2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

പോളണ്ട് – പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍

പാരിസ്: യൂറോ കപ്പിലെ ആവേശകരമായ പോരാട്ടത്തില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍ കടന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതിനാല്‍ അധിക സമയത്ത് റിക്കാര്‍ഡോ ക്വാറെസ്മ നേടിയ ഗോളിലാണ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ടൂര്‍ണമെന്റില്‍ ആദ്യ വിജയം കൂടിയാണ് പോര്‍ച്ചുഗല്‍ സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിലും സമനില വഴങ്ങിയാണ് പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറിലെത്തിയത്.
ഹംഗറിക്കെതിരേ പുറത്തെടുത്ത പോരാട്ട വീര്യവുമായാണ് പോര്‍ച്ചുഗല്‍ കളത്തിലിറങ്ങിയത്. എന്നാല്‍ മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും അവര്‍ക്ക് അവസരത്തിനൊത്തുയരാനായില്ല. മറുവശത്ത് ക്രൊയേഷ്യയും നിറം മങ്ങിയ പ്രകടനമാണ് കാഴ്ച്ചവച്ചത്. ഇവാന്‍ പെരിസിച്ച്, മരിയോ മാന്‍സുക്കിച്ച്, ലൂക്കാ മോഡ്രിച്ച് എന്നിവര്‍ അവസരങ്ങള്‍ പാഴാക്കാന്‍ മത്സരിക്കുകയായിരുന്നു. ഇരു ടീമുകള്‍ക്കും നിശ്ചിത സമയത്ത് ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാനായില്ല. 1980നു ശേഷം ആദ്യമായിട്ടാണ് ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാനാവാത്ത മത്സരം നടക്കുന്നത്. ആദ്യ പകുതിയില്‍ പെരിസിച്ചിന്റെ ചെറിയൊരു നീക്കം പോര്‍ച്ചുഗല്‍ താരം ഗൊറേറോ പ്രതിരോധിക്കുകയായിരുന്നു. നാനിയുടെ ഫ്രീകിക്ക് ബാറിന് മുകളിലൂടെ പോയതാണ് പോര്‍ച്ചുഗലിന്റെ ഭാഗത്തു നിന്നുണ്ടായ കാര്യമായ മുന്നേറ്റം.
രണ്ടാം പകുതിയില്‍ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പ്രകടനം കൊണ്ട് ക്രൊയേഷ്യ മുന്നിട്ടു നിന്നെങ്കിലും ഗോള്‍ നേടാനുള്ള ശ്രമങ്ങളൊന്നും ഉണ്ടായില്ല. മാഴ്‌സലോ ബ്രോസോവിച്ചും ഡൊമാഗോജ് വിദയ്ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും അതും മുതലാക്കാനായില്ല. റാക്കിറ്റിച്ചിന്റെ കോര്‍ണറില്‍ ബ്രോസോവിച്ച് മിന്നല്‍ ഷോട്ടുതിര്‍ത്തെങ്കിലും പോസ്റ്റിന് മുകളിലൂടെ പറന്നു. പിന്നീട് കാര്യമായ നീക്കങ്ങളൊന്നും ഇരു ടീമുകളുടെയും ഭാഗത്തു നിന്നുണ്ടായില്ല.
നിശ്ചിത സമയത്ത് ഗോള്‍രഹിതമായതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. എന്നാല്‍ അവസാന നിമിഷം മാത്രമാണ് ഗോള്‍ പിറന്നത്. മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കുമ്പോഴായിരുന്നു ക്വാറെസ്മ ഗോള്‍ നേടിയത്. 117ാം മിനുട്ടില്‍ ക്രൊയേഷ്യന്‍ താരങ്ങള്‍ നടത്തിയ ആക്രമണം പ്രതിരോധിച്ച പോര്‍ച്ചുഗല്‍ അതേ രീതിയില്‍ തിരിച്ചടിച്ചാണ് ഗോളിലെത്തിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോസ്റ്റിലേക്കടിച്ച പന്ത് ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ഡാനിയല്‍ സുബാസിക് തടഞ്ഞു. എന്നാല്‍ റീ ബൗണ്ടില്‍ ക്വാറെസ്മ ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
ടൂര്‍ണമെന്റിലുടനീളം കരുത്തുറ്റ പ്രകടനവുമായി മുന്നേറി വന്ന ക്രോയേഷ്യയുടെ തോല്‍വി നിര്‍ഭാഗ്യകരമായിരുന്നു. അതേസമയം കിട്ടിയ അവസരം മുതലെടുത്ത പോര്‍ച്ചുഗല്‍ ഭാഗ്യം കൊണ്ട് കൂടിയാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങി പോര്‍ച്ചുഗലിന്റെ മുന്നേറ്റങ്ങള്‍ക്ക് നെടും തൂണായി നിന്ന റെനാറ്റൊ സാഞ്ചസിനെയാണ് കളിയിലെ താരമായി തിരഞ്ഞെടുത്തത്. ക്വാര്‍ട്ടറില്‍ പോളണ്ടാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.