2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

പള്ളിയാണ് പൊളിച്ചത്, അമ്പലം പണിയാനാണ് പറയുന്നത്

പിണങ്ങോട് അബൂബക്കര്‍

1992 ഡിസംബര്‍ ആറിന് അധികാരത്തിന്റെ ബലത്തില്‍ അന്യായമായി കര്‍സേവകര്‍ സംഘംചേര്‍ന്ന് ഭരണകൂടത്തിന്റെ ഒത്താശയോടെ ബാബരി മസ്ജിദ് നിശേഷം പൊളിച്ചുമാറ്റി. രാമന്‍ അവിടെയാണ് ജനിച്ചതെന്നും അതുകൊണ്ടാണ് പൊളിച്ചു മാറ്റുന്നതെന്നുമായിരുന്നു പറഞ്ഞ ന്യായം. രാമന്‍ തന്നെ ഉണ്ടായിരുന്നോ എന്ന് ഹൈന്ദവ ദര്‍ശനങ്ങള്‍ കൃത്യമായി നിര്‍വചിച്ചു കാണുന്നില്ല.
ഇനി ഉണ്ടായിരുന്നെങ്കില്‍ തന്നെ നാലു നൂറ്റാണ്ട് പള്ളിയായി നിലകൊണ്ട കെട്ടിടം പൊളിച്ചുമാറ്റുന്നതിന് എന്തു ന്യായമാണ് പറയാന്‍ കഴിയുക? ഹരേരന്യ ദൈവം ന മന്യേന മന്യേ (വിഷ്ണുവിനെ അല്ലാതെ ഒരു ദൈവത്തെയും ഞാന്‍ ധ്യാനിക്കില്ല), ശിവ ധന്യ ദൈവം ന മന്യേ ന മന്യേ (ശിവനെ അല്ലാതെ ഒരു ദൈവത്തെയും ഞാന്‍ ധ്യാനിക്കില്ല), രാമനല്ലാത്ത ദൈവം നമുക്കെന്തിന്? ഇങ്ങനെ പലവിധം ശ്രീശങ്കരാചാര്യര്‍ വിലയിരുത്തിട്ടുണ്ട്.ശ്രീശങ്കരന്‍, ബാലഗംഗാധരതിലകന്‍, മഹാത്മാഗാന്ധി, ആചാര്യ വിനോബ ഭാവെ എന്നിവരെല്ലാം കടുകട്ടിയായ ഈശ്വരവിശ്വാസികളായിരുന്നു. അതുകൊണ്ടുതന്നെ ആത്മീയത അതിക്രമമല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇതര വിശ്വാസികളെ മാനിക്കാന്‍ അവര്‍ മറന്നില്ല. ആത്മാവിനെ നശിപ്പിക്കാനാവില്ല എന്നാണ് ഹൈന്ദവ ദര്‍ശനത്തില്‍ പറയുന്നത്. അവിനാശി തു തത്വ തിയേന സര്‍വമിദം തതം വിനാശ നവ്യയ സാധ്യ (ആത്മാവ് സര്‍വവ്യാപിയും നാശമറ്റതുമാണ്. അതിനെ നശിപ്പിക്കാന്‍ കഴിയാത്തതുകൊണ്ട് വധഭയം ഉപേക്ഷിക്കുക ഭഗവത്- ഗീത)
വേര്‍തിരിവില്ലാത്ത വിധം ഈശ്വരവിശ്വാസം വിവേചിച്ച് ഹൈന്ദവ ദര്‍ശനത്തിന്റെ മറവില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് എങ്ങനെ അക്രമികളാവാന്‍ കഴിയും? അന്യായങ്ങള്‍ പ്രവര്‍ത്തിക്കാനും പറയാനും കഴിയും? അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കണമെന്ന് ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമിജി ശ്രീ വിശ്വേശ്വര തീര്‍ഥ രണ്ടാമതും കേന്ദ്ര ഗവര്‍മെന്റിനെ താക്കീതു ചെയ്തു. വിശ്വഹിന്ദു പരിഷത്തും ശിവസേനയും ഇതുപോലെ പലവട്ടം കനപ്പിച്ചു സംസാരിച്ചു കഴിഞ്ഞു. കോടതിവിധി വരെയെങ്കിലും കാത്തുനില്‍ക്കാന്‍ ഇക്കൂട്ടര്‍ക്കു മനസില്ല. പള്ളിയാണ് പൊളിച്ചത്, അതുണ്ടാക്കണം എന്നു പറയുന്നവരാണ് ഹൈന്ദവ ദാര്‍ശനികര്‍. അതിനര്‍ഥം അമ്പലം ഉണ്ടാക്കേണ്ട എന്നല്ല. പള്ളി പൊളിച്ച സ്ഥലത്തുതന്നെ അമ്പലമുണ്ടാക്കണമെന്നത് അനീതിയാണ്. അതിക്രമമാണ്. ഭാരതത്തിന്റെ മതേതര സങ്കല്‍പങ്ങളെ കളങ്കപ്പെടുത്തലും ബലാല്‍ക്കാരം ചെയ്യലുമാണ്. മുസ്്‌ലിം സംഘബലം കുറഞ്ഞതുകൊണ്ട്, അവര്‍ക്ക് അധികാരമില്ലാത്തതുകൊണ്ട്, ധന ബലം കുറവായതുകൊണ്ട് വര്‍ഗീയവാദികള്‍ അവര്‍ക്കുമേല്‍ അധിനിവേശം നടത്തിയത് ഹൈന്ദവ ദര്‍ശനത്തിന്റെ മറവിലായതാണ് നാണക്കേട്.
