2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ശ്രീലങ്ക ബോംബാക്രമണം: കൂട്ട സംസ്‌കാരത്തിന്റേതെന്ന പേരില്‍ പ്രചരിക്കുന്നത് 13 വര്‍ഷം പഴക്കമുള്ള ചിത്രങ്ങള്‍

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടേതെന്ന പേരില്‍ 13 വര്‍ഷം പഴക്കമുള്ള ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഭൗതിക ശരീരങ്ങള്‍ ശ്രീലങ്കയിലെ നെഗോംബോയില്‍ കൂട്ടമായി സംസ്‌കരിക്കാനെത്തിച്ചപ്പോഴെന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. മൃതദേഹങ്ങള്‍ കൂട്ടമായി അടക്കം ചെയ്യുന്ന സമയത്തുള്ളതും തൊട്ടുമുന്‍പുള്ള വിലാപയാത്രയുടെയും ചിത്രങ്ങളാണ് ഇവയെന്നും പറയുന്നു. എന്നാല്‍ 2006ല്‍ ആഭ്യന്തരയുദ്ധകാലത്ത് മധ്യ വടക്കന്‍ ശ്രീലങ്കയിലെ കെബിട്ടിഗൊല്ലെവയിലുണ്ടായ ബോംബാക്രമണങ്ങളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിക്കുന്നതിന്റെ ചിത്രങ്ങളാണിവയെന്നാണ് പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കുക.

തിങ്കളാഴ്ച ഫേസ്ബുക്കില്‍ വില്ല്യം ഡാവിന്‍ എന്ന ഉപഭോക്താവാണ് ഈസ്റ്റര്‍ ദിന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിക്കുന്നതിന്റെയെന്ന തരത്തില്‍ ഈ ചിത്രങ്ങള്‍ പങ്കുവച്ചത്. പിന്നീട് വുമണ്‍ ഓഫ് ക്രൈസ്റ്റ് മില്‍വൗകീ എന്ന ഫേസ്ബുക്ക് പേജിലും ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഈ ചിത്രങ്ങള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്താല്‍ മനസ്സിലാക്കാം ഇവ 2006ല്‍ ആഭ്യന്തരയുദ്ധകാലത്ത് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളാണെന്ന്. അസോസിയേറ്റഡ് പ്രസ്സിനു വേണ്ടി എറംഗ ജയവര്‍ധനെ, എഎഫ്പിക്കുവേണ്ടി ലക്രുവാന്‍ വന്നിയാര്‍ച്ചി എന്നിവരാണ് ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്.

64പേരായിരുന്നു 2006ലെ ആക്രമണത്തില്‍ കൊല്ലപ്പട്ടത്. കുഴിബോംബ് പൊട്ടിത്തെറിച്ച് ഒരു ബസിലെ യാത്രക്കാര്‍ കൊല്ലപ്പെടുകയായിരുന്നു. തമിഴ് പുലികളാണ് സ്‌ഫോടനത്തിനു പിറകിലെന്ന് ആരോപിക്കപ്പെട്ടിരുന്നെങ്കിലും പുലികള്‍ ആരോപണം നിഷേധിച്ചിരുന്നു.

ചിത്രം 1
റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫലം
ചിത്രം പ്രത്യക്ഷപ്പെട്ട അഞ്ചുവര്‍ഷം മുന്‍പുള്ള റിപോര്‍ട്ട്

ചിത്രം 2
റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫലം
ചിത്രം പ്രത്യക്ഷപ്പെട്ട 2015ലെ റിപോര്‍ട്ട്‌

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.