2019 December 06 Friday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

കപടസദാചാരത്തിന്റെ മുഖംമൂടിയഴിക്കുന്ന ഫാന്റം ബാത്ത്

ജീവിതാനുഭവങ്ങള്‍ പ്രതിഫലിക്കുന്ന കഥക്കൂട്ടുകള്‍ ചേര്‍ത്തുള്ള  ഷാഹിന ഇ.കെയുടെ ഫാന്റം ബാത്താണ് ഇപ്രാവശ്യത്തെ ചര്‍ച്ചാ പുസ്തകം. ഒപ്പം ഷാഹിനയുമായുള്ള സംഭാഷണവും

ഒരു എഴുത്തുകാരന്‍/രി ഏറ്റവും നല്ല നീരിക്ഷണ പാടവമുള്ള ഒരാളായിരിക്കണം എന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്. കണ്ടുമുട്ടുന്ന വ്യക്തികളുടെ മാനസിറങ്ങള്‍ മുതല്‍, സംസാരരീതികളും അവര്‍ പറയുന്ന സംഭവങ്ങളും ഒരു എഴുത്തുകാരനിലൂടെ ഒരു കഥയോ കവിതയോ ആയി രൂപമാറ്റം സംഭവിക്കപ്പെടുന്നു. ഇത്തരം വളരെ സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ, വരികളായ ഒരു കൂട്ടം ചെറു കഥകളുടെ സമാഹാരമാണ് ഷാഹിനയുടെ ‘ഫാന്റം ബാത്ത്’.
ഒട്ടും ആയാസമില്ലാതെ, നമ്മള്‍ കടന്നുപോയതോ, കടന്ന് പോകുന്നതോ, ഭാവിയില്‍ അഭിമുഖീകരിച്ചേക്കാമെന്ന്, വളരെ സ്വാഭാവികമായി തോന്നിപ്പിക്കുന്നതോ ആയ കുറേയേറെ സംഭവങ്ങളാണ് കഥകളുടെ രൂപത്തില്‍, ഒരു അധ്യാപിക കൂടിയായ ഷാഹിന എഴുതിവയ്ക്കുന്നത്.
ന്യൂ ജനറേഷന്‍ എന്ന കഥയിലെ, പിതാവിന്റെ, ചൊറിച്ചില്‍ എന്ന അസുഖം, മകന്റെ പുതുരീതികളെ പാടെ അംഗീകരിക്കാന്‍ മടിയുള്ളതും തിരുത്താന്‍ കഴിയാത്തതുമായ മാതാപിതാക്കന്മാരുടെ അസ്വസ്ഥതയെ എടുത്തുകാട്ടാന്‍, പ്രതീകാത്മകമായി ഉപയോഗിച്ചിരിക്കുന്നു.

ഫാന്റം ബാത്ത്

ഫാന്റം ബാത്ത് എന്ന കഥയില്‍, എപ്പോള്‍ വേണമെങ്കിലും ചതിക്കപ്പെടാം, ഒരു രഹസ്യ ക്യാമറാക്കണ്ണ് കുളിമുറിയില്‍ പോലും ഉണ്ടാകാം എന്നൊക്കെ അസ്വസ്ഥതപ്പെട്ട് മുഖംമൂടി ധരിച്ച് കുളിക്കാന്‍ തയ്യാറെടുക്കുന്ന, നഗരത്തിലെ ഒരു ഹോട്ടല്‍ മുറിയില്‍, കൂട്ടുകാരിയോടൊപ്പം താമസിക്കാനെത്തുന്ന യുവതിയെ പരിചയപ്പെടുത്തുന്നു. ആനുകാലിക സംഭവങ്ങളും ഒരു സ്ത്രീക്കു മാത്രം ഭയക്കേണ്ടതുമായ ചില സംഭവങ്ങളെ ഓര്‍മപ്പെടുത്തുന്നുണ്ട് ഈ കഥ. സ്വന്തം മുഖം മറച്ചുകൊണ്ട്, ആ ഭയപ്പാടിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന യുവതി, സമൂഹത്തിന്റെ സദാചാര ചട്ടക്കൂടുകളുടെ വലിയൊരു ഭാരം കൂടി പേറുന്നുണ്ടെന്ന് വ്യക്തമാക്കുന്ന സൂക്ഷ്മനിരീക്ഷണം കഥയില്‍ കാണാം.

ഉത്സവ ഭൂമി

ജീവിതത്തെ ഒരുത്സവമാക്കി, സ്ത്രീ ശരീരങ്ങള്‍ ആസ്വദിക്കാന്‍ മാത്രമുള്ളതാണെന്ന് കരുതി ജീവിക്കുന്ന, അയാള്‍, ജാവേദ്, അയാള്‍ക്കുണ്ടാകുന്ന വെളിപാടുകള്‍ മനോഹരമായി പറഞ്ഞു വയ്ക്കുന്നു.

