2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

തീവ്ര ദേശീയവാദവും ഭീതിയും വളര്‍ത്തുന്നതില്‍ നരേന്ദ്രമോദിയും നെതന്യാഹുവും ഒരുപോലെയെന്ന് ഇമ്രാന്‍ ഖാന്‍

 

ന്യൂഡല്‍ഹി: അതി തീവ്രമായ ദേശീയത ഉയര്‍ത്തുന്നതിലും രാജ്യത്തെ ജനങ്ങളില്‍ ഭീതി വളര്‍ത്തുന്നതിലും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരുപോലെയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തീവ്രദേശീയതയിലും ഭീതിപടര്‍ത്തുന്നതിലും ഊന്നിയാണ് ഇപ്പോഴത്തെ ഇസ്‌റാഈല്‍- ഇന്ത്യന്‍ രാഷ്ട്രനേതാക്കള്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതെന്നും ഇമ്രാന്‍ പറഞ്ഞു. 17മത് ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന്റെ തലേദിവസം ഇസ്‌ലാമാബാദില്‍ വിദേശ മാധ്യമപ്രവര്‍ത്തകരുമായുള്ള പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍.

ജമ്മു കശ്മീരില്‍ മാത്രമല്ല ഇന്ത്യയിലാകെ തന്നെ മുസ്‌ലിംകള്‍ വിവേചനത്തിന് ഇരയാവുന്നുണ്ട്. മുസ്‌ലിം സ്വത്വം ഇന്ത്യയില്‍ ആക്രമിക്കപ്പെടുകയാണ്. ഏറെക്കാലം ഇന്ത്യയിലെ മുസ്‌ലിംകള്‍ സന്തോഷത്തോടെ തന്നെയാണ് കഴിഞ്ഞുവന്നത്. എന്നാല്‍, ഇപ്പോള്‍ തീവ്ര ഹിന്ദുദേശീയവാദികള്‍ കാരണം അവര്‍ ആശങ്കാകുലരാണ്. വീണ്ടും അധികാരത്തിലേറിയാല്‍ ജമ്മുകശ്മീരിനു പ്രത്യേക പദവിനല്‍കുന്ന ഭരണഘടനയിലെ വകുപ്പുകള്‍ റദ്ദാക്കുമെന്ന ബി.ജെ.പി വാഗ്ദാനം ആശങ്കയോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കശ്മീര്‍ വിഷയത്തില്‍ പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴത്തേക്കാള്‍ പിന്നോട്ടുപോവും. കാരണം ഈ വിഷയത്തില്‍ അവര്‍ അനുകൂലമായ എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ തീവ്രവലതുപക്ഷ നിലപാടുള്ളവര്‍ പ്രതിഷേധവുമായി മുന്നോട്ടുവരും. എന്നാല്‍, ബി.ജെ.പിയാണ് അധികാരത്തിലെത്തുന്നതെങ്കില്‍ കശ്മീര്‍ പ്രശ്‌നത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പിന് സാധ്യതയുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.