2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഈ ഫ്രൂട്ടാണ് പാഷന്‍

വലിയ ചെലവൊന്നുമില്ലാതെ പറമ്പില്‍ വളര്‍ത്താം. ഏറെ ആരോഗ്യദായകവും പോഷകസമൃധവും മറ്റനേകം വിശേഷങ്ങളുമുള്ള പാഷന്‍ ഫ്രൂട്ടിനെ. മാനസിക സമ്മര്‍ദ്ദവും വിഷാദവുമാണ് പുതിയ  ലോകത്തിന്റെ മുഖമുദ്ര.

പലരോഗങ്ങളുടെയും അടിസ്ഥാനവും ഇവയാണ്. ഈ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ അതീവ രുചികരവും വളരെ ചെലവുകുറഞ്ഞതുമായ ഒരു മാര്‍ഗമാണ് പാഷന്‍ ഫ്രൂട്ട്. നാഡീതകരാറുകളും വിഷാദരോഗവും ഉറക്കമില്ലായ്മയുമൊക്കെ അകറ്റാന്‍ പറ്റിയ ഒരു ഒറ്റമൂലി നാം അത്ര പ്രാധാന്യം കല്‍പിക്കാത്ത പാഷന്‍ ഫ്രൂട്ടില്‍ അടങ്ങിയിട്ടുണ്ടെന്ന് ആധുനിക പഠനം തെളിയിക്കുന്നു.

പ്രത്യേക പരിചരണമില്ലാതെ തഴച്ചുവളരുന്ന പാഷന്‍ പഴം പാസിഫ്‌ളോറേസിയ കുലത്തിലെ അംഗമാണ്. ബ്രസീലിലാണ് ജന്മദേശം. പല ഇനങ്ങളുണ്ടെങ്കിലും പര്‍പ്പിള്‍, മഞ്ഞ എന്നിവ കൃഷിക്കു നന്ന്. ഇതില്‍ തന്നെ പര്‍പ്പിള്‍ ഇനമാണ് ഇന്ത്യയില്‍ കൂടുതല്‍ പ്രചാരത്തിലുള്ളത്. മഞ്ഞയിനം സമതലങ്ങള്‍ക്കും പര്‍പ്പിള്‍ ഇനം സമുദ്ര നിരപ്പില്‍ നിന്ന് 650-1300 മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങള്‍ക്കും യോജിച്ചതാണ്. ഒരു കായയുടെ ഭാരം 8 മുതല്‍ 55 ഗ്രാം വരെ വ്യത്യാസപ്പെടാം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരം സിദ്ധിച്ചിട്ടുള്ളത് മഞ്ഞയിനമാണ്.

സിലോണില്‍ നിന്നു വന്ന ഈയിനം ഒരു വര്‍ഷം കൊണ്ട് കായ്ക്കും. പര്‍പ്പിള്‍ ഇനത്തേക്കാള്‍ നല്ല മണവും രുചിയും ഉണ്ട്. ഈ രണ്ടിനങ്ങളുടെയും സങ്കരമായ കാവേരി ഹോര്‍ട്ടിക്കള്‍ച്ചര്‍ ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്തതാണ്.

ഇവയ്ക്ക് പര്‍പ്പിള്‍ ഇനത്തോട് സാമ്യമെങ്കിലും സമതലങ്ങള്‍ക്കും ഉയര്‍ന്ന പ്രദേശങ്ങള്‍ക്കും യോജിച്ചതാണ്. മഞ്ഞയിനം പുഷ്പിക്കുന്നതിന് ആറ് മാസമെടുക്കുമ്പോള്‍ കാവേരി നാലാം മാസം പുഷ്പിക്കും. മികച്ച വിളവും നല്‍കും. പ്രത്യേക പന്തലില്ലെങ്കിലും വേലിപ്പടര്‍പ്പിലോ, മാവ്, പ്ലാവ് മുതലായവയിലോ ഇവ പടര്‍ന്നുവളരും. ആകര്‍ഷകമായ പൂക്കളാണ് ഇവയുടെ മറ്റൊരു പ്രത്യേകത. അതിനാല്‍ വീട്ടുവളപ്പില്‍ അലങ്കാരചെടിയായി വളര്‍ത്താനും ഉത്തമം. ഇവയെ പന്തലില്‍ പടര്‍ത്തിയാല്‍ ഒരു ഗ്രീന്‍ ഹൗസിന്റെ പ്രയോജനം ചെയ്യും.

