ക് പകരം ഔദ്യോഗികമായിത്തന്നെ അവര്‍ ആദരിക്കപ്പെടുന്നതാണ്. മഹാത്മാ ഗാന്ധിയുടെ കൊലയാളിയെ വാഴ്ത്തുന്ന ഒരാള്‍ രാജ്യരക്ഷയുമായി ബന്ധപ്പെട്ട ഉന്നത പദവിയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെടുന്ന ദുരവസ്ഥയാണത്.
രാഷ്ട്രപിതാവിന്റെ ക്രൂരമായ കൊലപാതകത്തിനു ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഭീകരകൃത്യം ബാബരി മസ്ജിദ് തകര്‍ക്കലായിരുന്നു. ഗാന്ധിവധം പോലെ ബാബരി മസ്ജിദ് തകര്‍ത്ത കുറ്റകൃത്യവും നാം മറന്നു കൂടാ. ഇന്ത്യ ഹിന്ദുത്വ ഫാസിസത്തിന്റെ കുരുതിക്കളവും ശേഷം അധികാര ദുര്‍ഗവുമായി മാറിയതിന്റെ സമാന്തര ചരിത്രമാണത്. മതപരവും രാഷ്ട്രീയവും വ്യക്തിപരവും ആരാധനാപരവുമായ സ്വാതന്ത്ര്യങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് രാജ്യത്തെ പൗരന്മാരോട് രാജ്യം നീതിചെയ്തു എന്നു പറയാനാവുക. രാജ്യം അങ്ങനെയല്ലാതായി മാറിക്കൊണ്ടിരുന്നതിന്റെ നാള്‍വഴി രേഖയാണ് സ്വാതന്ത്യാനന്തരം ബാബരി മസ്ജിദ് നിലനിന്ന കാലവും തകര്‍ന്ന കാലവും അടയാളപ്പെടുത്തുന്നത്. ഇനി വരുന്ന കാലം ചരിത്രത്തില്‍ എങ്ങനെയാവണം എന്നതു നമ്മുടെ കൂടി ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഭാവിയെ നിര്‍ണയിക്കുന്ന കാര്യമാണ്.
അതുകൊണ്ട് ഓര്‍മ ഒരു രാഷ്ട്രീയ ആവശ്യവും മറവി കുറ്റകരവുമാണ്. 1989 നവംബര്‍ ഒന്‍പതിനു പള്ളിസ്ഥലം കൈയേറി ശിലാന്യാസം നടത്തിയവരുടെ പിന്‍ഗാമികള്‍ക്കു മുപ്പതു വര്‍ഷം കഴിഞ്ഞൊരു നവംബറില്‍ ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തു രാമക്ഷേത്രം പണിയാനുള്ള നിയമ സാധുത ലഭിച്ചിരിക്കുന്നു. നമുക്കു പരമോന്നത നീതിപീഠത്തിന്റെ വിധിയംഗീകരിച്ചു കൊണ്ടു തന്നെ ബാബരി മസ്ജിദ് ബാക്കിവയ്ക്കുന്ന പാഠങ്ങള്‍ ഓര്‍മിക്കാം. നമ്മുടെ ജനാധിപത്യ മതേതര ജീവിതത്തിന്റെ അജണ്ട സംഘ്പരിവാര്‍ നിശ്ചയിക്കുന്ന അവസ്ഥ തുടര്‍ന്നും വരാതിരിക്കാനെങ്കിലും അതു നമ്മെ സഹായിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.