2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

പൊന്നാനി കാറ്റ് മാറി വീശുമോ ഒരു ചര്‍ച്ചയുടെ പേരില്‍?

  • വ്യക്തമായത് രഹസ്യ ചര്‍ച്ച പരസ്യമാക്കിയവരുടെ ഉള്ളിലിരുപ്പ്
  • സി.പി.എമ്മിന്റെ ഉദ്ദേശവും കുളം കലക്കി മീന്‍ പിടിക്കല്‍

അമീര്‍ഫാറൂഖ്

 

പൊന്നാനിയിലെ വിജയമുറപ്പിക്കാന്‍ മുസ്‌ലിം ലീഗ് എസ്ഡിപിഐയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍. ചര്‍ച്ച നടന്നുവെന്ന് എസ്.ഡി.പി.ഐ തന്നെ സമ്മതിച്ചു. ലീഗ് സഹായം തേടിയെന്നുള്ള തരത്തില്‍ അവകാശവാദവും അവര്‍ ഉന്നയിച്ചതോടെ സി.പിഎമ്മും മുസ്‌ലിം ലീഗിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.

പരമാവധി ലീഗിനെ അടിക്കാനുള്ള വടിയായി ഇതിനെ വിനിയോഗിക്കുകയാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും തന്നെ പ്രചാരണം കൊഴുപ്പിക്കുന്നു. പൊന്നാനിയില്‍ മാത്രമല്ല സംസ്ഥാനവ്യാപകമായി വര്‍ഗീയ മുഖംമൂടിയുടെ പേറ്റന്റ് ലീഗിനുമേല്‍ ചാര്‍ത്തികൊടുക്കാനും അതുവഴി യു.ഡി.എഫിനെ തന്നെ പ്രതിക്കൂട്ടില്‍ കയറ്റാനുമാണ് കോടിയേരിയുടെ ശ്രമം. അതങ്ങനെയല്ലേ വരൂ. അങ്ങനെ വന്നില്ലെങ്കിലല്ലേ അത്ഭുതവുമൊള്ളൂ.

വന്ന വാര്‍ത്തകളെ നിഷേധിച്ച് ഇ.ടി മുഹമ്മദ് ബഷീറും പി.കെ കുഞ്ഞാലിക്കുട്ടിയും മുസ്‌ലിം ലീഗും രംഗത്തുണ്ട്. അവര്‍ ചര്‍ച്ച നടത്തുകയോ നടത്താതിരിക്കുകയോ ചെയ്യട്ടെ. അത് മുസ്‌ലിം ലീഗിന്റെയും എസ്.ഡി.പി.ഐയുടെയും ആഭ്യന്തര കാര്യം. എന്നാല്‍ രഹസ്യമായി നടത്തിയ ചര്‍ച്ചയെ അതിന്റെ രഹസ്യസ്വഭാവത്തേടെ കാത്തു സൂക്ഷിക്കാനറിയാത്തവരുടെ ഉള്ളിലിരുപ്പ് ഇപ്പോഴെങ്കിലും മുസ്‌ലിം ലീഗിനു മനസിലായിരിക്കുമല്ലോ. ചര്‍ച്ചയോ സഹായം ചൊരിയലോ അല്ല അവരുടെ ഉദ്ദേശമെന്നും കുളം കലക്കി മീന്‍ പിടിക്കലാണെന്നും തിരിഞ്ഞില്ലേ.? ഇപ്പോഴും അതു മനസിലാകാത്തവരുണ്ടോ ലീഗ് നേതൃത്വത്തില്‍.?

       

സംഗതിയുടെ ഗുട്ടന്‍സ് അതൊന്നുമല്ല. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് കുത്തകയാക്കിവെച്ച നിലമ്പൂര്‍ നിയോജക മണ്ഡലത്തിലേക്കൊന്നു തിരിച്ചുപോകണം. അവിടെ സഖാവ് കുഞ്ഞാലി എന്നൊരു മനുഷ്യ സ്‌നേഹിയായ എം.എല്‍.എ ഉണ്ടായിരുന്നു. തികഞ്ഞ വിപ്ലവകാരി. പോകിനെടാ എന്നു പറഞ്ഞ് അണികളോട് ആജ്ഞാപിച്ചിരുന്ന നേതാവായിരുന്നില്ല അദ്ദേഹം. വരിനെടാ എന്നു പറഞ്ഞ് അവരുടെ പ്രശ്‌നത്തിനു അവര്‍ക്കു മുമ്പേ നടന്നിരുന്ന നേതാവായിരുന്നു .

