2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

പട്ടാഭിഷേകവും വാഴ്ത്തപ്പെടലും

പിണങ്ങോട് അബൂബക്കര്‍

കേരളചരിത്രത്തിലെ മഹാദുരന്തത്തിന് ഇരയായി ജനം നെട്ടോട്ടമോടുമ്പോള്‍ത്തന്നെ വേണമായിരുന്നോ ഇ.പി. ജയരാജന്റെ മന്ത്രിസ്ഥാനാരോഹണം. കേരളീയരുടെ തലയ്ക്കു മുകളില്‍ മരണഭയം തൂങ്ങിനില്‍ക്കെ ഇരുപതാം മന്ത്രിയെ തിടുക്കപ്പെട്ടു വാഴിച്ചതു മനുഷ്യരെയും പ്രകൃതിയെയും ഒരുപോലെ പരിഹസിക്കലായി. 

ജയരാജന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന പൂര്‍ണബോധ്യമുള്ളത് കൊണ്ടാണു വിജിലന്‍സ് കോടതി കുറ്റവിമുക്തനാക്കിയതെന്നു ജയരാജനോ പാര്‍ട്ടിയോ പൊതുജനമോ വിശ്വസിക്കുന്നില്ല. വിജിലന്‍സ് പരിധിയില്‍ വരുന്ന കേസല്ല എന്നതിനാലാണു കോടതി അതു തള്ളിയത്.
അപ്പോള്‍, ജയരാജനെ തിരികെ കൊണ്ടുവന്നതിനു പാര്‍ട്ടിയുടെ യഥാര്‍ഥ യുക്തി വേറൊന്നാകണം. വി.എസ് പക്ഷം പാര്‍ട്ടിയില്‍ പിടിമുറുക്കാനുള്ള വിദൂരസാധ്യത പോലും കണ്ണൂര്‍ മോഡലില്‍ പ്രതിരോധിക്കാന്‍ ഒരു പുള്ളി വേണമെന്ന ചിന്തയാകണം പാര്‍ട്ടിയെ ഇത്തരമൊരു നടപടിക്കു പ്രേരിപ്പിച്ചത്. അല്ലാതെ ഇത്ര തിടുക്കപ്പെട്ടു പട്ടാഭിഷേകം നടത്തിക്കാന്‍ മറ്റൊരു കാരണം കാണുന്നില്ലല്ലോ.
കൈയിലുള്ള മന്ത്രിക്കസേരകളൊന്നും ഒഴിപ്പിക്കാതെ ജയരാജനു പുതിയൊരു കസേര പണിഞ്ഞ ലാഭത്തിനൊപ്പം മറ്റാരു രാഷ്ട്രീയലാഭം കൂടി സി.പി.എമ്മിനുണ്ടായി. വലിയ ആദര്‍ശവാദികളാണെന്നു വീമ്പിളക്കിയിരുന്ന സി.പി.