2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ദൈവത്തിന്റെ മക്കളും മനഃശാസ്ത്രവും

എംവി സക്കറിയ

‘നിഷ്‌കളങ്കരായ കുട്ടികള്‍. ദൈവത്തിന്റെ പ്രതിരൂപങ്ങളാണവര്‍.
ലോകത്തിന്റെ വിദ്വേഷങ്ങളും അസൂയയും വഞ്ചനയും കള്ളങ്ങളും ഒന്നുമറിയാത്തവര്‍.
മനസില്‍ നന്മ മാത്രം നിറഞ്ഞവര്‍. മുതിര്‍ന്നവരെ പോലെ സമപ്രായക്കാരോട് അനാവശ്യമായി മത്സരങ്ങളില്‍ അവര്‍ ഏര്‍പ്പെടില്ല. തെറ്റിലേക്ക് അവര്‍ വഴുതിവീഴുന്നത് മുതിര്‍ന്നവര്‍ കാരണം മാത്രമാണ് ‘.
നാട്ടുനടപ്പനുസരിച്ച് നാം പറഞ്ഞു വരുന്ന പല പല ചൊല്ലുകളില്‍ ഒന്നാണ് കുട്ടികളെക്കുറിച്ചുള്ള ഈ പ്രസ്താവനകള്‍. ഈ വിശ്വാസങ്ങള്‍ പൂര്‍ണമായും ശരി തന്നെയോ?
അതോ മുതിര്‍ന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ മാത്രം വാസ്തവമെന്ന് വിശേഷിപ്പിക്കാവുന്നവയോ?
ചെറുതും വലുതുമായ ശരികേടുകളിലേക്കും മണ്ടത്തരമെന്ന് വിശേഷിപ്പിക്കാവുന്ന പ്രവൃത്തികളിലേക്കും കുട്ടികള്‍ പോകുന്നത് മുതിര്‍ന്നവരുടെ സ്വാധീനത്താല്‍ ആയിക്കൊള്ളണമെന്നേയില്ല എന്നു വിദഗ്ധമതം.
ഇനി മലയാളത്തിലെ ആദ്യചലച്ചിത്രമായ വിഗതകുമാരനിലേക്ക്. അതിന്റെ പിന്നാമ്പുറത്തേക്ക്.
മലയാള സിനിമയുടെ പിതാവ് എന്നു വിശേഷിപ്പിക്കാവുന്ന ജെ.സി ഡാനിയേല്‍ ആണ് ഈ സിനിമയുടെ നിര്‍മാതാവും സംവിധായകനും നായകനും.
നാട്ടിലെ ഒരു പണക്കാരന്റെ മകനായ ചന്ദ്രകുമാറിനെ ചെറുപ്പ കാലത്ത് ഭുതനാഥന്‍ എന്ന വില്ലന്‍ തട്ടിക്കൊണ്ടുപോകുന്നു. കൊളംബോയിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. കഴിയാവുന്ന അന്വേഷണങ്ങളെല്ലാം അച്ഛനമ്മമാര്‍ നടത്തിയിട്ടും യാതൊരു ഫലവുമുണ്ടായില്ല. ചന്ദ്രകുമാറിന് അവിടെ ഒരു തോട്ടം തൊഴിലാളിയായി ജീവിതം നയിക്കേണ്ടി വന്നു.
എന്നാല്‍ മുതലാളിയായ ബ്രിട്ടീഷുകാരന് ചന്ദ്രകുമാറിനെ ഇഷ്ടമായി. തുടര്‍ന്ന് അവന് സൂപ്രണ്ട് പദവിയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞു. അതിനിടയിലാണ് ചന്ദ്രകുമാറിന്റെ ഒരു അകന്ന ബന്ധുവായ ജയചന്ദ്രന്‍ കൊളംബോയിലേക്കെത്തിയത്. ഭുതനാഥന്‍ അയാളെ കൊള്ളയടിക്കുന്നു.
