2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

Editorial

സമാധാനമാഗ്രഹിക്കാത്ത പാക് ഭരണവര്‍ഗം


ഭരണത്തലപ്പത്ത് ആരു വന്നാലും പാകിസ്താന്‍ ഭരണകൂടത്തിന് ഇന്ത്യയോടുള്ള സമീപനത്തില്‍ മാറ്റം വരാറില്ല. കടുത്ത ഇന്ത്യാവിരോധമാണ് എക്കാലത്തും പാക് ഭരണവര്‍ഗത്തിന്റെ രാഷ്ട്രീയ ഇന്ധനം. ഇന്ത്യാവിരുദ്ധതയുടെ കാര്യത്തില്‍ പരസ്പരം മത്സരിക്കുന്നവരാണ് അവിടുത്തെ എല്ലാ രാഷ്ട്രീയ കക്ഷികളും. ഏതു ഭരണത്തിലും ശക്തമായ സ്വാധീനം ചെലുത്താന്‍ ത്രാണിയുള്ള പട്ടാളത്തിന്റെ മുഖമുദ്രയും ഇന്ത്യാവിരുദ്ധതയാണ്. പാക് ഭരണവര്‍ഗത്തിന്റെ ഈ സമീപനമാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുകയും അതിര്‍ത്തി സംഘര്‍ഷഭരിതമായി തുടരുകയും ചെയ്യുന്നതിന്റെ കാരണം.
ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ പൊതുസഭയുടെ സമ്മേളനത്തിനിടയില്‍ നടത്താന്‍ നിശ്ചയിച്ച ഇന്ത്യാ പാക് ചര്‍ച്ച മുടങ്ങിയതും ഈ മനോഭാവം സൃഷ്ടിച്ച ആസൂത്രിത അട്ടിമറിയുടെ ഫലമായാണ്. പാക് ഭരണകൂടത്തില്‍ നിന്നുണ്ടായ നിഷേധാത്മക സമീപനം കാരണം രണ്ടുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന സമാധാനച്ചര്‍ച്ച പുനരാരംഭിക്കാന്‍ വഴിയൊരുങ്ങിയത് ഈയിടെ പാക് പ്രധാനമന്ത്രിയായി ചുമതലയേറ്റ പ്രമുഖ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ മുന്‍കൈയെടുത്തതിനെ തുടര്‍ന്നാണ്.

ചര്‍ച്ച പുനരാരംഭിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഇമ്രാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതിനെ തടുര്‍ന്ന് ഇന്ത്യ അനുകൂലമായി പ്രതികരിച്ചു. തുടക്കമെന്ന നിലയില്‍ യു.എന്‍ സമ്മേളനത്തിനിടയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും കൂടിക്കാഴ്ച നടത്തട്ടെയെന്ന ഇമ്രാന്റെ നിര്‍ദേശവും ഇന്ത്യ അംഗീകരിച്ചു. ഇരുരാജ്യത്തെയും സമാധാനകാംക്ഷികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചര്‍ച്ച അട്ടിമറിക്കുന്ന നീക്കങ്ങളാണു പിന്നീടു പാക് പക്ഷത്തുനിന്നുണ്ടായത്.
ഇന്ത്യയുടെ ബി.എസ്.എഫ് ജവാനെ കൊന്നു കഴുത്തറുത്തു പാക് സൈന്യം പരസ്യമായ പ്രകോപനം സൃഷ്ടിച്ചതിനു തൊട്ടടുത്തദിവസമാണ് ഇമ്രാന്റെ കത്തു ലഭിച്ചതെങ്കിലും തികഞ്ഞ സഹിഷ്ണുതയോടെയാണ് ഇന്ത്യ ആ നിര്‍ദേശത്തിന് അനുകൂലമായി പ്രതികരിച്ചത്. അപ്പോഴും നിലച്ചില്ല പാക് ക്രൂരത. തൊട്ടുപിറകെ കശ്മീരില്‍ ഭീകരരെ ഉപയോഗപ്പെടുത്തി മൂന്നു പൊലിസുകാരെ നിഷ്ഠൂരമായി വധിച്ചു. പാക്ചാരസംഘമായ ഐ.എസ്.ഐയാണ് ഈ കൂട്ടക്കൊലയ്ക്കു പിന്നിലെന്നതിനു തെളിവു ലഭിക്കുകയും ഇമ്രാന്റെ നിലപാടിനൊപ്പമല്ല പാക് ഭരണകൂടമെന്നു ബോധ്യപ്പെടുകയും ചെയ്തതോടെ ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറുകയായിരുന്നു. ആത്മാഭിമാനമുള്ള രാജ്യത്തിനു മുന്നില്‍ അതല്ലാതെ മാര്‍ഗമില്ല.