ഹൈന്ദവത സഹിഷ്ണുതയാണ് എന്നാണ് നാം മനസിലാക്കിവച്ചത്. മതവികാരം വൈകാരികമായി കൊണ്ടുനടക്കുന്നവര്‍ മതദര്‍ശനങ്ങള്‍ വായിച്ചു പഠിക്കാന്‍ ശ്രമിക്കണം. ആദിമ മനുഷ്യന്‍ ശത്രുക്കളെയോ ഹിംസ്ര ജന്തുക്കളെയോ നേരിടേണ്ടി വന്നപ്പോള്‍ ഉണ്ടായ ഭയചിന്തയുടെ ഉല്‍പന്നമാണ് ദൈവസങ്കല്‍പം എന്ന് ചില യുക്തിവിചാരങ്ങളുണ്ട്. പീഡന വിഭ്രാന്തിയാണ് തീവ്രവാദത്തിലേക്കു നയിക്കുന്നതെന്ന സങ്കല്‍പ്പവുമുണ്ട്. മതങ്ങള്‍ മനുഷ്യ നന്മയ്ക്കു വേണ്ടിയാണെന്ന അടിസ്ഥാനതത്ത്വം ചിലര്‍ മറന്നുപോകുന്നു. അതിനു വലിയ വില കൊടുക്കേണ്ടി വരുന്നു. മനുഷ്യരെ മനുഷ്യര്‍ ഭയക്കുന്ന അവസ്ഥയുണ്ടാകുന്നു. മനുഷ്യരെ മനുഷ്യര്‍ വെറുക്കുകയും ചെയ്യുന്നു.
ആത്മബലം വളര്‍ത്താന്‍ ലൈംഗികാസക്തിയെ തളര്‍ത്തുന്ന ബ്രഹ്മചര്യവുംസുഖസൗകര്യങ്ങള്‍ വെടിഞ്ഞ് ദരിദ്രനായി ജീവിക്കലും ആവശ്യമാണെന്ന നിഗമനത്തില്‍ ഗാന്ധിജി എത്തിച്ചേര്‍ന്നു (ഗാന്ധി അന്വേഷണം- ഡോ. എം. ഗംഗാധരന്‍. പേജ് 146) ലാളിത്യവും ആത്മീയ സംസ്‌കൃതിയുമാണ് ഹൈന്ദവ ദര്‍ശനത്തിന്റെ അകംപൊരുള്‍ എന്ന് ഗാന്ധിജി മനസിലാക്കിയിരുന്നു.
