2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

അവധൂതന്‍.. പ്രിയ തോഴന്‍

ജൂലൈ 28ന് അന്തരിച്ച എഴുത്തുകാരനും അധ്യാപകനുമായ പി.എന്‍ ദാസിനെ ഓര്‍ക്കുന്നു

പി.കെ ഗോപി

പ്രകൃതിക്കും മനുഷ്യനുമിടയില്‍ പച്ചിലകളുടെ പരമാര്‍ഥം തേടിയ ഒരാളായിരുന്നു പി.എന്‍ ദാസ്. പരമസാത്വികനായി സ്‌നേഹം മാത്രം ചൊരിഞ്ഞുജീവിച്ച അദ്ദേഹം മണ്ണിന്റെ മഹാവാല്‍സല്യത്തിലേക്കു മടങ്ങി.
വിദ്വേഷം എന്ന വാക്ക് ജീവിതത്തില്‍ നിന്ന് എന്നേക്കുമായി മായ്ച്ചുകളഞ്ഞ് സമാധാനത്തിന്റെ ശാന്തിദൂതനെപ്പോലെ എല്ലാവരോടും പെരുമാറി, കലങ്ങിമറിയുന്ന കാലത്തിന്റെ ചുഴിക്കുത്തുകളില്‍ വീര്‍പ്പുമുട്ടി, വാഗ്വാദവേദികളില്‍ പാണ്ഡിത്യം ചമഞ്ഞ്, ആരെയും ആക്ഷേപിച്ചില്ല. ബുദ്ധിജീവിയെന്നു സ്വയംനടിച്ച് പരിഹാസവാക്കുകളില്‍ പത്രപംക്തിയില്‍ നിറഞ്ഞുനിന്നില്ല.

സ്വയം പരിമളം ചൊരിയുന്ന കൊച്ചുകൊച്ചു വര്‍ത്തമാനങ്ങളിലൂടെ ചിന്തയിലെ സജീവമായ ആശയങ്ങള്‍ ഏതൊരാള്‍ക്കും മനസിലാകും പോലെ പകര്‍ന്നുനല്‍കി.

ഇളംനാമ്പിന്റെ നൈര്‍മല്യംപോലെ പ്രതീക്ഷ പുലര്‍ത്തുന്ന നിമിഷങ്ങളില്‍ പി.എന്‍ ദാസ് അധ്യാപകനായി പ്രത്യക്ഷപ്പെട്ടു. ഇരുട്ടിന്റെ ഇടുങ്ങിയ വെല്ലുവിളികളെ മെഴുകുതിരിനാളം കൊളുത്തി അതിജീവിച്ചു. മുള്ളുകളുടെ സാന്നിധ്യത്തെ ഭയക്കാതെ കാരുണ്യത്തിന്റെ മലര്‍ദലങ്ങള്‍ ഇറുത്തെടുത്തും വേദനിക്കുന്നവന് സാന്ത്വനമായും വേവലാതിപ്പെടുന്നവന് ശാന്തതയായും നിലകൊണ്ടു. സ്‌ഫോടനങ്ങള്‍ കേട്ട് ഒളിച്ചോടാതെ മന്ദഹാസം ചൊരിഞ്ഞ് ഏകനായി നടന്നു.

ഏതു കാലത്തെയും ദര്‍ശനങ്ങളെ ഭാഷാന്തരം ചെയ്ത് സ്വന്തം ഭാഷയുടെ മണ്‍ചെപ്പിലടച്ച് ദാനം ചെയ്യാന്‍ നിസ്വാര്‍ഥ ശ്രദ്ധയോടെ ജീവിച്ചു. വേരും തളിരും പൂവും കല്ലും മണ്ണും വെള്ളവും കരുതിവച്ചിരിക്കുന്ന സിദ്ധൗഷധങ്ങളില്‍ വിശ്വസിച്ചു. നിശ്വാസങ്ങളുടെ പ്രാണശക്തിയെ ശരീരകോശങ്ങളില്‍ പ്രസരിപ്പിച്ചു. എഴുത്തിന്റെ സൗമ്യനിലാവില്‍ ലയിച്ചിരുന്നത് സംഗീതാത്മകമായി സംവദിച്ചു.

ഓഷോയും റൂമിയും ഗാന്ധിജിയും ടാഗോറും ഇഖ്ബാലും ശ്രീനാരായണ ഗുരുവും കാറല്‍ മാര്‍ക്‌സുമെല്ലാം പി.എന്‍ ദാസിന്റെ മനസില്‍ വന്നുപാര്‍ത്തു. സെന്‍ഗുരുവിന്റെ പ്രതീകാത്മക രൂപം പ്രാപിച്ച് അറിവിന്റെ മറുകര തേടി തോണി തുഴഞ്ഞു. നിറകുടം തുളുമ്പാത്ത ജാഗ്രതയോടെ ജ്ഞാനം ശേഖരിച്ചും അഹന്ത തലയുയര്‍ത്താത്ത ആത്മബോധത്തെ അനുനിമിഷം പ്രകാശിപ്പിച്ചും ആ മെലിഞ്ഞ രൂപം സുഹൃത്തായും ഗുരുവായും വഴികാട്ടിയായും ജീവിച്ചു.

തെളിനീര്‍ച്ചോല പോലെ ഒഴുകിയൊഴുകി അനന്തമായ സമുദ്രത്തില്‍ സാക്ഷാത്കാരം നേടിയ പി.എന്‍ ദാസ് മാഷിന് ഇനി സ്മാരകം എണ്ണമറ്റ പുസ്തകങ്ങളാണ്. അവ നേടിയ പ്രചാരത്തിനു പിന്നില്‍ നല്ല മനസുകളുടെ വായനാസ്വാദനമല്ലാതെ മറ്റൊന്നുമില്ല. സ്വച്ഛവും നിര്‍മലവുമായി ജീവിക്കാന്‍ മാതൃകയുണ്ടോ എന്നു ചോദിച്ചാല്‍ ഞാന്‍ പറയും: തീര്‍ച്ചയായും പി.എന്‍ ദാസ്. അന്യരെല്ലാം ശത്രുവെന്നു കരുതാതെ പൊരുതാനാവുമോ എന്നു ചോദിച്ചാല്‍ പറയും: അതായിരുന്നു ദാസ് മാഷിന്റെ അവധൂത ജീവിതം. പ്രകൃതിയുടെ മഹാദാനമായ പ്രാണനെ കാലം മടക്കിവിളിക്കുമ്പോള്‍ പി.എന്‍ ദാസ് എന്ന ജ്ഞാനപഥികന് യാതൊരു വൈമനസ്യവും തോന്നിയിട്ടുണ്ടാവില്ല! അത്രമേല്‍ പ്രശാന്തത ആ ആയുസിനെ അനുഗ്രഹിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.