സി.പി.എമ്മിന്റെ ആദ്യകാല രക്തസാക്ഷികളിലൊരാള്‍. അദ്ദേഹം ജയിലില്‍ കിടന്നാണ് ആദ്യമായി എം.എല്‍.എ സ്ഥാനത്തേക്ക് മത്സരിച്ചത്. വന്‍ ഭൂരിപക്ഷത്തിലാണ്
വിജയിച്ചത്. രണ്ടാം തവണ എം.എല്‍.എ ആയപ്പോഴും ഭൂരിപക്ഷം കൂടിയിട്ടേയുള്ളൂ. അന്നും ആര്യാടന്‍ മുഹമ്മദെന്ന കോണ്‍ഗ്രസുകാരനായിരുന്നു തോല്‍ക്കുന്ന സ്ഥാനാര്‍ഥി. അന്ന് കെട്ടിവെച്ച കാശുപോലും കോണ്‍ഗ്രസിനു കിട്ടിയിരുന്നില്ല. നിലമ്പൂരിലാകട്ടെ കമ്മ്യൂണിസമായിരുന്നില്ല, കുഞ്ഞാലിസമായിരുന്നു കൊടികുത്തി വാണിരുന്നത്.

കുഞ്ഞാലിയെ വെടിവെച്ചുകൊല്ലും വരേ അവിടെ കോണ്‍ഗ്രസ് ഒന്നുമായിരുന്നില്ല. പിന്നീടാണ് പല നാടകങ്ങള്‍ക്കും നിലമ്പൂരിന്റെ മണ്ണ് വേദിയാകുന്നത്. കുഞ്ഞാലിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയെ തന്നെ സ്ഥാനാര്‍ഥിയാക്കിയ തിരക്കഥയും അവിടെ നടപ്പാക്കി. അതേ സ്ഥാനാര്‍ഥിക്ക് സി.പി.എം തന്നെ പിന്തുണ പ്രഖ്യാപിച്ചു. വോട്ടുചെയ്ത് വിജയിപ്പിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ താരമായി അദ്ദേഹം. ഇന്നും താരപൊലിമ കുറഞ്ഞിട്ടില്ല.

 അതേ മണ്ഡലത്തില്‍ നിന്ന് പതിറ്റാണ്ടുകളായി എം.എല്‍.എയായി. പല തവണ മന്ത്രിയായി. ഒടുവില്‍ പ്രായമായി. ആരോഗ്യം ക്ഷയിച്ചു. അപ്പോള്‍ മകനെ പിന്‍മുറക്കാരനാക്കാന്‍ ആ പിതാവ് ആഗ്രഹിച്ചു. പക്ഷേ ആ സ്വപ്‌നം തകര്‍ന്നടിഞ്ഞു. മകനെ തളച്ചുകെട്ടാനാണ് പി.വി. അന്‍വര്‍ എന്ന കച്ചവടക്കാരനെ സി.പി.എം നിലമ്പൂരിലേക്ക് കൊണ്ടുവരുന്നത്. അദ്ദേഹം അവിടെ വിജയിച്ചു ചരിത്രവും തിരുത്തി. ആ എം. എല്‍. എയാണ് ഇപ്പോള്‍ പൊന്നാനിയിലേക്ക് വണ്ടി കയറിയിരിക്കുന്നത്.

 

 

ആര്യാടന്‍ മുഹമ്മദ്‌

ഒട്ടും ആത്മവിശ്വാസത്തോടെയായിരുന്നില്ല ആ യാത്ര.
വിജയം ഉറപ്പാണെന്ന് എല്ലാ സ്ഥാനാര്‍ഥികളും പറയുന്നതുപോലൊരു പറച്ചിലുമായിരുന്നു അദ്ദേഹത്തിന്റേത്. പി.വി അന്‍വര്‍ പഴയ കോണ്‍ഗ്രസുകാരനാണ്. വ്യാപാര തന്ത്രജ്ഞനാണ്. രാഷ്ട്രീയവും അദ്ദേഹത്തിനൊരു വ്യാപാരമാണ്. തന്ത്രവും കുതന്ത്രവുമെറിഞ്ഞുള്ള കൈവിട്ട കളിയാണ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് വയനാട് മണ്ഡലത്തില്‍ വെറും ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തെത്തിയിരുന്നു പി.വി അന്‍വര്‍. ജയിച്ചു കയറാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി. ഒരു പ്രതീക്ഷയുമില്ലാത്തതായിരുന്നു ആ തെരഞ്ഞുപ്പുകാലം.

