2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ഫിസിക്‌സ് പഠിക്കാനൊരു കഥ

ജാവിദ് അഷ്‌റഫ്

എസ്.എസ്.എല്‍.സി ഫിസിക്‌സ് പരീക്ഷയ്ക്ക് വേണ്ടി തയാറെടുക്കുമ്പോഴാണ് അമ്മ പറഞ്ഞത്. മോന് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ രാജന്‍ അമ്മാവനോട് ചോദിച്ചൂടെ. അമ്മാവന്‍ കല്‍ക്കത്തയില്‍ ഫിസിക്‌സ് പ്രൊഫസറായിരുന്നൂല്ലോ.
ആ കാര്യം ഉണ്ണിക്ക് അറിയാമായിരുന്നില്ല.
കോലായില്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയാണ് അമ്മാവന്‍. ഉണ്ണിയും പഠിച്ച കാര്യങ്ങള്‍ വായിച്ചു തുടങ്ങി. ഈ സമയത്താണ് ക്ലാസില്‍ പഠിക്കുന്ന ശൈലശ്രീയുടെ വരവ്. അടുത്താണ് അവളുടെ വീട്.
ഉണ്ണീ നീ എല്ലാം പഠിച്ചോ..? എനിക്ക് മൊത്തം കണ്‍ഫ്യൂഷനാ..ഫിസിക്‌സ് പരീക്ഷ അടുത്താഴ്ചയുമാ..!!
ശൈലശ്രീ ദേഷ്യം കൊണ്ട് എന്തൊക്കയോ പറഞ്ഞു.
ഉണ്ണി, വിരല്‍ വായയുടെ മുകളില്‍ വച്ച് മിണ്ടാതിരിക്കാന്‍ മുന്നറിയിപ്പ് കൊടുത്തു.
ഈ സമയം അമ്മാവന്‍ അവരെ നോക്കി ചിരിച്ചു.
ഫിസിക്‌സ് അത്രയും കട്ടിയാണോ?
ചോദ്യം കേട്ട് ശൈലശ്രീ തല കുലുക്കി.
എനിക്ക് കുറച്ച് സംശയങ്ങളേ ഉള്ളൂ.
ഉണ്ണി പറഞ്ഞു.
ഞാന്‍ സഹായിക്കട്ടെ..?
അമ്മാവന്റെ ചോദ്യം കേട്ട് ശൈലശ്രീ മിഴിച്ചുനിന്നു.
ഉണ്ണി അവളോട് സ്വകാര്യം പറഞ്ഞു.
അമ്മാവന്‍ ചിരിച്ചു.
ആട്ടെ..ഇന്ന് സ്‌കൂളില്ലേ..?
സ്റ്റഡി ലീവാ അങ്കിള്‍.
എന്നിട്ട് പഠിക്കുന്നില്ലേ..?
ഉണ്ണി ഫിസിക്‌സ് പുസ്തകം നിവര്‍ത്തി.
അമ്മാവന്‍ അതുവാങ്ങി മറിച്ചു നോക്കി.
എത്ര രസകരമായാണ് ഈ പുസ്തകം തയാര്‍ ചെയ്തിരിക്കുന്നത്. എന്നിട്ടാണോ ഫിസിക്‌സ് കടു കട്ടിയാണെന്ന് പറയുന്നത് ?
അമ്മാവന്റെ ചോദ്യത്തിന് മുന്നില്‍ അവര്‍ പതറി.
ഫിസിക്‌സ് പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനമാണെന്ന് പറയാം, ഒരുപക്ഷെ ഏറ്റവും പഴക്കമുള്ള പാഠ്യവിഷയം. പ്രപഞ്ചം നിര്‍മിതമായ ദ്രവ്യം, ഊര്‍ജം പിന്നെ സ്ഥലകാലങ്ങള്‍, അവയുടെ പരസ്പര പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്ക ുറിച്ചെല്ലാം ഫിസിക്‌സില്‍ പഠിക്കാനുണ്ട്. പല നൂതന സാങ്കേതിക വിദ്യകളും ഫിസിക്‌സിന്റെ സംഭാവനയാണ്. അപ്പോള്‍ ഫിസിക്‌സ് പഠിക്കണമെങ്കില്‍ പ്രപഞ്ചത്തെ നന്നായി നിരീക്ഷിക്കേണ്ടതുണ്ട്.
