2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

വര്‍ണശബളമായ കാര്‍ണിവല്‍ അവസാനിച്ചു

ഡോ. അസീസ് തരുവണ

 

വര്‍ഷം കൃത്യമായി ഓര്‍ക്കുന്നില്ല. 1995ലോ ’96ലോ ആയിരിക്കണം. ചില സുഹൃത്തുക്കളില്‍നിന്ന് അവിശ്വസനീയമായ ആ വാര്‍ത്തയറിഞ്ഞു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുല്ല ഞങ്ങളുടെ തൊട്ടടുത്ത പ്രദേശമായ പീച്ചങ്കോട്ടെ ഗവ. ആശുപത്രിയില്‍ ഡോക്ടറായി ചാര്‍ജെടുത്തിരിക്കുന്നു. അന്ന് മലയാളം ബിരുദ വിദ്യാര്‍ഥികളായിരുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു സന്തോഷവാര്‍ത്തയായിരുന്നു. നോവലിസ്റ്റ് കെ.ജെ ബേബിയെ മാറ്റിനിര്‍ത്തിയാല്‍ വയനാട്ടില്‍ അന്നു മുഖ്യധാരയില്‍ അറിയപ്പെടുന്ന എഴുത്തുകാരൊന്നും ഇല്ലാത്ത കാലമാണ്.
വാര്‍ത്തയറിഞ്ഞയുടന്‍ ഞങ്ങള്‍ രണ്ടുമൂന്നു സുഹൃത്തുക്കള്‍ പീച്ചങ്കോട്ടേക്കു പുറപ്പെട്ടു. ആശുപത്രിയിലെത്തി അന്വേഷിച്ചപ്പോള്‍ ഡോക്ടര്‍ രോഗികളെ പരിശോധിക്കുകയാണെന്ന മറുപടി കിട്ടി. പരിശോധനാമുറിക്കു മുന്‍പില്‍ നീണ്ട ക്യൂ. ഒരറ്റത്ത് ഡോക്ടര്‍ ഇരിക്കുന്നു. നാട്ടിലെ ദരിദ്രരും സാധാരണക്കാരുമായ സ്ത്രീകളാണു വരിവരിയായി നില്‍ക്കുന്നതില്‍ ഏറെയും. പരിശോധനകള്‍ കഴിയുവോളം ഞങ്ങള്‍ കാത്തിരുന്നു. അവസാനത്തെ രോഗിയും പോയപ്പോള്‍ ഞങ്ങള്‍ അടുത്തേക്കു ചെന്നു. രോഗികളല്ല വന്നവര്‍ എന്നു മനസിലായപ്പോള്‍ കുഞ്ഞബ്ദുല്ല ഡോക്ടറില്‍നിന്ന് എഴുത്തുകാരനിലേക്കു രൂപാന്തരപ്പെട്ടു. ആ കൂടിക്കാഴ്ചയില്‍ എനിക്ക് ഏറ്റവും കൗതുകകരമായത്, പുനത്തിലിന്റെ സംസാരഭാഷയാണ്. തനി കടത്തനാടന്‍ ഭാഷ. നര്‍മമധുരമായ സംസാരം. ഹൃദ്യമായ പെരുമാറ്റം. അതോടെ ഞങ്ങള്‍ക്ക് അദ്ദേഹം കുഞ്ഞീക്കയായി.

വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹ വയനാട് വിട്ടുപോകുമ്പോഴേക്ക്, വടക്കേ വയനാട്ടുകാരുടെ സ്വന്തം ‘കുഞ്ഞൂള’ ഡോക്ടറായി, എഴുത്തുകാരനായി, കൂട്ടുകാരനായി, വയനാടന്‍ ജനതയുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സാമൂഹികപ്രവര്‍ത്തകനായി അദ്ദേഹം മാറിയിരുന്നു. മുത്തങ്ങാ വെടിവയ്പ്പിനുശേഷം ബത്തേരിയില്‍ ചേര്‍ന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തിലും തുടര്‍ന്നു നടന്ന പ്രകടനത്തിലും അദ്ദേഹം പങ്കെടുക്കുകയുണ്ടായി.
ഇത് പുനത്തില്‍ കുഞ്ഞബ്ദുല്ല എന്ന വ്യക്തിയുടെയും എഴുത്തുകാരന്റെയും വേറിട്ട സവിശേഷതയാണ്. അതിവേഗം ഹൃദയങ്ങള്‍ കീഴടക്കുന്ന ഐന്ദ്രജാലികത്വം. ഒരുപക്ഷേ, ബഷീറിനുശേഷം തന്നിലേക്കു സഹൃദയരായ വായനക്കാരെ വലിച്ചടുപ്പിച്ച രണ്ട് എഴുത്തുകാര്‍ എം.ടിയും പുനത്തിലുമായിരിക്കും. സര്‍ഗാത്മകമായ അരാജകത്വം കൊണ്ടും എഴുത്തിലെ വേറിട്ട സ്വരത്താലും തന്റേതായ തട്ടകം സൃഷ്ടിച്ച എഴുത്തുകാരനാണദ്ദേഹം. ‘ഖസാക്കിന്റെ ഇതിഹാസം’ കഴിഞ്ഞാല്‍ ആധുനികത മലയാളത്തിനു സമ്മാനിച്ച ഏറ്റവും ശ്രദ്ധേയമായ നോവല്‍ ‘സ്മാരകശിലകള്‍’ അതിനു ദൃഷ്ടാന്തമാണ്. തന്റെ ദേശസംസ്‌കൃതിയിലേക്കു വിടര്‍ന്ന്, ആധുനികമായ ദാര്‍ശനികാവബോധത്തിലേക്കു വളര്‍ന്ന സാഹിത്യഭാവനയാണ് ‘സ്മാരകശിലകളു’ടെ ഇതിവൃത്തം. പുരാതനമായ പള്ളിയുടെയും പള്ളിപ്പറമ്പിന്റെയും കഥപറയാന്‍ ശ്രമിച്ചുകൊണ്ട് ദുരന്തജീവിതങ്ങളുടെ ഒരു ശൃംഖല അവതരിപ്പിക്കുകയായിരുന്നു പുനത്തില്‍, സ്മാരകശിലകളിലൂടെ. ഒരുപക്ഷെ, അവസാനനാളുകളില്‍ അദ്ദേഹം എഴുതാനാഗ്രഹിച്ച ‘യാ അയ്യുഹന്നാസ് ‘ എന്ന നോവല്‍ പൂര്‍ത്തീകരിച്ചിരുന്നുവെങ്കില്‍, സ്മാരകശിലകള്‍ക്കൊപ്പം ചേര്‍ത്തുവയ്ക്കാവുന്ന ഒരു രചനാശില്‍പമായി അതു മാറുമായിരുന്നു. നോവല്‍, ചെറുകഥ, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ചികിത്സാകുറിപ്പുകള്‍, ഹൃദയഹാരിയായ ഉപന്യാസങ്ങള്‍, മനോഹരമായ ഓര്‍മക്കുറിപ്പുകള്‍ തുടങ്ങി ജീവിതത്തിന്റെ സകല മേഖലകളിലും വ്യാപരിച്ചതായിരുന്നു പുനത്തിലിന്റെ രചനാലോകം. അറുപതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു.

ഒരുപക്ഷെ, പുനത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് എഴുത്തിനോളം തന്നെ വിവാദങ്ങളിലൂടെയാണ്. പല വിവാദങ്ങളും സര്‍ഗാത്മക അരാജകവാദിയുടെ തമാശകള്‍ എന്ന അര്‍ഥത്തില്‍ ചിരിച്ചുതള്ളേണ്ടവയായിരുന്നു. അവസാന വര്‍ഷങ്ങളിലെ ശിഥില ജീവിതത്തിന്റെ ഭ്രാന്തജല്‍പനങ്ങള്‍ ആഘോഷിക്കാനാണ് അല്‍പജ്ഞാനികളായ ചിലര്‍ അഭിമുഖ ആഭാസങ്ങളിലൂടെ ശ്രമിച്ചത്. ഇതദ്ദേഹത്തിന്റെ കുടുംബ ജീവിതത്തിലും മറ്റും മുറിവേല്‍പ്പിച്ചു.
എഴുത്തുകാരുടെ മഹത്തായ രചനകളെയല്ല, അവരുടെ സുന്ദരവട്ടുകളെ ആഘോഷിക്കാനാണല്ലോ മലയാളിക്കെന്നും ഔത്സുക്യം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു ജാഡയുമില്ലാത്ത പച്ച മനുഷ്യനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുല്ല. നിറഞ്ഞ സ്‌നേഹവും സത്യസന്ധതയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. പ്രണയവും രതിയുമെല്ലാം ജൈവികചോദനകളാണെന്ന അര്‍ഥത്തില്‍ രചനയിലേക്ക് സമൃദ്ധമായി അദ്ദേഹം സന്നിവേശിപ്പിച്ചത് അതിനാലായിരിക്കണം.
പുനത്തില്‍ വലിയൊരു സമ്പന്നമായ പൈതൃകം അവശേഷിപ്പിച്ചുകൊണ്ടാണു കടന്നുപോയത്. മനോഹരമായ കൊച്ചുകൊച്ചു വാക്യങ്ങളില്‍, ആഴമാര്‍ന്ന നിരീക്ഷണങ്ങളിലൂടെ, തന്റെ കാലഘട്ടത്തെയും താനുള്‍പ്പെട്ട സമൂഹത്തെയും മനുഷ്യജീവിതത്തിലെ നിഖിലമേഖലകളെയും രചനയിലേക്ക് ആവാഹിച്ചു സഹൃദയരില്‍ രസാനുഭൂതി ഉളവാക്കിയ മാന്ത്രികത്വം-അതാണ് അദ്ദേഹത്തിന്റെ സാഹിത്യത്തിന്റെ സത്ത. സ്വന്തം ജീവിതം അക്ഷരങ്ങളായി ഉരുക്കിയൊഴിക്കലാണു തനിക്കു സാഹിത്യമെന്ന് പുനത്തില്‍ ഒരിക്കല്‍ സ്വയം നിര്‍വചിച്ചത് അതിനാലാകണം.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.