അവിടെ ഒറ്റപ്പെട്ടുപോയ ജയചന്ദ്രന്‍ ചന്ദ്രകുമാറുമായി പരിചയപ്പെടാനിടയാവുകയും സുഹൃത്തുക്കളായി മാറിയ ഇരുവരും തിരുവനന്തപുരത്ത് എത്തിച്ചേരുകയും ചെയ്യുന്നു. തുടര്‍ന്ന് ഒരു പ്രണയം, വില്ലന്റെ വകയായി ഒരു തട്ടിക്കൊണ്ടുപോകല്‍ ശ്രമം, ചന്ദ്രകുമാറിന്റെ മറുക് കാണാനിടയാവുന്നതിലൂടെ സ്വന്തം സഹോദരി അയാളെ തിരിച്ചറിയല്‍ തുടങ്ങിയ സംഭവ പരമ്പരകള്‍ക്കൊടുവില്‍ കഥ ശുഭപര്യവസായി ആയി മാറുന്നു.
നെയ്യാറ്റിന്‍കരക്കടുത്ത് പനച്ചമൂട് എന്ന സ്ഥലത്ത് തനിക്കുണ്ടായിരുന്ന നൂറേക്കര്‍ സ്ഥലം വിറ്റാണ് ഡാനിയേല്‍ സിനിമയെടുത്ത് ചരിത്രം സൃഷ്ടിച്ചതും മലയാള സിനിമയുടെ പിതാവായി മാറിയതും. തിരുവനന്തപുരത്തായിരുന്നു ചിത്രീകരണം. അതിന് പുറമെ, രണ്ടുതവണ കൊളംബോയിലും പോയി ചിത്രീകരിച്ചു.
1928ല്‍ ചിത്രീകരണം തുടങ്ങിയ സിനിമയുടെ ആദ്യപ്രദര്‍ശനം 1930 നവംബര്‍ ഏഴിനാണ് നടത്തിയത്. ഇത്രയും കഷ്ടപ്പെട്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ആദ്യപ്രദര്‍ശനം തന്നെ അലങ്കോലപ്പെട്ടുവെന്നത് ചരിത്രത്തിലെ ദുര്‍വിധി. നിര്‍മാതാവായ ഡാനിയേല്‍ തന്നെയായിരുന്നു ചിത്രത്തിലെ നായകനായ ചന്ദ്രകുമാറിനെ അവതരിപ്പിച്ചത്.
എന്നാല്‍ അവര്‍ണ ജാതിക്കാരിയായ റോസി ആയിരുന്നു നായിക. അവര്‍ണ സ്ത്രീയെ നായികയുടെ കുലീന വേഷത്തില്‍ അഭിനയിപ്പിച്ചത് ഇഷ്ടപ്പെടാതിരുന്ന ചില സവര്‍ണര്‍ ആയിരുന്നു പ്രശ്‌നത്തിന് പിന്നില്‍.
ഇത്രയും പശ്ചാത്തലം മാത്രം. നമ്മുടെ യഥാര്‍ഥ പ്രശ്‌നത്തിലേക്കു വരുന്നതേയുള്ളൂ. ഈ സിനിമയുടെ പ്രിന്റ് ഇന്നു ലഭ്യമല്ല. കാരണം? അതു തീയിട്ട് നശിപ്പിക്കപ്പെട്ടു!!
ആരാണത് തീവച്ചത്? നിങ്ങള്‍ ഊഹിക്കുന്നത് പോലെ സവര്‍ണരുടെ കൈക്രിയയൊന്നുമല്ല!! ഡാനിയേലിന്റെ സ്വന്തം മകന്‍, കേവലം ആറു വയസു മാത്രം പ്രായമുള്ള ഹാരിസ്, ആണ് അത് ചെയ്തത്!!
എന്തിന്? അതാണ് കൗതുകകരം.
നായകനായ ചന്ദ്രകുമാറിന്റെ കുട്ടിക്കാലം അഭിനയിച്ചത് ഹാരിസിന്റെ മൂത്ത സഹോദരന്‍ സുന്ദര്‍ രാജായിരുന്നു. ബാക്കി ഹാരിസിന്റെ വാക്കുകളില്‍ കേള്‍ക്കുക.
