2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കണ്ണീര്‍പ്രളയത്തിലെ ആഹ്ലാദനിമിഷങ്ങള്‍

എ. സജീവന്‍

 

 

‘ദുരന്തം വാരിവിതറി നാടിനെ പ്രളയം വിഴുങ്ങിക്കൊണ്ടിരിക്കുമ്പോഴും ചില വാര്‍ത്തകള്‍ മനസ്സില്‍ സന്തോഷം പകരുന്നതായിരുന്നു.’ പ്രളയാന്തരീക്ഷത്തില്‍ ഇങ്ങനെ പറയാന്‍ പാടില്ലാത്തതാണ്. മനുഷ്യത്വമില്ലായ്മയുടെ ലക്ഷണമായി അതു വ്യാഖ്യാനിക്കപ്പെടും.
ഒന്നും രണ്ടുമല്ല, നൂറിലേറെ പേരാണു മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലും മണ്ണിനടിയില്‍ ജീവനോടെ കുഴിച്ചുമൂടപ്പെട്ടത്. എത്രയോ കുടുംബങ്ങളാണു നിമിഷങ്ങള്‍ക്കുള്ളില്‍ അനാഥമാക്കപ്പെട്ടത്.
എങ്കിലും, മനുഷ്യന്‍ ഇതരജാതിയിലും ഇതരമതത്തിലും പെട്ട സഹജീവികളോട് വേട്ടപ്പട്ടിയെപ്പോലെ പെരുമാറുന്ന കാഴ്ചകള്‍ പെരുകിക്കൊണ്ടിരിക്കെ പ്രളയദുരന്തഭൂമിയില്‍ നിന്നു കേള്‍ക്കുന്ന മനുഷ്യത്വത്തിന്റെ ശബ്ദങ്ങളും കാരുണ്യക്കാഴ്ചകളും മനസ്സില്‍ ആഹ്ലാദം നിറയ്ക്കുന്നെന്നസത്യം പറയാതിരിക്കുന്നതെങ്ങനെ. മലയാളത്തിന്റെ മണ്ണിലെ നന്മമരങ്ങളെ പിഴുതുമാറ്റാന്‍ അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും ഉരുള്‍പൊട്ടലുകള്‍ അശക്തമാണെന്നു തെളിയിക്കുന്നതാണല്ലോ ആ സന്തോഷവാര്‍ത്തകള്‍.
പ്രളയദുരിതാശ്വാസത്തിനായി ഒന്നും ചെയ്യരുതെന്ന വിലക്കുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രളയം സൃഷ്ടിച്ചുകൊണ്ടിരിക്കെയാണല്ലോ നൗഷാദ് എന്ന വഴിയോരക്കച്ചവടക്കാരന്‍ അക്ഷരാര്‍ഥത്തില്‍ ‘അത്ഭുത’മായി കടന്നെത്തിയത്. പ്രളയദുരിതമനുഭവിക്കുന്നവര്‍ക്കു ഉടുതുണിക്കു മറുതുണി കൊടുക്കാന്‍ വസ്ത്രങ്ങള്‍ തന്നു സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി എറണാകുളം ബ്രോഡ്‌വേയിലെ കച്ചവടസ്ഥാപനങ്ങള്‍ കയറിയിറങ്ങിയ രാജേഷ് ശര്‍മയെന്ന നടന്റെ നേതൃത്വത്തിലുള്ള സാമൂഹ്യപ്രവര്‍ത്തകരെ അത്ഭുതസ്തബ്ധരാക്കി പെരുന്നാള്‍ കച്ചവടത്തിനു പണംകൊടുത്തു വാങ്ങി ശേഖരിച്ച പുതുവസ്ത്രങ്ങളെല്ലാം ചാക്കില്‍ കുത്തിനിറച്ചു നല്‍കുകയായിരുന്നു നൗഷാദ്.