ഐക്കാരെ അരമന്ത്രി (ചീഫ് വിപ്പ്)യെന്ന അപ്പക്കഷണം നല്‍കി ഒതുക്കി. ഇനി ആ അപ്പക്കഷണത്തിന്റെ പേരില്‍ സി.പി.ഐക്കാര്‍ തമ്മില്‍ത്തല്ലി പാര്‍ട്ടി ദുര്‍ബലപ്പെടുത്തുന്നതു കണ്ടു വല്യേട്ടനു രസിക്കുകയും ചെയ്യാം.
ബോകിസിങ് ഇതിഹാസം മുഹമ്മദലി അന്തരിച്ചപ്പോള്‍ ഇ.പി. ജയരാജന്‍ പറഞ്ഞതൊന്നും ജനം മറന്നിട്ടില്ല. അത്ര വലിയ ജനറല്‍ നോളജും ജ്ഞാനസമ്പത്തുമുള്ളയാളാണ്. അങ്ങനെയൊരാള്‍ തന്നെ വേണം കേരളത്തില്‍ മന്ത്രിയാകുവാന്‍.
രണ്ടാം ലോകമഹായുദ്ധാനന്തരം വ്യവസായ,വാണിജ്യമേഖലയില്‍ മുതലിറക്കാനുള്ള ശേഷി അമേരിക്കയ്ക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുണ്ടാക്കിവച്ച പലിശ, കൊള്ളപലിശ, വട്ടിപലിശ, പിഴപലിശ ഇവയിലൂന്നിയ സാമ്പത്തികസമീപനങ്ങള്‍ക്കപ്പുറത്തു പോകാന്‍ ചൈനയ്‌ക്കോ തകരുവോളം സോഷിലിസം പറഞ്ഞ സോവിയറ്റ് യൂണിയനോ ഹങ്കറിക്കോ, ജര്‍മനിക്കോ ചെക്കോസ്‌ളോവാക്യക്കോ പോളണ്ടിനോ സാക്ഷാല്‍ കാസ്‌ട്രോയുടെ ക്യൂബയ്‌ക്കോ കഴിഞ്ഞിരുന്നില്ല. അതു സി.പി.എമ്മിനു നന്നായി അറിയാം.
മുതലിറക്കാന്‍ കഴിയുകയും മുതലിറക്കാന്‍ ശേഷിയുള്ളവരെ കണ്ടെത്തുകയും ചെയ്യലാണു മിടുക്ക്. ജയരാജന് അതിനു കഴിയും. വകുപ്പ് വ്യവസായമാണ്. രാജാവിനു തുല്യം കഴിഞ്ഞുകൂടാന്‍ മന്ത്രിക്കും മറ്റുള്ളവര്‍ക്കും കഴിയും. മുഖ്യമന്ത്രി തിരിച്ചെത്തുമ്പോള്‍ വിനീതദാസനായി ഉണ്ടാവുമോ പാരയായി വി.എസ്. പക്ഷക്കാരനായി പരിവര്‍ത്തിക്കുമോ എന്നൊക്കെ കാലം തെളിയിക്കേണ്ട കാര്യങ്ങളാണ്.