വീട്ടിലെ പെട്ടിയിലിരുന്ന ഫിലിം റീലുകള്‍ തുറന്നു നോക്കുമ്പോള്‍ കാണുന്നത് ചേട്ടന്റെ ചിത്രങ്ങളാണ്. അന്ന് ആറുവയസാണ് പ്രായം.
ചേട്ടനുമായി അനിയന്‍ ഇടക്കിടെ വഴക്കുണ്ടാക്കും. ഇങ്ങിനെ വഴക്കടിച്ച് കഠിനമായ ദേഷ്യം വന്നപ്പോള്‍ ചേട്ടന്റെ ചിത്രമുള്ള റീലുകള്‍ മുറിച്ചെടുത്ത് കത്തിച്ചു. ഫിലിം റീല്‍ വയലറ്റ് നിറത്തില്‍ കത്തുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്. അതു കണ്ടപ്പോള്‍, ചേട്ടന്റേത് മാത്രമല്ല, ബാക്കിയുള്ള റീലുകള്‍ കൂടി എടുത്ത് കത്തിച്ചു!!
ഒന്നിലും രണ്ടിലുമൊക്കെ പഠിക്കുന്ന കുട്ടികള്‍ പലപ്പോഴും ഗ്രൂപ്പ് തിരിഞ്ഞ് യുദ്ധം ചെയ്യുന്നതും മറ്റും മാധ്യമങ്ങളുടെ സ്വാധീനം കാരണമാണെന്ന് പറയുന്നവരുണ്ട്. പക്ഷെ മാധ്യമങ്ങളുടെ സ്വാധീനം എന്ന സങ്കല്‍പ്പമേ ഉരുത്തിരിഞ്ഞിട്ടില്ലാത്ത അരനൂറ്റാണ്ടു മുന്‍പും ഇങ്ങിനെയൊക്കെത്തന്നെ ആയിരുന്നു സ്ഥിതി!!!
ഒളിച്ചോടിപ്പോകല്‍, മറ്റുള്ളവര്‍ തട്ടിക്കൊണ്ടുപോയതായി കഥ മെനയല്‍, ചാത്തനേറ് നടത്തല്‍, ക്ലാസില്‍ നിന്നു മറ്റുകുട്ടികളുടെ വസ്തുക്കള്‍ കൈക്കലാക്കി സൂത്രത്തില്‍ വീട്ടില്‍ കൊണ്ടുചെല്ലല്‍…
അങ്ങിനെയങ്ങിനെ ശ്രദ്ധിക്കേണ്ടതായ പെരുമാറ്റ വൈകല്യങ്ങള്‍ പലതാണ്. ഇവ തിരുത്തപ്പെടാതെ പോവുന്നത്, എല്ലാ കുട്ടികളും ദൈവതുല്യരാണ് എന്ന മിഥ്യാസങ്കല്‍പ്പം കാരണമാണ്.
ആരാലെങ്കിലും ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി പീഡനകഥ മെനഞ്ഞതും കാര്യമറിയാതെ കഥ ഏറ്റെടുത്ത് വിളമ്പിയ ചാനലുകാര്‍ കാരണം ഒരു പാവപ്പെട്ട മനുഷ്യന്‍ എല്ലാവരുടെയും മുന്നില്‍ നിന്ദ്യകഥാപാത്രമായതും ഒരു ദിവസം കൊണ്ടുതന്നെ വസ്തുത തെളിഞ്ഞതിനാല്‍ മാത്രം പിന്നീട് ആള്‍ രക്ഷപ്പെട്ടതും സമീപകാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞ ചരിത്രം. മനഃശാസ്ത്രം എന്ന പഠനശാഖയുടെ പ്രസക്തി ഇവിടെയാണ് കൂടുതല്‍ വര്‍ധിക്കുന്നത്.

‘Childhood has its se-crets and its mysteries; but who can tell or who can exp-lain them!’ – മാക്‌സ്മുള്ളര്‍

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.