ധിഷണ മോഹന്‍
വാര്‍ത്തകളുടെ മരണത്തിനു
ശേഷം

ചാനല്‍ റിപ്പോര്‍ട്ടറായ യുവതിയുടെ തിരക്കുകളിലൂടെ പറയുന്ന കഥ. തലയ്ക്കു മുകളില്‍ വിഹരിക്കുന്ന അധികാരം, അടിമപ്പെടുത്താന്‍ തുടങ്ങുമ്പോള്‍, ആ ഒരു അവസ്ഥയെ പൊട്ടിച്ചെറിയാനുള്ള ആര്‍ജ്ജവമാണ്, സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യപടി എന്ന്, ധിഷണ മോഹന്‍ എന്ന യുവതി കാണിച്ചുതരുന്നു.

സ്റ്റാറ്റസ്

മരണശേഷം തന്റെ സാഹചര്യങ്ങളിലേക്ക് മടക്കയാത്ര ചെയ്യുന്ന ചെറുപ്പക്കാരന്റെ മനോഗതങ്ങളെ, ഫാന്റസിയുടെ ചുവടുപിടിച്ച് പറഞ്ഞിട്ടുണ്ടിതില്‍. ഒരു സ്റ്റാറ്റിയൂട്ടറി വാണിങ് പോലെയുള്ള കഥ, വളരെ മൃദുവായ ഭാഷയില്‍ പറഞ്ഞിരിക്കുന്നു എങ്കിലും ചിന്തിപ്പിക്കുന്നുണ്ട്.

അടഞ്ഞും തുറന്നും
ചില കാറ്റ് ജാലകങ്ങള്‍

ഈ കഥയിലെ പെണ്‍കുട്ടി പ്രണയമെന്ന സംഗതിയെ തന്റെ വരുതിക്കുള്ളില്‍ ചേര്‍ത്തുനിര്‍ത്തി, മറ്റ് പുരുഷന്മാരോട് പ്രഖ്യാപിക്കുന്ന ഇഷ്ടം, കളവിന്റെയും ചതിയുടെയും മേലങ്കിയിട്ടു നില്‍ക്കുന്നു. വഞ്ചിക്കപ്പെടുന്ന സ്ത്രീകള്‍ എന്ന ക്ലീഷേയില്‍ നിന്നും, ഈ പെണ്‍കുട്ടിയിലൂടെ കഥാകാരി, മറിച്ച് ചിന്തിച്ച്, പുരുഷന്മാരെ ഇരകളായി നിര്‍ത്തിയിരിക്കുന്നതിലെ രാഷ്ട്രീയം ഗുപ്തമായി തോന്നുമെങ്കിലും, വലിയ മാനങ്ങളുള്ള ഒരു ആശയം സന്നിവേശിപ്പിച്ചിരിക്കുന്ന ഒരു കഥയായി ഇതിനെ വായിക്കാം.

സമുദ്രം

കഥയിലെ മധ്യവയസ്‌കയായ സ്ത്രീ, സ്ത്രീശരീരങ്ങളുടെ മാറ്റങ്ങളെക്കുറിച്ചും അവയുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും പറയുന്നു. പെണ്ണുങ്ങളുടെ പ്രശ്‌നങ്ങളില്‍, ഇതൊരു Tip of Iceberg മാത്രമാണെന്നുള്ള ധ്വനി പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന ഒരു എക്സ്റ്റന്‍ഡസ് തിങ്കിങ് ഈ കഥയില്‍ ഒളിച്ചിരിക്കുന്നുണ്ട്.

ക്രിസ്ത്യാനി സാന്താക്ലോസ്

കുഞ്ഞുങ്ങളില്‍ പോലും മതവും അതിനോട് ബന്ധപ്പെട്ട് വളരുന്ന ചിന്തകളും ഉടലെടുക്കുന്ന വഴികള്‍ വളരെ പതുക്കെ പറഞ്ഞിരിക്കുന്നു. പക്ഷേ, കഥ വായിച്ച് അവശേഷിപ്പിക്കുമ്പോള്‍, എത്ര വലിയ ഒരു പേടിപ്പെടുത്തുന്ന പ്രവണതയുടെ തുടക്കമാണിത് എന്ന് ആശങ്കപ്പെടാതിരിക്കാനും ആവില്ല.

റിയാലിറ്റി ഷോ

ഒരു ഫ്‌ളാറ്റിന്റെ ഏകാന്തതയില്‍, പ്രണയം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന കൗമാരക്കാരുടെ സ്വാതന്ത്ര്യത്തിലേക്ക് അല്ലെങ്കില്‍ താന്തോന്നിത്തരത്തിലേക്ക് എന്ന് വ്യക്തമായി പറഞ്ഞുവച്ചിട്ടില്ലാത്ത, വായനക്കാര്‍ക്ക് അവനവന്റെ മനോധര്‍മ്മമനുസരിച്ച് വിലയിരുത്താനനുവദിച്ചുകൊണ്ടുള്ള, ഒരവസ്ഥയിലേയ്ക്ക്, പെട്ടെന്ന് കടന്നുവരുന്ന ഒരമ്മ. ആ സ്ത്രീ പ്രതിനിധാനം ചെയ്യുന്നത് ഈ സമൂഹത്തിനെ തന്നെയാണ്.