 

വാഴ്ത്തപ്പെട്ടയാള്‍

സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ നടത്തിയ ഗവേഷണത്തിനല്ല കെ.ടി. ജലീലിനു ഡോക്ടറേറ്റ് കിട്ടിയതെങ്കിലും ആ മിടുക്കുകൂടി പരിഗണിക്കപ്പെടേണ്ടതാണ്. ന്യൂനപക്ഷങ്ങള്‍ വേറിട്ടു സംഘടിക്കണമെന്നും അല്ലാത്തതൊന്നും വിജയം കാണില്ലെന്നും നന്നായി പ്രസംഗിച്ചയാളാണു ജലീല്‍. ഹരിതചന്ദ്രാങ്കിത നക്ഷത്ര ധ്വജവാഹകരാവാന്‍ നിരന്തരം പ്രസംഗയജ്ഞം നടത്തിയിരുന്നു.
യുവജനസംഘടനയുടെ സംസ്ഥാനാധ്യക്ഷപദവി നഷ്ടപ്പെട്ടപ്പോള്‍ ഇടതുസാധ്യത നോക്കി ഒറ്റക്കുതിപ്പിന് അന്നോളം തള്ളിപ്പറഞ്ഞ ആലയത്തില്‍ അഭയം തേടി. കുഞ്ഞാപ്പയെ തോല്‍പ്പിച്ച ഭാഗ്യം പരിഗണിച്ചു ചുവപ്പന്‍പാര്‍ട്ടി പരീക്ഷണവസ്തുവാക്കി ഉപയോഗപ്പെടുത്തി. തവനൂരും താനൂരും നിലമ്പൂരും കൊടുവള്ളിയും കണക്കുപുസ്തകത്തില്‍ ജലീലിന്റെ പേരില്‍ വരവു ചേര്‍ത്തു. മന്ത്രിപ്പണി ഒത്തുവന്നത് അങ്ങനെയാണ്.
എന്നാല്‍, കുറച്ചുനാളായപ്പോഴേയ്ക്കും ഇപ്പണിക്കു പറ്റില്ലെന്നു പാര്‍ട്ടി പറഞ്ഞു തുടങ്ങി. ഇതിനിടയില്‍ വിദ്യാഭ്യാസത്തില്‍ പ്രൊഫസര്‍ കാവിചേര്‍ത്തു. അതോടെ വിദ്യാഭ്യാസം കുഴഞ്ഞു മറിഞ്ഞു. പാര്‍ട്ടിക്ക് തലവേദനയായി. പാര്‍ട്ടിയുടെ ഇലയ്ക്കു കേടില്ലാതിരിക്കാന്‍ പ്രൊഫസര്‍ക്കു കൊട്ടും ജലീലിനു വാഴ്ത്തപ്പെടലും നല്‍കി.
വിദ്യാഭ്യാസം പോലും അരമന്ത്രിയ്ക്കു ഭരിക്കാവുന്നതേയുള്ളു. അതിനെയാണു പിരിച്ചുരണ്ടാക്കി ഉപരിവിദ്യാഭ്യാസ വകുപ്പെന്ന പുതിയ വകുപ്പുണ്ടാക്കിയത്. എളമരം കരീം പറഞ്ഞത് പുള്ളി അതിനുകൊള്ളുമെന്നാണ്. രണ്ടര്‍ഥമുണ്ടാകണം കരീമിന്റെ വാക്കുകള്‍ക്ക്. പരിചയസമ്പന്നനായ തന്നെ തഴഞ്ഞു കുടിയേറ്റക്കാരനെ മന്ത്രിയാക്കിയ പാര്‍ട്ടിക്കിട്ടൊരു കൊട്ട്.
പ്രധാനമന്ത്രിയാകാനുള്ള കുറുപ്പയ്യ മൂപ്പനാരുടെ അതിമോഹം നടക്കാതെ പോയപ്പോള്‍ കരുണാനിധി ഭംഗ്യന്തരേണ പറഞ്ഞ വാക്കുകളില്ലേ, ‘എന്റെ വലിപ്പം എനിക്കറിയാമെന്ന് ‘. കരുണാനിധി അര്‍ത്ഥംവച്ചതു മൂപ്പനാരുടെ വലിപ്പക്കുറവു മൂപ്പനാര്‍ മനസ്സിലാക്കണമെന്നായിരുന്നുവെന്ന് അതു കേട്ടവര്‍ക്കൊക്കെ ബോധ്യമായി. അതുപോലെ കരീമിന്റെ ഇരുതല അര്‍ഥമുള്ള വാചകം കേട്ടവര്‍ക്കൊക്കെ കാര്യം പിടികിട്ടി. 14 ജില്ലകളിലും റെഡ് അലര്‍ട്ട് 3.15 ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസകേന്ദ്രങ്ങളില്‍ വീടും കച്ചവടസ്ഥാപനങ്ങളും കൃഷിയിടങ്ങളും റോഡും പാലവും എല്ലാം നീക്കിത്തുടച്ചു പ്രളയം താണ്ഡവമാടുമ്പോള്‍ത്തന്നെ വേണമായിരുന്നോ ഇമ്മാതിരി നാലാംകിട രാഷ്ട്രീയനാടകങ്ങള്‍.സിമിയിലൂടെ വന്നു സി.പി.എമ്മിലെത്തിയ ജലീലും ബന്ധുവഴി പിണറായിയിലും പിണറായി വഴി പാര്‍ട്ടിലുമെത്തിയ ജയരാജനും രക്ഷപ്പെട്ടാലും പാര്‍ട്ടിക്ക് ഈ ചീത്തപ്പേരില്‍നിന്നു കരകയറാനാകില്ലെന്നുറപ്പ്.

 

