2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തും കാതലും

പിണങ്ങോട് അബൂബക്കര്‍@
9847700450

 

ആഭ്യന്തര അടിയന്തരാവസ്ഥയിലൂടെ സ്വാതന്ത്ര്യം നിഷേധിച്ച ഇന്ദിരാഗാന്ധിയെ ചെവിക്കുറ്റിക്കു പിടിച്ചു പുറത്തിടാന്‍ ഇന്ത്യന്‍ ജനതയുടെ കൈത്തുമ്പിനുള്ള ശക്തി ലോകം അനുഭവിച്ചറിഞ്ഞതാണ്. ഇന്ത്യ തിളങ്ങുകയാണെന്നു കള്ളം പ്രചരിപ്പിച്ച അടല്‍ ബിഹാരി വാജ്‌പെയിയെയും പാര്‍ട്ടിയെയും പടിയടച്ചു പിണ്ഡംവയ്ക്കാനും ഇന്ത്യന്‍ ജനാധിപത്യത്തിനു കരുത്തുണ്ടായി.
സാമ്പത്തിക ഉദാരവല്‍ക്കരണവുമായി ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ത്ത ഡോ. മന്‍മോഹന്‍സിങ്ങിനെ ഇപ്പോള്‍ മഷിയിട്ടു തെരഞ്ഞാല്‍ കണ്ടെത്താനാകില്ല. കൊളോണിയല്‍ ചതിക്കുഴിയില്‍ വീണതിന്റെ പൊള്ളല്‍ ഇപ്പോഴും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 2014 -ല്‍ ബി.ജെ.പിയും നരേന്ദ്രമോദിയും ഗോള്‍കീപ്പറില്ലാത്ത പോസ്റ്റിലാണു പന്തടിച്ചു കയറ്റിയത്. ഏഴുപതിറ്റാണ്ടു നീണ്ട പ്രതിബദ്ധത കുറഞ്ഞ നേതൃനിലപാടുകളാണ് ഈ ശൂന്യത സമ്മാനിച്ചത്.
സാമ്പത്തികനയം, ബാബരി പള്ളി പൊളിക്കാന്‍ കൂട്ടുനിന്നത്, അഴിമതി, കെടുകാര്യസ്ഥത, ഗ്രൂപ്പ് വടംവലി ഇതിലൂടെ സംഭവിച്ച പൊതുബോധ്യനഷ്ടം ഉറക്കംതൂങ്ങി കിടക്കയില്‍ വീഴാന്‍ മോദിക്ക് അവസരമുണ്ടാക്കിക്കൊടുത്തു.
2014-ല്‍ പറഞ്ഞതത്രയും കളവായിരുന്നു. ചെയ്തതെല്ലാം വിഡ്ഢിത്തവും. ഇന്ത്യ , ലോക സാമ്പത്തികശക്തിയായി വളരുകയാണെന്നാണ് ഇപ്പോഴത്തെ ബഡായി പറച്ചില്‍. കറന്‍സി മാര്‍ക്കറ്റില്‍ കടലാസ് വിലയില്ലാത്ത ഇന്ത്യന്‍ രൂപ വച്ചു ലോക സാമ്പത്തികസാഹചര്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കുമെന്നതിനു വിശദീകരണമില്ല. ഇന്ത്യന്‍ കാര്‍ഷിക-വാണിജ്യോല്‍പ്പന്നങ്ങള്‍ ചുളുവിലക്കു വാണിജ്യ കുത്തകകള്‍ക്കു ലഭ്യമാക്കുന്നതാണ് ഇന്ത്യന്‍ നിലപാട്. 2019-ല്‍ ബി.ജെ.പിയെ പിടിച്ചിറക്കാന്‍ ഇന്ത്യന്‍ ജനാധിപത്യം കരുത്തുകാട്ടുമെന്നു തന്നെയാണു കരുതേണ്ടത്.

