2017 November 13 Monday
മനുഷ്യാവസ്ഥയെക്കുറിച്ചു നിരാശപ്പെടുന്നവന്‍ ഭീരു തന്നെ; അതില്‍ മോഹം കൊള്ളുന്നവന്‍ വിഡ്ഢിയും
ആല്‍ബര്‍ട്ട് കാമ്യു

ആകാശത്ത് ഇന്ന് ഗ്രഹങ്ങളുടെ ദൃശ്യവിരുന്ന്

കെ.ജംഷാദ്

കോഴിക്കോട്: കിഴക്കന്‍ ചക്രവാളത്തില്‍ ശുക്രനും വ്യാഴവും ഇന്ന് ‘സംഗമിക്കും’. ചന്ദ്രനും മറ്റു ഗ്രഹങ്ങളും ഇതിനു പകിട്ടേകുകയും ചെയ്യും. സൂര്യോദയത്തിന് 45 മിനുട്ട് മുന്‍പ് 5.24 നാണ് ഗ്രഹങ്ങള്‍ അടുത്തുവരുന്ന പ്രതിഭാസം. കണ്‍ജങ്ഷന്‍ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ബുധനും വ്യാഴവും ശുക്രനും ചൊവ്വയും അടുത്തടുത്തായി അണിനിരക്കുന്ന അപൂര്‍വ കാഴ്ചയാണ് കിഴക്കന്‍ ചക്രവാളത്തിലുണ്ടാകുക. 20 ഡിഗ്രി അകലത്തില്‍ ചന്ദ്രനുമുണ്ടാകും.

നന്നായി തിളങ്ങുന്ന ഗ്രഹങ്ങള്‍ അടുത്തുവന്നു സംഗമിക്കുന്നതായി തോന്നുമെങ്കിലും ഈ ഗ്രഹങ്ങള്‍ക്കിടയിലെ അകലം 416 ദശലക്ഷം മൈല്‍ ആയിരിക്കും. ഭൂമിയും ശുക്രനും വ്യാഴവും ഒരു പ്രത്യേക കോണില്‍ വരുമ്പോഴാണ് ഗ്രഹങ്ങള്‍ സംഗമിക്കുന്നതായി അനുഭവപ്പെടുക.

സൂര്യോദയത്തിനു മുന്‍പുള്ള വെളിച്ചത്തില്‍ ദൃശ്യം വ്യക്തമായി കാണാന്‍ കഴിയുമോയെന്ന് പറയാനാകില്ലെന്ന് ആസ്‌ട്രോ കേരള സംസ്ഥാന പ്രസിഡന്റ് എം.പി.സി നമ്പ്യാര്‍ സുപ്രഭാതത്തോട് പറഞ്ഞു. ടെലസ്‌കോപ്പില്ലാതെയും ദൃശ്യം കാണാനാകും. കാമറയില്‍ പകര്‍ത്താനും കഴിയും. ടെലസ്‌കോപ്പോ ശക്തിയേറിയ ബൈനോക്കുലറോ ഉണ്ടെങ്കില്‍ ഗ്രഹങ്ങളുടെ ചുറ്റുമുള്ള വര്‍ണം നിറഞ്ഞ മേഘങ്ങളെയും ഉപഗ്രഹങ്ങളെയും കാണാം. നാലു ഉപഗ്രഹങ്ങളാണ് ഈ ഗ്രഹങ്ങള്‍ക്കുള്ളത്. ഇവയും അടുത്തു വന്നു നില്‍ക്കുന്നത് ടെലസ്‌കോപ്പ് വഴി കാണാനാകും. സോളാര്‍ ഫില്‍ട്ടര്‍ ഇല്ലാതെ ടെലസ്‌കോപ്പ് ഉപയോഗിക്കുന്നത് കണ്ണിനു പ്രശ്‌നമുണ്ടാക്കുമെന്ന് നേത്രരോഗവിദഗ്ധര്‍ പറഞ്ഞു.
സെപ്റ്റംബറില്‍ സൂര്യനോട് അടുത്തായതിനാല്‍ വ്യാഴത്തെ ഭൂമിയില്‍ നിന്ന് കാണാനായിരുന്നില്ല.

ഇന്ന് സൂര്യോദയത്തിനു മുന്‍പ് കിഴക്കന്‍ ആകാശത്ത് ചൊവ്വാഗ്രഹത്തെയും കാണാനാകും. വ്യാഴത്തിനു സമീപമാണ് ചൊവ്വ ഉദിക്കുക. മറ്റു ഗ്രഹങ്ങളേക്കാള്‍ ചുവന്ന നിറത്തിലാകും ചൊവ്വയെ കാണാനാകുക.

അമേരിക്കയിലെ മിസിസിപ്പി വാലിയിലാണ് ഈ ദൃശ്യം ഏറ്റവും മനോഹരമായി കാണാനാകുക. 2019 ജനുവരി 22 ന് വ്യാഴവും ശുക്രനും തമ്മിലുള്ള കണ്‍ജങ്ഷന്‍ വീണ്ടും നടക്കും. 2016 ലാണ് അവസാനമായി ഗ്രഹസംഗമം നടന്നത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.