നന്നാവാനും ഒരു അവസരം

ജാതിമതവര്‍ഗദേശ പക്ഷമില്ലാതെ കുത്തിയൊലിച്ചുവന്നു ദുരന്തം വിതച്ച പ്രളയം മനുഷ്യരെ ഒന്നാക്കി സേവനത്തിനിറക്കിയ രണ്ടാഴ്ചകളാണു കേരളത്തിലുണ്ടായത്. സ്‌നേഹം വിഴിഞ്ഞൊഴുകിയ, സഹായത്തിന്റെ ഹസ്തം വിഭജനമില്ലാതെ നീണ്ട നല്ല അനുഭവങ്ങള്‍. പലവിധ ധര്‍മസിദ്ധാന്തങ്ങള്‍ വക്രീകരിച്ചു വ്യാഖ്യാനിച്ചു മനുഷ്യര്‍ക്കിടയില്‍ പക വളര്‍ത്തിയവര്‍ക്കൊരു പാഠമാണു പ്രളയക്കെടുതിയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും.
സ്വജീവനേക്കാള്‍ മറ്റുള്ളതിനു വില കല്‍പ്പിച്ചു രാവും പകലും കൈമെയു മറന്നു ജനത കാണിച്ച സ്‌നേഹവും ത്യാഗവും ഊതിക്കെടുത്താതെ, വര്‍ഗീയ, വംശീയ, വൈരാഗ്യങ്ങള്‍ ഇനി ഒരിക്കലും വളരാന്‍ അനുവദിക്കാതെ, മനുഷ്യരെന്ന ഒറ്റ കുടുംബബോധത്തിന്റെ കൂട്ടായ്മ ബലപ്പെടുത്താനുള്ള ശ്രമമാണിനി തുടര്‍ന്നുമുണ്ടാകേണ്ടത്.
മൊബൈല്‍ ഫോണ്‍ ഓഫാക്കി ടി.വി തുറന്നു ദുരന്തം ആസ്വദിച്ച അപൂര്‍വം ചില ഉദ്യോഗസ്ഥര്‍ ഇല്ലാതില്ല. ഓണത്തിനിടെ പുട്ടു കച്ചവടത്തിനിറങ്ങിയവരും അങ്ങിങ്ങുണ്ടായി. വീടിന്റെ ചുറ്റുഭാഗത്തും കൂറ്റന്‍ മതില്‍ കെട്ടി ആരും കടന്നുവരാതിരിക്കാന്‍ പട്ടിയെ വളര്‍ത്തിയവരും ‘രക്ഷിക്കണേ, രക്ഷിക്കണേ’ എന്നു നിലവിളിക്കേണ്ട ഘട്ടമുണ്ടാകുമെന്നു പ്രകൃതി പഠിപ്പിച്ചു.
മണ്ണിടിഞ്ഞും വെള്ളം കയറിയും ഒറ്റപ്പെട്ട ആയിരങ്ങളെ രക്ഷിക്കാന്‍ മലയാളികള്‍ കാണിച്ച ത്യാഗവും സര്‍ക്കാരുകളുടെ സഹായവും പൊലിസും സൈനികരും നടത്തിയ സേവനപ്രവര്‍ത്തനങ്ങളും തെളിയിച്ചത് വലിയൊരു സത്യമാണ്, മനുഷ്യത്വം തല്ലിക്കെടുത്താന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന സത്യം.
അധികാരവും സമ്പത്തും സുഖസൗകര്യങ്ങളും മാത്രം ആര്‍ക്കും സുരക്ഷ നല്‍കുന്നില്ലെന്നും സമൂഹത്തിന്റെ പിന്‍ബലമില്ലാതെ നിലനില്‍പ്പില്ലെന്നും കേരളീയര്‍ അനുഭവത്തിലൂടെ പഠിച്ചറിഞ്ഞു. സംഭാവന നല്‍കില്ലെന്നു ബോര്‍ഡ് സ്ഥാപിച്ച കടയുടമകളും വീട്ടുകാരും കേരളത്തിലുണ്ടായിരുന്നു. അവരും സംഭാവനയുടെ സഹായത്താല്‍ കഴിഞ്ഞുകൂടേണ്ടിവന്നു. ധാര്‍മികത തകരുന്നിടത്തു പ്രകൃതി ക്ഷോഭിക്കുമെന്ന പ്രവാചകവചനം ഓര്‍ക്കുക. ജീവിതം ആസ്വദിക്കാനുള്ള നെട്ടോട്ടം അല്പ്പം നിര്‍ത്തി ധാര്‍മികതയ്ക്ക് അല്പ്പം ഇടംനല്‍കുക.