‘ഇത്രയൊന്നും വേണ്ട’ എന്നു പറഞ്ഞ സന്നദ്ധപ്രവര്‍ത്തകരോട് ”നമ്മള് പോകുമ്പോള്‍ ഇതൊന്നും കൊണ്ടുപോകില്ലല്ലോ. കൊടുക്കുന്നതെല്ലാം പടച്ചോന്‍ തിരിച്ചുതന്നോളും.” എന്നായിരുന്നു നൗഷാദിന്റെ മറുപടി.
നൗഷാദിന്റെ നന്മക്കഥ അവിടെയും അവസാനിക്കുന്നില്ല. നൗഷാദ് ചെയ്ത പുണ്യപ്രവൃത്തിയറിഞ്ഞു മറ്റൊരു മനുഷ്യസ്‌നേഹി അദ്ദേഹത്തെ തേടിയെത്തി, സ്മാര്‍ട്ട് ട്രാവല്‍സ് ഏജന്‍സി നടത്തുന്ന അഫി അഹമ്മദ്. പുതുക്കിപ്പണിത നൗഷാദിന്റെ കടയിലെത്തി ഒരു ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ അഫി അഹമ്മദ് വാങ്ങി. അതു നൗഷാദിനെ സാമ്പത്തികമായി സഹായിക്കാന്‍ വേണ്ടിയായിരുന്നു.
എന്നാല്‍, അവിടെയും നൗഷാദ് അത്ഭുതം പ്രവര്‍ത്തിച്ചു. തുണി വിറ്റുകിട്ടിയ ഒരു ലക്ഷം രൂപയുടെ ചെക്കുമായി അദ്ദേഹം നേരേ ജില്ലാകലക്ടറുടെ ഓഫിസിലെത്തി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ആ തുക സംഭാവന ചെയ്തു.
ഒന്നും രണ്ടുമല്ല, 1635 ക്യാംപുകളിലായി 2,59,877 പേരാണ് അഭയാര്‍ഥികളായി എത്തിയത്. ഉടുതുണിക്കു മറുതുണിപോലുമില്ലാത്തവര്‍. ഉറ്റവരെ നഷ്ടപ്പെട്ടവരും കിടപ്പാടം പൂര്‍ണമായും ഇല്ലാതായവരുമെല്ലാം അവര്‍ക്കിടയിലുണ്ടായിരുന്നു. അവരുടെ കണ്ണീരൊപ്പാനും അവരുടെ വിശപ്പു ശമിപ്പിക്കാനും മനുഷ്യസ്‌നേഹികളുടെ സഹായം അനിവാര്യമായിരുന്നു. തീര്‍ച്ചയായും കേരളം മാതൃകാപരമായി പ്രവര്‍ത്തിച്ചു. ജാതിയും മതവും നോക്കാതെ, സ്വന്തം വരുമാനത്തെയും ആസ്തിയെയും കുറിച്ചു ചിന്തിക്കാതെ അവര്‍ കൈയയച്ചു നല്‍കി.
നൗഷാദിനെപ്പോലെ എത്രയെത്ര പേര്‍. പേരുപോലും വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തവരും അവരില്‍ എത്രയോ ഉണ്ടായിരുന്നു. അവരില്‍ ഒരാളുടെ കഥ പറയാം.