എന്നിട്ടും അന്‍വര്‍ വയനാട്ടിലൊരു സംസാര വിഷയമായിരുന്നു.
അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം പലരിലും പ്രതീക്ഷ പുലര്‍ത്തി. ഒരു പാര്‍ട്ടിയുടെയും മുന്നണിയുടെയും പിന്തുണയില്ലാതെയായിരുന്നു ആ പ്രകടനം. എന്നിട്ടും എണ്‍പതിനായിരത്തിനടുത്ത് വോട്ടു നേടാനായി.

അതില്‍ നിന്ന് ഊര്‍ജം കൊണ്ടാണ് ഇടതു മുന്നണി നിലമ്പൂര്‍ പിടിച്ചെടുക്കാന്‍ അദ്ദേഹത്തിനൊരു
 കൊട്ടേഷന്‍ കൊടുത്തത്. ആര്യാടന്‍ മുഹമ്മദെന്ന പടക്കുതിരയെ പിടിച്ചുകെട്ടാന്‍ പല കളികളും സി.പി.എം പയറ്റി പരാജയമടഞ്ഞതായിരുന്നു. അപ്പോഴാണ് അന്‍വര്‍ ഇങ്ങനെ തേരാപാര നടക്കുന്നതു കണ്ടത്. പണമുണ്ട് . പവറുണ്ട്.  അന്‍വര്‍ തന്റേതായ പ്രകടനത്തിലൂടെ മണ്ഡലം തിരിച്ചു പിടിച്ചു പുതിയ ചരിത്രം കുറിച്ചു.

ആര്യാടന്‍ ഷൗക്കത്ത്

ഇപ്പോള്‍ വീണ്ടും പൊന്നാനിയില്‍ എത്തിയിരിക്കുന്നതും അതേ ആത്മ വിശ്വാസത്തിലാണ്. യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് ഇ.ടി മുഹമ്മദ് ബഷീറിനെതിരേ അപ സ്വരങ്ങളുയര്‍ന്നിരുന്നു. ഇതേചൊല്ലി ഇ.ടിയെ മലപ്പുറത്തേക്കു മാറ്റാനും കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയില്‍ പരീക്ഷിക്കാനുമുള്ള ആലോചനകളുമുണ്ടായി. ഈ ചോര്‍ച്ചകളുടെ കഥകള്‍ ഇടതു മുന്നണിയിലും അന്‍വറിലുമെത്തിയിട്ടുണ്ട്.

 

 

അതെല്ലാം തനിക്കനുകൂലമാകുമെന്ന പ്രതീക്ഷയും ഈ പഴയ കോണ്‍ഗ്രസുകാരനുണ്ട്. കോണ്‍ഗ്രസിലെ ചില ചാണക്യന്‍മാരുടെ അനുഗ്രഹാശിസുകളും തനിക്കൊപ്പമുണ്ടെന്നും അന്‍വര്‍ പറയുന്നു. അതെല്ലാം വോട്ടാക്കി മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് അന്‍വര്‍. നിലമ്പൂരില്‍ തോറ്റ കോണ്‍ഗ്രസ് നേതാവിന് വീണ്ടും എം.എല്‍.എ ആകണം. പി.വി അന്‍വര്‍ പൊന്നാനിയില്‍ നിന്ന് വിജയിച്ചാല്‍ നിലമ്പൂരില്‍ ഉപ തെരഞ്ഞെടുപ്പു വരും. സ്വപ്‌ന സഞ്ചാരികളുടെ ഇത്തരം
രാഷ്ട്രീയക്കളികള്‍ക്ക് പാവം ഇ.ടി മുഹമ്മദ് ബഷീറിനെ ബലിയാടാക്കാം എന്നാണ് ചിലരുടെ കണക്കു കൂട്ടല്‍.

