2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

മാധ്യമങ്ങള്‍ക്കെതിരേ കലി തുള്ളി പിണറായി

  • ടി.പി കേസിനേക്കാള്‍  ഇരട്ടക്കൊല പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമ്പോഴാണ് മുഖ്യമന്ത്രി വാളെടുത്തത്

കാസര്‍കോട്: ടി.പി കേസിനേക്കാള്‍ കാസര്‍കോട്ടെ ഇരട്ടക്കൊല പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്കെതിരേയും വിമര്‍ശകര്‍ക്കെതിരേയും വാളെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍.

മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷവിമര്‍ശനമാണ് കാസര്‍കോട് ഇരട്ടക്കൊലപാതകത്തെ കുറിച്ച് സംസാരിക്കവേ മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കെതിരേ ഉന്നയിച്ചത്. ആരുടെയും പേന തുമ്പിലോ നാവിന്‍ തുമ്പിലോ അല്ല സി.പി.എമ്മെന്ന് പിണറായി പറഞ്ഞു. കാസര്‍കോട് വിദ്യാനഗറില്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിന് ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷത്തെ ആരെങ്കിലും കൊലചെയ്യപ്പെട്ടാല്‍ വലിയ സംഭവമായി കാണുന്നില്ലെന്നതാണ് മാധ്യമങ്ങളുടെ പൊതുനിലപാട്. കേരളത്തിലെ ചില മാധ്യമങ്ങള്‍ക്ക് അന്ധമായ ഇടതുപക്ഷ, കമ്മ്യൂണിസ്റ്റ് വിരോധമാണ്. എങ്ങനെയെങ്കിലും ഈ ഹലാക്ക് ഒന്ന് ഒഴിഞ്ഞ് കിട്ടിയാല്‍ മതിയെന്നാണ് ഇത്തരക്കാരുടെ ചിന്ത. ഇടതുപക്ഷത്തെ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. അവര്‍ക്ക് മാധ്യമ സ്ഥാപനങ്ങളുണ്ട്. അവര്‍ ഇറങ്ങി പുറപ്പെട്ടാല്‍ ജനം വിശ്വസിക്കില്ല. അതുകൊണ്ടാണ് ആ ബാധ്യത ഏറ്റെടുത്ത് മറ്റ് മാധ്യമങ്ങള്‍ നീങ്ങുന്നത്. ഇത്തരക്കാര്‍ കൊണ്ടു പിടിച്ച് സി.പി.എമ്മിനും ഇടതുപക്ഷത്തിനുമെതിരേ പ്രചാരണം നടത്തുകയാണ്.

അക്രമികളെ ദൈവദൂതരായും അക്രമികളെ മോശക്കാരായും പലപ്പോഴും മാധ്യങ്ങള്‍ ചിത്രികരിച്ചിട്ടുണ്ട്. അപ്പോള്‍ അക്രമിക്കപ്പെട്ടത് ഇടതുപക്ഷക്കാരായിരുന്നു എന്നതാണ് വസ്തുത. ഇത്തരത്തിലുള്ള എല്ലാ അക്രമങ്ങളെയും നേരിട്ടാണ് ഇടതുപക്ഷ മുന്നണി ഈ നിലയിലെത്തിയതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

ഇപ്പോള്‍ ഒരവസരം കിട്ടിപ്പോയി, എന്നാല്‍ ഇപ്പോള്‍ ശരിയാക്കി തരാം എന്നതാണ് ചിലരുടെ വിചാരം. എന്നാല്‍ അങ്ങനെയൊന്നും തകരുന്നതല്ല ഈ പ്രസ്ഥാനം. പറയുന്നവരുടെയോ എഴുതുന്നവരുടെയോ നാക്കിന്‍ തുമ്പിലോ പേന തുമ്പിലെ അല്ല സി.പി.എം. ഇവരുടെയൊന്നും പ്രീണനം നമുക്കാവശ്യമില്ല. ജനങ്ങളെയാണ് നമ്മള്‍ യജമാനന്‍മാരായി കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News