കനി

ഈ സമാഹാരത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ കഥ. ശരീരത്തിനൊപ്പം ബുദ്ധി വളരാതെ പോയ ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുടെ വിഹ്വലതകള്‍. ആര്‍ത്തവമെന്തെന്ന് മനസിലാക്കാന്‍ കഴിയാത്ത, ഉടുപ്പിന്റെ കൊളുത്തുകള്‍ക്കിടയിലൂടെ കളിക്കൂട്ടുകാരന്റെ കൈകള്‍ വികൃതി കാണിക്കുമ്പോള്‍, എന്തിനാണെന്നറിയാതെ ചിരിച്ചുകൊണ്ടു നില്‍ക്കുന്ന, വാശികളെ പറഞ്ഞുതിരുത്താന്‍ പറ്റാത്ത ഒരു മകളുടെ അമ്മയുടെ ആകുലതകള്‍, കണ്ണ് നിറയിക്കുന്നുണ്ട്.

 

മൂര്‍ച്ച

പ്രണയവും പ്രതികാരവും വിഷയമാകുന്നു.

ബ്ലാക് വിഡോ

പുതിയ ജനറേഷനിലെ സ്ത്രീകള്‍ ഒരിക്കല്‍ കൂടി കഥാപാത്രമാകുന്നു. നിശബ്ദമെങ്കിലും സമൂഹത്തിലെ യാഥാസ്തിക രീതികളോട് ഗറില്ല യുദ്ധം നടത്തുന്നവരാണ് ചില സ്ത്രീകളെങ്കിലും എന്ന് ഈ കഥ ഓര്‍മിപ്പിക്കുന്നു.

ചന്ദ്രമതിയുടെ ആമുഖവും ഡോ. ഉമര്‍ തറമേലിന്റ അവതാരികയും ഷാഹിനയുടെ കഥകളുടെ, എഴുത്തുരീതികളുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നുണ്ട്.

പ്രത്യക്ഷാ, യാതൊരു സങ്കേതങ്ങളുടെയോ പരീക്ഷണ എഴുത്തുകളുടെയോ ആവരണമില്ലാതെ പറഞ്ഞുപോകുന്ന ഏതാനും കഥകളാണിവ. പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ചരടായി, പുരുഷന്റെയും സ്ത്രീയുടെയും സ്വത്വ പ്രതിസന്ധി തന്നെയാണ് കഥകള്‍ കൈകാര്യം ചെയ്യുന്നത് എന്ന അനുമാനത്തിലാണ് വായനകള്‍ ചെന്നുനില്‍ക്കുന്നത്. കഥകളുടെ സൗകുമാര്യത്തിലേറെ, ഓരോന്നിന്റെയും ഉള്ളടക്കം, ഭദ്രമായ ഒരു വായന സമ്മാനിക്കുന്നു.

ഊതിപ്പെരുപ്പിച്ചില്ലെങ്കിലും അതിജീവിക്കേ@വ
അതിജീവിക്കുകതന്നെ ചെയ്യും

ഷാഹിന ഇ.കെ / ദിവ്യ ജോണ്‍ ജോസ്

ഏറ്റവും സൂക്ഷ്മദൃക്കായ ഒരു എഴുത്തുകാരിയാണ് എന്ന് തെളിയിക്കുന്ന രചനകളാണ് ഷാഹിനയുടേത്. ജീവിത പരിസരങ്ങളുടെ ഫോട്ടോ കോപ്പി പോലെ, അനുഭവങ്ങളെ, എഴുത്തുപരീക്ഷണങ്ങളുടെ പൊടിപ്പും തൊങ്ങലുമില്ലാതെ, പകര്‍ത്തിയിരിക്കുന്ന കഥകള്‍. എന്നാല്‍ കഥകള്‍ വായിച്ച് കഴിഞ്ഞും ചിന്തകളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന, വേവലാതിപ്പെടുത്തുന്ന എന്തോ വായനക്കാരില്‍ അവശേഷിപ്പിക്കുന്നുമുണ്ട്. ഫാന്റം ബാത്ത്, കനി തുടങ്ങിയ കഥകള്‍ വളരെ ചെറിയ കഥകളെങ്കിലും, വലിയ ചിന്താഭാരമാണ് സമ്മാനിക്കുന്നത്. എഴുത്തുകള്‍, പരീക്ഷണങ്ങളുടെ കോലാഹലങ്ങള്‍ കൊണ്ട് അസഹ്യമാക്കുന്നതും, വളരെ ബുദ്ധിപൂര്‍വ്വമായി പുതിയ ശൈലികളെ പ്രമേയങ്ങളെ സ്വീകരിച്ചു കൊണ്ട് ജനപ്രിയമാക്കുന്നതുമായ കൃതികള്‍ മലയാളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, ഷാഹിന സ്വന്തം എഴുത്തുരീതികളെ എങ്ങനെ നോക്കിക്കാണുന്നു?