 

വെളിച്ചം നിര്‍മിക്കാന്‍ ഇരുട്ടു നല്‍കിയവര്‍

സംസ്ഥാനത്ത് ചെറുതും വലുതുമായ നാല്‍പതോളം ഡാമുകളുണ്ട്. ഇവയെല്ലാം ശരിയായ പഠനങ്ങള്‍ നടത്തി നിര്‍മിക്കപ്പെട്ടവയാണെന്നു പറയേണ്ടതില്ലല്ലോ. സംഭരണശേഷി, തുറന്നുവിടേണ്ട സാഹചര്യം, പൊട്ടിയാലുണ്ടാവുന്ന നാശനഷ്ടങ്ങള്‍, പ്രഹരശേഷി ഇങ്ങനെ എല്ലാ വിഷയങ്ങളും രേഖപ്പെടുത്തിയാണു പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നത്.
ഡാമുകളുടെ ചുറ്റുവട്ടത്തു വീടുണ്ടാക്കാന്‍ പ്ലാനും എസ്റ്റിമേറ്റും അംഗീകരിച്ചു കരം ചുമത്തി നമ്പര്‍ ഇട്ടുകൊടുത്തതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. ഇറിഗേഷന്‍ വകുപ്പിന്റെ കയ്യിലുള്ള ഫയലുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കൂടി ലഭ്യമാക്കിയിരുന്നുവെങ്കില്‍ നരകത്തിലും പുരവയ്ക്കാന്‍ അനുമതി നല്‍കുന്ന അവസ്ഥയുണ്ടാകില്ലായിരുന്നു.
വീടുവയ്ക്കാന്‍ നിയമപരമായി അനുവാദം നല്‍കുകയും കരം സ്വീകരിക്കുകയും ചെയ്തവര്‍ക്കു ദുരന്തമുണ്ടായാല്‍ മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കൂടി കടമയുണ്ട്. അപകടം ഉറപ്പുള്ള സ്ഥലം കണ്ടെത്തി മാപ്പു തയാറാക്കി ജിയോളജിക്കല്‍ വകുപ്പു പ്രാദേശിക ഭരണകൂടത്തിനു നല്‍കേണ്ടതായിരുന്നില്ലേ.
അണക്കെട്ടിന്റെ സംഭരണശേഷിയുടെ പരമാവധി വരെ ജലനിരപ്പുയര്‍ത്താന്‍ കാത്തുനിന്ന ഇലക്ട്രിസിറ്റി വിഭാഗത്തിന്റെ കച്ചവട താല്‍പര്യം അധാര്‍മികമായി. കാലാവസ്ഥവ്യതിയാനം, മഴസാധ്യത തുടങ്ങിയവ പറയുന്ന ‘പ്രവാവചകന്‍മാര്‍’ ശമ്പളം പറ്റി ഡ്യൂട്ടിയിലുണ്ടായിരുന്നു. പരിചയവും പരിചയക്കുറവും പരിഗണിച്ചാല്‍ പോലും ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്താന്‍ താമസിച്ചതിന്റെ അപരാധത്തില്‍നിന്നു രക്ഷപ്പെടാന്‍ എം.എം. മണിക്കാവില്ല.
നേരത്തെ ഷട്ടര്‍ ഉയര്‍ത്തി ജലപ്രവാഹം നിയന്ത്രിച്ചിരുന്നുവെങ്കില്‍ താഴ്ന്ന പ്രദേശങ്ങളില്‍ ഒറ്റയടിക്കു വെള്ളമുയര്‍ന്നു വലിയ ദുരന്തരം സംഭവിക്കില്ലായിരുന്നു. അല്പ്പം വൈദ്യുതിയുണ്ടാക്കാന്‍ ഒരു ജനതയെ ഒന്നിച്ചു ദാരിദ്ര്യത്തിലേയ്ക്കും ഇരുട്ടിലേയ്ക്കും തള്ളിവിട്ടവരെ കുറ്റവിചാരണ ചെയ്തു ന്യായമായ പരിഹാരമുണ്ടാക്കണം. വരുംവര്‍ഷങ്ങളിലും പ്രശ്‌നങ്ങളുണ്ടായേയ്ക്കാം. ശരിയായ മുന്നൊരുക്കവും നിലപാടുകളും ഉണ്ടാവണം. ജനതയെ ഏത് വിധേനയും ചൂഷണം ചെയ്യാമെന്ന ധാരണ ശരിയല്ല. നാലു മന്ത്രിമാരുടെ നാലു വിധമുള്ള ഉത്തരവുകളും നിരുത്തരവാദ നിലപാടുകളും പ്രശ്‌നം വഷാളാക്കിയതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.