അമ്മാവന്‍ തൊടിയിലേക്ക് ഇറങ്ങി നടന്നു.
ഉണ്ണിയും ശൈലശ്രീയും പിന്തുടര്‍ന്നു.
തൊടിയില്‍ പക്ഷികളുടെ കള കൂജനം .
ഹായ്..എന്ത് മധുരാ പക്ഷികളുടെ ശബ്ദത്തിന്.
ശൈലശ്രീ പറഞ്ഞു.
കുട്ടിയുടെ ശബ്ദവും മധുരാണ് കേട്ടോ.
അമ്മാവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
ശൈലശ്രിക്ക് നാണം വന്നു.
താങ്ക്യു അങ്കിള്‍!!
അതെന്താ അങ്കിള്‍ പുരുഷന്മാരുടെ ശബ്ദത്തിന് ഈ മധുരമില്ലാത്തത് ..?
ഉണ്ണിയുടെ സംശയം അതായിരുന്നു.
ഹ.ഹ അതോ പറഞ്ഞു തരാം.
ഭൗതികവസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദമുണ്ടാകുന്നതെന്ന് അറിയാമല്ലോ. ശബ്ദത്തിന് സഞ്ചരിക്കാന്‍ ഒരു മാധ്യമം ആവശ്യമുണ്ട്. ചിലപ്പോള്‍ അത് ഖരമാവാം,വാതകമാവാം, ദ്രാവകമാവാം. ഒരു സെക്കന്‍ഡില്‍ ഒരു വസ്തുവിനുമുണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ് ആവൃത്തി. ഈ ആവൃത്തിയെ അളക്കാന്‍ ഉപയോഗിക്കുന്ന യൂനിറ്റ് ഏതാണെന്ന് അറിയാമോ ?
ഹെര്‍ട്‌സ് അല്ലേ..?
അങ്കിളിന്റെ ചോദ്യം കേട്ടയുടന്‍ തന്നെ ഉണ്ണി പറഞ്ഞു.
കറക്റ്റ്..ഹെര്‍ട്‌സ് തന്നെ. ആവൃത്തി കുറഞ്ഞതും കൂര്‍മത കുറഞ്ഞതുമായ ശബ്ദമാണ് താഴ്ന്ന ശ്രുതി ശബ്ദം.
അങ്കിള്‍ കൂര്‍മത എന്ന് പറഞ്ഞാല്‍..?
ശൈലശ്രീ മുഖം ചുളിച്ചു.
ഓ..അതോ ഷാര്‍പ്പ്‌നസ്… തുളച്ചു കയറുന്ന വിധത്തിലുള്ളത്.
ഓ..അങ്ങനെ !
അത്തരത്തിലുള്ളതാണ് പുരുഷന്മാരുടെ ശബ്ദം. എന്നാല്‍ സ്ത്രീകളുടെ ശബ്ദമോ ഷാര്‍പ്പ്‌നസ് കൂടിയതാണ്. ഉയര്‍ന്ന ശ്രുതിയിലുള്ള ശബ്ദം. ഉച്ചസ്ഥായി. കേള്‍ക്കുന്ന ശബ്ദത്തിന്റെ ഷാര്‍പ്പ് നസിന്റെ അളവാണ് പിച്ച്. ശബ്ദത്തിന്റെ ആവൃത്തി വര്‍ധിക്കുമ്പോള്‍ ശ്രുതിയും വര്‍ധിക്കും.
അപ്പോള്‍ ശൈലശ്രീയുടെ ശബ്ദത്തിനും കിളികളുടെ ശബ്ദത്തിനുമൊക്കൊ ആവൃത്തി കൂടുതലാണ് അല്ലേ..?
അതെ അതെ..
അങ്കിള്‍ ചിരിച്ചു.
അതിരിക്കട്ടെ ശബ്ദത്തെ കുറിച്ച് ഞാന്‍ പറഞ്ഞല്ലോ ശബ്ദം ഏത് തരത്തിലുള്ള തരംഗമാണ്?