എനിക്കങ്ങനെ സവിശേഷമായ അവകാശ വാദങ്ങളൊന്നുമില്ല. മനുഷ്യജീവി എന്ന നിലയ്ക്ക് അവനവനോടും ചുറ്റുപാടിനോടും ഇടപെടുന്നതിന്റെ, കൂടിച്ചേരുന്നതിന്റെ, പുറന്തള്ളപ്പെടുന്നതിന്റെ, ചേര്‍ച്ചകളുടെ, ചേരായ്മകളുടെ, പൊരുത്തങ്ങളുടെ, പൊരുത്തമില്ലായ്മകളുടെ, ആനന്ദങ്ങളുടെ, വിഷാദങ്ങളുടെ, തൃപ്തികളുടെ, അതൃപ്തികളുടെ ഒക്കെ അടയാളങ്ങളോ, അനന്തര ഫലമോ അതൊന്നുമല്ലെങ്കില്‍ മേല്‍പ്പറഞ്ഞവയ്ക്കിടയില്‍ സംഭവിക്കുന്ന സ്വയം കണ്ടെത്താനുള്ള ശ്രമങ്ങളോ, വ്യക്തി എന്ന നിലയ്ക്ക് നടത്തുന്ന സ്വയം തിരച്ചിലുകളോ ഒക്കെയാണ് എനിക്ക് എഴുത്ത്.
ക ംൃശലേ, വേലൃലളീൃല ക മാ എന്ന് പറയാം. ഈ കാലത്തെക്കുറിച്ച് എല്ലാവരെയും പോലെ ഞാനും അസ്വാസ്ഥ്യപ്പെടുന്നുണ്ട്. നമ്മള്‍ വിശ്വസിച്ചിരുന്നതെല്ലാം എല്ലാ വിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളും ദുസഹമാംവിധം മലിനമാക്കപ്പെട്ടിരിക്കുന്നു. ഇതര വഴികളില്ലാത്ത, തുറവികളില്ലാത്ത ഒരു ഘട്ടം.

ഒരുതരം സ്പ്ലിറ്റ് ആണ് ഇത് വ്യക്തിത്വത്തിലുണ്ടാക്കുന്നത്. രാഷ്ട്രീയമായും സാമൂഹികമായും അഭയമില്ലാത്ത മനുഷ്യരുടെ കൂട്ടം. ഇതിനൊക്കെ ഇടയിലും മനുഷ്യത്വമുണ്ട്. അതിന്റെ പ്രത്യക്ഷമാകലായ സ്‌നേഹവും കരുതലും അനുതാപവുമുണ്ട്. ഓര്‍മകളും ഗൃഹാതുരതകളും ഉണ്ട്, സാഹിത്യവും കലയുമുണ്ട്. നിലനില്‍പ്പിനുവേണ്ടിയുള്ള തുഴച്ചിലുകളുടെ ഭാഗമാണ് എല്ലാം. ചെറുകഥ നിത്യജീവിതത്തിന്റെ പകര്‍പ്പോ പ്രതിഫലനമോ ഒക്കെ ആകുന്ന സങ്കല്‍പമൊക്കെ ഏറെ മാറിയിട്ടുണ്ട്; അറിയാം. എന്റെ കഥ പക്ഷെ പോകുന്നത് ഈ വഴിക്കാണ്. കാരണം അത് എന്റെ കഥയാണ്. പറഞ്ഞു പറഞ്ഞ് അതിന്റെ വഴികള്‍ മറ്റൊന്നാകുമായിരിക്കാം, ഇല്ലായിരിയ്ക്കാം. മിക്ക കഥകളിലും അനുഭവങ്ങളുടെ (എന്റേതാവാം മറ്റുള്ളവരുടേതാവാം) ഒരു ഘടകം ഉണ്ട്. അനുഭവങ്ങളോടുള്ള സത്യസന്ധത, എത്രയൊക്കെ ഫാന്റസികള്‍ അഭാവനകള്‍ ചേര്‍ത്താലും, അത് കഥ പറച്ചിലില്‍ കൊണ്ട് വരുന്നുണ്ടാകും. എഴുത്തു പരീക്ഷണങ്ങള്‍ക്ക് ഏറെയൊന്നും മുതിര്‍ന്നിട്ടില്ലാത്ത ഒരാളാണ് ഞാനെന്നത് സത്യസന്ധമായ ഒരു ചൂണ്ടിക്കാട്ടലാണ്. ശരിക്ക് പറഞ്ഞാല്‍ ഞാന്‍ എഴുതുന്നതിനെക്കാള്‍ എഴുതാതിരിക്കുന്ന ഒരാളാണ്. എഴുതാതിരിക്കലും ഒരു ക്രിയാത്മക പ്രവൃത്തിയായാണ് ഞാന്‍ കാണുന്നത്. ഒന്നാമതായി അത് പറയാന്‍ മാത്രമുള്ള പറച്ചിലുകളെ ഒഴിവാക്കുന്നു. രണ്ടാമതായി അന്നേരം മുഴുവന്‍ എനിക്ക് എന്നേക്കാള്‍ മികച്ചവരെ വായിക്കാം. അവരുടെ ചിന്തകളെക്കുറിച്ച് ചിന്തിക്കാം. ബൗദ്ധികതയുടെ അതിര്‍ത്തികള്‍ മായ്ക്കാം. ചുരുക്കിപ്പറയേണ്ടത് മടുപ്പിക്കുംവിധം പരത്തിപ്പറയുന്നവരെ എനിക്ക് മുഷിയും; വ്യക്തി ജീവിതത്തിലെപ്പോലെ വായനയിലും. ചെറുകഥയുടെ ചന്തം ഒതുക്കിപ്പറയലിലാണ്. മലയാളത്തില്‍ ശൈലീ പരീക്ഷണങ്ങളുടെ, നവം നവങ്ങളായ പ്രമേയങ്ങളുടെ ഒരു നല്ല കാലമാണ് ഇത്. നല്ല എത്രയോ കൃതികള്‍ സംഭവിക്കുന്നു. ഊതിപ്പെരുപ്പിക്കുന്നവയും. ഊതിപ്പെരുപ്പിച്ചില്ലെങ്കിലും അതിജീവിക്കേണ്ടവ അതിജീവിക്കുകതന്നെ ചെയ്യും. അല്ലാത്തവ ഒച്ചവയ്പ്പുകളോടെ അവസാനിക്കുകയും.