കാഷായ വസ്ത്രം ധരിച്ച് ത്രിശൂലങ്ങള്‍ കൈയിലേന്തി മുസ്്‌ലിമിന്റെ നെഞ്ചന്വേഷിച്ച് പാഞ്ഞുനടക്കുന്ന കാവി ഭീകരത ഹൈന്ദവതയെയാണ് വാസ്തവത്തില്‍ ബലാല്‍ക്കാരം ചെയ്യുന്നത്. പൊളിച്ചുമാറ്റിയ ബാബരി പള്ളി പുനര്‍നിര്‍മിക്കുമെന്ന് 2019ലെ പൊതുതെരഞ്ഞെടുപ്പു വേളയില്‍ പറയാന്‍ ചങ്കുറപ്പുള്ള രാഷ്ട്രീയ നേതൃത്വം ഉണ്ടാവേണ്ടതുണ്ട്. ഭാരതത്തിന്റെ മഹത്തായ പാരമ്പര്യവും പരിശുദ്ധിയുംലോകത്തെ അറിയിക്കേണ്ടതുണ്ട്. വീണ്ടും വീണ്ടും ഹിന്ദു മനസുകളില്‍ വിഷം നിറച്ചു സ്‌ഫോടനാത്മകത നിലനിര്‍ത്തി അധികാരം പിടിക്കാനാണ് അധിക പാര്‍ട്ടികളും ശ്രമിച്ചുകാണുന്നത്.

ജലീലും മതിലും

പെണ്ണുങ്ങള്‍ക്കു മതം പറഞ്ഞുതന്ന അതിരും മതിലുമുണ്ടെന്നു പറഞ്ഞതില്‍ കയറിപ്പിടിച്ച് മന്ത്രി ജലീല്‍ നടത്തിയ പരാമര്‍ശങ്ങള്‍ പുത്തരിയല്ല. ഇങ്ങനെയുള്ള പല സെക്യുലറിസ്റ്റുകളും കടന്നുപോയവരിലുണ്ട്. ചിലര്‍ ഇപ്പോള്‍ റൂഹ് പോകാത്തതു കൊണ്ട് മാത്രം ബാക്കിയാണ്. സാന്നിധ്യമറിയിക്കാന്‍ അവര്‍ക്കു മാധ്യമ പിന്തുണ അനിവാര്യമാണ്. കുടുംബക്കാര്‍ക്കു ജോലി നല്‍കുക മാത്രമല്ല സ്വര്‍ഗത്തിലേക്കു റിക്രൂട്ട്‌മെന്റ് നടത്താന്‍ പോലും ജലീല്‍ തയാറാവുകയാണ്. മതകാര്യങ്ങളില്‍ മതപണ്ഡിതരും മതപ്രബോധകരും പ്രസംഗകരും പ്രചാരകരും പറയുന്ന അഭിപ്രായങ്ങള്‍ അതത് സമുദായത്തിലെ അംഗ ങ്ങള്‍ക്കു സ്വീകാര്യമാണ്.
അതില്‍ ഇടപെടാന്‍ മറ്റുള്ളവര്‍ക്ക് എന്താണ് അവകാശം? ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട സുപ്രിംകോടതി നടത്തിയ വിധി ഹൈന്ദവ വിശ്വാസികളുടെ ആഭ്യന്തര കാര്യമാണ്. അവരുടെ മതാചാരങ്ങളില്‍ ഇടപെടാന്‍ ആര്‍ക്കാണ് അധികാരം? ഇന്ത്യയിലെ ചില ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ക്ക് പ്രവേശനമില്ലെന്നു കേള്‍ക്കുന്നു. അത് അവരുടെ അധികാരം.
അക്കാര്യത്തില്‍ എന്തിനു നമ്മള്‍ മതിലൊരുക്കണം? അവരവരുടെ സ്വയാര്‍ജ്ജിത സ്വത്തു കൊണ്ട് ആരാധനാലയങ്ങള്‍ നിര്‍മിച്ചു നടത്താനുള്ള അധികാരം അവരവര്‍ക്കു വിട്ടുകൊടുക്കേണ്ടതല്ലേ? നാറാണത്തു ഭ്രാന്തനെ ഓര്‍മിപ്പിക്കുന്ന വിധം തമിഴ്‌നാട്ടില്‍ നിന്നും താഴെ നിന്നും പെണ്ണുങ്ങളെ കൂട്ടിക്കൊണ്ടുവന്നുസാഹസപ്പെട്ട് സന്നിധാനത്തെത്തിച്ച് താഴേക്കു തന്നെ ഒടിച്ചു കൊണ്ടുപോകുന്ന അവസ്ഥ എന്തിനുണ്ടാക്കണം? ശബരിമലയെ എങ്ങനെ നടത്തണമെന്ന് നിശ്ചയിക്കേണ്ടത് അതിന്റെ ആചാര്യന്മാര്‍ മാത്രമാണ്.