അങ്കിളിന്റെ ചോദ്യം കേട്ട് ശൈലശ്രീ കൈ ഉയര്‍ത്തി പറഞ്ഞു.
അനു ദൈര്‍ഘ്യം.!
അതെ. അനുദൈര്‍ഘ്യം
ശബ്ദം തരംഗ രൂപത്തിലാണ് സഞ്ചരിക്കുന്നതെന്നറിയാമല്ലോ. കൃത്യമായി പറഞ്ഞാല്‍ അനുദൈര്‍ഘ്യ രൂപത്തിലാണ് ഇവയുടെ സഞ്ചാരം. ഒരു തരംഗത്തിന്റെ സഞ്ചാര ദിശക്ക് ലംബമായാണ് തരംഗത്തില്‍ കമ്പനമുണ്ടാകുന്നതെങ്കില്‍ അതിനെ അനുപ്രസ്ഥ തരംഗമെന്ന് പറയാം. പ്രകാശ തരംഗങ്ങള്‍ അനുപ്രസ്ഥ തരംഗ രൂപത്തിലാണ് സഞ്ചരിക്കുന്നത്. ഇവക്ക് ശൂന്യ സ്ഥലങ്ങളില്‍ കൂടിയും സഞ്ചരിക്കാന്‍ സാധിക്കും. പ്രകാശം ധ്രുവീകരണത്തിന് വിധേയമാകും. എന്നാല്‍ ശബ്ദം സഞ്ചരിക്കുന്നത് അനുദൈര്‍ഘ്യ രൂപത്തിലാണ്. ഇവയുടെ സഞ്ചാരദിശക്ക് സമാന്തരമായാണ് തരംഗത്തില്‍ കമ്പനമുണ്ടാകുതെന്ന് സാരം. ശബ്ദതരംഗങ്ങള്‍ പ്രസരിക്കുന്ന മാധ്യമത്തിലെ വസ്തുക്കളുടെ സാന്ദ്രത,മര്‍ദം എന്നിവയുടെ വ്യത്യാസം കൊണ്ടാണ് സഞ്ചരിക്കാന്‍ സാധിക്കുന്നത്.
ഒരു മാധ്യമത്തിലെ കണികകള്‍ സഞ്ചാര ദിശക്ക് സമാന്തരമായി കമ്പനം ചെയ്താല്‍ അത്……?
അങ്കിള്‍ ശൈലശ്രീയെ നോക്കി ചോദിച്ചു.
അനുദൈര്‍ഘ്യം..അവള്‍ മറുപടി നല്‍കി
ഇനി മറക്കില്ലല്ലോ..?
ഇല്ല അങ്കിള്‍.
ഉണ്ണീ ഫിസിക്‌സിലെ ആദ്യ പാഠത്തില്‍ നിന്നു എന്തൊക്കെയാ പഠിച്ചേ..?
അങ്കിള്‍ ചോദിച്ചു
തരംഗങ്ങള്‍ പ്രധാനമായും രണ്ട് വിധമുണ്ട്. ഒന്ന് യാന്ത്രിക തരംഗം. മറ്റൊന്ന് വൈദ്യുത കാന്തിക തരംഗം.പ്രസരണത്തിന് മാധ്യമം ആവശ്യമായവയാണ് യാന്ത്രിക തരംഗം. ശബ്ദ തരംഗവും ജലോപരിതലത്തിലെ തരംഗവും ഇതിന് ഉദാഹരണമായി പറയാം. മാധ്യമം ആവശ്യമില്ലാത്ത തരംഗരൂപമാണ് വൈദ്യുത കാന്തിക തരംഗങ്ങള്‍. റേഡിയോ തരംഗം, പ്രകാശം എന്നിവയെല്ലാം ഇവയില്‍ പെടും.
വേറെ എന്താ പഠിച്ചേ..?
തരംഗ ചലനത്തെകുറിച്ച് പഠിച്ചിരുന്നു, പക്ഷെ മറന്നു പോയി.
കണികകളുടെ കമ്പനം മൂലം ഒരു മാധ്യമത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന വിക്ഷോഭം?
ഉണ്ണി പാതിയില്‍ നിര്‍ത്തി.