 

സ്ത്രീകളുടെ ജീവിത പരിസരങ്ങള്‍ കൂടുതലായും എഴുത്തുകളില്‍ കടന്നുവരുന്നുണ്ട്. മാധവിക്കുട്ടിയും സാറാ ജോസഫും എഴുതിത്തുടങ്ങിയ പ്രതലങ്ങളില്‍ നിന്നു സ്ത്രീകളുടെ ജീവിതവും അനുഭവങ്ങളും എത്രയോ മാറിക്കഴിഞ്ഞു. കെ.ആര്‍ മീരയിലൂടെയും സിത്താരയിലൂടെയും മറ്റും എഴുത്തിലെ മാറ്റങ്ങള്‍ വായനക്കാര്‍ തിരിച്ചറിഞ്ഞു. പുതിയ തലമുറയിലെ എഴുത്തുകാരി എന്ന നിലയില്‍, ഈയൊരു ട്രാന്‍സിഷന്‍ ഇന്നത്തെ എഴുത്തുകളില്‍ എങ്ങനെയാണ് അവതരിക്കപ്പെടുന്നത്?

എന്തുമാത്രം സൂക്ഷ്മാംശങ്ങള്‍ നിറഞ്ഞതാണ് ഒരു സ്ത്രീയുടെ ജീവിത പരിസരമെന്ന് ഞാന്‍ വിസ്മയം കൊള്ളാറുണ്ട്. അതിന് അറ്റമില്ല. അതാവാം കഥകളില്‍ അവര്‍ പിന്നെയും കടന്നുവരുന്നത്. സ്ത്രീകളുടെ ജീവിത പരിസരങ്ങള്‍ മാറിയിട്ടുണ്ട്. പക്ഷെ, അടിസ്ഥാനപരമായി നമ്മള്‍ ഉള്ളില്‍ പേറുന്ന, സ്ത്രീകളുമായി ബന്ധപ്പെട്ട സങ്കല്‍പങ്ങള്‍, മൂല്യങ്ങള്‍, വിശ്വാസങ്ങള്‍ എത്രത്തോളം മാറിയിട്ടുണ്ട് എന്നതാണ് ചിന്തിക്കേണ്ടത്. ആരോ പതിച്ചുകൊടുക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഇടങ്ങളില്‍ തന്നെയാണ് ഭൂരിപക്ഷ സ്ത്രീകളുടെയും ജീവിതം. സ്വാതന്ത്ര്യം, അവനവന്റേതാണ് എന്ന തിരിച്ചറിവെങ്കിലും ഉള്ളവര്‍ എത്രപേരുണ്ട്?

സ്വന്തം ശരീരത്തെ കുറിച്ച് ആകുലപ്പെടാതെ പുലരാന്‍ എത്ര പേര്‍ക്ക് ആവുന്നുണ്ട് തിരക്കേറിയ കരിയര്‍ ജീവിതത്തിനിടയിലും കുടുംബ ഭാരത്തിന്റെ ഏറിയ പങ്കും വഹിക്കുന്നവരല്ലേ സ്ത്രീകള്‍ ശാന്തമായ ഒഴിവുനേരങ്ങള്‍ എത്ര പേര്‍ക്കുണ്ട് അടുക്കളയില്‍ നിന്ന്, നിത്യ പാചകത്തില്‍ നിന്ന് വിടുതല്‍ എത്ര പേര്‍ക്കുണ്ട്?