ആലപ്പുഴ വട്ടപ്പള്ളിയിലെ ജുമാമസ്ജിദിലെ മദ്‌റസയില്‍ പ്രളയബാധിതര്‍ക്കായി സാധനസാമഗ്രികള്‍ ശേഖരിക്കുന്ന കേന്ദ്രം ആരംഭിച്ചിരുന്നു. പലരും പലതും സംഭാവന ചെയ്യാനെത്തി. അവിടേയ്‌ക്കൊരുനാള്‍ ഒരാള്‍ ബൈക്കിലെത്തി. അധികം പഴക്കമില്ലാത്ത ബൈക്കും അതിന്റെ രേഖകളും അവിടെയേല്‍പ്പിച്ചു. ബൈക്ക് വിറ്റു കിട്ടുന്ന തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് എടുത്തുകൊള്ളാന്‍ പറഞ്ഞു.അതിനിടയില്‍ ഒരഭ്യര്‍ഥന അദ്ദേഹം നടത്തി. തന്റെ പേരു വെളിപ്പെടുത്തരുത്. അതും പറഞ്ഞു പുഞ്ചിരിയോടെ അദ്ദേഹം നടന്നു മറഞ്ഞു. അതിനിടയില്‍ ആരോ അദ്ദേഹത്തിന്റെ ചിത്രം പിറകില്‍ നിന്നെടുത്തു, ‘അജ്ഞാത’മായ മനുഷ്യസ്‌നേഹത്തിന്റെ ചിത്രം. അന്നു വൈകിട്ടു തന്നെ ബൈക്ക് ലേലത്തിനു പോയി, 11,000 രൂപയ്ക്ക്. മലപ്പുറത്ത് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ നഫീസിന്റെ ബുള്ളറ്റിന് ഷാനവാസ് വിലയിട്ടത് 3,33,313 രൂപയാണ്.
അര്‍ബുദം ബാധിച്ച ഭാര്യക്കു യാത്രയ്ക്കായി ബന്ധുക്കള്‍ വാങ്ങി നല്‍കിയ ബൈക്ക് ദുരിതാശ്വാസ ഫണ്ടിലേയ്ക്കു പണം നല്‍കാനായി വില്‍ക്കാന്‍ തയാറായ മറ്റൊരു യുവാവിനെക്കുറിച്ചുള്ള വാര്‍ത്തയും പത്രങ്ങളില്‍ സന്തോഷത്തോടെ വായിക്കാന്‍ കഴിഞ്ഞു. ”ഇപ്പോള്‍ പ്രളയദുരിതം അനുഭവിക്കുന്നവരെ സഹായിക്കലല്ലേ എല്ലാവരുടെയും കര്‍ത്തവ്യം.” എന്ന അദ്ദേഹത്തിന്റെ വാക്കുകളും മനസ്സില്‍ കുളിരു കോരിയിടുന്നതായിരുന്നു.
വടക്കന്‍ കേരളത്തിലെ പ്രളയവാര്‍ത്തയറിഞ്ഞു ചെങ്ങന്നൂരുകാരായ കുറച്ചു യുവാക്കള്‍ ഒരു ലോഡ് സാധനസാമഗ്രികളുമായി നിലമ്പൂരിലേയ്ക്കുപോയി. കഴിഞ്ഞവര്‍ഷം തങ്ങളുടെ നാട്ടില്‍ പ്രളയം താണ്ഡവമാടിയപ്പോള്‍ വടക്കുനിന്നുള്ള മനുഷ്യസ്‌നേഹികള്‍ ഓടിയെത്തിയതിലുള്ള നന്ദിപ്രകടനംകൂടിയായിരുന്നു അത്.യാത്രയ്ക്കിടയില്‍ അവര്‍ മഞ്ചേരിക്കടുത്ത തൃക്കലങ്ങോട്ടെ ഒരു ഹോട്ടലില്‍ കയറി. ഭക്ഷണം വിളമ്പുന്നതിനിടയില്‍ കടയുടമ ജിതേഷ് അവരെക്കുറിച്ചു ചോദിച്ചറിഞ്ഞിരുന്നു. യുവാക്കള്‍ ബില്ലു കൊടുക്കാനായി പണം നീട്ടിയപ്പോള്‍ ജിതേഷിന്റെ മറുപടിയിങ്ങനെ, ”നിങ്ങള് ഞങ്ങളെ സഹായിക്കാന്‍ വന്നോരല്ലേ. പിന്നെന്തിനാ പണം.”