182 മീറ്റര്‍ പട്ടേല്‍ പ്രതിമ
ഇന്ത്യ തളരുമ്പോഴും വര്‍ഗീയത വളര്‍ത്താനാണു ഭരണകൂടം ശ്രമിക്കുന്നത്. പട്ടേല്‍ പ്രേമം മറ്റെന്താണു പറയുന്നത്. 182 മീറ്റര്‍ നീളമുള്ള 3000 കോടി രൂപ മുടക്കി ഗുജറാത്ത് സബര്‍മതിയില്‍ പട്ടേല്‍ പ്രതിമ സ്ഥാപിച്ചതില്‍ നിന്നു മറ്റെന്താണു മനസിലാവുക.
കേരളം വെള്ളത്തില്‍ മുങ്ങിയപ്പോള്‍ 600 കോടിയാണ് അനുവദിച്ചത്. തരാന്‍ തയാറായവരെ മുടക്കുകയും ചെയ്തു. ബഗ്ദാദിലും ബസറയിലും സദ്ദാം ഹുസൈന്‍ നിരനിരയായി പ്രതിമകള്‍ സ്ഥാപിച്ചിരുന്നു. സോവിയറ്റ് റഷ്യയില്‍ മാര്‍ക്‌സ്, എംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍ പ്രതിമകളുടെ പ്രളയമായിരുന്നു. ബിംബവല്‍കൃത സംസ്‌കാരം വളര്‍ത്തി അധികാരം നിലനിര്‍ത്തുകയായിരുന്നു ലക്ഷ്യം. അവസാനം പ്രതിമകള്‍ സഖാക്കളും നാട്ടുകാരും തല്ലിത്താഴെയിട്ടു വലിച്ചിഴച്ചു.
പട്ടേല്‍ മാനിക്കപ്പെടണം. എന്നാല്‍, 40 കോടിയിലധികം വരുന്ന ഇന്ത്യക്കാരന്റെ വിശപ്പു മാറ്റി വേണമായിരുന്നു ഈ ധൂര്‍ത്ത്.
‘ഹിറ്റ്‌ലറിയന്‍ വീക്ഷണമാണ് ബി.ജെ.പി ആശ്രയിക്കുന്നത്. മതത്തിന്റെ കാര്യത്തിലെന്ന പോലെ രാഷ്ട്രീയത്തിലും നിരന്തരം നിലനില്‍ക്കുന്ന പ്രചരണതന്ത്രം മനുഷ്യന്റെ ബുദ്ധിക്കും വികാരത്തിനും മേല്‍ പ്രയോഗിക്കപ്പെട്ടുകൊണ്ടിരിക്കാറുണ്ട്.
ഇതാണു നമ്മുടെ രാഷ്ട്രീയാഭിപ്രായം രൂപപ്പെടുത്തുന്ന അടിത്തറ. പ്രോപ്പഗന്‍ഡ എന്നാണ് ഇതിനെ വിശേഷിപ്പിക്കാവുന്ന ഏറ്റവും മികച്ച വാക്ക്. ഇത് ഏറെയും നിര്‍വഹിക്കുന്നതു പത്രങ്ങളാണ്.
രാഷ്ട്രീയപ്രചാരണ പ്രക്രിയയിലെ ഏറ്റവും ശക്തമായ ഉപകരണമാണു പത്രങ്ങള്‍. മുതിര്‍ന്നവരുടെ പാഠശാലയാണത്. സമൂഹത്തിലെ ദുഷിച്ച ശക്തികളുടെ കൈകളിലാണ് ഈ പ്രചാരണപ്രക്രിയയുടെ കടിഞ്ഞാണ്‍. (മെയിന്‍ കാംഫ് (ഹിറ്റ്‌ലറുടെ ആത്മകഥ-പുറം 107).
ഇന്ത്യന്‍ സമൂഹം അഭിമുഖീകരിക്കുന്ന വിപത്തിലൊന്നാണിത്. നിരന്തരം കളവു പ്രചരിപ്പിക്കുക. അതിനു വേണ്ടി പത്രമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുക. സര്‍ക്കാര്‍ വക പണം മുടക്കുക. ഈ തന്ത്രം ബി.ജെ.പി വിജയകരമായി നടപ്പിലാക്കുകയാണ്.