സ്ത്രീകളുടേത് മാത്രമായ ഒരു മാറ്റം കൊണ്ടല്ല, ആണും പെണ്ണുമുള്‍പ്പെട്ട പൊതുസമൂഹത്തിന്റെ മാറ്റം കൊണ്ടല്ലാതെ, നിലനില്‍ക്കുന്നതും സ്ഥിരമായതുമായ ഒരു മാറ്റം പ്രയാസമാണ്. അവിടെ എഴുത്തും ഒരു പ്രതിരോധമാണ്. നിലനില്‍പ്പിന്റെ പ്രത്യയ ശാസ്ത്രം. ആളുകളുടെ, സ്ത്രീകളുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ സങ്കല്‍പ്പങ്ങള്‍ ചിരിപ്പിക്കാറുണ്ട്. ചിലപ്പോള്‍, വിദ്യാസമ്പന്നരുടെ പോലും. അത്രയും പ്രാചീനമാണത്. ആധുനിക സാങ്കേതിക വിദ്യകള്‍ക്കിടയിലും, സാംസ്‌കാരിക മാറ്റങ്ങള്‍ക്കിടയിലും നമുക്കങ്ങ് മാറാന്‍ സാധിക്കാത്ത ഒരു മേഖലയാണത് സ്ത്രീ സ്വാതന്ത്ര്യം. വെളിപ്പെടലുകളും, പ്രതിഷേധവും, ചോദ്യംചെയ്യലും അവകാശ വാദങ്ങളുമായി കഥയില്‍ അതുണ്ടാകും. രൂപാന്തരങ്ങളോടെ!

കുടുംബം എന്ന പ്രസ്ഥാനത്തെ, എഴുത്തു സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തി പല ചര്‍ച്ചകളും ഉണ്ടായിട്ടുണ്ട്. ചിലരതിനെ വിലങ്ങുതടിയായി കാണുമ്പോള്‍, ചിലരതിനെ ഏറ്റവും പ്രോത്സാഹജനകമായി കാണുന്നു. വ്യക്തിപരമായ ഒരു ചോദ്യമായി കണക്കാക്കാതെ, പൊതുവെ ഈ വിഷയത്തില്‍ എന്താണ് പറയാനുള്ളത്?

കുടുംബം നിലനില്‍ക്കുന്നത് ആണധികാര വ്യവസ്ഥയില്‍ തന്നെയാണ്. അതിന് ഒരു നിശ്ചിത ഘടനയുണ്ട്. രീതികളും. അതിനകത്ത് ആ വ്യവസ്ഥ ബാധിക്കാതെ എഴുതാനാകുക എന്നത് ശ്രമകരം തന്നെയാണ്. പല എഴുത്തുകാരികളും വ്യക്തിപരമായ സംഭാഷണങ്ങളില്‍ ഈ അസ്വസ്ഥത പങ്കുവച്ചിട്ടുണ്ട്. ഇതിലേറെയായിരുന്നു മുന്‍തലമുറയ്ക്ക് കടന്നുപോരേണ്ടി വന്നത് എന്ന വ്യത്യാസമുണ്ട്. എല്ലായ്‌പ്പോഴും ഈ വ്യവസ്ഥയുടെ അദൃശ്യനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുകയല്ല ഉണ്ടാകുന്നത്. അത് സ്ത്രീകള്‍ ഏറ്റെടുക്കുകയാണ്. അവര്‍ക്ക് അങ്ങനെയേ സാധിക്കുന്നുള്ളൂ, അതിനകത്ത് വൈകാരികമായ ചില ഘടകങ്ങള്‍ കൂടി വരുന്നു എന്നതാവാം കാരണം. അവരെ വലിച്ചെറിഞ്ഞ് പോകലുകള്‍ എളുപ്പമല്ല. യാത്രകള്‍, എഴുത്ത്, ഒഴിവു സമയങ്ങള്‍ ഇതൊക്കെ അത് പരിമിതപ്പെടുത്തുന്നു.
വിദഗ്ധരായ ട്രപ്പീസു കളിക്കാരാണ് സ്ത്രീകള്‍ എന്നാണ് തോന്നാറ്. ജോലിയും യാത്രയും പാചകവും കുഞ്ഞുങ്ങളെ നോക്കലും ഒക്കെ ചെയ്യുന്നതിനിടയ്ക്കും വായിക്കുകയും എഴുതുകയും ചിത്രം വരയ്ക്കുന്നവരും സിനിമ പിടിക്കുന്നവരും ഒക്കെയുണ്ടല്ലോ എന്നും പറയാം. പക്ഷെ അത് വലിയൊരളവു വരെ അവരുടെ ജീവിത പങ്കാളിയെ, അയാളുടെ ചിന്താഗതിയെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെന്ന സത്യത്തെ മാറ്റി നിര്‍ത്തിക്കൂടാ. ‘സ്വന്തമായൊരു മുറി’ എന്ന വിര്‍ജീനിയ വുള്‍ഫ് സങ്കല്‍പം ഇന്നും പ്രസക്തി ചോരാതെ നിലനില്‍ക്കുന്നു.