സീരിയല്‍ താരം ശരണ്യ ശശി ദീര്‍ഘകാലമായി രോഗശയ്യയിലായിരുന്നു. കുറേ നാളായി ബ്രെയ്ന്‍ ട്യൂമര്‍ ബാധിച്ചിട്ട്. ഏഴുതവണ ശസ്ത്രക്രിയ കഴിഞ്ഞു. സമ്പാദ്യമെല്ലാം ചികിത്സയ്ക്കായി ചെലവഴിച്ചു. വാങ്ങാവുന്നിടത്തുനിന്നെല്ലാം കടംവാങ്ങി. ഒടുവില്‍ കുറച്ചു പണം സഹായമായി ലഭിച്ചു. സഹായത്തുകയില്‍ നിന്നു പതിനായിരം രൂപ പ്രളയ ദുരിതാശ്വാസനിധിയിലേയ്ക്കു നല്‍കി. ആലുവയിലെ സാദിയ എന്ന വിദ്യാര്‍ഥിനി അര്‍ബുദരോഗിയാണ്. ചികിത്സ നടക്കുന്നു. അവള്‍ മണ്‍കുടുക്കയില്‍ സ്വരൂപിച്ചു വച്ച ചില്ലറ നാണയങ്ങളുണ്ടായിരുന്നു. പ്രളയവാര്‍ത്ത കേട്ട സാദിയ ആരും പറയാതെ ആ നാണയത്തുട്ടുകള്‍ ദുരിതാശ്വാസനിധിയിലേയ്ക്കു സംഭാവന ചെയ്തു.
ആലപ്പുഴ തൃക്കുന്നപ്പുഴ അണ്ടോളില്‍ ജ്വല്ലേഴ്‌സ് ബ്യൂട്ടിക് ഉടമ അബ്ദുല്ലയുടെ പ്രിയതമ നിര്യാതയായിട്ട് ഒരാണ്ടു തികയുകയാണ്. ഏറെ പ്രിയങ്കരിയായിരുന്ന ഭാര്യയുടെ ഓര്‍മയ്ക്കായി എന്തെങ്കിലും പുണ്യപ്രവൃത്തി ചെയ്യണമെന്നു ചിന്തിച്ചിരിക്കുകയായിരുന്നു അബ്ദുല്ല. 10 ലക്ഷത്തിലധികം രൂപയുടെ വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളുമാണ് അദ്ദേഹം ദുരിതാശ്വാസകേന്ദ്രങ്ങളിലേയ്ക്ക് അയച്ചത്. പത്തുവര്‍ഷത്തെ അധ്വാനം കൊണ്ടുണ്ടാക്കിയ ഏക സമ്പാദ്യമായ 25 സെന്റ് സ്ഥലത്തിലെ 20 സെന്റും ബഹ്‌റൈന്‍ പ്രവാസി വനിത ജിജി, കവളപ്പാറപ്രളയത്തില്‍ വീടുനഷ്ടപ്പെട്ടവര്‍ക്കെല്ലാം വീടുവയ്ക്കാന്‍ സ്ഥലം നല്‍കാന്‍ തയാറായ പ്രവാസി വ്യവസായി അരീക്കോട് കുനിയില്‍ കാരങ്ങാടന്‍ മുഹമ്മദ് ഇഖ്ബാല്‍, മുന്‍വര്‍ഷത്തെപ്പോലെ പ്രളയഭൂമിയിലേയ്ക്ക് ഓടിയെത്തിയ നിരവധി മത്സ്യത്തൊഴിലാളികളും സന്നദ്ധപ്രവര്‍ത്തകരും, അഴുകിയ മൃതദേഹങ്ങള്‍പോലും മണ്ണിനടിയില്‍ നിന്നു തിരഞ്ഞുകണ്ടെത്തിയ ദുരിതാശ്വാസപ്രവര്‍ത്തകര്‍… ഇങ്ങനെ എത്രയെത്ര മനുഷ്യസ്‌നേഹികള്‍. അവരെക്കുറിച്ചൊക്കെ ഓര്‍ക്കുമ്പോള്‍ നമ്മുടെ നാടിന്റെ നന്മയെപ്പറ്റി അഭിമാനിക്കാതിരിക്കാനാകുമോ. ആനന്ദക്കണ്ണീര്‍ ഒഴുക്കാതിരിക്കാനാകുമോ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.