ഹിറ്റ്‌ലര്‍ യുഗം അവസാനിച്ചെങ്കിലും ഹിറ്റ്‌ലറിയന്‍ ആശയം ചരമമടഞ്ഞിട്ടില്ല. ബര്‍ലിന്‍ കൊട്ടാര വാതില്‍ക്കല്‍ സഖ്യസേന എത്തിയപ്പോഴും, നാസികള്‍ മുന്നേറുകയാണെന്നു പ്രചരിപ്പിക്കുകയായിരുന്നു ആ തിയറി. എല്ലാ കളവിനും അല്‍പ്പായുസേ അനുവദിച്ചിട്ടുള്ളു. അതാണു ചരിത്രനീതി.

നായരു പിടിച്ച പുലിവാല്
കാട്ടികലപ്പെട്ട നായരുടെ മുന്‍പില്‍ വന്നുപെട്ട പുലിയില്‍ നിന്നു രക്ഷപ്പെടാന്‍ വീണ്ടുവിചാരമില്ലാതെ പുലിയുടെ വാല് മരത്തില്‍ ചുറ്റി പിടിച്ച സാങ്കല്‍പ്പിക കഥയാണു നായരു പിടിച്ച പുലിവാല്. പിടി വിട്ടാല്‍ പുലി നായരെ പിടിക്കും. വിട്ടില്ലെങ്കില്‍ കൈ തളരും. രണ്ടായാലും നായരുടെ കഥ ദയനീയം തന്നെ. ഒരു സംഗതിയും ഗൃഹപാഠമില്ലാതെ എടുത്തുചാടി ചെയ്യരുതെന്നാണ് ഈ കഥയിലെ ഗുണപാഠം.
പ്രളയം കേരളം വിഴുങ്ങിയപ്പോള്‍ ദിവസവും ഒന്നൊന്നര മണിക്കൂര്‍ പത്രസമ്മേളനം നടത്തി പിണറായി വിജയന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പ്രളയ മുന്നറിയിപ്പ് അവഗണിച്ചതിലും അശ്രദ്ധയിലും ഉണ്ടായേക്കാവുന്ന പ്രതിഷേധം തണുപ്പിക്കാനായിരുന്നു. പക്ഷേ, ആ മോഹനവാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ കഴിയാതായി.
പണം പിരിക്കാന്‍ കേന്ദ്രം അനുവദിച്ചില്ല, സഹായം തന്നതുമില്ല. കേന്ദ്രം കാണിച്ച കൊലച്ചതി പരിഹരിക്കാന്‍ സാലറി ചലഞ്ച് ഗൃഹപാഠം ചെയ്യാതെ പ്രഖ്യാപിച്ചു. കോടതിയില്‍നിന്നു കൊട്ടു കിട്ടി, പണം കിട്ടിയതുമില്ല.
സര്‍ക്കാര്‍ ജീവനക്കാരെല്ലാം കൈക്കൂലിക്കാരല്ലല്ലോ. ചിട്ടി, ലോണ്‍, പാല്‍, പത്രം, മത്സ്യം, പലവ്യഞ്ജനം, ആശുപത്രി, വിദ്യാഭ്യാസം ഇതൊക്കെ നടത്തിക്കൊണ്ടു പോകാന്‍ കടം വാങ്ങേണ്ട അവസ്ഥയിലാണ് അധിക ഉദ്യോഗസ്ഥരും.
നാലു ലക്ഷം രൂപയ്ക്കു പുതിയ പുര സ്വപ്നം കണ്ടവര്‍ ഇനി വില്ലേജ് ഓഫിസ് കയറി ഇറങ്ങണം. 1200 കോടി ഖജനാവിലില്ല. റോഡും പാലവും നിര്‍മിക്കാനും വകുപ്പില്ല. അസാധ്യമായതു പറയരുതായിരുന്നു. പറഞ്ഞാല്‍ നടത്താനാകണം.