പാകിസ്താനിലെ പ്രമുഖ രാഷ്ട്രീയകക്ഷികള്‍ക്ക് ഇമ്രാന്റെ നിലപാടിനോടുള്ള വിമുഖത തൊട്ടുപിറകെ വെളിപ്പെട്ടു. ചര്‍ച്ചയ്ക്കു മുന്‍കൈയെടുത്തതിന് ഇമ്രാനെ കുറ്റപ്പെടുത്തിക്കൊണ്ടു രംഗത്തുവന്നിരിക്കുകയാണ് ആ രാജ്യത്തെ പ്രധാന പ്രതിപക്ഷകക്ഷികളായ പാകിസ്താന്‍ മുസ്്‌ലിം ലീഗും (നവാസ്) പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും. ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറിയതിന്റെ ഉത്തരവാദിത്വം ഇമ്രാനില്‍ ആരോപിച്ച് പാക് ഭരണകൂടത്തില്‍ നിന്നുണ്ടായ പ്രകോപനങ്ങളെ മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണവര്‍.
ഇന്ത്യ-പാക് തര്‍ക്കം അതേപടി നിലനില്‍ക്കണമെന്നും കശ്മീരിലും അതിര്‍ത്തിയിലും സമാധാനമുണ്ടാവരുതെന്നുമാണു രാഷ്ട്രീയകക്ഷികളും ഭരണത്തില്‍ നിര്‍ണായക സ്വാധീനമുള്ള ഉന്നത പട്ടാള ഉദ്യോഗസ്ഥരുമൊക്കെ ഉള്‍പെട്ട പാക് ഭരണവര്‍ഗം ആഗ്രഹിക്കുന്നതെന്ന് ഇതില്‍നിന്നൊക്കെ വ്യക്തമാണ്. സൈനികരെയും ഭീകരവാദികളെയും ഉപയോഗപ്പെടുത്തി അതിര്‍ത്തിയിലും കശ്മീരിലും മനുഷ്യക്കുരുതികള്‍ നടത്തിക്കൊണ്ടാണ് അവര്‍ സ്ഥിരമായി ചര്‍ച്ചകള്‍ അട്ടിമറിക്കുന്നത്.

രണ്ടുവര്‍ഷം മുമ്പു ചര്‍ച്ച നിലയ്ക്കാന്‍ കാരണമായതും ഈ സമീപനം തന്നെയാണ്. പാകിസ്താന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ 2016 ല്‍ ഇന്ത്യന്‍ സൈനിക ക്യാമ്പുകള്‍ക്കും മറ്റും നേരെ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നാണ് ചര്‍ച്ച മുടങ്ങിയത്. തുടര്‍ന്നുണ്ടായ മിന്നലാക്രമണവും മറ്റും സ്ഥിതിഗതി രൂക്ഷമാക്കി. കുല്‍ഭൂഷണ്‍ ജാദവിനു പാക് സൈനിക കോടതി വധശിക്ഷ വിധിക്കുക കൂടി ചെയ്തതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുകയായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബദ്ധവൈരികളായിരുന്ന പല രാഷ്ട്രങ്ങളും സമാധാനത്തിനായി ചര്‍ച്ചയുടെയും വിട്ടുവീഴ്ചയുടെയും പാതയിലേക്കു നീങ്ങുമ്പോള്‍ ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുകയാണ്. അതിര്‍ത്തിയില്‍ ഏകപക്ഷീയ ആക്രമണങ്ങള്‍ നടത്തുകയും ഭീകരസംഘടനകളെ തീറ്റിപ്പോറ്റി ഇന്ത്യയില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന പാക് ഭരണവര്‍ഗമാണ് അതിനുത്തരവാദികള്‍. അവര്‍ ആ സമീപനം തുടരുന്ന കാലത്തോളം അതിര്‍ത്തിയിലെ സമാധാനം ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കുമെന്നുറപ്പാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.