…വിക്ഷോഭം മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതാണ് തരംഗ ചലനം. ജല തരംഗങ്ങള്‍ ജലോപരിതലത്തില്‍ അനു പ്രസ്ഥ തരംഗങ്ങളായാണ് കാണപ്പെടുന്നത്. ഇവ ഊര്‍ജത്തെ ഒരു ഭാഗത്തു നിന്നും മറ്റൊരു ഭാഗത്തേക്ക് എത്തിക്കുന്നു. ഇത് മൂലമാണ് കളി വഞ്ചി കരയില്‍ നിന്നും മറ്റൊരു ഭാഗത്തേക്ക് ചലിക്കുന്നത്.
ശൈലശ്രീയുടെ മറുപടി കേട്ട് ഉണ്ണിയും അങ്കിളും അത്ഭുതപ്പെട്ടു.
ആള് കരുതുന്നത് പോലെയല്ലോ..ഉണ്ണിയെ പോലും തോല്‍പ്പിച്ചല്ലോ.
അങ്കിള്‍ ഒരു ക്ലാസ് കൊടുത്തു.
ഫിസിക്‌സ് മാഷിനെ പേടിച്ച് കാണാപാഠം പഠിച്ചതാ..
അവള്‍ പറഞ്ഞു.
ഒരു കാര്യം പഠിക്കുമ്പോള്‍ അവ കൃത്യമായി മനസിലാക്കി പഠിക്കണം..എങ്കിലേ കാര്യമുള്ളൂ.
അങ്കിള്‍ ഇരുവരോടും പറഞ്ഞു.
ഉണ്ണീ…വേറെ ഒന്നും പഠിച്ചില്ലേ..?
ശബ്ദത്തിന്റെ ആവര്‍ത്തന പ്രതിപതനത്തെക്കുറിച്ച് പഠിച്ചു അങ്കിള്‍.
എന്താണ് പഠിച്ചതെന്ന് പറയൂ.?
ശബ്ദം വ്യത്യസ്ത വസ്തുക്കളില്‍ തട്ടി തുടര്‍ച്ചയായി പ്രതി പതിക്കുന്നതാണ് ശബ്ദത്തിന്റെ ആവര്‍ത്തന പ്രതിപതനം. വാഹനങ്ങളിലെ ഹോണുകള്‍, മെഗാ ഫോണ്‍,ട്രംബറ്റ് പോലെയുള്ള സംഗീത ഉപകരണങ്ങള്‍ എന്നിവയില്‍ ഇവ പ്രയോജനപ്പെടുത്തിയിരിക്കുന്നു. ആവര്‍ത്തന പ്രതിപതനത്തിന്റെ ഫലമായുണ്ടാകുന്ന തുടര്‍ച്ചയായിട്ടുള്ള മുഴക്കമാണ് അനുരണനം.
കറക്ട്…കഴിഞ്ഞോ..?
പിന്നെ…പ്രതിധ്വനിയെക്കുറിച്ച് അറിയാം.
എന്തൊക്കെ അറിയാം..?
അങ്കിള്‍ ചോദിച്ചു.
ഞാന്‍ പറയട്ടെ അങ്കിള്‍.
ശൈലശ്രീ ഇടയ്ക്ക് കയറി ചോദിച്ചു.
ശരി..ശൈലശ്രീ പറഞ്ഞോളൂ.
ഒരുശബ്ദം കേട്ടശേഷം അതേശബ്ദം വീണ്ടും പ്രതിപതിച്ച് കേള്‍ക്കുന്നതാണ് പ്രതിധ്വനി.
നമ്മുടെ ചെവിയുടെ ശ്രവണസ്ഥിരത എന്ന പ്രതിഭാസം മൂലമാണ് പ്രതിധ്വനിയെ നാം തിരിച്ചറിയുന്നത്.
അങ്കിളേ ഇത്ര മാത്രമേ എനിക്കറിയൂ ശൈലശ്രീ ഉണ്ണിയെ നോക്കി.
എനിക്കും.
ഉണ്ണി മറുപടി നല്‍കി.
അങ്കിളേ പ്രതിധ്വനിയെക്കുറിച്ച് കൂടുതല്‍ പറഞ്ഞ് തരോ..?
അതിനെന്താ..കേട്ടോളൂ.