ഭരണ-പ്രതിപക്ഷങ്ങള്‍ക്കു പ്രസ്താവനാ യുദ്ധത്തിനും നാട്ടുകാര്‍ക്കു മഹാദുരന്തത്തിനും കാരണമായ ഓഫറുകള്‍ അടുത്ത പ്രളയംവരെ ചര്‍ച്ചയാക്കി നീട്ടിക്കൊണ്ടുപോകാം. ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കു പ്രകാരമേ കാശ് കിട്ടൂ. അതുകൊണ്ട് ഉപ്പും മുളകും വാങ്ങാന്‍ തികയില്ല. പിന്നെങ്ങനെ കഞ്ഞിവയ്ക്കും. സംസ്ഥാന ഖജനാവ് കാലി. പരിഹാരം തേടാതെ പദ്ധതി പ്രഖ്യാപിക്കുന്നതു സൂക്ഷിച്ചുവേണം.

യമന്‍ നൊമ്പരം തന്നെ
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യമനികളെ വളഞ്ഞിട്ടാക്രമിക്കുന്ന പ്രവണത തുടരുകയാണ്. യമന്‍ ഭരണകൂടം, ഹൂതികള്‍, സഖ്യരാജ്യങ്ങള്‍ എന്നീ വിഭാഗത്തിന്റെ കൈകളിലാണ് ആ രാജ്യം. നാല്‍പത് ദശലക്ഷം യമനികള്‍ പട്ടിണിയിലേയ്ക്കു നീങ്ങുന്നു. കലാലയങ്ങളും മാര്‍ക്കറ്റുകളും അടഞ്ഞുകിടക്കുന്നു. മിസൈല്‍ ശബ്ദവും വെടിയൊച്ചയും മാത്രമാണ് ആ നാട്ടില്‍ മുഴങ്ങുന്നത്.
ഉള്ളതു പങ്കുവച്ച് അയല്‍ക്കാരെ സഹായിക്കുന്നതിനു പകരം ഇറാനെ പഠിപ്പിക്കാന്‍ സഊദിയും. സഊദിയെ ശരിയാക്കാന്‍ ഇറാനും. ഒരു നാടിനെയും നാട്ടുകാരെയും നശിപ്പിക്കുന്നതു ന്യായീകരിക്കാനാവില്ല.
ജമാല്‍ അബ്ദുന്നാസിര്‍, ഫൈസല്‍ രാജാവ്, ശൈഖ് സായിദ് ബിന്‍ അല്‍ നഹ്‌യാന്‍ തുടങ്ങിയ അറബ് മുസ്‌ലിം നായകരില്‍ നിന്ന് ഒരക്ഷരവും പഠിക്കാത്ത കുറേ ട്രംപന്മാര്‍ അധികാരത്തിലെത്തിയതാണു മുസ്‌ലിം ലോകത്തിന്റെ നാശം.
സഊദിയില്‍ ചായക്കട നടത്തിയും ബഖാലകള്‍ നടത്തിയും പൊലിസില്‍ ചേര്‍ന്നും കുടുംബം പട്ടിണിയില്ലാതെ കഴിഞ്ഞിരുന്ന യമനികളുടെ എല്ലില്‍ വറ്റു കുത്തിയതിനു ശിക്ഷയാവാം. പക്ഷേ, കൂട്ട നശീകരണം ശരിയാണോ
അറേബ്യന്‍ മുസ്‌ലിംരാഷ്ട്രങ്ങളില്‍ തീപുകയുന്നതാണ് അമേരിക്കന്‍ താല്‍പര്യം. ഇസ്രാഈലിന്റെ സുരക്ഷയാണിവര്‍ക്കു മുഖ്യം. ഈ കുടില താല്‍പര്യങ്ങള്‍ സംരക്ഷിച്ചെടുക്കാന്‍ മുസ്‌ലിംരാഷ്ട്ര ഭരണാധികാരികളെ ഉപയോഗപ്പെടുത്തുന്നു. ഇറാഖ് നിലംപരിശാക്കിയവരും സിറിയ കത്തിച്ചു കൈയില്‍ കൊടുത്തവരും ഈജിപ്ത് താറുമാറാക്കിയവരും അധികം താമസിയാതെ സഊദിയെയും വട്ടം കറക്കാതിരിക്കില്ല. തിരിച്ചറിവുണ്ടായാല്‍ നന്ന്. മറിച്ചായാല്‍ വരാനുള്ളതു വഴിയില്‍ തങ്ങില്ലെന്നുറപ്പ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.