ഇസ്്‌ലാമിക കാര്യങ്ങള്‍ സംസാരിക്കുന്ന കൂട്ടത്തില്‍ ജലീല്‍ പലപ്പോഴും അതിരുവിടുന്നു. കുറ്റിപ്പുറത്തും തവനൂരിലും ജയിച്ചത് ഫത്്‌വ കൊടുക്കാനല്ല.നല്ല കാലത്ത് നന്നായി മതവിദ്യ നേടാതെ, മലപ്പുറത്ത് നടന്ന ഒരു പൊതുയോഗത്തില്‍ സംസാരിക്കവേ താനിരിക്കുന്ന സ്ഥാനത്ത് താനിരുന്നെങ്കില്‍ അവിടെ ഇരിക്കുമെന്ന് ജലീല്‍ പറഞ്ഞത് തന്നെക്കുറിച്ചാണെങ്കില്‍ തരക്കേടില്ല.
മറിച്ചാണെങ്കില്‍ അമാന്യമായി എന്ന് പറയേണ്ടിവരികയാണ്. 93 വര്‍ഷങ്ങളായി ആത്മീയ രംഗത്ത് കലര്‍പ്പില്ലാതെ പ്രവര്‍ത്തിച്ചുവരുന്ന ആത്മീയ പ്രസ്ഥാനമാണ് സമസ്ത. പൊതുരംഗത്ത് കണ്ടുവരുന്ന യാതൊരു കലര്‍പ്പും ഇല്ലാതെ തികച്ചും സത്യസന്ധമായ നിയോഗങ്ങള്‍ സത്യസന്ധമായി നിര്‍വഹിച്ചു വരുന്ന സംഘടന. സാമ്പത്തിക, അധികാര, പദവി സംബന്ധമായ വടംവലികള്‍ ഇല്ലാത്ത വിശുദ്ധി കാത്തുസൂക്ഷിക്കുന്ന പ്രസ്ഥാനം. കേരളീയര്‍ നിരാക്ഷേപം അംഗീകരിച്ച ഈ യാഥാര്‍ഥ്യത്തിനു മുന്‍പില്‍ നല്ല നമസ്‌കാരം പറയുന്നതിനു പകരം നന്ദികേട് പറയുന്നത് എന്തുകൊണ്ടാണ്? പരിശോധിക്കേണ്ടത് ജലീല്‍ മാത്രമല്ല പാര്‍ട്ടി കൂടിയാണ്.

ഭീഷണി

2018 ജൂണില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി താന്‍ സിംഗപ്പൂരില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഉരുത്തിരിഞ്ഞ ധാരണ നടപ്പിലായില്ലെങ്കില്‍ പഴയപടിയിലേക്കു തിരിച്ചുപോകുമെന്ന് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും ഭീഷണി മുഴക്കിയിരിക്കുന്നു. കിം ജോങ് ഉന്‍ എന്തും പറയാനും പ്രവര്‍ത്തിക്കാനും മടിയില്ലാത്തയാളാണെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. തനിക്കെതിരേ ഉപജാപം നടത്തിയ മാതൃസഹോദരനും സൈനിക കമാന്‍ഡറുമായ അമ്മാവനെ പരസ്യമായി വേട്ടപ്പട്ടികളെ വിട്ടു കടിപ്പിച്ചു കൊന്നയാളാണ്. കൗതുക വാര്‍ത്തയായി ചിലര്‍ അന്നതു വായിച്ചു. അതില്‍ കവിഞ്ഞ് ഒന്നും സംഭവിച്ചില്ല.
ലോകം അങ്ങനെയാണ്. അധികാരവും പണവുമുണ്ടെങ്കില്‍ എന്തുമാവാം. ഉത്തര കൊറിയയ്‌ക്കെതിരെയുള്ള ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ സംഗതി കുഴയുമെന്നാണ് കിം പറഞ്ഞതിലെ രത്‌നച്ചുരുക്കം. അതിനിടെ അമേരിക്കയും ഇസ്്‌റാഈലും യുനെസ്‌കോയില്‍ നിന്ന് പിന്മാറി. ഫലസ്തീന്‍ ഭൂപ്രദേശത്ത് അന്യായമായും അനധികൃതമായും ഇസ്്‌റാഈല്‍ കുടിയേറ്റം കാരണം ദുരിതമനുഭവിക്കുന്നവരെ സഹായിച്ചു എന്നതാണ് യുനെസ്‌കോയുടെ മേല്‍ ചാര്‍ത്തിയ കുറ്റം.
