2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

പെന്‍സിലിന്‍

ഷാക്കിര്‍ തോട്ടിക്കല്‍

മനുഷ്യരാശിക്ക് ശാസ്ത്രലോകം നല്‍കിയ മഹത്തായ സംഭാവനകളിലൊന്നാണ് പെന്‍സിലിന്‍. വിവിധ രോഗങ്ങളില്‍ നിന്ന് മനുഷ്യന് രക്ഷ നേടുന്നതിനും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനും ഗുണകരമായത് പെന്‍സിലിനാണ്. ഔഷധനിര്‍മ്മാണ രംഗത്ത് പുതിയൊരു കുതിച്ചുചാട്ടത്തിന് പെന്‍സിലിന്‍ നിദാനമായി.
സ്‌കോട്ടിഷ് ശാസ്ത്രകാരനായ അലക്‌സാണ്ടര്‍ ഫഌമിംഗ് തികച്ചും അവിചാരിതമായാണ് പെന്‍സിലിന്‍ കണ്ടെത്തിയത്.ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് രോഗികള്‍ ഇന്ന് കടപ്പെട്ടിരിക്കുന്നത് അലക്‌സാണ്ടര്‍ ഫഌമിംഗിനോടാണ്. ഔഷധങ്ങളുടെ രാജ്ഞി എന്നാണ് പെന്‍സിലിന്‍ അറിയപ്പെടുന്നത്. ബാക്ടീരിയകളേയും സൂക്ഷ്മജീവികളേയും പ്രതിരോധിച്ച് നശിപ്പിക്കാന്‍ കഴിവുള്ളതാണ് പെന്‍സിലിന്‍. ഔഷധങ്ങളുടെ മുന്‍തലമുറയിലെ പ്രധാനിയാണ് പെന്‍സിലിന്‍.
അലക്‌സാണ്ടര്‍ ഫഌമിംഗ് ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ശാസ്ത്രകാരനായിരുന്നു. അതിനുശേഷം ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റലില്‍ ഗവേഷണ പ്രവര്‍ത്തനങ്ങളിലായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തില്‍ മുറിവേറ്റ ഒട്ടേറെ പട്ടാളക്കാര്‍ ബാക്ടീരിയയുടെ ആക്രമണഫലമായി മരിച്ചു. ഇക്കാരണത്താല്‍ ബാക്ടീരിയകളെ പ്രതിരോധിക്കുന്നതിനെ കുറിച്ച് അദ്ദേഹം വിശദമായി പഠനങ്ങള്‍ നടത്താനാരംഭിച്ചു.
രോഗാണുക്കളെ നശിപ്പിക്കുന്നതിനുള്ള ലൈസോസൈം നിര്‍മിക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഈ രാസാഗ്നിക്ക് ബാക്ടീരിയകളെ നശിപ്പിക്കാനാവില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഒരിക്കല്‍ തന്റെ പരീക്ഷണശാലയില്‍ വൃത്തിയാക്കാതെ വച്ചിരുന്ന ഉപകരണങ്ങളില്‍ നീല നിറത്തിലുള്ള ചില പദാര്‍ഥങ്ങള്‍ പറ്റിപിടിച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടു. അവയെ നീക്കുന്നതിനുമുമ്പ് വിശദമായി നിരീക്ഷിച്ചു. പരീക്ഷണ ഉപകരണങ്ങള്‍ കഴുകാതെ കുറെ ദിവസം വച്ചാല്‍ ഇവ വീണ്ടും ഉണ്ടാകുന്നതായും മനസ്സിലാക്കി.
വിശദമായ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷം ഈ പദാര്‍ഥങ്ങള്‍ക്കൊപ്പം സ്റ്റഫലോകോക്കസ് എന്ന ബാക്ടീരിയ ഉള്ളതായി കണ്ടെത്തി. മുറിവുകളില്‍ രോഗം വരുത്താന്‍ കാരണമായ ഇവ പക്ഷേ നീല പദാര്‍ത്ഥത്തിനൊപ്പമായിരിക്കുമ്പോള്‍ അജീവിയവും പ്രവര്‍ത്തനരഹിതവുമാണ്. സ്റ്റഫലോകോക്കസ് ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവ് ഈ നീല പദാര്‍ഥത്തിന് ഉള്ളത് മൂലമായിരുന്നു അവ നിര്‍ജീവമായി കാണപ്പെട്ടത്.വിശദമായ പരീക്ഷണങ്ങള്‍ക്ക് ശേഷം 1928ല്‍ നീല പൂപ്പലില്‍ നിന്നും ഫഌമിങ്ങ് പെന്‍സിലിന്‍ എന്ന ആന്റി ബയോട്ടിക്ക് വേര്‍തിരിച്ചു. പെന്‍സീലിയം നൊട്ടേറ്റം എന്നായിരുന്നു നീല പൂപ്പലിന്റെ പേര്.
പെന്‍സിലിന്‍ വേര്‍തിരിക്കാന്‍ ഫഌമിങ്ങിന് കഴിഞ്ഞെങ്കിലും അതിന്റെ വ്യാപകമായ നിര്‍മാണം സാധ്യമായില്ല. 1935 ല്‍ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ പ്രഫസര്‍ ഹൊവാര്‍ഡ് ഫ്‌ളോറിയയും അദ്ദേഹത്തിന്റെ സഹായിയായ ഏണസ്റ്റ് ചെയിനും ചേര്‍ന്ന് ലൈസോസോമുകളില്‍ പരീക്ഷണം നടത്തി. ഏണസ്റ്റ് ചെയിന്‍ പെന്‍സിലിനെ കുറിച്ചുള്ള അലക്‌സാണ്ടര്‍ ഫഌമിങ്ങിന്റെ പരീക്ഷണങ്ങള്‍ മനസ്സിലാക്കിയ ശേഷം 1938 ല്‍ പെന്‍സിലിന്‍ പരീക്ഷണശാലയില്‍ വീണ്ടും വേര്‍തിരിച്ചെടുത്തു.
ഫ്‌ളോറിയും ചെയിനും ചേര്‍ന്ന് വേര്‍തിരിച്ചെടുത്ത പെന്‍സിലിന്‍ എലികളില്‍ പരീക്ഷിച്ചു. എലികളില്‍ നിന്ന് രോഗാണുക്കളെ പൂര്‍ണമായും തുടച്ച് നീക്കാനായി.1940 ല്‍ പെന്‍സിലിന്‍ മനുഷ്യനിലും പരീക്ഷിച്ചു.രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭഘട്ടത്തില്‍ പെന്‍സിലിന്റെ ആവശ്യകത കൂടിവരികയും 1943 ല്‍ ലോകത്താകമാനം 40 കോടി പെന്‍സിലിന്‍ യൂണിറ്റുകള്‍ ആരംഭിക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധാനന്തരം ഇതിന്റെ എണ്ണം 650 കോടിയിലേറെയായി.

(അടുത്ത ലക്കം പെന്‍സ്‌കാനര്‍)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.