വലിയ ഹാളില്‍ നിന്നോ മലയടിവാരത്ത് നിന്നോ എന്തെങ്കിലും ശബ്ദമുണ്ടാക്കി നോക്കൂ. അല്‍പ്പസമയം കഴിഞ്ഞാല്‍ പ്രസ്തുത ശബ്ദം പ്രതിഫലിക്കുന്നത് കാണാം. ഹലോ എന്ന് പറഞ്ഞാല്‍ ഒരുപാട് ഹലോകള്‍ കേള്‍ക്കാം.നാം ഒരു ശബ്ദം ശ്രവിച്ച് ഒരു സെക്കന്‍ഡ ിന്റെ പത്തിലൊരു ഭാഗം സമയത്തിനുള്ളില്‍ പ്രസ്തുത ശബ്ദം ഒരു പ്രതലത്തില്‍ തട്ടി പ്രതിഫലിച്ച് കേള്‍ക്കുകയാണെങ്കില്‍ ആ ശബ്ദത്തെ പ്രതിധ്വനി എന്നു പറയും. ശബ്ദത്തിന്റെ വേഗം വായുവില്‍ സെക്കന്‍ഡില്‍ 340 മീറ്ററാണ്. ഇത് സെക്കന്‍ഡിന്റെ പത്തിലൊരു ഭാഗം സമയം കൊണ്ട്, ഏറ്റവും ചുരുങ്ങിയത് 17 മീറ്റര്‍ അകലെയുള്ള പ്രതിഫലന തലത്തില്‍ തട്ടി തിരിച്ച് വരണം. അതോടൊപ്പം 34 മീറ്ററെങ്കിലും ആകെ സഞ്ചരിച്ചിരിക്കണം. എങ്കില്‍ മാത്രമേ പ്രതിധ്വനിയുണ്ടാകുകയുള്ളൂ.
ഉണ്ണി പഠിച്ച കാര്യങ്ങള്‍ പറഞ്ഞു.
ഇനി ശൈലശ്രീ എന്തൊക്കെ പഠിച്ചെന്ന് പറയൂ..?
ഞാന്‍..അക്കൗസ്റ്റിക്‌സ് ഓഫ് ബില്‍ഡിംഗ്‌സിനെ കുറിച്ച് പഠിച്ചിട്ടുണ്ട്.
പറയാം. വമ്പന്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ ശബ്ദം കേള്‍ക്കുന്നത് പലപ്പോഴും അവ്യക്തമായിട്ടായിരിക്കും. ഇവ പരിഹരിക്കുന്നതിനായി രൂപം കൊണ്ട ശാസ്ത്ര ശാഖയാണ് ഇത്. കെട്ടിടങ്ങള്‍ക്കുള്ളില്‍ വ്യക്തമായി ശബ്ദം ശ്രവിക്കത്തക്ക വിധത്തില്‍ അവയെ രൂപപ്പെടുത്തുന്നതിനെക്കുറിച്ച് അക്കൗസ്റ്റിക്‌സ് ഓഫ് ബില്‍ഡിംഗ്‌സില്‍ പറയുന്നുണ്ട്. ഇത്രമാത്രം എനിക്കറിയാം.
ഇനി അങ്കിള്‍ പറയാം…അടഞ്ഞ ക്ലാസ് മുറികള്‍ക്കുള്ളിലിരുന്ന് നിങ്ങള്‍ ശബ്ദമുണ്ടാക്കി നോക്കൂ.. ആ സമയം ശബ്ദം വ്യക്തമാണോ മുറിക്കുള്ളിലെ ശബ്ദ സാഹചര്യം അനുയോജ്യമാക്കാന്‍ പല മാറ്റങ്ങളും വരുത്തേണ്ടതുണ്ട.് ഈ കാര്യം പുരാതന കാലത്ത് തന്നെ മനുഷ്യര്‍ പഠന വിഷയമാക്കിയിരുന്നു. ശബ്ദത്തെ നിയന്ത്രിച്ച് ശ്രവണം കൂടുതല്‍ വ്യക്തവും ആസ്വാദ്യകരവുമാക്കുന്നതിന് വേണ്ടി കെട്ടിടങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു ശാസ്ത്ര ശാഖ തന്നെ പിന്നീട് രൂപപ്പെട്ടുവന്നു.