ഷാഹിന നല്ലൊരു വായനക്കാരി കൂടിയാണ് എന്നാണ് മനസിലാക്കിയിട്ടുള്ളത്. മലയാളത്തിലെ എഴുത്തുകാര്‍ക്ക് വായനാശീലം കുറവാണ് എന്ന് പടിഞ്ഞാറോട്ട് നോക്കി പരിതപിക്കുന്ന കുറേയേറെപ്പേരെ ഷാഹിന കണ്ടിട്ടുമുണ്ടാകും. വിദേശ സാഹിത്യങ്ങളെ, മലയാള സാഹിത്യത്തെ അടിക്കാനുള്ള ഒരു വടിയായി മാത്രം കണ്ട് താരതമ്യപ്പെടുത്തുന്ന പ്രവണതയെ എങ്ങനെ നോക്കി കാണുന്നു. ഇത്തരം ചര്‍ച്ചകള്‍ മലയാള കൃതികളുടെ കാര്യത്തില്‍ എത്രയേറെ സ്വാധീനമുണ്ടാക്കാം എന്നാണ് കരുതുന്നത്?

വായനയെ കുറിച്ച് സദാ വിഷാദം കൊള്ളുന്ന ഒരാളാണ് സത്യത്തില്‍ ഞാന്‍. വായിച്ചു തീര്‍ത്തവയേക്കാള്‍ നൂറായിരമിരട്ടിയാണ് വായിക്കാനുള്ള മികച്ച പുസ്തകങ്ങള്‍. ഒരുകാലത്ത് കയ്യില്‍ കിട്ടുന്നതെന്തും വായിക്കുന്ന ശീലമുണ്ടായിരുന്നു. ഇപ്പോളതില്ല. കയ്യില്‍ കിട്ടുന്നതെന്തും വായിക്കുക എന്നത് ശരിയായ രീതിയല്ല. ബഹളം വയ്ക്കുന്ന ബെസ്റ്റ് സെല്ലര്‍ പരസ്യങ്ങള്‍ക്ക് പിറകെയും പായാറില്ല. വായിച്ചു മുഴുമിക്കാതെ ഉപേക്ഷിച്ചിട്ടുള്ള പുസ്തകങ്ങളുണ്ട് ചിന്തിക്കാന്‍, വാക്കുകള്‍കൊണ്ട് ഒരു പുതിയഘടന പണിയാന്‍, അതുവരെയുള്ള എന്നെ സ്വാധീനിക്കാന്‍ കഴിയുന്ന പുസ്തകങ്ങളാണ് ഇപ്പോള്‍ പ്രധാനമായും വായന. സംശയമൊന്നുമില്ല, പടിഞ്ഞാറന്‍ കൃതികളുടെ വ്യാപ്തി വളരെ വലുതാണ്. അവരുടെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക, ചിന്താ മണ്ഡലങ്ങളും അങ്ങനെയാണല്ലോ. സ്വതന്ത്ര സങ്കല്‍പ്പവുമതെ. ഒരു സമൂഹത്തെ അതിന്റെ സാഹിത്യം പ്രതിഫലിപ്പിക്കും എന്നതില്‍ സംശയമൊന്നുമില്ല. പ്രാദേശിക ഭാഷകളില്‍ പക്ഷെ, മികച്ച കൃതികള്‍ സംഭവിക്കുന്നുണ്ട്. അതിനെ അറിയേണ്ടതുണ്ട്. ഇവിടെയുള്ള എല്ലാറ്റിനോടും മുഖംതിരിച്ച് പടിഞ്ഞാറന്‍ സാഹിത്യത്തെ മലയാളത്തെ അടിക്കാനുള്ള വടിയാക്കുന്നത് വിദേശത്തു പോയി വന്ന് ‘കൊഞ്ഞമലയാളം’ പറയുന്ന പോലുള്ള വങ്കത്തമല്ലേ.
ഈയിടെ ഒരു സംഭാഷണത്തിനിടയില്‍ എന്റെയൊരു സുഹൃത്ത് പറയുകയുണ്ടായി മലയാളത്തില്‍നിന്നു മുഴുവന്‍ പൈങ്കിളി സാഹിത്യവും നീക്കം ചെയ്യണമെന്ന്. എങ്കില്‍ സാഹിത്യം നന്നാവുമെന്ന്. എനിക്ക് തോന്നുന്നത് വായന ഒരു തെരഞ്ഞെടുപ്പാണല്ലോ. അത് വായനക്കാരുടെ ബുദ്ധിശക്തി, സങ്കല്‍പം, ഭാഷാ സ്വാധീനം, ചിന്ത, മനോഭാവം, അഭിരുചി അങ്ങനെ പല ഘടകങ്ങളുമായും ബന്ധപ്പെട്ടതാണ്. ബോര്‍ഹെസിനെയും വാള്‍സറേയും കാഫ്കയെയും നീച്ചയെയും ഒക്കെ നിങ്ങള്‍ക്ക് വായിക്കാം. മുട്ടത്തു വര്‍ക്കിയെ വായിക്കാനിഷ്ടമുള്ളവര്‍ അതു വായിച്ചോട്ടെ. അതവരുടെ വായനയുടെ വഴിയാണ്. സ്വാതന്ത്ര്യവും.

