2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

മൂന്നു ജില്ലകളില്‍ പ്ലസ് വണ്ണിന് ആവശ്യത്തിലധികം സീറ്റ്

ഫസല്‍ മറ്റത്തൂര്‍

മലപ്പുറം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ മെറിറ്റു സീറ്റുകളിലേക്കുള്ള പ്രവേശന നടപടികള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കേ മധ്യകേരളത്തിലെ മൂന്നു ജില്ലകളില്‍ ആവശ്യത്തിലധികം സീറ്റുകള്‍. മുഖ്യഘട്ടത്തില്‍ സീറ്റു ലഭിക്കാത്തവര്‍ക്കായുള്ള സപ്ലിമെന്ററി അപേക്ഷ സ്വീകരിക്കല്‍ അവസാനിച്ചതോടെയാണ് മൂന്നു ജില്ലകളില്‍ ലഭ്യമായ സീറ്റുകളേക്കാള്‍ കുറവ് അപേക്ഷകരുണ്ടായത്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ബാക്കിയുള്ള സീറ്റുകളേക്കാള്‍ കുറവ് വിദ്യാര്‍ഥികള്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ നല്‍കിയത്. പത്തനംതിട്ടയില്‍ 1046 അപേക്ഷകര്‍ക്ക് 2240 ഉം കോട്ടയം ജില്ലയില്‍ 2876 അപേക്ഷകര്‍ക്ക് 3027 ഉം ഇടുക്കി ജില്ലയില്‍ 1653 അപേക്ഷകര്‍ക്ക് 2103 ഉം പ്ലസ് വണ്‍ സീറ്റുകള്‍ ബാക്കിയുണ്ട്.

ഈ മൂന്നു ജില്ലകളിലും പ്ലസ്‌വണ്ണിന് അപേക്ഷിച്ച എല്ലാവര്‍ക്കും മെറിറ്റ് സീറ്റില്‍ തന്നെ പ്രവേശനം ലഭിക്കും. മലപ്പുറം ഉള്‍പ്പടെയുള്ള മലബാര്‍ ജില്ലകളിലും തിരുവനന്തപുരം ജില്ലയിലും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ മെറിറ്റ് സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പാക്കി സമാന്തര മേഖലകളിലേക്ക് തുടര്‍പഠനം അന്വേഷിക്കുന്നതിനിടെയാണ് അപേക്ഷകരുടെ എണ്ണത്തേക്കാള്‍ സീറ്റുകള്‍ പല ജില്ലകളിലും ഒഴിഞ്ഞു കിടക്കുന്നത്.
മുഖ്യഘട്ടത്തില്‍ അപേക്ഷ നല്‍കിയിട്ടും സീറ്റ് ലഭിക്കാത്ത ഒരുലക്ഷത്തിലധികം വിദ്യാര്‍ഥികളുണ്ട്. തുടര്‍ന്നും സീറ്റ് ലഭിക്കില്ലെന്ന ധാരണയില്‍ ഇതിലെ പതിനായിരക്കണക്കിനു പേര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിച്ചിരുന്നില്ല. അതേസമയം നേരത്തെ അപേക്ഷ നല്‍കി സീറ്റു ലഭിക്കാത്തതുമൂലം അപേക്ഷ പുതുക്കിയ 13577 ഉം പുതുതായി അപേക്ഷ നല്‍കിയ 1449 ഉം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം 15026 സപ്ലിമെന്ററി അപേക്ഷകരാണുള്ളത്. ഇവര്‍ക്കായി ജില്ലയില്‍ ഇനിയുള്ളതാകട്ടെ 4889 സീറ്റ് മാത്രവും.

സപ്ലിമെന്ററി അലോട്ട്‌മെന്റിന് പതിനായിരത്തിനു മുകളില്‍ അപേക്ഷകരുള്ള ഏക ജില്ലയും മലപ്പുറമാണ്. അവസാനഘട്ടത്തില്‍ മാത്രം 20 ശതമാനം സീറ്റ് വര്‍ധന ഏര്‍പ്പെടുത്തിയതു സംബന്ധിച്ചും സ്‌പോട്ട് അഡ്മിഷനെക്കുറിച്ചും കൃത്യമായ വിവരം ലഭിക്കാത്തതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പ്ലസ്‌വണ്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിരുന്നു. പ്ലസ്‌വണ്‍ പ്രവേശന നടപടികള്‍ക്കു ശേഷവും അപേക്ഷകര്‍ക്ക് സീറ്റു ലഭിക്കാത്ത സാഹചര്യം ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നു കഴിഞ്ഞദിവസം നിയമസഭയില്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചിരുന്നു.

അതേസമയം സംസ്ഥാനത്തെ ഒഴിവുള്ള പ്ലസ്‌വണ്‍ സീറ്റുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ച് അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് നാളെ മുതല്‍ പ്രവേശനം നേടാം. മുഖ്യഘട്ട അലോട്ടമെന്റിനു ശേഷം ഒഴിവുവന്ന 39797 മെറിറ്റു സീറ്റുകളിലേക്കാണ് ഏകജാലകം വഴി സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തുന്നത്. അലോട്ട്‌മെന്റ് ലഭിച്ചവരുടെ പേരുവിവരങ്ങള്‍ ഇന്ന് വൈകുന്നേരമോ നാളെ രാവിലെയോ പ്രസിദ്ധീകരിക്കും.

ഒഴിവുള്ള 39797 സീറ്റുകളിലേക്ക് 76873 വിദ്യാര്‍ഥികളാണ് അപേക്ഷ നല്‍കിയത്. രണ്ടുതവണയായി നടന്ന മുഖ്യഘട്ട അലോട്ട്‌മെന്റിന് വിവിധ കാരണത്താല്‍  അപേക്ഷ നല്‍കാനാവാത്ത 8507 വിദ്യാര്‍ഥികളാണ് സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതിനായി പുതിയ അപേക്ഷ നല്‍കിയിരിക്കുന്നത്. നേരത്തെ അപേക്ഷ നല്‍കി സീറ്റ് ലഭിക്കാതെ പോയ 68366 പേര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷ പുതുക്കി നല്‍കിയിട്ടുമുണ്ട്.

വിവിധ ജില്ലകളിലെ അപേക്ഷരുടെ എണ്ണം, ഒഴിവുകളുടെ എണ്ണം ബ്രാക്കറ്റില്‍. തിരുവനന്തപുരം: 6743(2490), കൊല്ലം:  4948(2576), പത്തനംതിട്ട: 1046(2240), ആലപ്പുഴ: 4112(2631), കോട്ടയം: 2876(3027),ഇടുക്കി: 1653(2103), എറണാകുളം: 5851(3977), തൃശൂര്‍: 6859(3970), പാലക്കാട്: 8111(2607), കോഴിക്കോട്: 9681(3842), വയനാട്: 2412(1040), കണ്ണൂര്‍: 4942(2861), കാസര്‍കോട്: 2613(1544).


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.