ഫലസ്തീനെ അംഗീകരിച്ചതാണ് മറ്റൊരു കുറ്റം. തങ്ങള്‍ ഇങ്ങനെ അവരെ കൊന്നു തീര്‍ക്കും, അവരുടെ ജന്മഭൂമി കൈയേറി വീടുവച്ചു പാര്‍ക്കും, നിങ്ങളാരാ ചോദിക്കാന്‍ എന്ന മട്ടിലാണ് അമേരിക്കയും ഇസ്‌റാഈലും നിലപാടു സ്വീകരിച്ചത്. ലോകനീതി സാമ്പത്തിക അധികാര നീതിയാണ്. അവിടെ മാനവികതക്ക് എന്തു പ്രസക്തി? അഴിമതി ആരോപണം തെളിഞ്ഞാലും അധികാരമൊഴിയില്ല എന്നാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പത്രക്കാരോടു പറഞ്ഞത്. തന്റെ ജന്മലക്ഷ്യം പാവം ഫലസ്തീനികളെ നശിപ്പിക്കലാണ് എന്നാകുമോ ഈ ജൂത ഭരണാധികാരിയുടെ മനസ്.
അതിനിടെ മദ്ധ്യപ്രദേശിലെ ദളിതര്‍ക്കു മേല്‍ പൊലിസ് എടുത്ത കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്ന് മായാവതിയുടെ ഭീഷണി. അവരുടെ രണ്ടു സീറ്റിന്റെ പിന്‍ബലത്തില്‍ ഭരിക്കുന്ന മദ്ധ്യപ്രദേശ് സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിച്ചു. കേരളത്തിലിത് നാട്ടുനടപ്പാണ്. ഒരു സര്‍ക്കാര്‍ കേസെടുക്കുന്നു, മാറിവരുന്ന സര്‍ക്കാര്‍ കേസ് പിന്‍വലിക്കുന്നു. ന്യായാന്യായങ്ങളൊന്നും ഇവിടെ പ്രസക്തമല്ല. പൊലിസിന്റെപണി തന്നെ കേസെടുക്കലും പിന്‍വലിക്കലുമാണ്. എത്ര വലിയ കുറ്റകൃത്യം ചെയ്താലും എത്ര നഷ്ടം വരുത്തി വച്ചാലുംസ്വന്തം സര്‍ക്കാര്‍ രക്ഷിച്ചുകൊള്ളും. പൊതുഖജനാവില്‍നിന്ന് എത്ര പണമാണ് ഇതിനുവേണ്ടി പാഴാക്കുന്നത്. നീതിനിര്‍വഹണം എന്നത് ഏട്ടിലെ പശുവാകുന്നു. പല വ്യാജ ഏറ്റുമുട്ടല്‍ കേസുകളും പിന്‍വലിക്കുന്നതും പ്രോസിക്യൂഷന്‍ തോറ്റുകൊടുക്കുന്നതുമൊക്കെ ഇന്ത്യയില്‍ വ്യാപകമായി നടക്കുന്നു. സാഹ്‌റാബുദ്ദീന്‍ കേസ് ഉദാഹരണം മാത്രം. മായാവതിയുടെ പാര്‍ട്ടിക്കാര്‍ കാണിച്ചത് നിയമവിരുദ്ധമാണെങ്കിലും അല്ലെങ്കിലുംകണ്ണും പൂട്ടി പിന്‍വലിച്ച കമല്‍നാഥിന്റെ നടപടി കുറ്റകൃത്യത്തില്‍ പെടും.

കാര്‍മേഘം

തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നും അല്ലെന്നും രണ്ടഭിപ്രായമുണ്ട്. 2. 2 കോടി ജനങ്ങളുടെ ജനാധിപത്യാവകാശം മാനിക്കണമെന്നാണ് തായ് പ്രസിഡന്റ് പറയുന്നത്. ചൈനീസ് പ്രസിഡന്റ് പറയുന്നത് തായ്‌വാന്‍ ചൈനയില്‍ ലയിക്കണമെന്നാണ്. വേണ്ടിവന്നാല്‍ സൈനികശക്തി ഉപയോഗിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. 2019 കലഹകാലമായിരിക്കുമെന്ന് ചുരുക്കം. ചൈന ഒരു ലോക സാമ്പത്തിക ശക്തിയാണ്. സൈനിക ശേഷിയിലും പിറകിലല്ല. വാണിജ്യ മുതലാളിത്തവുമുണ്ട്. പിന്നെ ആരെയാണ് ഭയപ്പെടേണ്ടത്?