മറ്റു നഴ്‌സറിചെടികള്‍ക്ക് തണലുമാകും. ഒരു ചെടിയില്‍ നിന്ന് ഏകദേശം 10 കിലോ വരെ കായ് കിട്ടും. കായ് മൂത്ത് പഴുത്ത് ഇളം മഞ്ഞ നിറമാകുമ്പോള്‍ വിളവെടുക്കാം. സെപ്തംബര്‍-ഒക്‌ടോബര്‍, മെയ്-ജൂണ്‍ എന്നീ മാസങ്ങളിലാണ് ധാരാളം കായ് ലഭിക്കുക. വെള്ളക്കെട്ടില്ലാത്ത ഏതു മണ്ണും പാഷന്‍ ഫ്രൂട്ടിന്റെ വളര്‍ച്ചയ്ക്ക് യോജിച്ചതാണ്. സാമാന്യം ഈര്‍പ്പവും മിതമായി ജൈവാംശവും കുമ്മായവും കലര്‍ന്ന മണ്ണാണ് വളര്‍ച്ചയ്ക്ക് അത്യുത്തമം.

കടുത്ത ചൂടും അതിശൈത്യവും നന്നല്ല. വിത്തു മുളപ്പിച്ചും വള്ളി നട്ടും തൈ ഉത്പാദിപ്പിക്കാം. വിത്തു മുളച്ചുണ്ടാകുന്ന തൈകളേക്കാള്‍ വള്ളിമുറിച്ചു നട്ടവ വേഗം കായ്ച്ചു തുടങ്ങും. മൂത്തവള്ളിയാണ് മുറിച്ചു നടേണ്ടത്. വള്ളി കഷണങ്ങള്‍ 25-30 സെ.മീ നീളത്തില്‍ മുറിച്ചെടുക്കണം. ഓരോ കഷണത്തിലും അഞ്ചിലകളെങ്കിലും ഉണ്ടായിരിക്കണം.

60 സെ.മീ വീതം നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്ത് അതില്‍ മണ്ണും ചാണകവും കലര്‍ത്തിയ മിശ്രിതം നിറച്ച് നടുന്നതിന് ഒരു മാസം മുന്‍പ് കുഴി തയാറാക്കണം. ഈ കുഴിയില്‍ വള്ളി നട്ട് ചുവട്ടില്‍ വളവും വെള്ളവും ക്രമമായി ചേര്‍ത്താല്‍ വേഗം വളരും.
വളര്‍ച്ചയെത്തിയ ചെടിയൊന്നിന് അഞ്ച് കി ഗ്രാം ചാണകവും 400 ഗ്രാം 7:10:5 എന്ന കൂട്ടുവളവും രണ്ടു തവണ ചേര്‍ത്തു കൊടുക്കുന്നതു നല്ലതാണ്. വള്ളിയില്‍ പുതുതായുണ്ടാകുന്ന തണ്ടുകളിലാണ് കായ് പിടിക്കുന്നത്. ധാരാളം ധാതു ലവണങ്ങളും ജീവകങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ പാഷന്‍ഫ്രൂട്ട് ഒരു മള്‍ട്ടി വിറ്റാമിന്‍ പഴം എന്ന് നിസംശയം പറയാം.

അമ്ലഗുണം കൂടുതലുള്ള ഈ പഴം കൊണ്ട് ഒരു വര്‍ഷത്തേക്കാവശ്യമായ ശീതളപാനീയം, ജെല്ലി ഇവ ഉണ്ടാക്കി സൂക്ഷിക്കാം. ഇപ്പോള്‍ പാഷന്‍ഫ്രൂട്ട് കിലോയ്ക്ക് 20-30 രൂപ വിലയുണ്ട്. വിദേശ വിപണിയില്‍ വളരെ പ്രിയമുള്ള പാഷന്‍ഫ്രൂട്ട് ജ്യൂസ് ടണ്ണിന് ഒരു ലക്ഷം മുതല്‍ മൂന്നു ലക്ഷം വരെ രൂപയ്ക്കാണ് വില്‍ക്കുന്നത്. ആകെ ലോക ഉത്പാദനത്തിന്റെ പകുതിയും ബ്രസീലിന്റെ സംഭാവനയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News