ഇതാണ് അക്ക്വസ്റ്റിക്‌സ് ഓഫ് ബില്‍ഡിംഗ്. വാലസ് സബൈന്‍ എന്ന ശാസ്ത്രജ്ഞനാണ് ഈ ശാഖക്കൊരു ശാസ്ത്രീയ അടിത്തറയുണ്ടാക്കിയത്. നിരവധിയാളുകള്‍ക്ക് ഒരുമിച്ചിരിക്കാന്‍സൗകര്യമുള്ള വലിയ ഹാളുകള്‍ക്കുള്ളിലുണ്ടാകുന്ന ശബ്ദത്തിന്റെ വ്യക്തതയും ആസ്വാദ്യതയും ഉറപ്പാക്കാന്‍ കെട്ടിട നിര്‍മാണ ഘടനയില്‍ പാലിക്കേണ്ട പ്രത്യേകതയെക്കുറിച്ചും അക്വസ്റ്റിക്‌സ് ഓഫ് ബില്‍ഡിംഗ് പഠന വിധേയമാക്കിയിട്ടുണ്ട്.
ധാരാളമാളുകള്‍ സംബന്ധിക്കുന്ന ഓഡിറ്റോറിയങ്ങളുടെ ചുമര് പരുക്കനാക്കുന്നത് ശബ്ദത്തിന്റെ പ്രതിഫലനം ഒഴിവാക്കാനാണ്. പരുക്കന്‍ തുണികൊണ്ട് കര്‍ട്ടന്‍ തയാറാക്കുക, സീറ്റുകളില്‍ കൂഷ്യനിടുക,വളഞ്ഞ ചുവരുകള്‍ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇത്തരം ബില്‍ഡിംഗുകള്‍ തയാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
രണ്ടുപേരും ഒന്നാം അധ്യായത്തില്‍ നിന്നും പഠിച്ചതെല്ലാം കഴിഞ്ഞോ.?
രണ്ടു പേരും തല കുലുക്കി.
ആ പുസ്തകം ഇങ്ങ് തരൂ
അങ്കിള്‍ ഉണ്ണിയുടെ കൈയില്‍ നിന്നും ഫിസിക്‌സ് പാഠ പുസ്തകം വാങ്ങി മറിച്ചു നോക്കി.
എന്നിട്ടു ചോദിച്ചു. സീസ്മിക് തരംഗങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് എന്തൊക്കെ അറിയാം.?
ഭൂകമ്പത്തെത്തുടര്‍ന്നാണ് ഇവയുണ്ടാകുന്നതെന്ന് ഫിസിക്‌സ് സാര്‍ ക്ലാസില്‍ പറഞ്ഞത് ഓര്‍മയുണ്ട്.
ഉണ്ണി പറഞ്ഞു.
എനിക്ക് അവയെ കുറിച്ച് ഒന്നും അറിയില്ല അങ്കിള്‍.
ശൈലശ്രീ പറഞ്ഞു.
എങ്കില്‍ ഞാന്‍ തന്നെ പറയാം.
ഭൂകമ്പം,അഗ്നിപര്‍വത സ്‌ഫോടനം തുടങ്ങിയവയുടെ ഫലമായി ഭൂപാളികളിലൂടെ സഞ്ചരിക്കുന്ന തരംഗമാണ് സിസ്മിക് തരംഗങ്ങള്‍. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തില്‍ നിന്ന് പുറപ്പെടുന്ന ഈ തരംഗം സിസ്‌മോഗ്രാഫിയിലെ ആയതിയുടെ ഏകകത്തെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. സിസ്‌മോ മീറ്റര്‍, ഹൈഡ്രോ ഫോണ്‍ എന്നിവ ഉപയോഗിച്ച് ഇവ രേഖപ്പെടുത്താം. ഭൂകമ്പത്തെക്കുറിച്ചും സിസ്മിക് തരംഗങ്ങളെക്കുറിച്ചുമുള്ള പഠനമാണ് സിസ്‌മോളജി. സിസ്‌മോളജി പഠനം നടത്തുന്നവരെ സിസ്‌മോളജിസ്റ്റുകള്‍ എന്നാണ് വിളിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.