കടുത്ത ന്യൂനപക്ഷവിരുദ്ധ, സ്ത്രീവിരുദ്ധ വലതുപക്ഷക്കാരനായ ബോല്‍സൊനാരോ ബ്രസീല്‍ പ്രസിഡന്റായി അധികാരമേറ്റു. നല്ലതു പ്രതീക്ഷിക്കാന്‍ വകയില്ല. കാരണം നല്ല മനസുള്ള ആളല്ലല്ലോ അദ്ദേഹം. 2018 പൊതുവെ വലതുപക്ഷ വിജയങ്ങളാണ് ലോകത്തു കണ്ടത്. ഇതുനല്ല സൂചനയായി പറയാനാവില്ല. അതിനിടെ കേരളത്തിലെ മുജാഹിദ് പക്ഷങ്ങള്‍ ഐക്യപ്പെട്ടെന്നും ഇല്ലന്നും വാര്‍ത്തവന്നു. പരമാവധി ഒന്നിച്ചു പോയാല്‍ അവര്‍ക്കും പൊതുസമൂഹത്തിനും ദോഷം വരില്ല. ജിന്ന് ബാധയാണ് മുജാഹിദിസത്തിനെ പിടികൂടിയത്. സഊദിയിലാണ് ഇതിന്റെ പുകിലുകള്‍ അധികം. ഔഖാഫ് നിരന്തരം ഇടപെടുന്നു. വാര്‍ത്ത വരുന്നു. താന്‍ കുഴിച്ച കുഴിയില്‍ താന്‍ എന്ന പ്രമാണംപുലരാതിരിക്കില്ലല്ലോ. പാരമ്പര്യ ഇസ്‌ലാമിനെ സ്വീകരിച്ച ്‌രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ബുദ്ധി. പലരുടെയും മനസില്‍ അതുണ്ട് പക്ഷെ ഒരുതരം വാശിയാണ്. ദുരഭിമാനവും. കുറച്ചുകാലം കൂടി ഇങ്ങനെയൊക്കെ പോകും. അത്രതന്നെ. ഹര്‍ത്താല്‍ വ്യവസായം പൊടിപൊടിക്കുകയാണ്.നഷ്ടക്കണക്ക് കുതി കുതിക്കുകയും. വാണിജ്യ, വ്യവസായ രംഗം തകര്‍ന്നു. ഉല്‍പാദനം ഗണ്യമായി കുറഞ്ഞു. തൊഴില്‍ ദിനങ്ങളും ഇല്ലാതായി. 96 സംഘടനകള്‍ ചേര്‍ന്ന് ഹര്‍ത്താല്‍ പൊളിക്കുമെന്ന് പ്രസ്താവന ഇറക്കി വീട്ടില്‍പോയി വിശ്രമിച്ചാല്‍ കടകള്‍ താനെ തുറക്കുകയില്ല.
നട അടയ്ക്കുന്നതും കട അടയ്ക്കുന്നതും ഒരു പോലെയല്ല എന്ന് കടകംപള്ളി പറഞ്ഞിട്ടുണ്ട്. തന്ത്രി ഏകപക്ഷീയമായി നട അടച്ചുകളഞ്ഞു. കോടതിയലക്ഷ്യം ആകുമെന്നാണ് ചിലര്‍ പറയുന്നത്. ക്ഷേത്രാചാരങ്ങള്‍ എങ്ങനെ കോടതിയലക്ഷ്യത്തില്‍ പെടും? നിയമ പണ്ഡിതര്‍ പറയട്ടെ. ആഴ്ചയില്‍ ഒരു പ്രവൃത്തി ദിവസം. ബാക്കി ഹര്‍ത്താല്‍ എന്ന സുവര്‍ണകാലം വരാന്‍ ഇനി എത്രകാലം കാത്തുനില്‍ക്കണം? പള്ളിക്കൂടത്തിലെ കുട്ടികള്‍ക്ക് അടിപൊളി ആവാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമ്പൂര്‍ണ വിശ്രമം. കേരളീയരുടെ തലവിധി എന്നല്ലാതെ എന്തു പറയാന്‍. കേരള ഹര്‍ത്താല്‍ പാര്‍ട്ടി ഉണ്ടാക്കി ഹര്‍ത്താല്‍ വ്യവസായം നടത്താതിരുന്നാല്‍ ഭാഗ്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.