2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ആര്‍.എസ്.എസ് പരിപാടിയില്‍ അഭിപ്രായം പറഞ്ഞ യുവതിയെ അടിച്ചോടിച്ചു, കേസെടുത്തു അറസ്റ്റ് ചെയ്തു, ജാമ്യത്തില്‍ വിട്ടു, വര്‍ഗീയ വിഷം ചീറ്റിയവര്‍ക്കെതിരേ നടപടിയെടുക്കാതെ പൊലിസ്

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ക്ഷേത്രത്തില്‍ നടന്ന ആര്‍.എസ്.എസ് പരിപാടിയില്‍ അഭിപ്രായ പ്രകടനം നടത്തിയ യുവതിയെ അടിച്ചോടിച്ച് ഹിന്ദു ഐക്യവേദിയിലെ പെണ്ണുങ്ങള്‍. തുടര്‍ന്ന് ഇവരെ അര്‍ബന്‍ നക്‌സലാണെന്ന് മുദ്രകുത്തി പൊലിസ് കേസെടുത്തു അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു. തിരുവനന്തപുരം പേയാട് സ്വദേശിയായ ആതിരയെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്.

ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലിസാണ് കേസ് ഫയല്‍ ചെയ്തത്. ഐ.പി.സി 447 പ്രകാരം അതിക്രമിച്ച് കയറിയതിനാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. പരിപാടിയുമായി ബന്ധമില്ലാത്ത യുവതി പരിപാടി അലങ്കോലപ്പെടുത്താനെത്തിയെന്നാണ് പരാതി.

എന്നാല്‍ ആതിരയെ സ്ത്രീകള്‍ ഒന്നടങ്കം വേദിയില്‍ നിന്നും അധിക്ഷേപിച്ച് തള്ളിപ്പുറത്താക്കുകയായിരുന്നു. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. യുവതിയെ വര്‍ഗീയമായി അധിക്ഷേപിച്ചവര്‍ക്കെതിരേ ഒരു നടപടിയും പൊലിസ് സ്വീകരിച്ചിട്ടില്ല.

തനിക്ക് രണ്ട് പെണ്‍മക്കളുണ്ടെന്നും അവരെ ഒരു കാക്കയും തൊടാതിരിക്കാനാണ് താന്‍ നെറ്റിയില്‍ കുറി തൊടുന്നതെന്നുമാണ് ഒരു സ്ത്രീ ഇവരോട് പൊട്ടിത്തെറിക്കുന്നത്. അതുകൊണ്ടാണ് പൗരത്വഭേദഗതി നിയമത്തെ അനുകൂലിക്കുന്നതെന്നും ഇവര്‍ പറയുന്നുണ്ട്. ഇത്രയും വര്‍ഗീയപരമായ അധിക്ഷേപം നടത്തിയവര്‍ക്കെതിരേ പൊലിസ് നടപടിയും സ്വീകരിക്കാത്തതിനെതിരേയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

സംഘ് പരിവാറിന്റെ ഭരണത്തിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ ഹിന്ദുത്വ തീവ്രവാദ കേന്ദ്രങ്ങളാവുന്നു എന്നത് പരസ്യമല്ലാത്ത രഹസ്യമാണ്. അതിന്റെ നേര്‍ക്കാഴ്ചയാണ് കലൂര്‍ പാവക്കുളം ക്ഷേത്രത്തിലരങ്ങേറിയത്. അവിടെ ഒരു സിമ്പോസിയം ആണ് നടക്കുന്നതെന്നാണ് സംഘാടകരുടെ ഭാഷ്യം. എതിരഭിപ്രായം പ്രകടിപ്പിച്ച സ്ത്രീയെ സംസാരിക്കാന്‍ പോലും അനുവദിച്ചില്ല. മറുഭാഗം വിശദീകരിക്കാനും അവസരം നല്‍കിയില്ല. അവരെ കുറെ സ്ത്രീകള്‍ ചേര്‍ന്ന് കയ്യേറ്റം ചെയ്യുകയായിരുന്നു. പിന്നെ അസഭ്യം പറഞ്ഞ് ആട്ടിയോടിച്ചു. നടത്തിയതെല്ലാം വിദ്വേഷം പരത്തുന്ന പരാമര്‍ശങ്ങളുമായിരുന്നു. വധഭീഷണിയും മുഴക്കുന്നുണ്ട്. ഈ ചിത്രത്തില്‍ വിദ്വേഷം വിളമ്പുന്ന സ്ത്രീയുടെ പരാമര്‍ശത്തിനെതിരേ പൊലിസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ആതിര. ഇവര്‍ അര്‍ബന്‍ നക്സലൈറ്റാണെന്ന് സംഘ് പരിവാര്‍ ഗ്രൂപ്പുകളിലൂടെ നേരത്തെ തന്നെ പ്രചരിപ്പിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.