വി.വി പ്രകാശ്

എന്നാല്‍ പൊന്നാനിയിലെ അപ സ്വരങ്ങളൊക്കെ സംസാരിച്ച് തീര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ തന്നെയാണ് ലീഗു ക്യാംപ്. അതിലുപരി മണ്ഡലത്തിലും പാര്‍ലമെന്റിലും മികച്ച പ്രകടനം കൊണ്ട് സമൂഹത്തിനും സമുദായത്തിനുമുണ്ടായ പ്രശ്‌നങ്ങളിലെല്ലാം  ഉറച്ച ശബ്ദമുയര്‍ത്തിയ മികവ് മാത്രം പോരെ ഇ.ടി മുഹമ്മദ് ബഷീറെന്ന പാര്‍ലമെന്റേറിയന് പൊന്നാനിക്കാരുടെ വോട്ടു നിറയാന്‍. ഇപ്പോള്‍ മനപ്പായസമുണ്ണുന്നവര്‍ക്ക് ബുദ്ധിയുറക്കും മുമ്പ് അദ്ദേഹം പൊതു പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കേവലം മുസ്‌ലിം ലീഗ് നേതാവല്ലല്ലോ അവര്‍ക്ക് ഇ.ടി മുഹമ്മദ് ബഷീര്‍.

അതിലുപരി മികച്ച വിദ്യാഭ്യാസ മന്ത്രിയായിരുന്നു. പ്രഭാഷകനായിരുന്നു എം.എല്‍.എയായിരുന്നു. സമുദായ നേതാവാണ്. അങ്ങനെയെത്രയെത്ര മേല്‍വിലാസങ്ങള്‍. 1985 ലും (ഉപതെരഞ്ഞെടുപ്പ് ), 1991,1996, 2001 ലും കേരള നിയമസഭയിലെത്തിയതാണദ്ദേഹം.
ഓരോ അവസരവും വേണ്ടതുപോലെ ഉപയോഗപ്പെടുത്തിയയാളാണ്. വരാനിരിക്കുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്താനും അറിയാം.

ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ പ്രാദേശിക വികാരം ശക്തമാണെന്നും മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന പി.വി. അന്‍വര്‍ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായെത്തിയതോടെ ലീഗിന്റെ ആശങ്ക ഇരട്ടിച്ചിരിക്കുകയാണെന്നുമാണ് ശത്രു സംഹാര
ക്കാരുടെ പ്രചാരണം. ഇ.ടിയോട് അഭിപ്രായ വ്യത്യാസമുള്ള പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ വോട്ട് മറിക്കുമെന്നും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്  ഇത് മറികടക്കാനാണ് എസ്ഡിപിഐയുടേ പിന്തുണ ലീഗ് തേടിയതെന്നും അവര്‍ പ്രചരിപ്പിക്കുന്നു.

എന്നാല്‍ കേവലം ആരോപണം മാത്രമാണിതെന്നും പൊന്നാനിയില്‍ മുസ്‌ലിം ലീഗിന്റെ കരുത്തനായ സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ സംശുദ്ധ രാഷ്ട്രീയത്തിനാണ് വോട്ടു തേടുന്നതെന്നുമാണ് മുസ്‌ലിം ലീഗ് വിശദീകരിക്കുന്നത്.
അതിനെ തറപറ്റിക്കാന്‍ വാടക സ്ഥാനാര്‍ഥികളെ കെട്ടിയെഴുന്നള്ളിച്ചാല്‍ ഒന്നും സംഭവിക്കില്ലെന്നുമാണ് മുസ്‌ലിം ലീഗിന്റെ മറുപടി.
മലപ്പുറത്ത് യുഡിഎഫിന് ആശങ്കപ്പെടാനൊന്നുമില്ല. പൊന്നാനിയിലും കാര്യങ്ങള്‍ അങ്ങനെ തന്നെയാണ്. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മാത്രമേ പൊന്നാനിയില്‍ തര്‍ക്കമുള്ളൂ എന്നും ലീഗും യു.ഡി.എഫും വിലയിരുത്തുന്നു. അവിടെ എതിര്‍ സ്ഥാനാര്‍ഥി ആരെന്നത് ഒരു വിഷയമേ ആക്കുന്നുമില്ല ഈ വാഴക്കാട്ടുകാരന്‍.

എന്തായാലും പൊന്നാനിയില്‍ ഇത്തവണ മത്സരം പൊടിപാറുമെന്നതിന്റെ ത്രില്ലിലാണ് പൊന്നാനിക്കാര്‍. ഫലമെന്താകുമെന്നേ ഇനി  കാത്തിരിക്കുന്നുള്ളൂ. അതു കാത്തിരുന്നു തന്നെ കാണാം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News