
പാലക്കാട്: പി.കെ ശശി എം.എല്‍.എക്കെതിരായി യുവതി നല്കിയ പരാതിയില്‍ നിയോഗിക്കപ്പെട്ട അന്വേഷണ കമ്മിഷന് മുന്പില് പരാതിക്കാരിയായ യുവതിയെ ഒറ്റപ്പെടുത്താന്‍ നീക്കം.
ഡി.വൈ.എഫ്.ഐ ജില്ലാ നേതാക്കളില്‍ രണ്ടുപേര്‍ ഒഴികെ ബാക്കിയെല്ലാവരും ശശിയെ അനുകൂലിച്ചതോടെ പ്രശ്നത്തില്‍ കമ്മിഷന്റെ നിലപാട് നിര്‍ണായകമായി.
രണ്ട് ദിവസങ്ങളിലായാണ് തെളിവെടുപ്പ് നടന്നത്. ഇന്നലെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. പ്രേംകുമാര്‍, പ്രസിഡന്റ് പി.എം ശശി എന്നിവരാണ് കമ്മിഷനംഗങ്ങളുടെ മുന്നില്‍ മൊഴി നല്‍കാനെത്തിയത്.
ഡി.വൈ.എഫ്.ഐ വനിതാ നേതാവ് കൂടിയായ യുവതി ഇത്തരമൊരു പരാതി ജില്ലാനേതൃത്വത്തിന് നല്‍കിയിട്ടില്ലെന്നും പിന്നീട് ഇതേക്കുറിച്ച് യുവതിയോട് ചോദിച്ചപ്പോള്‍ പങ്കുവയ്ക്കാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും രണ്ടുപേരും കമ്മിഷന് നല്കിയ മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മണ്ണാര്‍ക്കാട്, ശ്രീകൃഷ്ണപുരം മേഖലകളിലെ സി.പി.എം, ഡി.വൈ. എഫ്.ഐ നേതാക്കളായ ആറ് പേരില്‍ നിന്നാണ് കമ്മിഷന് മൊഴിയെടുത്തത്. രണ്ടു പേരൊഴികെ ബാക്കിയുള്ളവര്‍ പരാതി ഗൂഢാലോചനയാണെന്നും ഇതിന് പിന്നില്‍ ജില്ലയിലെ പ്രമുഖ സി.പി.എം നേതാവിന് പങ്കുള്ളതായും ചൂണ്ടിക്കാട്ടി.
പീഡനത്തെ കുറിച്ച് നേരത്തേ തന്നെ സി.പി.എമ്മിലെയും ഡി.വൈ.എഫ്.ഐയിലെയും ചില നേതാക്കളെ അറിയിച്ചിരുന്നതായും പരാതിക്കാരിയും മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ആറ് പേരില്‍ നിന്ന് മൊഴിയെടുത്തത്. ഗൂഢാലോചന ഉള്‍പ്പെടെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാകും റിപ്പോര്‍ട്ട് തയാറാക്കുകയെന്ന് കമ്മിഷന് അംഗമായ പി.കെ ശ്രീമതി പറഞ്ഞു.
അന്വേഷണം അവസാനഘട്ടത്തിലാണെന്നും പരാതിക്കാരിക്ക് നീതി ഉറപ്പാക്കുമെന്നും മന്ത്രി എ.കെ ബാലനും പറഞ്ഞു.