നല്ല വായനകള്‍ മലയാളത്തെ പരിപോഷിപ്പിക്കാന്‍ ഉതകുന്നതാകണം. പരിഹസിക്കാനല്ല. എന്നേക്കാള്‍ വായിക്കുന്നവരോട്, എന്നേക്കാള്‍ മികച്ച വായനാ രീതിയുള്ളവരോട്, അവരില്‍ എഴുത്തുകാരും അല്ലാത്തവരും ഉണ്ട്, ഞാന്‍ പുസ്തകങ്ങള്‍ നിര്‍ദേശിക്കാന്‍ പറയാറുണ്ട്. ഒരിക്കലും കണ്ടുമുട്ടാനിടയില്ലാതിരുന്ന പല എഴുത്തുകാരെയും കണ്ടുമുട്ടിയത് അങ്ങനെയൊക്കെയാണ്. ചിലത് യാദൃച്ഛികവുമാണ്. കോഴിക്കോട് മാതൃഭൂമി ബുക്‌സില്‍ പുസ്തകങ്ങള്‍ പരതി നില്‍ക്കുമ്പോള്‍ കല്‍പ്പറ്റ നാരായണന്‍ മാഷ് തൊട്ടടുത്ത് പുസ്തകം തിരയുന്നുണ്ടായിരുന്നു. പോള്‍ ബീറ്റിയുടെ ‘ദി സെല്‍ ഔട്ട്’ എന്ന പുസ്തകമെടുത്ത് നല്ല പുസ്തകമാണിത്, വായിക്കണം എന്ന് പറഞ്ഞു മാഷ്. പുറംവായനയില്‍ ഓരോരോ കാലത്ത് ബുക്കോസ്‌കിയും നീച്ചയും കാഫ്കയും ബോര്‍ഹെസും കസാന്‍ദ്‌സാക്കും എലേന ഫെറാന്റെയും മുറകാമിയും കാതറീന്‍ മാന്‍ഫീല്‍ഡുമൊക്കെ അങ്ങനെ പലരുടെയും നിര്‍ദേശങ്ങളായിരുന്നു. എന്റെ വായന അവരോടെല്ലാം കടപ്പെട്ടിരിക്കുന്നു.
ഒരു ദേശത്തിന്റെ കഥയും ഉമ്മാച്ചുവും ന്റുപ്പാപ്പയ്ക്ക് ഒരാനേണ്ടാര്‍ന്നുവും ആലാഹയുടെ പെണ്‍മക്കളും ആള്‍ക്കൂട്ടവും ഒക്കെ എനിക്ക് എന്നും പ്രിയപ്പെട്ട വായനകളാണ്. ബംഗാളിയിലും കന്നടയിലും തമിഴിലും ഹിന്ദിയിലുമൊക്കെ എത്ര മികച്ച കൃതികള്‍! നല്ല വായനക്കാരി എന്നല്ല, നല്ല വായനക്കാരിയാകാനുള്ള ശ്രമത്തിലാണ് എന്നേ ഞാന്‍ പറയൂ.

അധ്യാപിക ആയിരിക്കുക എന്നത്, അനുഭവങ്ങളുടെ ഒരു സാഗരമാണ്. എഴുത്തില്‍ ഇതൊരു പ്രിവിലേജ് ആയിട്ടുണ്ടോ?

സത്യത്തില്‍ ഞാന്‍ അധ്യാപക കഥകള്‍ എഴുതിയിട്ടില്ല. കാരൂരിനെയും കക്കട്ടിലിനെയും ഒക്കെ വായിക്കുമ്പോള്‍ ആ ഭൂമികയുമായി ബന്ധപ്പെട്ട് എത്രയെത്ര കഥകളാണ്! അത്തരം കഥകള്‍ എഴുതിയിട്ടില്ലെങ്കിലും പക്ഷെ, പാത്രസൃഷ്ടിയില്‍ ഈ ‘കൗമാര അന്തരീക്ഷം’ അതിന്റെ നിരീക്ഷണം, സൂക്ഷ്മാംശങ്ങള്‍ ഒക്കെ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. പിന്നെ, അധ്യാപകരും കുട്ടികളും കഥാപാത്രങ്ങളാകുന്ന കഥകള്‍ എഴുതിയിട്ടുണ്ടെങ്കിലും അവ അധ്യാപനവുയോ വിദ്യാര്‍ഥികളുമായോ ബന്ധപ്പെട്ടതോ ‘പൊളിറ്റിക്കലി കറക്ട്’ ആയ വിഷയങ്ങളോ ആയിരുന്നില്ല താനും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.