2019 October 24 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

1,000 രൂപയ്ക്കു വേണ്ടി കാശിയെ 5 വര്‍ഷം അടിമയാക്കി, മോചിപ്പിക്കാനെത്തിയ തഹസീല്‍ദാരുടെ കാലില്‍ വീഴുമ്പോള്‍ എല്ലും തോലുമായി; ഇന്നലെ തമിഴരുടെ കണ്ണുനിറച്ച ആ ചിത്രം ഇതാണ്

ചെന്നൈ: ആയിരം രൂപ തിരിച്ചടയ്ക്കാനാവാതെ വന്നപ്പോഴാണ് കാശിയെ നടരാജ് എന്ന മര വ്യാപാരി അടിമയാക്കിയത്. സമയത്തിന് നല്ല ഭക്ഷണംപോലും നല്‍കാതെ അഞ്ചുവര്‍ഷത്തോളം കാശിയെക്കൊണ്ട് നടരാജ് അടിമപ്പണി ചെയ്യിച്ചു. ഇക്കാലയളവില്‍ കാശി ചെയ്ത ജോലിക്ക് ശമ്പളം ലഭിക്കുകയാണെങ്കില്‍ ലക്ഷങ്ങള്‍ ആയേനെ. സംഭവം അറിഞ്ഞെത്തിയ തഹസില്‍ദാരുടെ കാലിലേക്കു വീഴുമ്പോള്‍ തന്റെ ആരോഗ്യമത്രെയും നടരാജിന്റെ ഭൂമിയില്‍ വിയര്‍പ്പും ചോരയുമായി ഉരുകിയൊലിച്ചതിനാല്‍ കാശി എല്ലും തോലുമായി മാറിയിരുന്നു. മുശിഞ്ഞ മുണ്ടുടുത്ത് മേലാകെ ചളി പുരണ്ട കാശി മുട്ടുകാലില്‍ ഇഴഞ്ഞ് തഹസീല്‍ദാരുടെ കാലില്‍ വീഴുന്ന ചിത്രം അതോടെ തമിഴരുടെയും രാജ്യമനസ്സാക്ഷിയുടെ തന്നെയും കണ്ണുനിറയ്ക്കുകയും ചെയ്തു.

കാശിയുള്‍പ്പെടെ 42 കരാര്‍ തൊഴിലാളികളെയാണ് കഴിഞ്ഞദിവസങ്ങളില്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ രക്ഷിച്ചത്. നടരാജ് എന്ന വ്യക്തിയില്‍ നിന്നാണ് കാശി പണം കടം വാങ്ങിയത്. എന്നാല്‍ ഈ തുക തിരികെ നല്‍കാന്‍ സാധിക്കാതെ വന്നതോടെ കാശിയോട് തന്റെ മരംമുറിക്കുന്ന സ്ഥലത്ത് ജോലിക്ക് വരാന്‍ നടരാജ് ആവശ്യപ്പെടുകയായിരുന്നു. അഞ്ചുവര്‍ഷമായി ഇവിടെ നിര്‍ബന്ധിത തൊഴില്‍ അനുഷ്ഠിച്ചുവന്ന കാശിയെ ബുധനാഴ്ചയാണ് ഉദ്യോഗസ്ഥ സംഘം എത്തി മോചിപ്പിച്ചത്.

കാഞ്ചിപുരത്തെ മരംമുറിക്കുന്ന കേന്ദ്രത്തില്‍ കാശിയടക്കം 28 പേരും വെല്ലൂരില്‍ 14 പേരുമാണ് ഉണ്ടായിരുന്നത്. ഈ 42 പേരെയും ഉദ്യോഗസ്ഥ സംഘം രക്ഷിച്ചു. കാഞ്ചിപുരം സബ് കലക്ടര്‍ എ. ശരവണന്‍, റാണിപതിലെ സബ് കലക്ടര്‍ ഇളംബഹവത് എന്നിവര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തറിഞ്ഞത്.

ബുധനാഴ്ച രാവിലെ രണ്ടുസംഘങ്ങളായി നടരാജിന്റെ മരവ്യാപാര കേന്ദ്രത്തിലെത്തിയ ഉദ്യോഗസ്ഥര്‍ ഇവിടെയുണ്ടായിരുന്ന ഓരോ തൊഴിലാളികളുടെയും മൊഴിയെടുത്തു. നടരാജ് എന്ന പേരായ ഒരാളുടെയും ഇയാളുടെ ബന്ധുക്കളുടെയും പക്കല്‍ നിന്ന് നിസാര തുകകള്‍ വായ്പയായി വാങ്ങിയ സാധാരണക്കാരാണ് ഇത്തരത്തില്‍ അടിമപ്പണി ചെയ്യിച്ചതെന്ന് തൊഴിലാളികളുടെ മൊഴിയില്‍ നിന്ന് മനസിലായി. പണം തിരിച്ച് നല്‍കാന്‍ സാധിക്കാത്തവരെ അഞ്ച് വര്‍ഷത്തേക്കാണ് ഇവിടെ പണിയെടുക്കാന്‍ നിര്‍ബന്ധിച്ചത്. ഇവര്‍ 30,000 രൂപ വരെ തിരികെ നല്‍കാനുണ്ടെന്നാണ് തൊഴിലുടമകളുട മൊഴി. എന്നാല്‍, ഇക്കാര്യം തൊഴിലാളികള്‍ നിഷേധിച്ചു.

തടവറയ്ക്ക് സമാനമായ അനുഭവമാണ് ഇവിടെയുണ്ടായിരുന്നതെന്ന് തൊഴിലാളികള്‍ വെളിപ്പെടുത്തി. സ്വന്തം ഗ്രാമത്തിലേക്ക് പോകാന്‍ അനുവദിച്ചില്ലെന്നും പ്രസവവേദനകൊണ്ട് പുളഞ്ഞ സ്ത്രീയെ ആശുപത്രിയില്‍ പോകാന്‍ അനുവദിക്കാതിരുന്നതോടെ കാട്ടിനുള്ളില്‍ വച്ച് തന്നെ പ്രസവിക്കേണ്ടിവന്ന ദുരനുഭവവും ഇവര്‍ വെളിപ്പെടുത്തി. വിശക്കുന്നുവെന്നും ഭക്ഷണം വാങ്ങാന്‍ പണം വേണമെന്നും ആവശ്യപ്പെട്ടപ്പോള്‍ കുറച്ച് മരമെടുത്ത് ഭക്ഷിക്കാനാണ് നടരാജ് പറഞ്ഞതെന്നും തൊഴിലാളികള്‍ ആരോപിച്ചു.

നടരാജനെയും തൊഴിലാളികളെയും റവന്യു ഓഫിസിലേക്ക് വിളിച്ചുവരുത്തിയ ശേഷം തൊഴിലാളികളുടെ കടം അടച്ചുതീര്‍ന്നതായുള്ള പത്രിക തൊഴിലുടമയെ കൊണ്ട് എഴുതി നല്‍കിച്ച് 42 പേരെയും വിട്ടയച്ചു.

pic bonded labourer falling feet to officials betrays his struggle freedom


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.