2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

പെരുന്നാള്‍ സ്രഷ്ടാവിലുള്ള സമ്പൂര്‍ണ സമര്‍പ്പണമാവണം: സമസ്ത നേതാക്കള്‍

കോഴിക്കോട്: ഇബ്‌റാഹീം(അ) കുടുംബത്തിന്റെ ജീവിതപാഠമുള്‍ക്കൊണ്ടു സ്രഷ്ടാവിനു മുന്നില്‍ സമ്പൂര്‍ണ സമര്‍പ്പണത്തിനു പ്രതിജ്ഞ പുതുക്കുന്ന വേളയാവണം ബലിപെരുന്നാള്‍ സുദിനമെന്ന് സമസ്ത നേതാക്കള്‍. പ്രളയബാധിതരുടെ കണ്ണീരൊപ്പാനും കഷ്ടതയനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനും സമര്‍പ്പണ മനോഭാവത്തോടെ മുന്നിട്ടിറങ്ങണമെന്നും നേതാക്കള്‍ പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍, ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്്‌ലിയാര്‍, സമസ്ത കേരള ഇസ്്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്്‌ലിയാര്‍, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍ എന്നിവരാണ് ഈദ് സന്ദേശം നല്‍കിയത്.

സന്ദേശത്തിന്റെ പൂര്‍ണരൂപം:

ആദര്‍ശ വിശുദ്ധിയില്‍ അടിയുറച്ചുനിന്നു പ്രതിസന്ധികളെ തരണം ചെയ്യുകയും പരീക്ഷണങ്ങളില്‍ ക്ഷമിക്കുകയും സ്രഷ്ടാവിന്റെ തീരുമാനങ്ങളില്‍ സമ്പൂര്‍ണ വിധേയത്വം കാത്തുസൂക്ഷിക്കുകയുമാണ് വേണ്ടത്.  ഹസ്രത്ത് ഇബ്‌റാഹീം(അ), ഭാര്യ ഹാജര്‍(റ), പുത്രന്‍ ഇസ്മാഈല്‍(അ) എന്നിവരുടെ ജീവിത പാഠം ഇതാണ് പകര്‍ന്നു നല്‍കുന്നത്. പരീക്ഷണങ്ങളെ അതിജയിക്കാന്‍ അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ചു ജീവിക്കുകയാണ് പരിഹാരം.

പ്രളയദുരന്തത്തില്‍ കഷ്ടതയനുഭവിക്കുന്ന ഒട്ടേറെ സഹോദരങ്ങള്‍ ഈ പെരുന്നാള്‍ സുദിനത്തിലും ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നുണ്ട്. അവര്‍ക്കു വേണ്ട ആശ്വാസം പകരാനും ദുരിതബാധിതരെ സഹായിക്കുന്നതിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പുണ്യമുള്ള ഈ സുദിനം ഉപയോഗപ്പെടുത്തണം. അനുഷ്ഠാനങ്ങളും കുടുംബ, സാമൂഹിക ബന്ധങ്ങളുംശക്തിപ്പെടുത്തുക. പരസ്പരം നന്‍മക്കായി മനമുരുകി പ്രാര്‍ഥിക്കുക.

ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

മക്ക: ഹജ്ജിലൂടെയും പെരുന്നാളാഘോഷത്തിലൂടെയും കൈവരുന്ന വിശുദ്ധി തുടര്‍ജീവിതത്തില്‍ പുലര്‍ത്തി മുന്നേറണമെന്നു സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.
സ്ഫുടം ചെയ്ത മനസും അര്‍പ്പണ ബോധവും കൈമുതലാക്കുകയും സാഹോദര്യത്തിന്റെയും മാനവികതയുടേയും മഹത്തായ പാഠങ്ങള്‍ വിളംബരം ചെയ്യുന്ന ഹജ്ജിലൂടെ വിശ്വാസിയുടെ സമസ്ത മേഖലകളിലും ലഭ്യമാകുന്ന ഉള്‍ക്കരുത്തും കൊണ്ടാവണം തുടര്‍ പ്രവര്‍ത്തനങ്ങള്‍.
ഇന്ന് പെരുന്നാളാഘോഷിക്കുന്ന കേരളത്തിലെ സഹോദരങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു. കഷ്ടയതയനുഭവിക്കുന്ന നമ്മുടെ നാട്ടിലെ സഹോദരങ്ങള്‍ക്കും ഹാജിമാര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി

ആത്മീയതയുടെ അനിര്‍വചനീയമായ അനുഭൂതി നുകര്‍ന്ന് നിര്‍വൃതിയടഞ്ഞ വിശ്വാസിക്ക് സന്തോഷത്തിന്റെ സുദിനമായെത്തിയ പെരുന്നാള്‍ പുലരിയില്‍ ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നു.
പരസ്പര സ്‌നേഹവും മാനവ സാഹോദര്യവും നിലനിര്‍ത്താനും കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും സഹജീവികളോട് സഹനവും കാരുണ്യവും കാണിക്കാനും ഈ സുദിനത്തില്‍ പ്രതിജ്ഞ പുതുക്കണം.

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി

വിശ്വാസികള്‍ക്ക് അതിജീവനത്തിന്റെ അതുല്യപാഠങ്ങള്‍ പകരുന്നതാണ് ഓരോ ബലിപെരുന്നാളും. പ്രതിസന്ധികളും പ്രതിബന്ധങ്ങളും നിറഞ്ഞ ജീവിതയാത്രയില്‍ വിശ്വാസത്തിന്റെ കരുത്തിലൂടെ മുന്നേറാമെന്ന വലിയ സന്ദേശമാണ് ഹസ്രത്ത് ഇബ്‌റാഹീം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും ജീവചരിത്രം ഓര്‍മപ്പെടുത്തുന്നത്.
പ്രളയദുരിതങ്ങള്‍ നടുവൊടിച്ച നമ്മുടെ സംസ്ഥാനത്ത് ലക്ഷക്കണക്കിന് ആളുകള്‍ ആഘോഷങ്ങളില്ലാതെ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുകയാണ്. കഷ്ടതയും ദുരിതവുമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങേകാന്‍, അവരെ സാന്ത്വനിപ്പിക്കാന്‍ നമുക്ക് മുന്നിട്ടിറങ്ങാം.

കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി

പ്രപഞ്ചനാഥന്റെ കല്‍പനക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനെ പോലും ത്യജിക്കുവാന്‍ മനുഷ്യന്‍ തയാറാകുന്നതിന്റെ മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ നല്‍കുന്നത്. പ്രളയവും പേമാരിയും കൊണ്ട് ദുരിതം അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാനും സാന്ത്വനിപ്പിക്കാനും അകമഴിഞ്ഞ് സഹായിക്കാനും മുന്നിട്ടിറങ്ങണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഈദ് സന്ദേശത്തില്‍ പറഞ്ഞു.

ജമാഅത്ത് അമീര്‍

ത്യാഗത്തിന്റെയും പരസ്‌നേഹത്തിന്റെയും ഏകതയുടെയും സന്ദേശമാണ് ബലിപെരുന്നാളും ഓണവും നല്‍കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം. ഐ അബ്ദുല്‍ അസീസ് തന്റെ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.


ബലിപെരുന്നാളിന്റെ സന്ദേശം ഉള്‍ക്കൊണ്ട് ദുരിതാശ്വാസത്തില്‍ പങ്കാളികളാകുക: മുഖ്യമന്ത്രി

തിരുവനന്തപുരം: ബലിപെരുന്നാളിന്റെ യഥാര്‍ഥ സന്ദേശം ഉള്‍ക്കൊണ്ടു പ്രളയദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കണമെന്നു മലയാളികള്‍ക്കു പെരുന്നാള്‍ ആശംസ നേര്‍ന്നുള്ള സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമാണ് ബലിപെരുന്നാള്‍ നല്‍കുന്നത്. പ്രളയക്കെടുതി നേരിടുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് ആശ്വാസവും സഹായവും പിന്തുണയും നല്‍കേണ്ട സന്ദര്‍ഭമാണിത്. മത-ജാതി-രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായാണ് കേരളം ഈ ദുരന്തത്തെ നേരിടുന്നത്.
പുനരധിവാസത്തിനും സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിനും ലോകമെങ്ങുമുള്ള മലയാളികളുടെ പിന്തുണ തുടര്‍ന്നും ആവശ്യമാണ്. കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന രീതിയിലുളള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു ബലിപെരുന്നാളിന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്താന്‍ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.