2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

വിവാഹ ചടങ്ങുകളില്‍ നിന്നും മരണവീടുകളില്‍ നിന്നും ‘കടക്കു പുറത്ത്’, മാറ്റി നിര്‍ത്താന്‍ 66 പള്ളികളില്‍ നിന്നും ആഹ്വാനവും, ഒടുവില്‍ പൂഞ്ഞാറുകാരോട് മാപ്പ് പറഞ്ഞ് പി.സി ജോര്‍ജ്, പടച്ചവനു വേണ്ടി പൊറുക്കണമെന്ന അപേക്ഷയും

പൂഞ്ഞാറുകാരോട് മാപ്പു പറഞ്ഞ് പി.സി ജോര്‍ജ്. പി.സി ജോര്‍ജിന്റെ മുസ്‌ലിം വിരുദ്ധ പരമര്‍ശത്തിനെതിരേ മുസ്ലിം സമുദായത്തില്‍ നിന്നും പ്രതിഷേധം ശക്തമാവുകയും ജോര്‍ജിനെ ഉദ്ഘാടന ചടങ്ങുകളില്‍ നിന്നു മാറ്റി നിര്‍ത്താന്‍ ആഹ്വാനം ചെയ്യുകയും ചെയ്തതോടെയാണ് അദ്ദേഹം മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പിലാണ് പി.സി ജോര്‍ജിന്റെ വിവാദപരാമര്‍ശമുള്ളത്.

മതവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ പി.സി ജോര്‍ജിനെതിരേ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതിയും നല്‍കിയിരുന്നു.  മുസ്‌ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് പി.സി ജോര്‍ജിന്റെ പ്രസ്താവനയെന്നു ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. പരാതിയെ തുടര്‍ന്ന് പി.സി ജോര്‍ജിനെതിരേ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

“എന്റേതായി പ്രചരിക്കപ്പെടുന്ന ഫോണ്‍ സംഭാഷണം ചെയ്തയാള്‍ എന്നെ നിരവധി തവണ വിളിക്കുകയും പലപ്രാവിശ്യമായി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയല്‍ പ്രചരിപ്പിക്കുകയുമുണ്ടായി. എന്നാല്‍ പ്രസ്തുത സംഭാഷണത്തില്‍ വന്നിട്ടുള്ള കാര്യങ്ങള്‍ എന്നെ സ്‌നേഹിക്കുന്ന ഇസ്ലാം സമൂഹത്തിലെ ഒരു വലിയ ജനവിഭാഗത്തിന് ദുഖവും അമര്‍ഷവുമുണ്ടാക്കിയെന്ന് ഞാന്‍ മനസ്സിലാക്കുന്ന. പ്രസ്തുത വിഷയത്തില്‍ എന്റെ സഹോദരങ്ങള്‍ക്കുണ്ടായ മനോവിഷമത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു”വെന്നുമാണ് പ്രസ്താവനയില്‍ പറയുന്നത്.

 

പി.സി ജോര്‍ജിന്റെ ഖേദപ്രകടനം നടത്തിയ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

 

വസ്തുത അറിയുക

1980ല്‍ ജനപ്രതിനിധിയായ അന്നുമുതല്‍ ഇന്നുവരെ എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെ കാണാനും, പ്രത്യേകിച്ച് ഞാന്‍ ജീവിക്കുന്ന ഈരാറ്റുപേട്ടയിലെ മുസ്ലിം സമൂഹത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി നാലുപതിറ്റാണ്ട് കാലം ശബ്ദിച്ചയാളാണ് ഞാന്‍. എന്നാല്‍, ഞാനെടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ പേരില്‍ എന്നെ ഒറ്റപ്പെടുത്താനും മതവിദ്വേഷം പടര്‍ത്താനുമുള്ള ചില സംഘടനകളുടെ ശ്രമഫലമായി ഞാന്‍ ജനിച്ചു വളര്‍ന്ന എന്റെ നാട്ടില്‍ ജനപ്രതിനിധി കൂടിയായ എന്നെ വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കുപോലും ബഹിഷ്‌കരിക്കാനും 66 പള്ളികളില്‍ പ്രസംഗിച്ചത്, ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയിലും ഈരാറ്റു പേട്ടയെ കഴിഞ്ഞ നാലു പതിറ്റാണ്ടു കാലം ഹൃദയത്തില്‍ കൊണ്ടു നടന്ന ഒരു വ്യക്തിയെന്ന നിലയിലും എന്നെ ഏറെ വേദനിപ്പിച്ചു. എങ്കിലും ഞാന്‍ പ്രതികരിക്കാതെ അത് പടച്ചവന് സമര്‍പിക്കുകയായിരുന്നു.

എന്റേതായി പ്രചരിക്കപ്പെടുന്ന ഫോണ്‍ സംഭാഷണം ചെയ്തയാള്‍ എന്നെ നിരവധി തവണ വിളിക്കുകയും പലപ്രാവിശ്യമായി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയല്‍ പ്രചരിപ്പിക്കുകയുമുണ്ടായി. എന്നാല്‍ പ്രസ്തുത സംഭാഷണത്തില്‍ വന്നിട്ടുള്ള കാര്യങ്ങള്‍ എന്നെ സ്‌നേഹിക്കുന്ന ഇസ്ലാം സമൂഹത്തിലെ ഒരു വലിയ ജനവിഭാഗത്തിന് ദുഖവും അമര്‍ഷവുമുണ്ടാക്കിയെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പ്രസ്തുത വിഷയത്തില്‍ എന്റെ സഹോദരങ്ങള്‍ക്കുണ്ടായ മനോവിഷമത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News